news-details
മറ്റുലേഖനങ്ങൾ

നമ്മുടെ സമൂഹം സംസ്കാരം

നാം നമ്മെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, ലോകത്തെക്കുറിച്ച് വീണ്ടുവിചാരത്തില്‍ മുഴുകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എങ്ങും അസ്വസ്ഥത വന്നു നിറയുന്നു. എവിടെയും താളം പിഴച്ചുപോയിരിക്കുന്നു. ആഴത്തില്‍ ക്രമം തകരുന്നതിന്‍റെ ശബ്ദം കേട്ടുതുടങ്ങിയിരിക്കുന്നു. ജീവിതത്തിന്‍റെ വേഗമേറിയിരിക്കുന്നു. മൂല്യപരമായ ഭ്രംശങ്ങള്‍ സമൂഹത്തിന്‍റെ ഓരോ ഘടകത്തെയും സാരമായി ബാധിച്ചിരിക്കുന്നു. പണത്തിനുവേണ്ടിയുള്ള നിരങ്കുശമായ പരക്കംപാച്ചിലിനിടയില്‍ പലതും കൈവെള്ളയില്‍നിന്ന് വഴുതിപ്പോകുന്നു. സ്ത്രീപീഡനത്തിന്‍റെയും പരിസ്ഥിതിനാശത്തിന്‍റെയും ഹിംസയുടെയും ആസുരഭാവങ്ങള്‍ നമുക്കിടയില്‍ താണ്ഡവമാടുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം എളുപ്പമല്ല. കൂട്ടായ അന്വേഷണം അനിവാര്യമാകുന്ന ചരിത്രമുഹൂര്‍ത്തത്തിലാണ് നാം എത്തിപ്പെട്ടിരിക്കുന്നത്.  ഒരു നാല്‍ക്കവലയില്‍ ദിശ തെറ്റി നില്‍ക്കുന്നവര്‍ക്കു മുന്നില്‍ വഴികാട്ടിയാകാന്‍ ആരാണുള്ളത്? സാമൂഹ്യസ്ഥാപനങ്ങള്‍ സ്വന്തം ദൗത്യം നിറവേറ്റുന്നുണ്ടോ എന്നതും വിശകലനവിധേയമാക്കേണ്ടതാണ്. പെരുമ്പാവൂര്‍ സംഭവം പോലുള്ള സംഭവങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുമ്പോള്‍ മാത്രം വേവലാതിപ്പെടാതെ നമുക്കെന്തുപറ്റിയെന്ന കര്‍ശനമായ വിലയിരുത്തലും മൂല്യവിചാരണയും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണ്.

ആഗോളീകൃതസമൂഹങ്ങള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പരമ്പരാഗതസമൂഹത്തിലേക്കാണ് പുത്തന്‍സംസ്കാരത്തിന്‍റെ വേലിയേറ്റം ആഞ്ഞടിക്കുന്നത്. ഏതു തിരഞ്ഞെടുക്കണമെന്ന തീവ്രസംഘര്‍ഷം ജനതയെ ആകെ ഗ്രസിക്കുന്നു. അത്യാര്‍ത്തിയുടെ സംസ്കാരം വാരിവിതറിക്കൊണ്ട് വിപണി കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. മാത്സര്യത്തിന്‍റെ വേഗങ്ങളില്‍ ദുര്‍ബലര്‍, വേഗം കുറഞ്ഞവര്‍ വീണുപോകുന്നു. അതിജീവനത്തിന്‍റെ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നവരുടെ മുന്നില്‍ മൂല്യസംഘര്‍ഷങ്ങള്‍ ഇല്ലാതാകുന്നു. ശരിതെറ്റുകളുടെ അതിര്‍വരമ്പുകള്‍ അങ്ങനെ നേര്‍ത്തുവരുന്നു. നിരന്തര സംഘര്‍ഷത്തിന്‍റെ ഭൂമികയിലാണ് ഓരോ സാധാരണമനുഷ്യനും നിലകൊള്ളുന്നത്. മൂല്യനിരപേക്ഷകമായ നൂതനാവേഗങ്ങള്‍ കടപുഴക്കിയെറിയുന്നത് എന്തെല്ലാമാണെന്നുപോലും തിരിച്ചറിയാന്‍ നമുക്കു കഴിഞ്ഞെന്നുവരില്ല.

