ഞങ്ങളുടേത് പച്ചയായ പ്രശ്നമാണ്. നാട് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു. വനത്തിന് തുല്യമായ അതീവ പരിസ്ഥിതി ദുര്‍ബല മേഖല എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അന്താരാഷ്ട്ര നിര്‍ദ്ദേശങ്ങള്‍ വരെ ഉണ്ട്. കേന്ദ്രനിര്‍ദേശങ്ങള്‍ പല കമ്മറ്റികളും തരുന്നുണ്ട്. സംസ്ഥാനത്തിന് ഉടന്‍ നടപ്പാക്കാന്‍ അഞ്ചു നിര്‍ദേശങ്ങള്‍ വരുന്നു... ആരും ഇനി ഈ സ്ഥലം എടുക്കില്ല... ബിസിനസ്സിലോ, ടൗണിലോ, ഷെയര്‍ മാര്‍ക്കറ്റിലോ മുടക്കല്‍ശേഷി ഇല്ലാത്തതുകൊണ്ട് ഏക സമ്പാദ്യമായ വീടിനോട് ചേര്‍ന്ന ഈ തുച്ഛമായ സ്ഥലം രോഗമോ, മക്കളുടെ ഉന്നത വിദ്യാഭ്യാസമോ പോലെയുള്ള ഒരു നിവൃത്തികേടു വന്നാല്‍പോലും വില്‍ക്കാന്‍ പറ്റില്ല. ആരും റിസ്ക് എടുത്തു വാങ്ങില്ല. നിലവില്‍തന്നെ പോക്കുവരവുകള്‍ നടത്തുന്നില്ല...! ഞങ്ങള്‍ എന്തു ചെയ്യണം?
-ബേസില്‍ എബ്രാഹം
പ്രശ്നബാധിതന്‍റെ ഭാഗത്തുനിന്ന് തീര്‍ത്തും ന്യായമായ ഒരു പ്രശ്നമാണ് ബേസില്‍ ഉന്നയിക്കുന്നത്. ഇതിലെ മാനുഷികവശം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അതേസമയം വിഷയം വേറൊരു വീക്ഷണകോണില്‍ നിന്നുകൂടി കാണാതിരിക്കാനുമാവില്ല.
കുടിയേറ്റം അനുവദിക്കപ്പെടുന്നതിന്‍റെ അടിസ്ഥാനതത്ത്വം ഭൂമി കൃഷിക്കുപയോഗിക്കുക എന്നതാണ്. അതുതന്നെ പാരിസ്ഥിതികമായി വലിയൊരു ഒത്തുതീര്‍പ്പാണെന്ന് മനസ്സിലാക്കണം. കാലക്രമേണ നിയന്ത്രണങ്ങളൊന്നുമില്ലാതെ സമതലഭൂമികളുമായി മലയോരപ്രദേശം താദാത്മ്യം പ്രാപിച്ചിരിക്കാമെങ്കിലും ഈ പ്രദേശങ്ങള്‍ പരമ്പരാഗതകൃഷിഭൂമികളുമായി ഒരു താരതമ്യമില്ലാത്തവയും പാരിസ്ഥിതികമായി എത്രയോ ദുര്‍ബലവുമാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. കുടിയേറ്റം അതിന്‍റെ അടിസ്ഥാനപരമായ ഉദ്ദേശമായിരുന്ന കൃഷി എന്നതില്‍നിന്ന് വിട്ട് പശ്ചിമഘട്ടപര്‍വ്വതനിരകളെ റിയല്‍ എസ്റ്റേറ്റ് ഭാഗ്യപരീക്ഷണങ്ങള്‍ക്ക് വേദിയാക്കുമ്പോള്‍ കുടിയേറ്റ ജനതയില്‍നിന്ന് ആഭ്യന്തരമായ പ്രതിഷേധങ്ങള്‍ ഫലപ്രദമായി ഉയര്‍ന്നിട്ടില്ല എന്ന വസ്തുതയ്ക്കുനേരെ കണ്ണടച്ചിട്ട് കാര്യമില്ല. കുടിയേറ്റത്തിന്‍റെ മറവില്‍ വ്യാപകമായ വനംകൊള്ളയും വന്യജീവിവേട്ടയും പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണവും അരനൂറ്റാണ്ടിലധികമായി നിര്‍ബാധം തുടരുന്നതില്‍ ഇപ്പോള്‍ പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളുടെ നേതൃത്വം ചെറുവിരല്‍പോലുമനക്കിയിട്ടില്ല...
