നരേന്ദ്രമോഡി എവിടെപ്പോയാലും അവിടെയൊക്കെ ഒരടക്കംപറച്ചിലുണ്ട്. അദ്ദേഹത്തിന്‍റെ നടത്തത്തിലുടനീളം കാണപ്പെടുന്ന ഔദ്ധത്യം യാഥാര്‍ത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു - ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണം ഒന്നിനൊന്നിനു ശക്തിവച്ചുവരുന്നു. ആയാസരഹിതമായ പ്രസംഗധോരണികൊണ്ടു ദശകങ്ങളോളം ആവേശംകൊള്ളിച്ച അടല്‍ ബിഹാരിവാജ്പെയിയുടെ അത്രയില്ലെങ്കിലും മോഡിയുടെ പ്രസംഗചാതുര്യം ഒന്നാംകിട തന്നെ. ഇന്ത്യയുടെ മധ്യവര്‍ഗക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയിലുള്ള ഒരു വലിയ വിഭാഗത്തെ ഹഠാദാകര്‍ഷിക്കുന്ന ഏതോ ഒരു സിദ്ധിവൈഭവവും അദ്ദേഹത്തിനുണ്ട്.
ഇതു കൂടാതെ രാഷ്ട്രീയമാര്‍ക്കറ്റില്‍, ബി.ജെ.പിയുടെ ഓഹരിവില മോഡിയുടെ വരവോടെ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു ദശകത്തോളം ഒരു കൂട്ടുകക്ഷിഭരണസംവിധാനത്തിന്‍റെ തലപ്പത്തിരുന്ന കോണ്‍ഗ്രസിന്‍റെ ഓഹരി വിലയുടെ നേര്‍വിപരീത അനുപാതത്തിലാണ് ഇതെന്നു മനസ്സിലാക്കാന്‍ രാഷ്ട്രീയ മേഖലയിലെയോ ഇലക്ഷന്‍ മേഖലയിലെയോ വലിയ വൈദഗ്ദ്ധ്യത്തിന്‍റെ ആവശ്യമൊന്നുമില്ല. തങ്ങളുടെ സാമൂഹിക-സാമ്പത്തിക നയങ്ങളിലെ പാപ്പരത്തംകൊണ്ടും സമാനതകളില്ലാത്ത അഴിമതി കൊണ്ടുമാണ് ഭരണകക്ഷി ഇത്തരമൊരു അവസ്ഥയില്‍ എത്തിനില്ക്കുന്നത്. വിശ്വാസയോഗ്യമായ ഏത് അഭിപ്രായ വോട്ടെടുപ്പും കാണിക്കുന്നത് മോഡിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഏറെ മുന്നിലാണെന്നാണ്. ദേശീയ ജനാധിപത്യ സഖ്യം (ബി ജെപി ശിവസേന, ശിരോമണി അകാലിദള്‍) ഭരണത്തിലെത്താനാവശ്യമായ 272 സീറ്റുകളില്‍ 190 ഉം നേടിയെടുക്കാമെന്നുവരെ പറയുന്ന ചില അഭിപ്രായസര്‍വേകള്‍ വന്നിട്ടുണ്ട്. ഇത്തരം സര്‍വേകള്‍ നിരോധിക്കണമെന്നു കോണ്‍ഗ്രസ് വാദിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ബി.ജെ.പി.ക്കു ശക്തമായ ജനകീയ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാറിന്‍റെ സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പു പ്രചാരണ വിഭാഗവും തെരഞ്ഞെടുപ്പിനു കൃത്യം അരവര്‍ഷം മുമ്പുതന്നെ സുസജ്ജവും പ്രവര്‍ത്തനക്ഷമവും ആയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍തന്നെ പരിവാറിന്‍റെ ഏറ്റവും മതഭ്രാന്തുപിടിച്ച വിഭാഗങ്ങളും ഇതരതീവ്രവിഭാഗങ്ങളും മറ്റുള്ളവരെ മീശപിരിച്ചു കാണിക്കുന്നു, - കാരണം