പ്ലേറ്റോ മരിക്കുമ്പോള്‍ അരിസ്റ്റോട്ടിലിന് 37 വയസ്സായിരുന്നു. പ്ലേറ്റോയുടെ അക്കാദമിയിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥി എന്ന ബഹുമതി അരിസ്റ്റോട്ടിലിനു തന്നെയായിരുന്നു. മറ്റ് വിദ്യാര്‍ത്ഥികള്‍ ആ സ്ഥാപനത്തിന്‍റെ ശരീരമാണെങ്കില്‍ അരിസ്റ്റോട്ടില്‍ അതിന്‍റെ മസ്തിഷ്കമാണെന്നായിരുന്നു പ്ലേറ്റോ പറഞ്ഞിരുന്നത്. തുടക്കം മുതല്‍ ഗുരുവും ശിഷ്യനും തമ്മില്‍ ആഴമേറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അത് അവരുടെ വ്യക്തിബന്ധത്തെ ഒട്ടും ഉലച്ചിരുന്നില്ലെന്നതാണ് പരമാര്‍ത്ഥം. ഗുരുവിന്‍റെ വാക്കുകളത്രയും ഉരുവിട്ടു നടക്കുന്നതിലല്ല, ആവശ്യമെങ്കില്‍ ഗുരുവിനെയും തിരുത്തുവാനുള്ള കെല്‍പ്പ് പ്രദര്‍ശിപ്പിക്കുന്നതിലാണ് യഥാര്‍ത്ഥ ശിഷ്യന്‍റെ മഹത്വം എന്ന് തെളിയിച്ച വ്യക്തിയായിരുന്നു അരിസ്റ്റോട്ടില്‍. പ്ലേറ്റോയുടെ നിര്യാണശേഷം അക്കാദമിയുടെ സാരഥ്യം അരിസ്റ്റോട്ടിലിന് ലഭിക്കുമെന്ന് ഏവരും കണക്കുകൂട്ടിയിരുന്നു. പക്ഷേ പ്രാദേശികമായ വിവേചനം ഇന്ന് എന്നപോലെ അന്നും അര്‍ഹമായ അവകാശങ്ങളെ തട്ടിത്തെറിപ്പിച്ചിരുന്നു. ഗ്രീസില്‍ നിന്നുവന്ന അരിസ്റ്റോട്ടില്‍ ഏതന്‍സിലെ വിദ്യാപീഠത്തില്‍ മേധാവിയാകുന്നത് ശരിയല്ലെന്നായിരുന്നു സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരുടെ വിധിയെഴുത്ത്. അവര്‍ മറ്റൊരു ഏതന്‍സുകാരനെ കണ്ടെത്തി അക്കാദമിയുടെ അദ്ധ്യക്ഷപദവി സമ്മാനിച്ചു. ക്രൂരമായ ഈ വിവേചനം അരിസ്റ്റോട്ടിലിനെ വ്രണപ്പെടുത്തുക തന്നെ ചെയ്തു. അദ്ദേഹം ഏതന്‍സ് വിട്ടുപോകുന്നതിനുള്ള ആദ്യത്തെ അവസരത്തിനായി കാത്തിരുന്നു.