കൃഷിഭൂമി, വന്‍കിട റിയല്‍ എസ്റ്റേറ്റ് ചരക്കായി ക്രയവിക്രയം ചെയ്യുന്നതില്‍നിന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നേരിട്ടല്ലെങ്കിലും ഫലത്തില്‍ തടയിടുന്നുണ്ട് എന്നതു ശരിയാണ്. എന്തും ചെയ്യാവുന്ന ഭൂമി എന്ന അവസ്ഥ നഷ്ടപ്പെടുകയും... കൃഷിക്കായും മനുഷ്യസമൂഹത്തിന് അനിവാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും ഭൂമിയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഊഹക്കച്ചവടത്തില്‍നിന്ന് ഒരു പരിധിവരെ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടുകയും തത്ഫലമായി ഭൂമിവില ഒരു വലിയ പരിധിവരെ നിലവിലുള്ളതില്‍ നിന്ന് ഉയരാതെ നില്‍ക്കുകയും ചെയ്യും. തങ്ങളുടെ ഭൂമിയുടെ നിലവിലുള്ള ഉയര്‍ന്ന വിലയ്ക്ക് അതില്‍ നിന്ന് ലഭിക്കാവുന്ന കാര്‍ഷികോല്പന്നങ്ങളുടെ വിലയുമായോ അതുകൊണ്ട് ലഭ്യമായ സേവനങ്ങളുടെ വിലയുമായോ ഒരു താരതമ്യവുമില്ലെന്നും പാരിസ്ഥിതികമായി ദുര്‍ബലമായ പ്രദേശങ്ങളുടെ ദുരുപയോഗസാദ്ധ്യതകള്‍ക്ക് ലഭിക്കുന്ന വിലയാണെന്നും കുടിയേറ്റ സമൂഹം മനസ്സിലാക്കിയേ പറ്റൂ. അതിന്‍റെ ഇരകളെ മറന്നുകൊണ്ടല്ല പറയുന്നത്, സ്വകാര്യസ്വത്തിന്‍റെ മത്സരലോകത്ത് മൂലധനത്തിന് മൂല്യശോഷണം സംഭവിക്കുക എന്നത് ഏതൊരു വ്യക്തിയും നേരിടേണ്ടിവരുന്ന പ്രശ്നമാണ്. അത് കുടിയേറ്റകര്‍ഷകന്‍റെ വൈകാരിക വിഷയമല്ല. അതില്‍ കടുത്ത അനീതിയുണ്ട്. പക്ഷേ അതിനെ എതിര്‍ക്കേണ്ടവര്‍ ക്യാപ്പിറ്റലിനെയാണ് എതിര്‍ക്കേണ്ടിവരിക.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും (ഉദാഹരണമായി കര്‍ണ്ണാടക) കൃഷിഭൂമി വാങ്ങുന്നത് കൃഷിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൃഷിയില്‍നിന്നുള്ള വരുമാനംകൊണ്ടു മാത്രമേ കൃഷിസ്ഥലങ്ങള്‍ വാങ്ങാന്‍ കഴിയൂ. ഇത് പലരീതിയിലും ലംഘിക്കപ്പെടുന്നുണ്ടെങ്കിലും ഒരു അടിസ്ഥാനനിയന്ത്രണമായി ഒരു വലിയ പരിധിവരെ ഫലപ്രദമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു നിയന്ത്രണം പശ്ചിമഘട്ടത്തിലെങ്കിലും കൊണ്ടുവരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല, അത്തരമൊരു നിയന്ത്രണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുപോലും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും.
-ദീപക് ശങ്കരനാരായണന്‍
കോഴിക്കോട് ജില്ലയിലെ ചെമ്പനോട എന്ന ഗ്രാമമാണ് എന്‍റെ സ്വദേശം. പശ്ചിമഘട്ടസംരക്ഷണത്തിനായി കസ്തൂരി രംഗന്‍ കമ്മിറ്റി പരിസ്ഥിതി-ദുര്‍ബല പ്രദേശമെന്ന് മാര്‍ക്കു ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ 123 ഗ്രാമങ്ങളിലൊന്ന്. സമീപപ്രദേശങ്ങളില്‍നിന്നും താരതമ്യേന ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചെമ്പനോട. സമീപത്തുള്ള 2 പട്ടണങ്ങള്‍ പേരാമ്പ്രയും കുറ്റ്യാടിയും. രണ്ടും ഏതാണ്ട് 20 കി.മീറ്റര്‍ ദൂരം... സമീപത്തുള്ള വനത്തില്‍നിന്നും ആനയും കാട്ടുപന്നിയും നാട്ടിലിറങ്ങുന്നത് സാധാരണം. പുലിയിറങ്ങിയ സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. ചെമ്പനോട, പൂഴിത്തോട് എന്നീ രണ്ടു ഗ്രാമങ്ങളിലായി ഏതാണ്ട് ആയിരത്തോളം കുടുംബങ്ങള്‍... ഈ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വൈദ്യുതി, കുടിവെള്ളം, ടെലിഫോണ്‍, യാത്രാസൗകര്യം എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങളില്ല. മെയിന്‍റോഡരികിലുള്ള വീടുകളിലെങ്കിലും കറണ്ട് കിട്ടിയിട്ട് 10-15 കൊല്ലമേ ആയിട്ടുള്ളൂ. ടെലിഫോണ്‍ എത്തിയിട്ട് 10 കൊല്ലം തികച്ചായിട്ടില്ല. അതും ചുരുക്കം വീടുകളില്‍. വേണ്ടത്ര യാത്രാ-ആശുപത്രി സൗകര്യങ്ങളില്ലാതെയാണ് എന്‍റെ വീട്ടിലെ രണ്ടംഗങ്ങള്‍ മരണപ്പെട്ടത്. ഒരാള്‍ 35 കൊല്ലം മുന്‍പും, ഒരാള്‍ 3 മാസം മുന്‍പും.