നാം ഇപ്പോള്‍ കാണുന്നത് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥരോഗം മറഞ്ഞിരിക്കുകയാണ്. മാരകനിലയിലെത്തുന്നതിനുമുമ്പ് ചികിത്സ തുടങ്ങേണ്ടിയിരിക്കുന്നു. എല്ലാവര്‍ക്കും ഉത്തരവാദിത്വമുള്ള പ്രശ്നങ്ങളില്‍ കൂട്ടായ്മയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂ. സമൂഹത്തെ മുഴുവന്‍ ചികിത്സിക്കേണ്ട അവസ്ഥയിലേക്കു നാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാപട്യം ഉപേക്ഷിച്ച് ആദ്യാക്ഷരങ്ങള്‍ മുതല്‍ കാര്യങ്ങള്‍ കാണേണ്ടിയിരിക്കുന്നു.

രാഷ്ട്രീയം, മതം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍നിന്ന് അകന്നിരിക്കുന്നു. വ്യാപാരതാല്പര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ പലതും പിന്നില്‍ ഉപേക്ഷിക്കേണ്ടിവരും. പലരും ഇപ്പോള്‍ ജീവിക്കുന്നത് ഭൂതകാലമഹിമ ഉയര്‍ത്തിക്കാണിച്ചാണ്. മൂല്യങ്ങളാല്‍ പ്രചോദിതമായ ജീവിതത്തിലേക്ക് ഉണരാന്‍ വ്യക്തികളെ സഹായിക്കുന്നതില്‍ ഈ സാമൂഹ്യസ്ഥാപനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. നിസ്സംഗമായ ആചാരാനുഷ്ഠാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് അവ മുന്നേറുന്നു. ഭൂരിഭാഗത്തെയും യഥാര്‍ത്ഥത്തില്‍ ഇതൊന്നും സ്വാധീനിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യപാനത്തിലേക്കും മറ്റു ജീവിതയാത്രകളിലേക്കും സമൂഹത്തെ നയിക്കുന്നതില്‍ ഓരോ സാമൂഹ്യസ്ഥാപനത്തിനും ഉത്തരവാദിത്വമുണ്ട്. എന്തുകൊണ്ടാണ് ഒരാള്‍ മദ്യപിക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. നമ്മെ ഒരു കാലത്ത് പ്രചോദിപ്പിച്ചിരുന്ന മൂല്യങ്ങളും ചിന്തകളും ഇന്ന് മൃതമായിരിക്കുന്നു. ചത്ത കുതിരയില്‍ ആര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കില്ല. മൂല്യപ്രചോദിതമായ ജീവിതത്തില്‍ നിന്നാണ് ആത്മവിശ്വാസം ഉയിര്‍ക്കൊള്ളുന്നത്.

നവമാധ്യമങ്ങള്‍ തുറന്നിടുന്ന ലോകം പുത്തന്‍തലമുറയെ ഗ്രസിക്കുന്നു. അനുഗ്രഹസന്ദായകമായ പുരോഗതികള്‍ വ്യക്തിത്വത്തെ ശിഥിലമാക്കുന്ന തരത്തില്‍ വ്യതിചലിക്കുന്നു. ചിന്തിക്കുന്ന തലമുറകള്‍ ഉണ്ടാകാതിരിക്കാന്‍ ആഗോളവിപണി കരുക്കള്‍ നീക്കുന്നു. ഉപഭോക്താക്കളെ മാത്രമേ വിപണി പ്രതീക്ഷിക്കുന്നുള്ളൂ. ഇനി മോക്ഷം വിപണിയിലൂടെയാണ് ലഭിക്കുന്നതെന്ന് അവര്‍ വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നു. യാതൊരു മൂല്യവും തൊട്ടുതീണ്ടാത്ത വ്യാപാരതാല്പര്യം എന്തും വില്ക്കാവുന്ന കാലാവസ്ഥയായി മാറുന്നു. കഞ്ചാവും മയക്കുമരുന്നും വിഷവും വിറ്റ് ലാഭം കൈക്കലാക്കാന്‍ ശ്രമിക്കുന്നവര്‍ കോടിക്കണക്കിനാളുകളെയാണ് ഇരകളാക്കുന്നത്. ഇരകളുടെ സംഘാതമായി സമൂഹം മാറുന്നു. വിപണിയുടെ, സമ്പദ്വ്യവസ്ഥയുടെ ഇരകളാണ് ഓരോ വ്യക്തിയും. ചൂണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ഓരോ ജനവിഭാഗവും. വ്യക്തിത്വത്തെ ശിഥിലീകരിക്കുന്ന ആസക്തികളില്‍ നമ്മെ മുക്കിക്കൊല്ലുന്ന ആഗോളസാമ്പത്തികശക്തികള്‍ ആത്മാവ് കവര്‍ന്നെടുക്കുന്നു. ഏകമാനമനുഷ്യന്‍റെ സൃഷ്ടി അങ്ങനെ പൂര്‍ണമാകുന്നു. ശരീരത്തിനപ്പുറം ഒരു ലോകമില്ല എന്ന നവീനാശയത്തിലേക്ക് വിപണി നമ്മെ വഴി നടത്തുന്നു. വഴികള്‍ കൂടിപ്പിണയുന്ന ഘട്ടത്തില്‍ വഴികാട്ടികള്‍ ഇല്ലാതാകുന്നു. എല്ലാ സാമൂഹ്യസ്ഥാപനങ്ങളും വിശ്വാസ്യതയില്‍നിന്നകന്നു മാറിക്കഴിഞ്ഞു.

