ഈ വര്‍ഷം നാം കടുത്ത വേനലിലൂടെ കടന്നു പോയി. ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളും ചുട്ടുപൊള്ളി. അനേകമാളുകള്‍ പിടഞ്ഞുവീണു മരിച്ചു. എന്തുകൊണ്ടാണ് ഭൂമി ഇപ്രകാരം പ്രതികരിക്കുന്നത്? മനുഷ്യന്‍ ഭൂമിയോടു ചെയ്തതിന്‍റെ പരിണതഫലം തന്നെയല്ലേ ഈ ഉഷ്ണം? ഇനിയും നാം തിരിച്ചറിവു നേടിയില്ലെങ്കില്‍ 'ഇനി വരുന്ന തലമുറകള്‍ക്ക് ഇവിടെ വാസം സാധ്യമല്ലാതാകും' 'നിശ്ശബ്ദ വസന്ത'ത്തില്‍ റേച്ചല്‍ കാഴ്സണ്‍ കുറിച്ചത് നമ്മുടെ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. വികസനത്തിന്‍റെ പേരില്‍ നാം നശിപ്പിക്കുന്ന കുന്നുകളും മലകളും തണ്ണീര്‍ത്തടങ്ങളും മരങ്ങളുമെല്ലാം അതിവൃഷ്ടിയും അനാവൃഷ്ടിയുമായി നാശം വിതയ്ക്കും. 'ഇനി വികസന വിരോധികളെയാണ് നാം പിന്തുണയ്ക്കേണ്ടത്' എന്ന് ടി.പി. രാജീവന്‍ എഴുതുന്നത് അതുകൊണ്ടാണ്. 'വികസന'ത്തെ നാം പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു. വികസനസങ്കല്പങ്ങളില്‍ മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു. നാം നശിപ്പിക്കുന്ന പലതും തിരിച്ചുകിട്ടാത്തതാണ് എന്ന സത്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചില തിരുത്തലുകള്‍ക്ക് നമുക്കിനി അവസരം ലഭിച്ചില്ലെന്നു വരും. ഭാവിതലമുറകളോടു പുലര്‍ത്തേണ്ട നീതികൂടിയാണിത്.
നാം ഭൗതികമായി വളരെയധികം പുരോഗമിച്ചിട്ടുണ്ട്. വലിയ വീടുകള്‍, കെട്ടിടങ്ങള്‍, കാറുകള്‍, റോഡുകള്‍... എല്ലാം നമുക്കുണ്ട്. 'വലിയ' സങ്കല്‍പ്പങ്ങളാണ് നമുക്കുള്ളത്. വമ്പന്‍ പദ്ധതികളുടെ പേരില്‍ അഭിമാനം കൊള്ളുമ്പോള്‍ അവ പ്രകൃതിയില്‍ ഏല്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നില്ല. നശിപ്പിക്കപ്പെടുന്ന കുന്നുകളുടെയും പുഴകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും മരങ്ങളുടെയും പാരിസ്ഥിതികമൂല്യം (Ecological Value) എത്ര വലുതാണ് എന്ന വസ്തുത നാം വിസ്മരിക്കുന്നു. ഇനിയും എത്രയോ കാലം ഭൂമിയില്‍ നിലനിര്‍ത്തേണ്ട വിഭവങ്ങള്‍ ആഹരിച്ചു തീര്‍ക്കുന്നതിന് നമുക്കവകാശമില്ല. കരുതലോടെ സംരക്ഷിക്കേണ്ടതാണ് ഓരോ പ്രകൃതിവിഭവങ്ങളും. ഇനിയും അനേകം തലമുറകള്‍ക്ക് കടന്നു വരാനുള്ള രംഗവേദിയാണ് നാം അത്യാര്‍ത്തി മൂലം നശിപ്പിക്കുന്നത്. 'വലുതു'കള്‍ക്കു പകരമാണ് ഷൂമാക്കറെപ്പോലെയുള്ള ചിന്തകര്‍ 'ചെറുതുകളുടെ സൗന്ദര്യം' ഉയര്‍ത്തിപ്പിടിച്ചത്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ 'ചെറുതുകളെ'ക്കുറിച്ച് ചിന്തിക്കേണ്ട കാലമാണിത്. എങ്കില്‍ മാത്രമേ നമ്മുടെ പുഴകളും മലകളും കാടുകളും നിലനില്‍ക്കുകയുള്ളു.