അപ്പോഴാണ് അക്കാദമിയിലെ സഹവിദ്യാര്‍ത്ഥിയായിരുന്ന ഹെര്‍മിയാസ് ഏഷ്യാമൈനറിന്‍റെ വിസ്തൃതമായ ഒരു പ്രവിശ്യയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. തത്ത്വചിന്തയേയും രാഷ്ട്രീയത്തേയും സമന്വയിപ്പിച്ചുകൊണ്ട് നീതിയുക്തമായ ഭരണം എങ്ങനെ നടത്താം എന്ന ഒരു പരീക്ഷണത്തിന് ഹെര്‍മിയാസ് മുതിര്‍ന്നു. അദ്ദേഹം അരിസ്റ്റോട്ടിലിന്‍റെ സഹായം തേടി. ബാഹ്യമായും ആഭ്യന്തരമായും അരിസ്റ്റോട്ടിലിന്‍റെ കൈകളിലൂടെ രാജാവിന്‍റെ യശസ്സും രാജ്യത്തിന്‍റെ സമ്പത്തും എങ്ങനെയും വര്‍ദ്ധിപ്പിക്കുക എന്ന രാജനീതിക്ക് കൂട്ടുനില്‍ക്കുവാന്‍ അരിസ്റ്റോട്ടിലിന് ആകുമായിരുന്നില്ല. ഹെര്‍മിയാസിന്‍റെ കൊട്ടാരത്തിലെ ജീവിതം അരിസ്റ്റോട്ടിലിന് ഒരു ജീവിതപങ്കാളിയെ സമ്മാനിച്ചു. രാജാവിന്‍റെ അനന്തരവളും ദത്തുപുത്രിയുമായിരുന്ന പിഥ്യാസ് ആയിരുന്നു വധു. അതൊരു പ്രേമവിവാഹമായിരുന്നുവെങ്കിലും വധുഗൃഹത്തില്‍ നിന്നും ലഭിച്ച ആകര്‍ഷകമായ സ്ത്രീധനത്തുക സ്വീകരിക്കുന്നതിന് അരിസ്റ്റോട്ടില്‍ മടിയൊന്നും കാണിച്ചില്ല. സന്തോഷകരമായ ഒരു ജീവിതത്തിന് അത്യാവശ്യം സമ്പത്ത് തടസ്സമാകുകയില്ലെന്നുള്ള കാഴ്ചപ്പാട് അരിസ്റ്റോട്ടില്‍ പുലര്‍ത്തിയിരുന്നു. പക്ഷേ സമ്പത്തിനെ പൂജിക്കാനോ സമ്പത്തുണ്ടാക്കുന്നതിനായി ജീവിതത്തെ ഹോമിക്കാനോ അരിസ്റ്റോട്ടിലിനെ കിട്ടുമായിരുന്നില്ല. സ്ത്രീധനമായി കിട്ടിയ ധനമത്രയും മധുവിധു ആഘോഷിച്ചും പഠനഗവേഷണങ്ങള്‍ക്കായുള്ള വസ്തുക്കള്‍ വാങ്ങിയും ചെലവഴിച്ചു.
മധുവിധു കഴിഞ്ഞ് ഹെര്‍മിയാസിന്‍റെ കൊട്ടാരത്തില്‍ തിരിച്ചെത്തിയെങ്കിലും അവിടെ ദീര്‍ഘനാള്‍ തങ്ങേണ്ടി വന്നില്ല. കാരണം ഇതിനകം പേര്‍ഷ്യന്‍ ആക്രമണത്തില്‍ ഹെര്‍മിയാസ് തോല്‍പ്പിക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ തടവുകാരനാക്കി. പിന്നീട് കുരിശില്‍ത്തറച്ചു കൊന്നു.
സ്വന്തമായി ഒരു ജോലിയോ തന്‍റേതെന്നു പറയാന്‍ ഒരു നാടോ ഇല്ലാത്തതിനാല്‍ ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്ക അദ്ദേഹത്തെ വലയം ചെയ്തു. പെട്ടെന്നുതന്നെ ഒരു സഹായഹസ്തം അരിസ്റ്റോട്ടിലിന്‍റെ നേരെ നീണ്ടു. മാസിഡോണിലെ ഫിലിപ്പ് രാജാവ് തന്‍റെ പുത്രനായ അലക്സാണ്ടറെ വിദ്യ അഭ്യസിപ്പിക്കാന്‍ യോഗ്യനായ ഒരു ഗുരുവിനെ തേടുകയായിരുന്നു. നിയമനം അരിസ്റ്റോട്ടിലിനു ലഭിച്ചു.