ചെമ്പനോടയില്‍ ഭൂമാഫിയയോ റിസോര്‍ട്ട് മാഫിയയോ മണല്‍ മാഫിയയോ ക്വാറി മാഫിയയോ ഇല്ല. ഉള്ളത് സാധാരണക്കാര്‍ മാത്രം. ആരെങ്കിലും കൃഷിഭൂമി വില്‍ക്കുമ്പോള്‍ വാങ്ങുന്നതും കൃഷി ചെയ്യുന്നവര്‍തന്നെ. ചെമ്പനോടയിലെ മൊത്തം കാര്‍ഷികഭൂമിയുടെ അളവില്‍ കഴിഞ്ഞ 30 കൊല്ലത്തിനുള്ളില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല (ഏതാനും പുതിയ വീടുകള്‍ വന്നതൊഴിച്ചാല്‍).
ചെമ്പനോടയും സമീപപ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശമെന്നു ചുവപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ചെമ്പനോടയ്ക്ക് സമീപത്തുള്ള രണ്ടു വില്ലേജുകളാണ് പെരുവണ്ണാമൂഴിയും മരുതോങ്കരയും. ക്വാറികളും ഉരുള്‍പൊട്ടലുകളുമുള്ള ആ പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബലമല്ലാത്ത പച്ച നിറംകൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പെരുവണ്ണാമൂഴിയില്‍ ഡാമുണ്ട്. മുതലവളര്‍ത്തു കേന്ദ്രമുണ്ട്, ചെറിയ രീതിയിലൊരു ടൂറിസ്റ്റ് ലൊക്കേഷനാണ്. കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഉള്ളതുകൊണ്ട് അവിടെ സ്ഥലത്തിനു ചെമ്പനോടയെ അപേക്ഷിച്ച് മൂന്നിരട്ടി വില. ആരോടും കുടിയൊഴിയാന്‍ ആവശ്യപ്പെടില്ലെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ പറഞ്ഞത് ഞാന്‍ 100% വിശ്വസിക്കുന്നു. എന്നാല്‍ ഇനി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഇംപ്ലിമെന്‍റ് ചെയ്ത് കഴിയുമ്പോള്‍ ചെമ്പനോടയ്ക്ക് എന്തു സംഭവിക്കുമെന്ന് നോക്കാം.
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശമനുസരിച്ച് ESA യില്‍ വരുന്ന പ്രദേശങ്ങളില്‍ ഗതാഗതം ആവശ്യമുള്ള സൗകര്യങ്ങളുടെ വികസനം സൂക്ഷ്മമായ പഠനങ്ങള്‍ക്കു ശേഷമേ പാടുള്ളൂ. ഇത്തരം ഒരു നിബന്ധനയുമില്ലാതെ തന്നെ ചെമ്പനോടയില്‍ (അതും ചില ഭാഗങ്ങളില്‍ മാത്രം) റോഡും വൈദ്യുതിയും വെള്ളവുമെത്തിയത് സമീപകാലത്ത്. ഇനി നിബന്ധനകള്‍ കൂടിയുണ്ടെങ്കില്‍ കൂടുതല്‍ ചുവപ്പുനാടകള്‍ മറികടന്ന് അങ്ങോട്ടുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുമോ? മഴക്കാലത്ത് പുഴ മൂടുന്ന ആ പാലം ഇനി എന്നെങ്കിലും പുതുക്കിപ്പണിയുമോ? ഇപ്പോഴുള്ള സ്കൂള്‍ കെട്ടിടം ഒരു മഴക്കാലത്ത് തകര്‍ന്നുവീണാല്‍ അതു പുതുക്കിപ്പണിയുമോ? അടിസ്ഥാന സൗകര്യങ്ങളെങ്കിലുമുള്ള ഒരു ആശുപത്രി അവിടെ ഉയരുമോ? ഇപ്പോള്‍തന്നെ മുന്‍പുണ്ടായിരുന്ന പ്രൈവറ്റ് ബസ് സര്‍വീസുകള്‍ പകുതിയിലധികവും നിന്നുപോയി. ഏതാനും വര്‍ഷംകൂടി കഴിയുമ്പോള്‍, ഇപ്പോഴുള്ള വഴി കൂടുതല്‍ മോശമാകുമ്പോള്‍ അവശേഷിക്കുന്ന സര്‍വീസുകളും നിലയ്ക്കും. സൗകര്യങ്ങളില്ലാത്തതിനാല്‍ കൈവശമുള്ള ഭൂമി ക്രയവിക്രയം ചെയ്യുകപോലും അസാധ്യമാകും. വിദ്യാഭ്യാസമോ രോഗമോ പോലുള്ള ആവശ്യങ്ങള്‍ക്കായിപ്പോലും ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ സാധിക്കില്ല. പുതിയ തലമുറയിലെ ചിലരെങ്കിലും ജോലിയോ വിദ്യാഭ്യാസമോ നേടി അവിടുന്നു പുറത്തുകടക്കാന്‍ നോക്കും. അതിനു സാധിക്കാതെ വരുന്നവര്‍, ക്രമേണ അവിടെത്തന്നെ ജീവിച്ചു മരിക്കും. ഒരു നാട് ക്രമേണ പ്രാകൃതാവസ്ഥയിലേക്ക് മടങ്ങും...