ഈ ഭൂമി മനുഷ്യന്‍റെ സ്വകാര്യസ്വത്തല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ നിലനില്‍ക്കാനുള്ള അവകാശമുണ്ട്. അവരും 'ഭൂമിയുടെ അവകാശി'കളാണ്. മനുഷ്യകേന്ദ്രിതമാണ് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍. അതുകൊണ്ടുതന്നെ ഭൂമിയോടും ഇതര ജീവജാതികളോടും പുലര്‍ത്തേണ്ട നീതി നാം പുലര്‍ത്തുന്നില്ല. പ്രകൃതിയിലെ എല്ലാം പരസ്പരം ഇണങ്ങി നില്‍ക്കേണ്ട കണ്ണികളാണ്. 'ജീവന്‍റെ വല'യിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍. മനുഷ്യന് സവിശേഷമായ അധികാരമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ നാം ഭൂമിയോടു പെരുമാറുന്നത് അധികാരഭാവത്തിലാണ്. എല്ലാറ്റിനെയും നശിപ്പിച്ചിട്ട് നമുക്കു ജീവിക്കാന്‍ കഴിയില്ല. നമ്മുടെ സുഖസൗകര്യങ്ങള്‍ മാത്രം നോക്കിയാല്‍ അധികകാലം ഇവിടെ ജീവിക്കാനാവില്ല എന്ന സത്യം മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം.
പ്രകൃതിവിഭവങ്ങളുടെ മേല്‍ വലിയ കൈയ്യേറ്റങ്ങളാണ് ലോകം മുഴുവന്‍ നടക്കുന്നത്. 'ആഗോളതാപനം' പോലുള്ള പ്രതിഭാസങ്ങള്‍ നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. പാരിസ്ഥിതികാഘാതങ്ങളില്‍ പെട്ട് ഒരു വലിയ ജനവിഭാഗം ഇന്ന് പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. മനുഷ്യകൃതമാണ് പല ദുരന്തങ്ങളും എന്നതാണ് വാസ്തവം. മലിനീകരണവും വെട്ടിമാറ്റലുകളും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നാല്പത്തിനാലു നദികളുള്ള കേരളത്തില്‍ ആരോഗ്യത്തോടെ നിലനില്‍ക്കുന്ന ഒരു നദിയുമില്ല. എത്ര ഉദാസീനമായാണ് പ്രകൃതി നല്‍കിയ വലിയ വരദാനത്തെ നാം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. നാം പുരോഗമിക്കുകയാണ് എന്ന് വ്യാമോഹിക്കുമ്പോള്‍ എത്ര പിന്നിലേക്കു സഞ്ചരിച്ചു എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. വീടു വയ്ക്കുമ്പോള്‍, ദേവാലയങ്ങളും വലിയ കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ നിലംവരെ ടൈലുകള്‍ നിരത്തി ഭൂമിയുടെ എല്ലാ സുഷിരങ്ങളും നാം അടയ്ക്കുന്നു. എന്നിട്ട് ചൂടിനെ പഴിക്കുന്നു. 'ദൈവത്തിനു സ്തുതി' എഴുതിയ മാര്‍പാപ്പയുടെ പിന്‍ഗാമികള്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അതിനെ ലംഘിക്കുന്നു. കിലോമീറ്ററുകള്‍ ടൈലുകള്‍ പാകുന്ന ദേവാലയ പരിസരങ്ങള്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്. മാതൃക കാണിക്കേണ്ടവര്‍ പ്രകൃതിക്കു വിരുദ്ധമായും പരിസ്ഥിതിക്കു നിരക്കാത്ത രീതിയിലും ദൈവവിരുദ്ധമായും പെരുമാറുന്നു. കൃത്രിമമായ ഈ വെട്ടിയൊരുക്കലുകളും മോടിപിടിപ്പിക്കലുകളും ആത്മാവു നഷ്ടപ്പെട്ട ഒരു സംസ്കാരത്തെയാണ് കാണിച്ചുതരുന്നത്. ഒന്നിനെക്കുറിച്ചും ലളിതമായി ചിന്തിക്കാന്‍ കഴിയാത്ത നാം ബാബേലുകള്‍ പണിതുയര്‍ത്തുന്നു. എന്നിട്ടു വേദികളില്‍ കയറി ഘോരഘോരം പ്രഘോഷണങ്ങള്‍ നടത്തുന്നു. "ദാഹിച്ചു നില്‍ക്കുന്ന ഒരു ചെടിക്ക് വെള്ളം കൊടുക്കുന്നത് പ്രാര്‍ത്ഥനയാണ്. അനന്തമായ പ്രാര്‍ത്ഥനയാണ് ജീവിതം" എന്ന ബഷീര്‍ വചനം ഇവിടെ സ്മരിക്കാം. പ്രാര്‍ത്ഥനയും ആരാധനയും പ്രകൃതിയുമായി കൂട്ടിയിണക്കുന്നതാണ് ബഷീര്‍സങ്കല്‍പ്പം. നമ്മുടെ കണ്ണാടിമാളികയില്‍ നിന്ന് ദൈവം ഇറങ്ങിപ്പോയിരിക്കുന്നു എന്നതു നാം മനസ്സിലാക്കുന്നേയില്ല.
