news-details
മറ്റുലേഖനങ്ങൾ

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

വിഷാദരോഗ (depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും സ്വന്തം അനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലുദിവസത്തെ മരുന്നില്ലാ ചികിത്സയായ മനോനില ചിത്രണം(Mood Mapping) തുടരുന്നു. എട്ടാം ദിനം ബന്ധങ്ങള്‍ നമ്മുടെ മനോനില-(Mood)യില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചില ഹ്രസ്വകാല നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ കാണുകയുണ്ടായി. അതിനുള്ള ചില ദീര്‍ഘകാല നിര്‍ദ്ദേശങ്ങള്‍ ഈ ലക്കത്തില്‍ മുന്നോട്ടുവയ്ക്കുന്നു. ബന്ധങ്ങളും മനോനിലയും തമ്മിലുള്ള പരസ്പരസ്വാധീനം ബോധ്യപ്പെടുന്നതിനുള്ള ഒരു പരിശീലനത്തില്‍(Exercise) ഈ അധ്യായം അവസാനിക്കുന്നു.

ടോം മാത്യു

നിങ്ങളുടെ ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രസാദാത്മകമായ മനോനില കൈവരിക്കുന്നതിനും ഉതകുന്ന, സമയാസമയങ്ങളില്‍ പ്രയോഗത്തില്‍ വരുത്താവുന്ന നിരവധി പദ്ധതികളുണ്ട്. എന്തുകൊണ്ട് ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചുകൂടാ?

1. വൈകാരിക പക്വത: വൈകാരിക പക്വതയും ഇടപഴകാനുള്ള സാമര്‍ത്ഥ്യവും പഠിച്ചെടുക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ്. ഡാനിയേല്‍ ഗോള്‍മാനെ (Daniel Golman)പ്പോലുള്ളവരുടെ പുസ്തകങ്ങള്‍ മാനസികപക്വതയില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് പറഞ്ഞു തരും. വൈകാരികമായി പക്വതയാര്‍ജിക്കാനുള്ള നിരവധി തന്ത്രങ്ങളും അദ്ദേഹം തന്‍റെ കീശയില്‍നിന്ന് നിങ്ങള്‍ക്കായി പുറത്തെടുക്കും. അതു നിങ്ങളുടെ ബന്ധങ്ങളെ മെച്ചപ്പെടുത്തും. നിങ്ങളുടെ മനോനിലയില്‍ അതു ധനാത്മകമായി പ്രതിഫലിക്കുകയും ചെയ്യും.

2. കൗണ്‍സലിംഗ്: ബന്ധങ്ങളില്‍ ആഴത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതല്പം അധികശ്രദ്ധ ആവശ്യപ്പെടുന്നു. അവിടെയൊരു മൂന്നാം കക്ഷിയുടെ സേവനം ആവശ്യമായി വന്നേക്കാം. ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് സ്വയം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവ നിങ്ങളെ താഴേക്ക് വലിച്ചിഴയ്ക്കാം. നിങ്ങളുടെ മനോനിലയെ അത് ഋണാത്മകമായി ബാധിക്കുകയും ചെയ്യും. കൗണ്‍സലിംഗ് അന്തരീക്ഷം ശുഭ്രമാക്കുക മാത്രമല്ല പുതിയൊരു തുടക്കത്തിന് തുടക്കമിടുകയും ചെയ്യും. നിങ്ങളെക്കുറിച്ചും നിങ്ങളുടെ ബന്ധങ്ങളെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരുന്നില്ലാത്ത ചിലത് നിങ്ങള്‍ പഠിക്കുകയും ചെയ്യും.