ആദ്യം വന്ന ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍പ്പെട്ടിരുന്ന ക്വാറികളുള്ള മരുതോങ്കര, പെരുവണ്ണാമൂഴി വില്ലേജുകള്‍ രണ്ടാമത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒഴിവായി. ഇടയ്ക്ക് നടന്നത്, ക്സതൂരിരംഗന്‍ കമ്മറ്റി, സംസ്ഥാനസര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്തിരുന്നു. സര്‍ക്കാരുകളുടെ കൂടി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഫൈനല്‍ റിപ്പോര്‍ട്ട് വന്നത്. ക്വാറികളെയൊക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയതാകും എന്നനുമാനിക്കാം.
ഞാനും ബേസിലും പറഞ്ഞതുപോലെയുള്ള കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണോ എന്നറിയാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരുന്ന കേരളത്തിലെ മുഴുവന്‍ ക്വാറികളുടെയും ലിസ്റ്റ് എടുക്കണം. അതില്‍ എത്രയെണ്ണം ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനും ഇടയില്‍ ഒഴിവായെന്ന് നോക്കണം. പറഞ്ഞുവരുന്നത്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇംപ്ലിമെന്‍റ് ചെയ്താല്‍ പശ്ചിമഘട്ടമങ്ങ് ശക്തിപ്രാപിക്കും എന്നു വിശ്വസിക്കുന്ന എല്ലാ നിഷ്കളങ്കര്‍ക്കും ഒരു നല്ല നമസ്കാരം.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊന്നും നടപ്പിലാക്കരുതെന്നോ പശ്ചിമഘട്ടം സംരക്ഷിക്കരുതെന്നോ ഞാന്‍ പറഞ്ഞതിനര്‍ത്ഥമില്ല. തീര്‍ച്ചയായും വേണം. ഈ വിഷയത്തില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ കൂടാതെ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കരുത് എന്നു പറയുന്ന അഭിപ്രായത്തോടാണ് എനിക്ക് അടുപ്പം...
വിശദമായി വിഷയത്തെ പഠിച്ചിട്ടില്ലെങ്കിലും എന്‍റെ അഭിപ്രായം കൂടി പറയാം:
1. ഇപ്പോഴുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തെ ശക്തിപ്പെടുത്താന്‍ പര്യാപ്തമല്ല.
2. പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാതെ സാറ്റലൈറ്റ് ഡാറ്റ വെച്ചും ഭരണകക്ഷികളുടെ നിര്‍ദ്ദേശമനുസരിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയതിനാല്‍ ഇതില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥാപിത താത്പര്യങ്ങളെ തീര്‍ത്തും ഒഴിവാക്കാന്‍ കമ്മറ്റിക്ക് കഴിഞ്ഞില്ല.
3. ഗാഡ്ഗില്‍ കമ്മറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പരിഗണിച്ചിരുന്ന മുഴുവന്‍ പ്രദേശങ്ങളെയും നിലനിര്‍ത്തണം.
4. ഈ പ്രദേശങ്ങളില്‍ ക്വാറികള്‍, മറ്റു ഖനനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും തടയണം. പാര്‍പ്പിടാവശ്യം, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങളില്ലാത്ത എന്തിനുവേണ്ടിയുമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയമം മൂലം നിരോധിക്കണം.
5. റോഡുകള്‍, പാലങ്ങള്‍ മുതലായ അടിസ്ഥാനസൗകര്യവികസനത്തിന് തടസ്സമുണ്ടാകരുത്.
6. വനങ്ങള്‍ക്കു ചുറ്റും ഫെന്‍സുകള്‍ നിര്‍മ്മിച്ച് വനത്തെ സമീപവാസികളില്‍ നിന്നും, സമീപവാസികളെ വന്യജീവികളില്‍ നിന്നും സംരക്ഷിക്കണം.
7. വനാതിര്‍ത്തിയിലുള്ളവര്‍ക്ക് കൂടുതല്‍ ബോധവത്കരണം നടത്തുക. വനത്തെ സംരക്ഷിക്കാന്‍ അവരെത്തന്നെ ഉപയോഗിക്കുക.
8. വനം എന്ന പേരിലറിയപ്പെടുന്ന തേക്കിന്‍തോട്ടങ്ങള്‍ മുറിച്ചുമാറ്റി അവിടെ സ്വാഭാവികവനം വളരാനനുവദിക്കുക. തേക്കിന്‍തോട്ടങ്ങള്‍ പരിസ്ഥിതിക്ക് വരുത്തുന്ന അത്രയും ദോഷം സാധാരണക്കാര്‍ വരുത്തുന്നില്ല.