ജീവിതത്തെയും ജീവിതവിജയത്തെയും പുനര്‍നിര്‍മ്മിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. പുത്തന്‍ സാമ്പത്തിക കാലാവസ്ഥയും വിപണിയുടെ തന്ത്രങ്ങളും സൃഷ്ടിച്ച മാനസികസങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ടുമാത്രമേ സമാന്തരജീവിതം കരുപ്പിടിപ്പിക്കാന്‍ സാധിക്കൂ. നമുക്കു പ്രിയപ്പെട്ട പലതിനെയും പരിത്യജിക്കാനുള്ള ഇച്ഛാശക്തി കാണിക്കേണ്ട സമയമാണിത്. മനുഷ്യനെ, പ്രകൃതിയെ പൊള്ളിക്കുന്ന ഇന്നിന്‍റെ സംസ്കാരത്തെ ഒത്തൊരുമിച്ച് പൊളിച്ചെഴുതേണ്ടതുണ്ട്. ആത്മശക്തി നഷ്ടമായാല്‍ ജീവിതം അര്‍ത്ഥമില്ലാത്തതാകും. ചരിത്രം നഷ്ടപ്പെട്ട, ഭൂതകാലവും വേരുകളും നഷ്ടപ്പെട്ട ആത്മാവിന്‍റെ യാത്ര വേഗത്തില്‍ അസ്തമിക്കും. അസ്തമിക്കാത്ത വെളിച്ചത്തിലേക്കാണ് നാം സഞ്ചരിക്കേണ്ടത്. വസ്തുക്കള്‍ വാങ്ങിക്കൂട്ടാനുള്ളതല്ല ജീവിതമെന്ന് ഉച്ചത്തില്‍ വിളിച്ചുപറയേണ്ടതുണ്ട്.

'എനിക്കു വസ്ത്രങ്ങള്‍ തരൂ' എന്ന കവിതയില്‍ മീന കരുസാമി ഇങ്ങനെ എഴുതുന്നു:
"എനിക്കു വസ്ത്രങ്ങള്‍ തരൂ,
തഴയപ്പെട്ട നമ്മുടെ സംസ്കാരങ്ങളുടെ
ഭവനങ്ങളില്‍ നിന്നാവണം അവ.
കലര്‍പ്പു നൂലുകളുടെ വസ്ത്രങ്ങളില്‍
നാം വിയര്‍ത്തു കുടയും
അടിമത്തം നിറഞ്ഞ ശരീരത്തിനും
ചങ്ങലകളാല്‍ വരിയപ്പെട്ട മനസ്സിനും
മോചനം നല്‍കുന്നതാവണം സ്വാതന്ത്ര്യം
എനിക്കു വസ്ത്രങ്ങള്‍ തരൂ
എന്നേക്കുമായി എന്നെ
അസ്വാതന്ത്ര്യത്തില്‍ നിന്നു മോചിപ്പിക്കുന്നത്."
ഇന്ന് നിലനില്‍ക്കുന്ന സംസ്കാരത്തിന്‍റെ വസ്ത്രം നമുക്ക് അസ്വാതന്ത്ര്യമാണ് സമ്മാനിക്കുന്നത്. നാം തഴഞ്ഞുകളയുന്ന സംസ്കാരത്തിന്‍റെ വെളിച്ചം തിരിച്ചുപിടിക്കാന്‍ മാത്രം നാം കരുത്തുനേടണം. അടിമത്തത്തിന്‍റെ പുതിയ സുവിശേഷങ്ങള്‍ തിരുത്തുകയാണ് അഭികാമ്യം. ചങ്ങലകള്‍ ഓരോന്നായി തകര്‍ന്നു വീണാലേ സര്‍ഗാത്മകമായ, സ്വതന്ത്രമായ ജീവിതം സാധ്യമാകൂ.

You can share this post!

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts