ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം...
ജീവോല്‍പ്പത്തിയുടെ പരം പൊരുള്‍...
സത്തയുടെ യാഥാര്‍ത്ഥ്യം...
എല്ലാമറിയാന്‍ വീടുവിട്ടിറങ്ങി
ഒരു വെളുപ്പാന്‍കാലത്ത്.
പിന്നിലുറങ്ങിക്കിടന്ന ഭാര്യയേയും മകനേയും ഉണര്‍ത്താതെ കാഷായമിട്ട്....
നടന്ന് നടന്ന് ഒരു വേശ്യാലയത്തിലെത്തി.
പണമില്ലാതെ ഒരസത്തിനേയും കിട്ടില്ലെന്ന് കൂട്ടിക്കൊടുപ്പിന്‍റെ ഈവന്‍റ് മാനേജര്‍
പിന്നെപ്പോയതൊരു കാസിനോയില്; അവിടെയും പണം മുന്‍കൂര്‍.
ബാറിലും ഇതേ അവസ്ഥ...
ക്ഷീണിച്ചുറങ്ങാന്‍ കിടന്നതൊരു വള്ളിക്കാവില്
ഉണര്‍ന്നപ്പോള്‍ ചുറ്റും കൂടിയവര്‍ തലകുനിച്ചു...കൈകള്‍ കൂപ്പി...
പാദം തുടച്ചു..കഴുകി...മിനുക്കി...പൂവിട്ട്..
പതറിപ്പോയ ഞാന്‍ പെട്ടെന്നു ഘനഗാംഭീര്യം പൂണ്ടു..
.നേരീയ മന്ദസ്മിതത്തോടെ അരികെ കണ്ട ആണ്‍പെണ്‍ മാറുകള്‍ കൈവലയിലാക്കി....
ഹൊ! ദൈവത്തെത്തേടിയിറങ്ങിയ ഞാനും അങ്ങനെ ദൈവമായ്...
പരമാത്മനായ്...പരംപൊരുളായ്....തദ്വാരാ എല്ലാമെല്ലാമായ്...
ഇഷ്ടം പോലെ വ്യഭിചരിച്ചും കുടിച്ചും മദിച്ചും ബിസിനസിച്ചും
ഞാന്‍ പരമമായ ചൈതന്യം ആസ്വദിച്ചു... ആഘോഷിച്ചു..
എണ്ണത്തിലും വണ്ണത്തിലും ഭക്തര്‍ വളര്‍ന്നു...
ഞാനും പനപോലെ വളര്‍ന്നു...പടര്‍ന്നു...പന്തലിച്ചു....
വിദ്യയും വൈദ്യവും കാരുണ്യവും
ചാണകക്കണക്കില് വിറ്റ് ഞാനെന്‍റെ അസ്തിത്വം പെരുക്കി....
ചുംബനത്തിന് ക്യൂവില്‍ കാവിക്കൊപ്പം ഖദറും നരവീണ ചൊമലയും നിരന്നു....
അങ്ങനെയങ്ങനെ ഗതികെട്ട കാലം എന്നെ ഒളിച്ചു കടത്തവെ,
പട്ടിണി തിന്നെന്‍റെ ഭാര്യയും കുഞ്ഞും ചത്തുപോയെന്നു കേട്ടു..
ഒന്നുമൊന്നും തോന്നിയില്ലാ...
തുള്ളിപോലും പൊടിഞ്ഞില്ലാ..കണ്ണിലും മനസ്സിലും....
വിരക്തി നേടിയെന്നാശ്വസിച്ചു മുക്തിക്കായി അപേക്ഷ നിറച്ചുകൊണ്ടിരിക്കെ
മുറിമലയാളത്തില്‍ ഇങ്ങനെ കേള്‍ക്കായി...
"ദൈവങ്ങള്‍ക്ക് സ്വന്തമില്ല ബന്ധമില്ല...
സ്വന്തമായ് മനസ്സില്ല; മനഃസാക്ഷിയുമില്ല..."
അതേ ഞാനിപ്പോള്‍ ദൈവമാണല്ലോ പരിപൂര്‍ണ്ണനായ ദൈവം...