'വികസന'ത്തെ നാം തെറ്റായ രീതിയിലാണ് പ്രയോഗിക്കുന്നത്. അധികകാലം നിലനില്‍ക്കാത്തതാണ് ഈ വികസനരീതികള്‍. "വന്‍കിട നിക്ഷേപത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന കേരളത്തിലെ വികസനഭ്രാന്ത് സംസ്ഥാനത്തെ പരിസ്ഥിതി വിനാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുകയാണ്. വന്‍തോതിലുള്ള പരിസ്ഥിതി നാശം സംസ്ഥാനത്തിന് താങ്ങാനാവാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിതഗുണനിലവാരത്തില്‍ പരിസ്ഥിതി നാശം ദൂരവ്യാപകമായ ഫലം സൃഷ്ടിക്കുന്നു. മലിനീകൃതമായ ജലസ്രോതസ്സുകളും വായുവും ജനങ്ങളുടെ അടിസ്ഥാന ആരോഗ്യത്തെ തന്നെ ബാധിക്കുന്ന നിലയായിട്ടുണ്ട്. ഇതെല്ലാം മറന്നുള്ള വികസനം ഗുണത്തേക്കാള്‍ ദോഷമാണ് നാട്ടില്‍ സൃഷ്ടിക്കുന്നത്. ലോകത്തില്‍ ഏറ്റവും അമൂല്യമായ പരിസ്ഥിതിപ്രാധാന്യമുള്ളതെന്നു തിരിച്ചറിഞ്ഞിട്ടുള്ള കേരളത്തിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും നിര്‍ദ്ദയമായി നികത്തി ആഘോഷിക്കുന്നതല്ല വികസനം" എന്ന എം.എ. ഉമ്മന്‍റെ അഭിപ്രായം ശ്രദ്ധേയമാണ്. നാം 'ശവമഞ്ചത്തിലെ ഉറുമാലുകള്‍ വലിച്ചൂരിയെടുത്ത് മണവാളന്‍ ചമയുകയാണ്' എന്ന സത്യം ശബ്ദഘോഷങ്ങള്‍ക്കിടയില്‍ തിരിച്ചറിയുന്നില്ല.