അവര്‍ക്കു ചുറ്റുമുള്ള വായുവില്‍ അതിതീവ്രമായ പ്രതീക്ഷ നിറഞ്ഞുനില്ക്കുകയാണ്. ഇത്രയുമേറെ വൈവിധ്യങ്ങളുള്ള, ഇന്തോനേഷ്യയും പാകിസ്താനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ (17 കോടി) മുസ്ലീങ്ങളുള്ള ഇന്ത്യയില്‍ ഇന്ത്യേതരമായ ഹിന്ദുത്വ അജണ്ട അടിച്ചേല്പിക്കാന്‍ നോക്കുന്ന വിഭാഗങ്ങളാണ് ഇവയെല്ലാം. കോര്‍പ്പറേറ്റു ഭീമന്മാരുടെയും നാഗരിക ബുദ്ധിജീവികളുടെയും പിന്തുണയോടെ ഹിന്ദുത്വയുടെ പ്രചാരകര്‍ "വികാസ് പുരുഷ്" എന്നു വിളിച്ച് തോളിലേറ്റിയിരിക്കുന്ന ഈ രാഷ്ട്രീയ വ്യക്തിത്വത്തെ ബി.ജെ.പി.ക്ക് കാര്യമായ ജനകീയ അടിത്തറയില്ലാത്ത കര്‍ണാടക ഒഴിച്ചുള്ള ദക്ഷിണേന്ത്യയും കിഴക്കന്‍ മേഖലയും ഒട്ടൊരു കൗതുകത്തോടെയാണു നോക്കിക്കാണുന്നത്. വികസനത്തിന്‍റെ പര്യായമായി അവതരിപ്പിക്കപ്പെടുന്ന വൈബ്രന്‍റ് ഗുജറാത്തിനെ ഭാവി ഇന്ത്യയുടെ മാതൃകയായി ഈ മനുഷ്യന്‍ മാറ്റിത്തീര്‍ത്തെന്നാണു പറയപ്പെടുന്നത്.
തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍
അഭിപ്രായ വോട്ടെടുപ്പുകളെപ്പറ്റിയും അവയുടെ നടത്തിപ്പിനെപ്പറ്റിയും ചില സംശയങ്ങള്‍ ഉണ്ടെന്നുള്ളതു ശരിതന്നെ. എന്നിരിക്കിലും ഒരു സര്‍വേ കണ്ടെത്തിയ കാര്യങ്ങള്‍ മോഡി ക്യാമ്പിനു തീര്‍ച്ചയായും ഉത്കണ്ഠയ്ക്കും ആകാംക്ഷയ്ക്കും വകനല്കുന്നുണ്ട്. ആ സര്‍വേ പ്രകാരം പതിനാറാം ലോക്സഭയില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലഭിക്കുന്ന ആകെ സീറ്റുകള്‍ പോലും കേവലഭൂരിപക്ഷത്തിനു താഴെയായിരിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇടതുപക്ഷത്തിന്‍റെയും ചിലപ്പോള്‍ കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെ പ്രാദേശിക പാര്‍ട്ടികളുടെ ഒരു സഖ്യം ഭരണത്തിലെത്താനുള്ള സാധ്യതയാണു തെളിയുന്നത്. ബി.ജെ.പി.യുടെ ചില തെരഞ്ഞെടുപ്പു തന്ത്രജ്ഞരെ ആകുലപ്പെടുത്തുന്ന മറ്റൊരു കാര്യം മോഡിയുടെ പ്രചാരണം പ്രതീക്ഷിച്ചതിലും നേരത്തെ അതിന്‍റെ ഉച്ചസ്ഥായി പ്രാപിച്ചോ എന്നതാണ്.
ഇത്തരമൊരു അവസ്ഥയില്‍ ഗുജറാത്തിന്‍റെ മുഖ്യമന്ത്രി ചെന്നുപെട്ടത് എങ്ങനെയെന്ന് രാഷ്ട്രീയ വിവരമുള്ള ഏതൊരു ഇന്ത്യക്കാരനും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ഭരണത്തിലിരുന്ന് രാജ്യമെമ്പാടും മോഡി നിര്‍മ്മിച്ചെടുത്ത ഒരു വ്യക്തി സ്വരൂപത്തിനും ആര്‍ എസ് എസ് രൂപം കൊടുത്ത നയങ്ങള്‍ക്കും എതിരായി