മാസിഡോണിയന്‍ കൊട്ടാരവും ചുറ്റുപാടുകളും അരിസ്റ്റോട്ടിലിനെ വീര്‍പ്പുമുട്ടിക്കുന്നതായിരുന്നു. അതിമോഹങ്ങളുടെ വേലിയേറ്റത്തില്‍ കെട്ടിമറിയുന്ന മനുഷ്യര്‍. ഫിലിപ്പ് രാജാവ് വ്യക്തിപരമായി നല്ല ബുദ്ധിമാനായിരുന്നെങ്കിലും നല്ല നിലയിലുള്ള വിദ്യാഭ്യാസം നേടിയിരുന്നില്ല. ഈ കുറവിനെക്കുറിച്ച് മറ്റാരെയുംകാള്‍ കൂടുതല്‍ ബോധം രാജാവിനു തന്നെയുണ്ടായിരുന്നു. ഈ കുറവ് തന്‍റെ മകന് സംഭവിക്കരുത് എന്ന കണക്കുകൂട്ടലാണ് അരിസ്റ്റോട്ടിലിനെപ്പോലുള്ള ഒരു മഹാപ്രതിഭയുടെ ശിക്ഷണത്തിന് മകനെ ഏല്പിച്ചുകൊടുത്തത്. അലക്സാണ്ടര്‍ അതിബുദ്ധിമാനായ വിദ്യാര്‍ത്ഥിയായിരുന്നു. ഇണങ്ങാത്ത ഒരു സിംഹക്കുട്ടിയെപ്പോലെയായിരുന്നു ആദ്യമൊക്കെ അലക്സാണ്ടര്‍. ആ സിംഹക്കുട്ടി ഗുരുവിന്‍റെ മുമ്പില്‍ പിന്നീട് ആട്ടിന്‍കുട്ടിയെപ്പോലെ ഇണക്കമുള്ളവനായി മാറി.
ലോകത്തെ മുഴുവന്‍ തന്‍റെ കാല്‍ക്കീഴിലാക്കുക എന്ന സ്വപ്നത്തെ താലോലിക്കുന്ന ആളായിരുന്നു ഫിലിപ്പ് രാജാവ്. തന്‍റെ ജീവിതകാലത്ത് സാക്ഷാത്ക്കരിക്കാവുന്നത്ര ലഘുവല്ല ഈ സ്വപ്നമെന്ന തിരിച്ചറിവ് ബുദ്ധിമാനായ ഈ രാജാവിനുണ്ടായിരുന്നു. താന്‍ നിര്‍ത്തിവെയ്ക്കുന്നിടത്തു നിന്നും തന്‍റെ മകനു തുടരാന്‍ കഴിയണം. മുഴുവന്‍ ലോകത്തിന്‍റെയും ചക്രവര്‍ത്തി എന്ന പദവിയില്‍ അവനെത്തണം. അതായിരുന്നു മോഹം. ലോകത്തെ ഒന്നാകെ തന്‍റെ വരുതിയിലാക്കുന്നതിനു മുന്നോടിയായി ഗ്രീക്കു രാഷ്ട്രങ്ങളെ ഒന്നൊന്നായി കീഴ്പ്പെടുത്തുക എന്ന തന്ത്രം വിജയപൂര്‍വ്വം നടപ്പിലാക്കി തുടങ്ങി. വ്യര്‍ത്ഥമായ വാഗ്ദാനങ്ങളിലൂടെ മുഴുവന്‍ ഗ്രീസിന്‍റെയും സുരക്ഷിതത്വം തന്‍റെ കയ്യിലാണെന്ന പ്രചരണം ഈ രാജാവ് ജനമദ്ധ്യത്തിലഴിച്ചു വിട്ടു. സ്തുതിപാഠകരാല്‍ വലയം ചെയ്യപ്പെട്ട രാജാവ് തന്‍റെ സ്വപ്നങ്ങള്‍ പൂവണിയുന്നതു കണ്ട് ആഹ്ളാദിച്ചു. മുഴുവന്‍ ഗ്രീസിന്‍റെ മാത്രമല്ല അയാളുടെ സ്വന്തം ജീവന്‍റെ സുരക്ഷിതത്വം പോലും ഉറപ്പുവരുത്താന്‍ ആ മനുഷ്യനായില്ല. ആകസ്മികമായി അദ്ദേഹം കൊല്ലപ്പെട്ടു. പെട്ടെന്ന് അലക്സാണ്ടര്‍ പിതാവിന്‍റെ സിംഹാസനത്തില്‍ ആസനസ്ഥനായി. ദാര്‍ശനിക ചക്രവര്‍ത്തിയായ അരിസ്റ്റോട്ടിലിന്‍റെ സിദ്ധാന്തപദ്ധതികള്‍ക്ക് പ്രായോഗികരൂപം കൊടുക്കുവാനുള്ള അലക്സാണ്ടറിന്‍റെ പരിശ്രമങ്ങള്‍ അതോടെ അവസാനിച്ചു എന്നുതന്നെ പറയാം അക്രമത്തിലും അഹങ്കാരത്തിലും വേരൂന്നിയ ചക്രവര്‍ത്തികുമാരന്‍ അയാളുടെ വഴിക്കും, എളിമയിലും അറിവിലും അടിയുറച്ച ദാര്‍ശനികഗുരു അദ്ദേഹത്തിന്‍റെ വഴിക്കും വേര്‍പിരിയുകയായിരുന്നു. ഗ്രീസിനെ മുഴുവന്‍ ഒറ്റ കുടക്കീഴിലാക്കിയ അലക്സാണ്ടര്‍ തന്‍റെ അക്രമത്തിന്‍റെ കുന്തമുന ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു തിരിച്ചു. സാഹസികനായ അലക്സാണ്ടര്‍ തന്‍റെ ചില സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി അരിസ്റ്റോട്ടിലിന്‍റെ തന്നെ മറ്റൊരു ശിഷ്യനും തത്വചിന്തകനെന്ന നിലയില്‍ പേരെടുത്ത ആളുമായിരുന്ന കാലിസ്തിനീസിനെ കൂട്ടുപിടിച്ചിരുന്നു. തനിക്ക് സ്വയം ദൈവമാകണമന്നുള്ള മോഹം ഈ യുവരാജാവില്‍ അങ്കുരിച്ചു. ഇനിമേല്‍ അലക്സാണ്ടറാണ് മുഴുവന്‍ ലോകത്തിന്‍റെയും ദൈവം എന്ന ആശയം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിന് യുവരാജാവ് തത്ത്വചിന്തകനായ കാലസ്തീസിനോട് ആവശ്യപ്പെട്ടു. ഇത്തരം ഒരസംബന്ധം പ്രചരിപ്പിക്കുന്നതിന് വിസമ്മതിച്ചതിന്‍റെ പേരില്‍ ആ ദാര്‍ശനികാചാര്യന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. രാജാവ് അയാളെ തൂക്കിക്കൊന്നു പകരംവീട്ടി. മാസിഡോണിയയിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ട അരിസ്റ്റോട്ടില്‍ ഏതന്‍സില്‍ തിരിച്ചെത്തിയത് ദുഃഖിതനായ ഒരു രാഷ്ട്രീയക്കാരനായും ബുദ്ധിമാനായ ഒരു ദാര്‍ശനികനായിട്ടുമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.
ശിഷ്ടജീവിതം മുഴുവന്‍ പഠനത്തിനും ഗവേഷണത്തിനുമായി ചെലവഴിക്കാന്‍ അരിസ്റ്റോട്ടിലിനു വിഷമമുണ്ടായില്ല. ഫിലിപ്പ് രാജാവില്‍നിന്ന് വലിയൊരു തുക അരിസ്റ്റോട്ടിലിനു ലഭിച്ചിരുന്നു. അദ്ദേഹം ആയിരം സഹായികളെ തെരഞ്ഞെടുത്ത് ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും അയച്ചു. ശാസ്ത്രത്തിന്‍റെയും തത്ത്വചിന്തയുടെയും സമഗ്രമായ ഒരു സര്‍വ്വവിജ്ഞാനകോശത്തിനാവശ്യമായ വസ്തുതകള്‍ ശേഖരിക്കലായിരുന്നു ഉദ്ദേശ്യം. ഒരു ഗവേഷകനെന്നതിനേക്കാള്‍ കൂടുതല്‍ അരിസ്റ്റോട്ടില്‍ ഒരു അദ്ധ്യാപകനായിരുന്നു. തന്‍റെ മാതൃവിദ്യാപീഠമായിരുന്ന അക്കാദമിയുടെ അദ്ധ്യക്ഷപദവി സ്ഥാപിതതാല്പര്യക്കാര്‍ തന്നില്‍നിന്നു