3. സുഹൃത്തുക്കളെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക: നിങ്ങളെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാത്ത ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. നിങ്ങളുടെ കൂട്ടുകാര്‍ നല്ല കാലത്തും ചീത്ത കാലത്തും നിങ്ങളെ സ്നേഹിക്കുന്നവരാകണം. കരുത്തരായ ആളുകളുടെ സാമീപ്യം കരുത്തു പകരും. ഉത്കണ്ഠാകുലരും ഉള്‍വലിഞ്ഞവരും വിഷാദികളുമായവരുടെ സഹവാസം ഇപ്പോഴല്ലെങ്കില്‍ എപ്പോഴെങ്കിലും നിങ്ങളെ പ്രതികൂലമായി ബാധിക്കും. നിങ്ങളെ ആശ്രയിക്കുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ ആകാം. അതു നിങ്ങളുടെ മനസ്സിനും ആത്മവിശ്വാസം പകരും. പക്ഷേ എപ്പോഴും എല്ലാവരെയും സഹായിച്ചുകൊണ്ടിരിക്കാന്‍ ആര്‍ക്കും ആവില്ല. എല്ലാ തരത്തിലുംപെട്ട കൂട്ടുകാര്‍ നമുക്ക് ആവശ്യമുണ്ട്. എന്തെങ്കിലുമൊക്കെ നല്‍കാന്‍ എല്ലാവര്‍ക്കും കഴിയും. ശാന്തശീലരായ സുഹൃത്തുക്കള്‍ക്കൊപ്പം വിശ്രാന്തി ആസ്വദിക്കുക. ഊര്‍ജസ്വലരായ സുഹൃത്തുക്കളുടെ ഊര്‍ജസ്വലതയില്‍ ഉത്സുകരാകുക. എന്തെങ്കിലും നിങ്ങളുടെ ജീവിതത്തിന് വാഗ്ദാനം ചെയ്യുന്നവരാണ് നിങ്ങളുടെ സുഹൃത്തുക്കള്‍ എന്ന് ഉറപ്പാക്കുക. എടുക്കുന്നവര്‍ മാത്രമല്ല, കൊടുക്കുന്നവരുമാണ് കൂട്ടുകാര്‍. അവരുടെ ജീവിതത്തെ നിങ്ങളും പോഷിപ്പിക്കുന്നുണ്ടെന്ന് ഒപ്പം ഉറപ്പാക്കുക.

4. ആശ്രയിക്കാന്‍ മടിക്കാതിരിക്കുക: മനോനിലയെ കൈകാര്യം ചെയ്യാനും നിലനിര്‍ത്താനും നാമെല്ലാം മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കുന്നു. നമ്മുടെ വഴിയെ പോയി പ്രശ്നങ്ങള്‍ എല്ലാ പരിധിയും വിട്ടു വഷളാകുകയും എന്തു ചെയ്യണമെന്നറിയാതെ തകരുകയും ചെയ്യുന്നതില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ മറ്റുള്ളവരുടെ സഹായത്തെ ആശ്രയിച്ചേ മതിയാകൂ. മറ്റുള്ളവരുടെ ഉപദേശമോ അഭിപ്രായമോ നമുക്ക് സ്വീകാര്യമല്ലെങ്കില്‍ കൂടി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ അവരുടെ കാഴ്ചപ്പാട് നമ്മെ സഹായിക്കും. മനസ്സിനെ മഥിക്കുന്ന ഭാരം അല്പാല്പമായി ഇറക്കിവയ്ക്കുന്നത് മനോനില മെച്ചപ്പെടാന്‍ നിങ്ങളെ സഹായിക്കും.

എട്ടാം ദിന അഭ്യസനം

നിങ്ങളുടെ ജീവിതത്തിലെ നിങ്ങളുടെ ആളുകളെ നിങ്ങള്‍ എങ്ങനെ അനുഭവിക്കുന്നു എന്നും അവര്‍ നിങ്ങളെ പ്രസാദാത്മകതയിലേക്കാണോ അതോ വിഷാദാത്മകതയിലേക്കാണോ നയിക്കുന്നത് എന്നും അറിയുന്നതിനും ഈ അഭ്യസനം (excercise) സഹായിക്കും. വീട്ടിലും സമൂഹത്തിലും നിങ്ങളുടെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന ആറു മുതല്‍ പത്തുവരെ ആളുകളുടെ ഒരു പട്ടിക  ആദ്യം തയ്യാറാക്കുക. രണ്ട് കോളങ്ങളില്‍ ഒന്നില്‍ അവരുടെ പേരും മറ്റേതില്‍ അവര്‍ നിങ്ങളുടെ ജീവിതത്തില്‍ വഹിക്കുന്ന പങ്കും എഴുതുക.