-റോബി കുര്യന്‍
ദക്ഷിണേന്ത്യയിലെ 25 കോടി ജനങ്ങളുടെ ജല ആവശ്യത്തെയും കൃഷിയെയും അതുവഴി ജീവിതത്തെയും ഗണ്യമായി സ്വാധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥയാണ് പശ്ചിമഘട്ടം. ഈ വ്യവസ്ഥ ഇന്ന് പലവിധ കാരണങ്ങളാലും നാശത്തെ നേരിടുന്നു. അതീവജൈവപ്രാധാന്യമുള്ള, ലോകത്തിലെ തന്നെ അപൂര്‍വ്വമായ ഒരു ജൈവ കലവറയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടം ഒന്നാകെ തന്നെ അതിനാല്‍ പരിസ്ഥിതി പ്രധാന മേഖലയാണ്. ഈ നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് പശ്ചിമഘട്ടത്തെ 3 മേഖലയായി തിരിച്ച് ചില നിയന്ത്രണങ്ങള്‍ ഓരോ മേഖലയിലും ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. കമ്മിറ്റി നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍, മേല്‍നോട്ടം വഹിക്കാന്‍ പുതിയ ഒരു അതോറിട്ടി രൂപീകരിക്കാനും ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചു.
പശ്ചിമഘട്ടത്തിന്‍റെ പൊതുപ്രശ്നങ്ങളെ കൂടാതെ ചില പ്രത്യേക വിഷയങ്ങളില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അതിലൊന്ന് അതിരപള്ളി പദ്ധതിയെക്കുറിച്ചുള്ളതായിരുന്നു. അതിരപ്പള്ളി നടപ്പാക്കരുതെന്ന് ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നയുടന്‍ ഉണ്ടായ പുകില്‍ അതിരപ്പള്ളിയെ കുറിച്ചായിരുന്നു എന്നോര്‍ക്കണം.
സോണുകള്‍ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുക മാത്രമല്ല ഗാഡ്ഗില്‍ ചെയ്തത്. ഓരോ സോണിലും പെടുന്ന താലൂക്കുകള്‍ ഏതൊക്കെ എന്ന് ലിസ്റ്റ് ചെയ്തു. ഇത് അന്തിമം ആക്കേണ്ടത് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്താണ് എന്ന് കമ്മിറ്റി പറയുന്നുണ്ട്. അതേസമയം ഈ ലിസ്റ്റ്പ്രകാരം പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴില്‍ പരിസ്ഥിതിലോലപ്രദേശം വിജ്ഞാപനം ചെയ്യണമെന്നും കമ്മിറ്റി നിഷ്കര്‍ഷിച്ചു.
തങ്ങളുടെ താലൂക്കുകള്‍ ലോലപ്രദേശ ലിസ്റ്റില്‍ കണ്ടെത്തുന്ന മലയോരവാസികള്‍ പരിഭ്രാന്തരാകുക സ്വാഭാവികം. പ്രത്യേകിച്ച് ഉദ്യോഗസ്ഥ മേധാവിത്വത്തിന്‍റെ പ്രശ്നങ്ങള്‍ അനുഭവിച്ചവര്‍. ലോലതയുടെ മാനദണ്ഡങ്ങള്‍ മാത്രം നിര്‍ണ്ണയിച്ച് അതിരുതിരിക്കാനുള്ള അവകാശം പ്രാദേശിക ജനതയ്ക്കും പ്രാദേശികഭരണകൂടങ്ങള്‍ക്കും നല്കുകയും സമയപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇത്ര ഉത്തരവാദിത്തരഹിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. ഈ അധികാരം നേടിയെടുക്കാനായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടിയിരുന്നത്. അല്ലാതെ പശ്ചിമഘട്ടത്തില്‍ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും പറ്റില്ല എന്ന വാദം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുക്കരുത്. പശ്ചിമഘട്ടത്തിലെ മാറ്റങ്ങള്‍ അവിടെ മാത്രമല്ല ബാധിക്കുക. അതുകൊണ്ട് അവിടത്തുകാര്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ് പശ്ചിമഘട്ട സംരക്ഷണം എന്ന വാദം ആധുനിക ജനാധിപത്യത്തിനും അറിവിനും ചേര്‍ന്നതല്ല.
എന്നാല്‍ അന്നാട്ടിലെ കൃഷിക്കാരുടെയും മറ്റും ആശങ്കകള്‍ എന്ത് എന്ന് ആരാഞ്ഞു നിവൃത്തി വരുത്താനുള്ള ഉത്തരവാദിത്തം അധികാരികള്‍ക്കുണ്ടായിരുന്നു. അതെങ്ങനെയാണ്, സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റിയുടെ ശുപാര്‍ശ പുറത്തിറങ്ങിയ ഉടന്‍ പുലയാട്ടാന്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍ അധികാരികളും കൂടുകയാണല്ലോ ചെയ്തത്. അവധാനതയോടെ പരിശോധിക്കാനല്ല ശ്രമിച്ചത്. സാധാരണ വായനയില്‍തന്നെ ദൃഷ്ടിയില്‍ പെടുന്ന ചില കര്‍ഷക ആശങ്കകള്‍ ഉണ്ട്. ഒന്നാം സോണില്‍ 5 കൊല്ലംകൊണ്ട് ജൈവകൃഷിയിലേക്ക് മാറണം എന്നത് ഉദാഹരണം. എന്നുവച്ചാല്‍ കീടനാശിനിയും പറ്റില്ല, രാസവളവും പറ്റില്ല. രാസവളം കീടനാശിനിപോലെ തന്നെയാണോ കാണേണ്ടത്? രാസവളം പൂര്‍ണ്ണമായും ഭൂമിയില്‍നിന്നും ഒഴിവാക്കുന്നത് ഉചിതമായ ഒരു സ്ഥിതിയാണോ? കാലങ്ങളായി രാസവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്ത് 5 കൊല്ലക്കാലംകൊണ്ട് പൂര്‍ണ്ണമായും ജൈവവളത്തിലേക്ക് മാറുക സാധ്യമാണോ? ഇത്തരം ഒരു മാറ്റം ഉല്പ്പാദനത്തില്‍ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുക?
30 ശതമാനത്തിലധികം ചരിവുള്ള സ്ഥലത്തെ കൃഷി സംബന്ധിച്ച നിര്‍ദ്ദേശമാണ് മറ്റൊന്ന്. ഇപ്പോള്‍ തന്നെ ഇതിലധികം ചരിവുള്ള സ്ഥലത്ത് നാം കൃഷി ചെയ്യുന്നുണ്ട്. തട്ട് തിരിച്ച് സമര്‍ത്ഥമായി വാര്‍ഷിക വിളകള്‍ തന്നെ ഇറക്കുന്നില്ലേ? ജാഗ്രതയോടെയുള്ള മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണമെന്നു മാത്രം. മണ്ണും പാറയും ഇടിച്ചു കൊണ്ട് പോകുകയാണ് ഇപ്പോഴത്തെ വികസന വഴി എന്നു വന്നപ്പോള്‍ ജാഗ്രതയോടെയുള്ള മണ്ണ് ജല സംരക്ഷണം അസാധ്യമാണെന്നു വന്നു. അപ്പോള്‍പിന്നെ ചരുവിലെ കൃഷി കര്‍ശനമായി നിയന്ത്രിക്കുക മാത്രം വഴി എന്ന ചിന്ത വന്നു. ഈ പ്രതിസന്ധി കണ്ടറിഞ്ഞു പ്രതിവിധി ഉണ്ടാക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്തം. പാറമട നടത്തുന്നവര്‍ക്ക് മണ്ണ് ജല സംരക്ഷണം വേണ്ട. കൃഷിക്കാരുടെയും ഇക്കൂട്ടരുടെയും താല്പര്യങ്ങളും വഴിയും ഒന്നല്ല എന്നു നാം കാണണം. ഈ പശ്ചാത്തലത്തില്‍ ഈ കര്‍ഷക ആശങ്ക മനസിലാക്കപ്പെടണം. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല എന്ന ശുപാര്‍ശയോട് ആര്‍ക്കാണ് വിരോധം?...
തങ്ങളുടെ മണ്ണിനും കൂരയ്ക്കും പരിസ്ഥിതിലോലപ്രദേശത്ത് എന്താണ് സംഭവിക്കുക എന്ന ആകുലത തികച്ചും ന്യായമാണ്. പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുന്നത് ആളുകളെയും അവരുടെ ജീവിതായോധനത്തെയും പറിച്ചെറിയാനല്ല എന്ന് അവരെ ബോധ്യപ്പെടുത്തണമായിരുന്നു. ജൈവ കൃഷി നടത്തിയാല്‍ പ്രോത്സാഹനം, കൃഷി തുടര്‍ന്നാല്‍ പ്രോത്സാഹനം എന്നൊക്കെ പറഞ്ഞാല്‍ വിശ്വാസമാകില്ല. അവര്‍ അനുഭവിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്തം അത്രമേല്‍ കടുത്തതാണ്...
