പ്രകൃതിയെക്കുറിച്ചുള്ള ഓരോ ചിന്തയും നമ്മുടെ സ്മൃതികളില്‍ അവന്‍റെ നാമത്തിന്‍റെ പുഷ്പോത്സവമായി മാറുന്നു. അവന്‍, ഫ്രാന്‍സിസ്. ദേശം അസ്സീസി അവന്‍റെ ഹൃദയത്തിലേക്ക് വെളിച്ചം വീശുന്ന കഥകളിലൊന്ന് ഇത്.
യാത്രയുടെ വേളകളില്‍ തനിക്ക് തണലായി മാറിയ വൃക്ഷത്തോട് അവന്‍ പറഞ്ഞു: "മുത്തശ്ശി വൃക്ഷമേ, എന്നോട് ദൈവത്തെക്കുറിച്ചു പറയുക..." ഒരു ഞൊടിയിടയില്‍ വൃക്ഷം ഇളംകാറ്റില്‍ ഒന്നുലഞ്ഞു. പിന്നെ നിറയെ പൂക്കള്‍ പൂത്തു വിരിഞ്ഞു. ഇലകള്‍ മൂടുമാറ് നിറയെ പൂക്കള്‍.. തലയ്ക്കു മുകളില്‍ ചേക്കേറിയ കിളികളോട് അവന്‍ പറഞ്ഞു: "കിളികളേ, എന്നോട് ദൈവത്തെക്കുറിച്ച് പറയുക." ആ വേളയില്‍ കിളികള്‍ ഇത്രയും നാള്‍ ഭൂമി കേട്ടിട്ടില്ലാത്ത മധുരമായ ഗീതങ്ങള്‍ പാടി ചക്രവാളങ്ങളിലേക്ക് പറന്നുയര്‍ന്നു.
ഇപ്പോള്‍ ഫ്രാന്‍സിസ് വൃത്തിഹീനമായ ഒരു ചേരിയില്‍. വെള്ളം കോരുന്ന സ്ത്രീകള്‍. സൂര്യ സ്നാനം ചെയ്യുന്ന വൃദ്ധന്‍, ചെളിയില്‍ കളിക്കുന്ന കുഞ്ഞുങ്ങള്‍. തകര്‍ന്നൊരു കല്‍ബെഞ്ചില്‍ ഒരു വൃദ്ധ. ഫ്രാന്‍സീസ് പറഞ്ഞു: "അമ്മേ, എന്നോട് ദൈവത്തെക്കുറിച്ച് പറയുക. വൃദ്ധ സഞ്ചിയില്‍നിന്ന് ഒരപ്പമെടുത്ത് ഒരു കുട്ടിക്കു കൊടുത്തു. ആ കുട്ടി മറ്റൊരു കുട്ടിക്ക്. പിന്നെ കുട്ടികളില്‍നിന്ന് മുതിര്‍ന്നവരിലേക്ക് അപ്പം നീങ്ങിക്കൊണ്ടിരുന്നു... കൈമാറുംതോറും അപ്പം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ എല്ലാ കൈകളിലും അപ്പം. അപ്പങ്ങള്‍ പേറുന്ന കൈകള്‍ ആകാശങ്ങളിലേക്കുയര്‍ത്തി അവരെല്ലാം പ്രാര്‍ത്ഥിച്ചു. "ഞങ്ങളുടെ പിതാവേ, ഞങ്ങളുടെ അപ്പം..."
പണ്ട്, വളരെ പണ്ട്, ദൈവം മനുഷ്യനോടൊത്ത് സന്ധ്യായാത്രകള്‍ നടത്തിയിരുന്ന കാലത്ത്, വിശുദ്ധമായ എല്ലാറ്റിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സുവര്‍ണ്ണചരടുണ്ടായിരുന്നു. പിന്നീടെപ്പോഴോ ആ സ്വര്‍ണ്ണനൂല്‍ കൈമോശം വന്നു. മനു ഷ്യനെയും ദൈവത്തെയും പ്രകൃതിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വര്‍ണ്ണനൂല്‍ കണ്ടെത്തിയവനെ, ഇനി നാം ഫ്രാന്‍സിസ് എന്നു വിളിക്കുക. അസ്സീസിയിലെ ഫ്രാന്‍സിസെന്ന്...!