ഹിംസാത്മകമാണ് മനുഷ്യന്‍റെ ഓരോ പ്രവൃത്തിയും. മൂല്യബോധത്തില്‍ ഒരു തകിടം മറിച്ചില്‍ ഉണ്ടായിരിക്കുന്നു. സ്ത്രീയോടും ഭൂമിയോടും പ്രകൃതിയോടുമെല്ലാമുള്ള സമീപനത്തില്‍ ഹിംസ കടന്നുവരുന്നു. പാരിസ്ഥിതികമായ പരിവര്‍ത്തനങ്ങള്‍ മനുഷ്യസ്വഭാവത്തെയും ദോഷകരമായി ബാധിക്കുന്നു എന്നു പഠനങ്ങള്‍ തെളിയിക്കുന്നു. വിഷമയമായ വായുവും ഭക്ഷണവും വെള്ളവും നമ്മുടെ ശരീരത്തെയെന്നപോലെ മനസ്സിനെയും സ്വഭാവത്തെയും ക്യാന്‍സര്‍ പോലെ ബാധിക്കുന്നു. മണ്ണിനോടു ചെയ്യുന്നത് പെണ്ണിനോടും സഹജീവികളോടും ചെയ്യുന്നു. "മനുഷ്യര്‍ എപ്പോള്‍ ദയാശൂന്യമായി, ആര്‍ത്തി പൂണ്ട് പ്രകൃതിയെ ഹീനമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയോ, അപ്പോള്‍ മുതല്‍ക്ക് അവര്‍ക്ക് ദുര്‍ബ്ബലവിഭാഗങ്ങളോടും ക്രൂരത കാണിക്കാനുള്ള മാനസ്സികാവസ്ഥ ഉണ്ടായിക്കഴിഞ്ഞു. വയലുകളെയും വനങ്ങളെയും പുഴകളെയും ഹിംസിച്ചവര്‍ തന്നെയാണ് സ്ത്രീകളെയും ദളിതരെയും കുഞ്ഞുങ്ങളെയും ഹിംസിക്കാനുള്ള മനോഭാവം പൂണ്ടവര്‍. ചുറ്റിലും നോക്കുക, ഇത്രയേറെ പാറമടകളും ഇത്രയേറെ ഹിംസിക്കപ്പെട്ട വയലുകളും ഇത്രയേറെ കീറിമുറിക്കപ്പെട്ട വനങ്ങളും കണ്ടുകൊണ്ട് ജീവിക്കുന്ന നമുക്കെങ്ങനെയാണ്, ഹൃദയവാന്മാരാവാനോ ഹൃദയവതികളാകാനോ കഴിയുക?" എന്ന സാറാ ജോസഫിന്‍റെ ചോദ്യം ഏറെ പ്രസക്തമാകുന്നത് അതുകൊണ്ടാണ്.
സാന്താള്‍ ആദിവാസി വിഭാഗത്തില്‍ പെട്ട നിര്‍മലാ പുതുല്‍ എന്ന കവി 'വരൂ, ചേര്‍ന്നു രക്ഷിക്കാം' എന്ന കവിതയില്‍ ഇങ്ങനെ എഴുതുന്നു,
"സ്വന്തം ഊരുകളെ
വിവസ്ത്രയാക്കാതെ
നഗരക്കാറ്റില്‍ നിന്ന് രക്ഷിക്കൂ
സ്വന്തം ഊരിനെ
മുഴുവനായി മുങ്ങുന്നതില്‍ നിന്ന്
രക്ഷിക്കൂ.
.............................
ഈ അവിശ്വാസം നിറഞ്ഞ സമയത്ത്
ഇത്തിരി നിശ്വാസം,
ഇത്തിരി പ്രതീക്ഷകള്‍,
ഇത്തിരി സ്വപ്നങ്ങള്‍...
വരൂ നമുക്കൊത്തുചേര്‍ന്ന് രക്ഷിക്കാം
ഈ സമയത്തും ബാക്കിയാക്കാനായി
ഒത്തിരിയുണ്ട്, ഇപ്പോഴും
നമ്മുടെയിടയില്‍."
അതെ, ഇനിയും ബാക്കിയുള്ളതിനെ നമുക്ക് ഒത്തുചേര്‍ന്ന് സംരക്ഷിച്ചേ മതിയാവൂ. അല്ലെങ്കില്‍ നമുക്കു നിലനില്‍ക്കാനാവാത്ത അവസ്ഥ വന്നുചേരാം. നിര്‍മലാ പുതുല്‍, മറ്റൊരു കവിതയില്‍ കുറിക്കുന്നത് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കേണ്ടതാണ്:
"വേഗമാര്‍ന്ന ജീവിതത്തില്‍ നിന്ന്
ഇത്തിരിനേരം കട്ടെടുത്ത്
ചോദിച്ചുവോ എപ്പോഴെങ്കിലും
പരിഭവിക്കാതെ
മൗനിയായ ഭൂമിവൃദ്ധയോട് അവരുടെ ദുഃഖം?
ഇല്ലെങ്കില്‍ ക്ഷമിക്കണം
നിങ്ങള്‍ മനുഷ്യനാണോ എന്നെനിക്ക് സംശയമുണ്ട്!"
നാം മനുഷ്യരാണ് എന്നു തെളിയിക്കാന്‍ ഭൂമി വൃദ്ധയോട് സംവദിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.