രൂപംകൊണ്ട ജനാധിപത്യ - മതേതര രാഷ്ട്രീയ സഖ്യമാണു ഇത്തരമൊരു രാഷ്ട്രീയ ബോധത്തിനു രൂപം കൊടുത്തതിലെ പ്രധാനഘടകം. കോടതിയില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ തെളിവുകളില്‍ നിന്നും സിവില്‍ ഉദ്യോഗസ്ഥര്‍, പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ മൊഴികളില്‍ നിന്നും 2002 ലെ ഫെബ്രുവരി-മാര്‍ച്ച് കാലത്ത് ഗുജറാത്തില്‍ നടത്തപ്പെട്ട നരമേധത്തെക്കുറിച്ച് വന്‍തോതില്‍ അറിവും വസ്തുതകളും ലഭ്യമാണ്: സംഭവങ്ങളുടെ കൃത്യമായ പിന്‍തുടര്‍ച്ചാക്രമം, ഗോദ്രയില്‍ കൊല്ലപ്പെട്ട സബര്‍മതി എക്സ്പ്രസ്സിലെ കര്‍സേവകരുടെ മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ശ്രീലങ്കയില്‍ 1983 ജൂലൈയില്‍ അരങ്ങേറിയ തമിഴ് കൂട്ടക്കൊലക്കു സമാനമായ രീതിയില്‍ വര്‍ഗീയ കലാപത്തെ മനഃപൂര്‍വ്വം എരികേറ്റിവിട്ടത്, രാഷ്ട്രീയ വൈരത്തെ ആളിക്കത്തിച്ചതും വര്‍ഗ്ഗീയ ഭരണകൂടത്തിന്‍റെ തലപ്പത്തു നിന്നുതന്നെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതുകൊണ്ട് പോലീസു സ്വീകരിച്ച അനാസ്ഥയും; കൂട്ടക്കൊലയുടെ ആസൂത്രകര്‍ക്കും "മുസ്ലീമുകളെ ഒരു പാഠം പഠിപ്പിക്കാനായി" കൊല, ബലാത്സംഗം, പീഡനം, കവര്‍ച്ച തുടങ്ങിയവ അഴിച്ചുവിട്ട ഉന്മാദമായ ആള്‍ക്കൂട്ടത്തിനും നല്കപ്പെട്ട സംരക്ഷണം... ലിസ്റ്റു നീളുകയാണ്.
'വികാസ് പുരുഷി' നുവേണ്ടിയുള്ള പ്രചാരണത്തിന് ഉചിതമായ പ്രതിരോധം തീര്‍ത്തത് വാസ്തവികതയിലും സുദീര്‍ഘമായ ജനാധിപത്യ പാരമ്പര്യത്തിലും ഊന്നിനിന്നുകൊണ്ടു പ്രവര്‍ത്തിച്ച വാര്‍ത്താമാധ്യമ മേഖലയാണ്. വിശകലനത്തിന്‍റെയും നിര്‍ഭയമായ അഭിപ്രായ പ്രകടനത്തിന്‍റെയും പിന്തുണയോടെ പ്രക്ഷേപിക്കപ്പെട്ട വാര്‍ത്തകള്‍, 2002 ല്‍ മോഡിയും അദ്ദേഹത്തിന്‍റെ ഭരണകൂടവും വഹിച്ച കുപ്രസിദ്ധമായ പങ്കിനെ അടിസ്ഥാനമാക്കി, അദ്ദേഹം വിഭാഗീതയുടെ അടയാളമാണെന്നു കോടിക്കണക്കിന് ആളുകളെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. തന്‍നിമിത്തം ജനാധിപത്യ ഇന്ത്യയോ, ആഗോള സമൂഹം മൊത്തത്തിലോ ഇന്നും ഉണങ്ങിയിട്ടില്ലാത്ത ആ മുറിവുകളെ കണ്ടില്ലെന്നു നടിക്കുകയെന്നത് അങ്ങേയറ്റം അസാധ്യമായ ഒന്നാണ്. ഇന്നും സംസ്ഥാനജനതയുടെ വെറും ഒന്‍പതു ശതമാനം വരുന്ന മുസ്ലീം ജനത മുഖ്യധാരയിലേക്കു വരാനാവാത്ത വിധത്തില്‍ ഗെറ്റോകളില്‍ തളച്ചിട്ടിരിക്കുകയാണെന്നതിനു എത്ര തെളിവു വേണമെങ്കിലുമുണ്ട്.