മരിക്കുന്ന ഭൂമിയുടെ നൊമ്പരം മുഴുവന്‍ സ്വന്തം നെഞ്ചില്‍ പേറി നമ്മുടെ വര്‍ത്തമാനകാലത്തില്‍ പ്രവാചകനെപ്പോലെ നില്‍ക്കുന്ന ഒരാളാണ് മസ നോബു ഫുക്കുവോക്ക. മനുഷ്യനിലും പ്രകൃതിയിലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത സന്മനസ്സിന്‍റെ ഉടമകള്‍ തെക്കന്‍ ജപ്പാനിലെ ഷിക്കോ ദ്വീപില്‍ അദ്ദേഹത്തെ തേടിയെത്തുന്നു. അവര്‍ക്കൊരു ജോടി ചെരിപ്പുകള്‍ പോലും സമ്മാനിക്കാത്ത ഈ വൃദ്ധകര്‍ഷകന്‍ ഒരിഴ വൈക്കോലെടുത്ത് മന്ത്രിക്കുന്നു: "ഈ ഒരിഴ വൈക്കോലെടുത്ത് നാമൊരു വിപ്ലവം തുടങ്ങിയേ തീരൂ." ചെറുപ്പക്കാരുടെ കണ്ണുകളില്‍ അമ്പരപ്പ്. പിന്നെ അറിവിന്‍റെ വെളിച്ചം. ഫുക്കുവോക്കയുടെ സ്മൃതിയില്‍ ഒരു ഭൂത കാലമുണ്ട്. ചവിട്ടി വന്ന പാതകളിലൂടെ പ്രകൃതി അയാള്‍ക്കായി ഒരു ജീവിതദര്‍ശനം രൂപപ്പെടുത്തുകയായിരുന്നു. ഇരുപത്തഞ്ചാം വയസ്സില്‍ ഒരു കസ്റ്റംസ് ഓഫീസിലെ സന്ധ്യപരിശോധനാ വിഭാഗത്തിലായിരുന്നു അയാളുടെ തൊഴില്‍. ലക്ഷ്യമില്ലാത്ത ജീവിതവും അമിതാധ്വാനവും അയാളെ രോഗാതുരനാക്കി.
ഒടുവില്‍ ഒരു മഞ്ഞുകാലത്ത് കഠിനമായ ന്യൂമോണിയ പിടിപെട്ട് കിടപ്പിലായി. മരണത്തെ അഭിമുഖീകരിച്ച ദിവസങ്ങള്‍. സുഖം പ്രാപിച്ചെങ്കിലും മൃത്യുബോധം പകര്‍ന്നുനല്‍കിയ വിഷാദത്തില്‍ നിന്നവന് രക്ഷനേടാന്‍ കഴിഞ്ഞില്ല.
ഒരു വടവൃക്ഷത്തില്‍ ചാരി തളര്‍ന്നുറങ്ങിയ മെയ്മാസത്തിലെ ഒരു ദിനം. സ്വപ്നത്തിന്‍റെയും യാഥാര്‍ത്ഥ്യത്തിന്‍റെയും മധ്യതലങ്ങളില്‍നിന്നയാള്‍ ഹൃദയസ്പര്‍ശിയായ ഒരു ദൃശ്യത്തിന് സാക്ഷി യായി. എങ്ങും നിറഞ്ഞുനിന്ന പ്രഭാതത്തിന്‍റെ നേരിയ പുതപ്പ്. ഒരു തീരക്കാറ്റില്‍ ആ പുതപ്പ് അഴിഞ്ഞുവീണു. അതാ, ഒരു രാക്കൊക്ക്. വീശി വിരിച്ച ചിറകുകള്‍, പറന്നകലുന്ന ചിറകടിശബ്ദം. ആ ക്ഷണം ഫുക്കുവോക്കയെ അലട്ടിയ സന്ദേഹങ്ങള്‍ ഒഴിഞ്ഞു. അയാളെ നയിച്ചിരുന്ന പല സങ്കല്പങ്ങളും ശൂന്യമെന്ന് തിരിച്ചറിവ്. മരച്ചില്ലകളില്‍ കിളികള്‍ ചിലയ്ക്കുന്നു. സാഗരത്തില്‍ ചെങ്കിരണങ്ങളുടെ തിളക്കം. തീരത്ത് പച്ചിലകളുടെ മനോഹാരിത. ശരിയായ പ്രകൃതി അതിന്‍റെ എല്ലാ മൂടുപടങ്ങളും നീക്കി ഫുക്കുവോക്കയുടെ കണ്ണുകളില്‍ സുതാര്യമായ്. ഈ മിസ്റ്റിക്കല്‍ അനുഭവം ഒരു പുതിയ ജീവിതദര്‍ശ നത്തിന്‍റെ തുടക്കമായിരുന്നു.
ലാഭനഷ്ടക്കോളങ്ങളില്‍ മനസ്സു നഷ്ടപ്പെട്ട ലോകത്താട് ഫുക്കുവോക്കയ്ക്ക് ഒന്നേ പറയാ നുള്ളൂ. മാനുഷികമായ ഇച്ഛ -അനിച്ഛകളില്‍നിന്ന് മോചിതമായി പ്രകൃതിയാല്‍ നയിക്കപ്പെടുമ്പോള്‍ പ്രകൃതി അവന് വേണ്ടതെല്ലാം നല്‍കുന്നു. ആരോഗ്യമുള്ള ഒരു തലമുറ അതിന്‍റെ ഭാഗമായി രൂപാന്തരപ്പെടുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മംഗല്യസൂത്രത്തില്‍ പരിപൂര്‍ണ്ണമായിണങ്ങിയ പതിപത്നിമാരുടെ മൈത്രി പോലെയാകുന്നു. കൊള്ളുന്നതോ അല്ലെങ്കില്‍ കൊടുക്കുന്നതോ ആയുള്ള ബന്ധമല്ല. ഇണകളുടെ താനേയുള്ള ഒന്നാകലാണത്...
ഉപഭോഗത്തില്‍ മാത്രം കണ്ണുനട്ടിട്ടുള്ള ഒരു യന്ത്രസംസ്കാരം ഈ സരള പ്രകൃതിയെ അതി സങ്കീര്‍ണമാക്കുന്നതിനു മുമ്പേ, ആലസ്യത്തില്‍ നിന്നുണരാനാണ് ഫുക്കുവോക്കയുടെ ആഹ്വാനം. (അവലംബം : ഒറ്റവൈക്കോല്‍ വിപ്ലവം, മസനോ ബു ഫുക്കുവോക്ക, വാള്‍ഡന്‍ പബ്ലിഷേഴ്സ്).