ഭൂപരിഷ്കരണവും സമ്പൂര്‍ണ്ണ സാക്ഷരതയും, ജനകീയാസൂത്രണവും പാഠ്യപദ്ധതി പരിഷ്ക്കരണവും നടപ്പിലാക്കിയ രാഷ്ട്രീയത്തിന് ഇത്തരം ഒരു ഉത്തരവാദിത്തം ഉണ്ടെന്നു മറക്കരുത്. ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ വിശദാംശങ്ങളില്‍ വിയോജിപ്പ് ഉണ്ടാകാവുന്ന നിരവധി മേഖലകള്‍ ഉണ്ട്. ഡാം സംബന്ധിച്ച നിര്‍ദ്ദേശം, അതിരപ്പള്ളിയിലെ എടുത്തു ചാട്ടം, പിന്നെ താലൂക്കുകള്‍ പേരെടുത്തു പറഞ്ഞ അബദ്ധം, അതോറിട്ടി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം അടക്കം പലതും. പക്ഷേ അതൊന്നും പശ്ചിമഘട്ടത്തില്‍ ഇന്നത്തെ നില തുടരുന്നതിനുള്ള നീക്കങ്ങള്‍ക്ക് ന്യായീകരണമാകുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ രാഷ്ട്രീയ അവധാനതയോടെ പരിശോധിക്കാന്‍ തയ്യാറാകാതെ കാടടച്ചു വെച്ചതാണ് കസ്തൂരിരംഗന് കമ്മിറ്റിയ്ക്കു വഴിവെച്ചത്. കാര്യങ്ങള്‍ ഇന്നത്തേതുപോലെതന്നെ പോകാനുള്ള പച്ചക്കൊടിയാണ് വാസ്തവത്തില്‍ കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍, ഒരുപക്ഷേ അതിനെക്കാള്‍ മോശമായി.
കേരളത്തിന്‍റെ വികസനവഴികള്‍ പുനര്‍ചിന്തയ്ക്ക് വിധേയമാക്കിയേ തീരൂ. ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പുരോഗമന രാഷ്ട്രീയത്തിന് കഴിയില്ല. അത്തരം ശ്രമങ്ങള്‍ നാടിനും നാട്ടാര്‍ക്കും നന്മ വരുത്തില്ല എന്നതാണ് പ്രശ്നം.
-ഗോപകുമാര്‍ മുകുന്ദന്‍
റിപ്പോര്‍ട്ടില്‍ സോണ്‍-1 ല്‍ വരുന്ന പ്രദേശങ്ങളില്‍ ഏകവിള കൃഷികള്‍ പറ്റില്ലെന്ന് പറയുന്നുണ്ടല്ലോ. അതായത്, ഇനിയുള്ള കാലത്ത് റബര്‍, ഏലം, തേയില, കുരുമുളക്, തെങ്ങ് തുടങ്ങിയവ തനിയെ ചെയ്യുന്നതിനു പകരം ഇവ ഇടകലര്‍ത്തിയുള്ള കൃഷിരീതികള്‍ വേണമെന്നര്‍ത്ഥം. മുറ്റത്ത് ചെടിച്ചട്ടികളില്‍ തൊട്ടടുത്തായി ആന്തൂറിയവും റോസാച്ചെടിയും വെള്ളമൊഴിച്ച് വളര്‍ത്തുന്നതുപോലെ തേയിലയും റബറും ഒന്നിച്ച് കൃഷി ചെയ്യാന്‍ സാധിക്കില്ല.
30 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള സ്ഥലങ്ങളില്‍ തന്നാണ്ടു കൃഷികള്‍ പാടില്ലെന്ന് അതിനടുത്ത് എഴുതിയിട്ടുണ്ട്. റിപ്പോര്‍ട്ട് നടപ്പിലായാല്‍ ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷകര്‍ക്ക് കപ്പ, ചേന, ചേമ്പ് എന്നിവപോലും നടാന്‍ കഴിയാതെവരും. ഇടുക്കിയിലെ ഭൂരിഭാഗം സ്ഥലങ്ങളും ചരിവുള്ള സ്ഥലങ്ങളാണ്. ഇപ്പോള്‍ കര്‍ഷകര്‍ കൃഷിചെയ്യുന്നതില്‍ 30 മുതല്‍ മുകളിലേക്ക് ചെരിവുള്ള ഭൂമികള്‍ ധാരാളമുണ്ട്. ലക്ഷക്കണക്കിന് കൃഷിക്കാര്‍ ഈ വിധം കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഉണ്ട്. ഈ ജില്ലകളിലാണിത്തരം കര്‍ഷകര്‍ കൂടുതലും. ഈ ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ സമൂഹത്തില്‍ തീരെ നിവൃത്തികെട്ടവരും, ഉയര്‍ന്നുനില്ക്കാന്‍ ശേഷി തീരെയില്ലാത്തവരുമാണ്. കാരണം എന്തേലും ഗതിയുള്ള കര്‍ഷകരെല്ലാം കൂടുതല്‍ സൗകര്യം തേടി നല്ല കൃഷിയിടത്തിലേക്ക് മാറിയപ്പോള്‍ പട്ടിണി കര്‍ഷകര്‍ മലമുകളിലേക്കും കുന്ന് നിറഞ്ഞ ഭൂമിയിലേക്കും പോയി. ഈ കര്‍ഷകരോട് കൃഷിയിറക്കേണ്ടാ എന്നു പറയുന്ന കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ ബദല്‍ സംവിധാനം ഒന്നും പറയുന്നില്ല. കൃഷിചെയ്യാതെ വീട്ടിലിരുന്നാല്‍ എന്തു സംഭവിക്കും?... ഇവര്‍ക്ക് ആര് പണവും ഭക്ഷണവും വസ്ത്രവും മരുന്നും നല്കും.? കടത്തിലും, മരണകയറിന്‍റെ കുരുക്കിലും ഇപ്പോഴേ മുങ്ങിക്കിടക്കുന്ന ഇവരെ ഈ റിപ്പോര്‍ട്ടുവഴി ഉന്മൂലനം ചെയ്യാനാണു പരിപാടി.