തട്ടിയെടുത്തതിനാല്‍ വീണ്ടും അങ്ങോട്ടു മടങ്ങാന്‍ അദ്ദേഹത്തിന്‍റെ അഭിമാനം സമ്മതിച്ചില്ല. അദ്ദേഹം ഒരു ബദല്‍ വിദ്യാപീഠം തുടങ്ങി. ലിസിയം എന്നതിന് പേരിട്ടു. ലിസിയം എന്നതിന് അപ്പോളോയുടെ ക്ഷേത്രം എന്നര്‍ത്ഥമുണ്ട്. ആട്ടിന്‍പറ്റത്തെ ചെന്നായ്ക്കളില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പ്രതിഷ്ഠിക്കപ്പെട്ട ഒരു പഴയ അപ്പോളോ ക്ഷേത്രത്തിന്‍റെ സമീപത്ത് സ്ഥാപിക്കപ്പെട്ടതിനാലാവും ഈ പേര് നല്‍കപ്പെട്ടത് എന്ന് അനുമാനിക്കുന്നു അരിസ്റ്റോട്ടില്‍ സ്ഥാപിച്ച ഈ വിദ്യാക്ഷേത്രം തന്‍റെ ശിഷ്യന്മാരാകുന്ന ആട്ടിന്‍പറ്റത്തെ അജ്ഞതയാകുന്ന ചെന്നായ്ക്കളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള പ്രതിരോധ നിലയമായി ഭവിച്ചു എന്നുതന്നെ പറയാം. ഉച്ചയ്ക്ക് മുമ്പ് ശിഷ്യന്മാര്‍ക്കായും ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങള്‍ക്കായും അരിസ്റ്റോട്ടില്‍ പ്രഭാഷണങ്ങള്‍ നടത്തിപ്പോന്നു. അരിസ്റ്റോട്ടിലിന്‍റെ ശാസ്ത്രീയ വീക്ഷണം ശാസ്ത്രഭാഷയുടെ അക്ഷരമാലകള്‍ മാത്രമേ ആകുന്നുള്ളൂ. ഒരു ദൂരദര്‍ശിനിയോ ഒരു ഭൂതക്കണ്ണാടിയോ പോലും ജന്മമെടുത്തിട്ടില്ലാതിരുന്ന കാലത്ത് ശാസ്ത്രം എന്നാല്‍ യുക്തിയുടെയും ബുദ്ധിയുടെയും മൂര്‍ച്ച പരിശോധിക്കുന്ന കീറാമുട്ടി മാത്രമായിരുന്നല്ലോ. അരിസ്റ്റോട്ടിലിന്‍റെ പഠനമേഖല പൊതുവെ ദൈവം, ഭരണകൂടം, മനുഷ്യര്‍ ഈ മൂന്നുവിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ദൈവത്തിന്‍റെ സ്വഭാവമെന്ത്? ഭരണകൂടത്തിന്‍റെ സ്വഭാവം എന്തായിരിക്കണം? മനുഷ്യസ്വഭാവത്തിന്‍റെ മഹനീയ മാതൃക എന്തായിരിക്കണം? ഇത്തരം മൗലിക ചോദ്യങ്ങളുടെ ഉത്തരം തേടുകയായിരുന്നു തന്‍റെ ദാര്‍ശനിക പര്യവേക്ഷണങ്ങളിലൂടെ അരിസ്റ്റോട്ടില്‍ ചെയ്തുകൊണ്ടിരുന്നത്. മേല്‍പ്പറഞ്ഞ മൂന്നു ചോദ്യങ്ങളില്‍ ആദ്യത്തേതിന്‍റെ ഉത്തരമെന്ന നിലയില്‍ എഴുതിയ കൃതിയാണ് അരിസ്റ്റോട്ടിലിന്‍റെ മെറ്റാഫിസിക്സ് (metaphysics) രണ്ടാമത്തേതിന്‍റെ ഉത്തരമാണ് പൊളിറ്റിക്സ് (politics)എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നത്. മൂന്നാമത്തേതിന്‍റെ ഉത്തരം 'എത്തിക്സ്' എന്ന കൃതിയിലും വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നു.