നമ്മുടെ ഇത്തിരിവട്ടത്തില്‍നിന്ന് ഒറ്റപ്പെട്ട ഒരു ശബ്ദം മുഴങ്ങുന്നു. പ്രൊഫ. ജോണ്‍ സി. ജേക്കബ്. കേരളത്തില്‍ പരിസ്ഥിതി ശബ്ദങ്ങള്‍ പലപ്പോഴും ഏതൊക്കെയോ നിക്ഷിപ്ത താത്പര്യങ്ങളുടെ കവചാവരണം മാത്രമായിരുന്നു എന്നു നാം അറിയുന്നു. അതുകൊണ്ടുതന്നെ ഈ മനുഷ്യന്‍ വളരെ, വളരെ വ്യത്യസ്തനായ ഒരാളായി മാറുന്നു. ഇദ്ദേഹത്തിന് വാക്കുപോലെ കര്‍മ്മവും കര്‍മം മാത്രം, പറയുന്ന വാക്കും. ജീവിതത്തിന്‍റെ ഏതോ ദശാസന്ധിയില്‍ പ്രകൃതി അദ്ദേഹത്തെ അമ്മയുടെ അലിവുപോലെ പുണര്‍ന്നിരുന്നു. അന്നുതൊട്ട് ഇന്നോളം "ഒരേ ഭൂമി ഒരേ ജീവന്‍" സ്വപ്നവുമായി ഇദ്ദേഹം നമ്മുടെ ചിന്തകളിലേക്ക് കടന്നു വരുന്നു. കാട്ടിലെ വഴിത്തിരിവിനെക്കുറിച്ച് പ്രൊഫസര്‍ തന്നെ, അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തിലുള്ള ആന്‍ഖിലെഴുതിയ കുറിപ്പ് ഇവിടെ ആവര്‍ത്തിക്കട്ടെ:
1984-ലെ വേനലവധി. ഏതൊക്കെയോ വ്യക്തിപരമായ പീഡാനുഭവങ്ങളിലൂടെ പ്രൊഫസര്‍ക്ക് കടന്നുപോകേണ്ടിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുതന്നെ ആകുലപ്പെട്ട ദിവസങ്ങള്‍. ജീവിച്ചിട്ടിനി കാര്യമില്ല. മരണം തന്നെ അഭികാമ്യം. ഒടുവില്‍ അലഞ്ഞു തിരിയാന്‍ തീരുമാനിച്ചു. ലക്ഷ്യബോധമില്ലാതെ കാട്ടിലൂടെനടക്കും. പിന്നെ എവിടെയെങ്കിലും ഇരിക്കും. ചിലപ്പോള്‍ മരച്ചുവട്ടില്‍ കിടന്നുറങ്ങും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു. എന്തിന് ഇനി ജീവിക്കണം എന്ന ചോദ്യത്തിന് ഉത്തരം കാണാനിട യായില്ല.
അന്നാണ് അത് സംഭവിച്ചത്. ഞാനൊരു മരച്ചു വട്ടില്‍ മരവും ചാരി ഇരിക്കുന്നു. ചുറ്റും ധാരാളം മരങ്ങള്‍. ഒന്നോ രണ്ടോ മഴ കിട്ടിയതുകാരണം എല്ലായിടത്തും നല്ല പച്ചയാണ്. കാറ്റില്ല, പക്ഷികള്‍ പോലും ശബ്ദിക്കുന്നില്ല. എന്തൊരു ശാന്തത! ഭീകരമായ ശാന്തത എന്നുവേണമെങ്കില്‍ പറയാം. അപ്പോള്‍ എന്തോ സംഭവിച്ചു. എന്താണ് എന്നെനിക്ക് ഇന്നും രൂപമില്ല. എല്ലാ മരങ്ങളും ദ്രാവകമാകാന്‍ തുടങ്ങി. പച്ചനിറമുള്ള കൊഴുത്ത ഒരു ദ്രാവകം. ഉരുകുന്ന മെഴുകുതിരിപോലെ, കുപ്പിയില്‍ നിന്നൊഴുകുന്ന തേന്‍പോലെ കട്ടിയുള്ളൊരു ദ്രാവകം. അതിന് കടും പച്ചനിറം വിവരിക്കാനാവാത്ത വാസന. ഞാനാ മരത്തടിയില്‍ ചാരിയിരിക്കവേ, ആ ദ്രാവകം എന്‍റെ നേരെ സാവധാനം ഒഴുകിവരാന്‍ തുടങ്ങി. ഏതാണ്ട് ഇരുപതടി ഉയരമുള്ള ഒരു വന്‍മതില്‍ പോലെ അത് എന്നെ സമീപിച്ചു. എന്നെ പൊതിഞ്ഞു. പിന്നെ എന്തുണ്ടായി എന്നെനിക്ക് അറിഞ്ഞുകൂടാ. ഉണര്‍ന്നത് എത്ര നേരം കഴിഞ്ഞി ട്ടാണ് എന്നും ഓര്‍മയില്ല. മരങ്ങള്‍ എല്ലാം പഴയസ്ഥാനത്തു നില്‍ക്കുന്നു. മാറ്റം സംഭവിച്ചത് എനിക്കാണ്. എന്തൊരു ശാന്തത, എന്തൊരു സമാധാനം. പ്രകൃതി മുഴുവന്‍ മാധുര്യമേറിയ സ്നേഹമായി എന്നിലേക്ക് ഒഴുകിവന്ന് എന്‍റെ മാംസത്തിലും മജ്ജയിലും രക്തത്തിലും അലിഞ്ഞുചേര്‍ന്നതുപോലെ. ഇത്രയും വലിയ സമാധാനം ഞാന്‍ അതേവരെ അനുഭവിച്ചിട്ടില്ല. ഇത്രയും ധൈര്യവും എനിക്കുണ്ടായിട്ടില്ല...
ഞാന്‍ വിരമിക്കുകയാണ്. ഭൂമിയുടെ വെളിപാട് കണ്ടെത്തിയ പരസഹസ്രം മനുഷ്യരില്‍നിന്ന് ഏതാനും പേരുകള്‍ മാത്രമേ കുറിച്ചിടാന്‍ കഴിഞ്ഞുള്ളൂ എന്നുള്ള പരിമിതിയോടെ, കുറ്റബോധത്തോടെ... അനുബ ന്ധമായി ഇതുകൂടി: വളപ്പൊട്ടു കള്‍കൊണ്ട് 'കാലിഡോസ്കോപ്പി'ല്‍ വര്‍ണ്ണങ്ങളുടെ അത്ഭുതലോകം സൃഷ്ടി ക്കുന്നതുപോലെ ജീവിതത്തിന്‍റെ 'ഫ്രാഗ്മെന്‍റുകള്‍' അക്ഷരങ്ങളുടെ കാലി ഡോസ്കോപ്പില്‍ ചൊരിയുന്ന പ്രിയപ്പെട്ട ഒരാള്‍ കഴിഞ്ഞ ദിനങ്ങളിലൊന്നില്‍ ഇങ്ങനെ കുറി ച്ചു: "ഇന്ന് ഇവിടത്തെ നിശാഗന്ധി പൂത്തു. ഒരു ചെടിയില്‍ രണ്ടു പൂക്കളുണ്ട്. നിശാഗന്ധി, എന്തൊരനുഭൂതിയാണ്. ഇപ്പോള്‍ പാതിരാവായിത്തുടങ്ങി. എല്ലാവരും ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. എനിക്കുറങ്ങാ നാവില്ല. ഞാന്‍ മാത്രം നിശാഗന്ധിയുടെ ചാരെയിരുന്ന് ഇതു കുറിക്കുന്നു. ഇത് കൂമ്പുന്നതു വരെ ഞാനിതിന് കാവലിരിക്കും. എന്തൊരു സൗരഭ്യമാണ്, എന്തൊരു വെണ്മയാണ്..."
കോണ്‍ക്രീറ്റില്‍ തീര്‍ത്ത തപോവനത്തില്‍, ഈ വരികള്‍ ഏതൊക്കെയോ ഹരിതാഭമായ സ്മൃതികളിലേക്കുണര്‍ത്തുന്ന തൂവല്‍സ്പര്‍ശമാവുന്നു. ദൈവമേ, കാല്പനികതയുടെ കാലം ഇനിയും അന്യം നിന്നിട്ടില്ലല്ലോ?
രാത്രിയിലെ ഏതോ യാമങ്ങളില്‍ കിനാവില്‍ ദൈവം ഇറങ്ങിവന്നു. ഇത്തവണ ദൈവം ആഹ്ലാദഭരിതനായിരുന്നു. "ഭൂമിയില്‍ നിശാഗന്ധികള്‍ക്കു വേണ്ടി ഉറക്കമിളച്ചിരിക്കുന്ന ഒരാളെങ്കിലും അവശേഷിക്കു ന്നിടത്തോളം കാലം ഇനി ഭൂമിയെ പ്രളയം ആക്രമിക്കുക യില്ല. ചക്രവാളങ്ങളില്‍നിന്ന് മഴവില്ലുകള്‍ ഞാന്‍ തിരികെ എടുക്കുകയുമില്ല..."
(സഞ്ചാരിയുടെ ദൈവം)