2002 ല്‍ സംഭവിച്ചതിന്‍റെ ഉത്തരവാദിത്വം ആരുടെ മുകളിലാണെന്ന് രാഷ്ട്രീയജ്ഞാനമുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ നടന്ന ഏറ്റവും ഹീനമായ വര്‍ഗീയകലാപം അരങ്ങേറാന്‍ അവസരമൊരുക്കിയതിലും തുടര്‍ന്ന് സാധ്യമായ രീതിയിലെല്ലാം നീതി നിര്‍വഹണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലും മോഡിയുടെ ഭരണകൂടം നിര്‍വഹിച്ച പങ്കിനെക്കുറിച്ചും അവര്‍ക്കു കൃത്യമായി അറിയാം. നിയമവും ഭരണഘടനയും സംരക്ഷിക്കാന്‍വേണ്ടി സുപ്രീംകോടതി കണിശമായ രീതിയില്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് നീതി നിറവേറ്റപ്പെടും എന്ന തോന്നലുളവായത്. ജനത്തിനു മറ്റൊന്നുകൂടി അറിയാം: ഈ 'വികാസ് പുരുഷ്' നാളിതുവരെ പ്രായശ്ചിത്തം ഒട്ടുമേ പ്രകടിപ്പിച്ചിട്ടില്ല; കൂട്ടക്കൊലക്ക് ക്ഷമ ചോദിച്ചിട്ടില്ല; "നമ്മള്‍ സഞ്ചരിക്കുന്ന കാര്‍ ഒരു പട്ടിക്കുട്ടിയുടെ മുകളില്‍ കയറിയാല്‍പോലും നമുക്കു വേദനിക്കില്ലേ?" എന്ന് നമ്മെ അതിശയിപ്പിക്കുന്ന നിര്‍വികാരതയോടെ പ്രകോപനപരമായി ചോദിച്ചുകൊണ്ട് ഒടുക്കം തന്‍റെ ഉത്തരവാദിത്വം സമ്മതിക്കുകയും ചെയ്തു.
ഉറപ്പുള്ള ഒരുകാര്യം സമീപഭാവിയിലൊന്നും 2002 എന്ന നൈയാമിക, രാഷ്ട്രീയ, ധാര്‍മ്മിക പ്രശ്നം വിസ്മരിക്കപ്പെടാന്‍ പോകുന്നില്ല എന്നതാണ്. മോഡി പ്രധാനമന്ത്രിയായാല്‍ പ്രശ്നം ദേശീയതലത്തിലും ആഗോളതലത്തിലും കൂടുതല്‍ വഷളാകാനാണു സാധ്യത. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കൂടാതെ ബീഹാര്‍മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഐക്യ ജനതാദള്‍പോലുള്ള പല പ്രാദേശിക പാര്‍ട്ടികളും ഇത്തരമൊരു സാധ്യതക്കെതിരായി വളരെ ശക്തമായ നിലപാടു കൈക്കൊണ്ടിട്ടുണ്ട്. വിദൂരവീക്ഷണവും വിവേകവുമുള്ള ചില രാഷ്ട്രീയ എതിരാളികള്‍ തങ്ങളുടെ എതിര്‍പ്പ് ഒരു വ്യക്തിയോടല്ലെന്നും ആ വ്യക്തിയുടെ ലോകവീക്ഷണത്തോടും നയങ്ങളോടുമാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു.
അന്താരാഷ്ട്രതലത്തില്‍ മോഡി സമ്മതി ഇനിയും കാര്യമായി നേടിയിട്ടില്ല. മതസ്വാതന്ത്ര്യത്തെ നേരിട്ട് എന്നെങ്കിലും എതിര്‍ക്കുന്നവര്‍ക്ക് വിസ നല്കാന്‍ പാടില്ലെന്ന ഒരു നിയമം അമേരിക്കയിലുണ്ട.് അതിന്‍റെ പിന്‍ബലത്തില്‍, കുത്തകവ്യവസായികള്‍ക്കു കൂട്ടുനിന്നിട്ടു പോലും മോഡിക്ക് 2005 ല്‍ യു.എസ്. വിസ നിഷേധിച്ചുവെന്നത് മുന്‍പറഞ്ഞ നിരീക്ഷണത്തെ ശരിവയ്ക്കുന്നു.
1984 & 2002
സംഘ പരിവാറിന്‍റെ വക്താക്കള്‍ പൊതുവെ അപലപിക്കുന്നതായി നാം കണ്ടുവരുന്നത് മാധ്യമങ്ങളുടെയും 'കപടമതേതരവാദി'കളുടെയും ഇരട്ടത്താപ്പെന്നു അവരു വിളിക്കുന്ന കാര്യമാണ്. 1984 ലെ കൂട്ടക്കൊലയില്‍ 8000 സിഖുകാര്‍ മരിച്ചുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു; പക്ഷേ 2002 ല്‍ വെറും ആയിരം പേര്‍ മാത്രമേ കൊല്ലപ്പെട്ടുവുള്ളൂ വത്രേ. ഈ പരാതിക്കു പിന്നിലുള്ള വാദമെന്താണ്? ഒരു ഭീകരമായ കുറ്റകൃത്യം മറ്റൊന്നിനു സാധൂകരണമേകുന്നുവെന്ന്! ധാര്‍മ്മികമായി അറപ്പുതോന്നിക്കുന്നതാണ് ഈ വാദം.
