ഇടം
ഇറങ്ങിപ്പോന്ന അത്രമേല്‍ പ്രിയങ്ങളായ
ചിലയിടങ്ങള്‍ മനസ്സിനെ വീണ്ടും ഭ്രമിപ്പിക്കാറുണ്ട്.
വീണ്ടും മുറിവേല്‍ക്കുവാനായി,
സ്വീകരിക്കപ്പെടുമോ എന്ന് തീര്‍ച്ചയില്ലാത്ത
പഴയ ഇടങ്ങളിലേക്ക് എത്തിനോക്കുവാന്‍
തിരസ്കരണം എന്ന പുരാതന ഭയത്തിന്‍റെ
വേരുകള്‍ പടര്‍ന്ന കണ്ണുകള്‍ സമ്മതിക്കുന്നില്ല.
എങ്കിലും നിന്നിലേക്കുള്ളതായിരുന്നു
എന്നെ വിമലീകരിച്ചിരുന്ന തീര്‍ത്ഥയാത്രകള്‍.
ആ ഓര്‍മ്മകള്‍ മതി,
ഓര്‍മ്മകളെ തീര്‍ത്ത വസന്തങ്ങളും മതി,
കൊഴിഞ്ഞ ഇലകളും,  വാടിയ പൂക്കളും,
ചില്ലകളില്‍ കിളി വന്ന് പാടിയ പാട്ടുകളും മതി.
നിന്‍റെ വാചാലങ്ങളായ മൗനങ്ങള്‍ മതി.

പ്രിയരേ നിങ്ങള്‍
അക്ഷരങ്ങള്‍ ഋതുക്കള്‍ തീര്‍ക്കുന്നു.
കണ്‍കോണില്‍ ഉറഞ്ഞുകൂടി
തുടങ്ങിയ മിഴിനീര്‍,
അക്ഷരങ്ങള്‍ ആവോളം നുകര്‍ന്ന്
ഹൃദയാക്ഷരങ്ങള്‍ തീര്‍ക്കുന്നു.
നോവുള്ള രാവില്‍ കൂട്ടു തീര്‍ത്തതും
അക്ഷരങ്ങളായിരുന്നു.
ചില നേരങ്ങളില്‍ എന്‍റെ സ്വാസ്ഥ്യവും,
എന്‍റെ നിദ്രയുടെ കവര്‍ച്ചക്കാരും
നിങ്ങള്‍ തീര്‍ത്ത അക്ഷരങ്ങളായിരുന്നു.
അകലങ്ങളിലെങ്കിലും
അക്ഷരങ്ങളിലൂടെ നിങ്ങളെന്നെ
കൂട്ടക്ഷരങ്ങള്‍ കണക്ക് കൊരുത്തുവെച്ചു.
എന്‍റെ പ്രിയ  അക്ഷരം'നിങ്ങള്‍' ആയിരുന്നു.

കനവുകള്‍
കണ്ടതൊക്കെയും കനവായിരുന്നുവോ
ഏതോ മഴയില്‍ ഒറ്റയ്ക്ക് നനയാന്‍
വിധിക്കപ്പെട്ട യാത്രയില്‍.
ചെറുതെങ്കിലും ഒരു കുട വച്ചുനീട്ടിയവര്‍ ഉണ്ട്.
എന്നാല്‍ ഒരു വളവില്‍ അതേ സഹയാത്രക്കാര്‍
മഴയിലേക്ക് തള്ളിവിട്ട്
നനയാന്‍ വിധിക്കപ്പെട്ട നേരങ്ങളെ
നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ.
കിനാവായിരുന്നില്ല,
ആയിരുന്നെങ്കില്‍ പുറത്തുപോകുന്ന മഴകളിലും
ഞാനിത്ര വിറങ്ങലിക്കില്ലായിരുന്നു...

You can share this post!

അത്താഴം

തോമസ് ഷാ
അടുത്ത രചന

കവിത - വിധി, സതീഷ് കളത്തില്‍

സതീഷ് കളത്തില്‍
Related Posts