പേര് പങ്ക്
എം പങ്കാളി
ജെ മാനേജര്‍
എ സുഹൃത്ത്
എസ് പി പരിചയക്കാരന്‍
സി എം സഹോദരന്‍(സഹോദരി)
എഫ് അപ്പന്‍
സി എച്ച് സുഹൃത്ത്
ഏറ്റവും ഒടുവില്‍ അവരുമായുള്ള കൂടിക്കാഴ്ച നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് മനോനില ചിത്രണ(Mood Map)ത്തില്‍ രേഖപ്പെടുത്തുക.
ഊര്‍ജ്ജസ്വലത
ഉത്കണ്ഠ 10   പ്രസാദം

എം
ഋണാത്മകം എസ് പി സി എം   ധനാത്മകം
1 10
എഫ് സി എച്ച്

വിഷാദം 1        ശാന്തം
തളര്‍ച്ച
ഒരാളുമായി നിങ്ങള്‍ എത്രമാത്രം അടുപ്പത്തിലാണോ, അയാളുടെ പേര് മനോനിലചിത്രണത്തിന്‍റെ വലത്തുഭാഗത്താണെന്നും അയാള്‍ നിങ്ങള്‍ക്ക് പ്രസാദാത്മകത സമ്മാനിക്കുന്നുവെന്നും ഇതില്‍നിന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ ചിലരെ നിങ്ങള്‍ സ്നേഹിക്കുന്നുവെന്നും നിങ്ങള്‍ തിരിച്ചറിയും.

മറുവശത്ത് നിങ്ങളുടെ മനോനില മോശമാക്കുന്ന ആളുകളുമായുള്ള ബന്ധം ഏതു നിലയില്‍ തുടരണം എന്ന് നിങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. നിങ്ങളുടെ മേലധികാരി നിങ്ങളെ തളര്‍ത്തുന്നുവെങ്കില്‍ അയാളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. പങ്കാളി നിങ്ങളുടെ മനോനില തകരാറിലാക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ ഇരുവരുടെയും പങ്ക് പരിശോധനാവിധേയമാക്കേണ്ടിയിരിക്കുന്നു. മറിച്ച് പ്രസാദാത്മകതയിലേക്ക് നിങ്ങള്‍ ഇരുവരും പരസ്പരം കൈപിടിച്ച് നടത്തുന്നുവെങ്കില്‍ അതെത്ര മനോഹരമായ കണ്ടെത്തലാവും.

ഒരു കൂട്ടുകാരനോ പരിചയക്കാരനോ നിങ്ങള്‍ക്ക് സുഖകരമായ അനുഭവമല്ല സമ്മാനിക്കുന്നതെങ്കില്‍ നിങ്ങള്‍ അവര്‍ക്കും അങ്ങനെ തന്നെയാവും അനുഭവപ്പെടുക. ഒന്നുകില്‍ അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക അല്ലെങ്കില്‍ ഒഴിവാക്കുക. അസ്വസ്ഥത നല്‍കുന്ന ഒരു ബന്ധം വെച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും നേടാനാവില്ല.

ഈ അറിവുകള്‍ നിങ്ങളുടെ ബന്ധങ്ങളെ നിങ്ങളുടെ വരുതിയിലാക്കാന്‍ നിങ്ങളെ സഹായിക്കും. ആ ബന്ധങ്ങള്‍ നിങ്ങളുടെ മനോനിലയെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഓരോരുത്തരും നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന അറിവിന്‍റെ വെളിച്ചത്തില്‍ അവരവരുമായുള്ള ബന്ധത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ നിങ്ങള്‍ക്ക് കൈക്കൊള്ളാനാകും.


(തുടരും)  

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

ഉള്‍ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന്‍

ടോംസ് ജോസഫ്
Related Posts