ശ്രദ്ധേയമായ ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്: എന്തുകൊണ്ട് 2002 ലെ കൂട്ടക്കൊലക്ക് മോഡി മാപ്പു ചോദിച്ചില്ല? 1984 ലെ സിഖുകാരുടെ കൊലക്ക് ഒരുവിധത്തിലും ഉത്തരവാദി അല്ലായിരുന്നിട്ടുകൂടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് തനിക്ക് "സിഖു സമൂഹത്തോടും ഇന്ത്യക്കാരോടു മുഴുവനും ക്ഷമ യാചിക്കുന്നതില്‍ ഒട്ടും മടിയില്ല" എന്നാണ്. കാരണം "ഭരണഘടനയില്‍ ആലേഖിതമായ ഇന്ത്യന്‍ ദേശീയതയുടെ നിരാസമാണ് 1984-ല്‍ സംഭവിച്ചത്." എന്തുകൊണ്ട് മോഡിക്ക് ഈ പാഠം സ്വയം സ്വീകരിച്ചുകൂടാ?
2002-ലെ സംഭവവികാസത്തെ സംബന്ധിച്ച് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്വീകരിച്ചിരിക്കുന്ന നിലപാടിനു പിന്നില്‍ വളരെ തന്ത്രപരമായ ചില കണക്കുകൂട്ടലുകളുണ്ട്. അതെന്താണെന്നുവച്ചാല്‍ സമകാലീന ഇന്ത്യാ ചരിത്രത്തിലെ തമോവൃതമായ ആ അധ്യായം പ്രത്യയശാസ്ത്രപരമായും വൈകാരികമായും സംഘപരിവാറിനെ ഹഠാദാകര്‍ഷിക്കുന്നതും അവരുടെ വര്‍ഗീയ അജണ്ടയെ ഊട്ടിയുറപ്പിക്കുന്നതും ആയ ഒന്നാണ്. ഒരു ദശകത്തോളം സംഘപരിവാറിനുള്ളില്‍ പ്രത്യയശാസ്ത്രപരമായ അവ്യക്തതയും രാഷ്ട്രീയപരമായ കുഴമറിച്ചിലുകളും നടക്കുകയായിരുന്നു. അവയുടെ അവസാനം ഇപ്പോള്‍ ആര്‍.എസ്.എസ്. കൃത്യമായ കല്പന പുറപ്പെടുവിച്ചിരിക്കുന്നു: പ്രചാരണത്തിലും ഭരണത്തിലും ബി.ജെ.പിയുടെ ശ്രദ്ധ കറതീര്‍ന്ന ഹിന്ദുത്വ ആയിരിക്കണം. 'വികസന'ത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് എതിര്‍പ്പൊന്നുമില്ല. കാരണം, വികാസ് പുരുഷി'നെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ വ്യാമോഹിപ്പിക്കുകയും കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട വോട്ടര്‍മാരെ ആകര്‍ഷിക്കുകയും ചെയ്തേക്കാം. പക്ഷേ ഹിന്ദുത്വ അതിന്‍റെ പൂര്‍ണരൂപത്തില്‍ - വിഭാഗീയത കുത്തിപ്പൊക്കുന്ന അനേകം നിലപാടുകളും ചിഹ്നങ്ങളും രാമജന്മഭൂമിപോലുള്ള മുന്നേറ്റങ്ങളും ഉള്‍പ്പെടെയുള്ള ഹിന്ദുത്വ -ഒട്ടും വെള്ളം ചേര്‍ക്കാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
നമ്മുടെ ഭരണഘടനയുടെ പരമപ്രധാനമായ കല്പന നിയമത്തിന്‍റെ മുമ്പില്‍ ആരും ആരേക്കാളും വലിയവനോ ചെറിയവനോ അല്ലെന്നുള്ളതാണ്. ഇതിന്‍റെ താത്വികവും പ്രായോഗികവുമായ അനുശീലനം സാധ്യമാക്കുന്ന ഒരു ജനാധിപത്യ-മതേതര ഇന്ത്യക്ക് സംഭവിക്കാവുന്ന അത്യാഹിതമായിരിക്കും മോഡിയെന്ന പ്രധാനമന്ത്രിയെന്നു തെളിയിക്കുന്നത് 2002 ഉം ഇന്നും തമ്മിലുള്ള ഈ ജൈവിക ബന്ധമാണ്.
കടപ്പാട്: ദ ഹിന്ദു