-ജയ്സണ്‍ ജേക്കബ്
ഹഹഹ
... ഗാഡ്ഗില്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച സമയത്ത് മറ്റു പലരെയും എന്ന പോലെ സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ നടത്തുന്ന പഠനങ്ങളുടെ ഭാഗമാവാന്‍ എന്നെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. അന്ന് അതില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കിലും ഗാഡ്ഗില്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്ന ഒരു മെയിന്‍ ഗ്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും എല്ലാവരെയും പോലെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിനു മുന്‍പില്‍ എത്തിയപ്പോഴാണു ഞാനും അത് പൂര്‍ണ്ണമായും വായിക്കാന്‍ ഇടയായത്. പല തവണ ഞാന്‍ അത് വായിച്ചു നോക്കി. തീര്‍ച്ചയായും കര്‍ഷകരുടെ ഭാഗത്ത് നിന്ന് എനിക്ക് ചിന്തിക്കാന്‍ കഴിയും. പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധസമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സംശയിക്കുന്നതില്‍ അടിസ്ഥാനമില്ല എന്ന് ഞാന്‍ പറയില്ല. ഉദാഹരണത്തിന് ഒരിക്കല്‍ പരിസ്ഥിതിലോലപ്രദേശമായി നിര്‍വചിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും അന്ന് അത് തടയാന്‍ കഴിഞ്ഞേക്കില്ല എന്നും അവര്‍ വിചാരിച്ചാല്‍ അതിനെ കുറ്റംപറയാന്‍ പറ്റില്ല. കര്‍ഷകരെ ശത്രുക്കളായി കാണുന്ന ഒരു സമീപനം ഒരിക്കലും സ്വീകാര്യവുമല്ല.
എന്നാല്‍ ഇവിടെ രണ്ടു കാര്യങ്ങള്‍ ഉണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍തന്നെ ഒരു സമവായത്തില്‍ എത്തുന്നതിനു മുന്‍പായി കസ്തൂരി രംഗന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. മിന്നല്‍വേഗത്തിലാണ് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കര്‍ഷകര്‍ പരിസ്ഥിതി അക്ടിവിസ്റ്റ്കളെയോ വിദഗ്ദ്ധരെയോ പോലെ ഇറങ്ങുന്ന റിപ്പോര്‍ട്ടുകളെല്ലാം ഉടന്‍ വായിച്ചു മനസ്സിലാക്കാന്‍ സമയവും സൗകര്യവും ഉള്ളവര്‍ ആകണമെന്നില്ല. ജനാധിപത്യത്തില്‍ ചില സാവകാശങ്ങള്‍ സ്വാഭാവികമായും ഉണ്ടാവും. മൂന്നു നൂറ്റാണ്ട് കാലത്തെ ചൂഷണസ്വഭാവമുള്ള മനുഷ്യപ്രവര്‍ത്തനങ്ങളുടെ ചരിത്രമുള്ള പശ്ചിമഘട്ടം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഇല്ലാതാവുമെന്നൊക്കെ ഭയന്നാണ് ഈ ധൃതികൂട്ടല്‍ എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.
എന്ത് അടിയന്തിര പ്രാധാന്യമുള്ള കാര്യമാണെങ്കിലും വലിയ വിഭാഗം ജനങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെ മതത്തിന്‍റെയും ജാതിയുടെയും ഒക്കെ പേരില്‍ കളം തിരിച്ചു നിര്‍ത്തി ആക്ഷേപിക്കുന്നത് ശരിയായ രീതിയല്ല. സഭയും സി. പി. എമ്മും കോണ്‍ഗ്രസ്സുമൊക്കെ ഇക്കാര്യത്തില്‍ ഒരു പക്ഷത്താണ് എന്നത് ശരിയാണ്. അതുകൊണ്ട് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്നുണ്ടോ? ഇത്തരത്തില്‍ ജനങ്ങളെ വിഘടിപ്പിക്കേണ്ടതുണ്ടോ?
കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്‍റെ സവിശേഷതകളും അറിയുന്നവരാരും കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്ന് പറയില്ല. ഇത് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ജനവിരുദ്ധമായതുകൊണ്ടല്ല. മറിച്ച് അത്തരം വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പില്‍വരുത്താന്‍ ചിലപ്പോള്‍ പറ്റില്ലെന്നും ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നത് സംബന്ധിച്ച് ഔദ്യോഗിക അന്വേഷണവും അതിനെക്കുറിച്ചുള്ള ഔദ്യോഗിക നേതൃത്വത്തിലുള്ള ചര്‍ച്ചകളും ആവശ്യമാണ് എന്നതുമാണ് പ്രധാനം. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവര്‍ത്തനങ്ങളോ അല്ല അവിടെ ഉള്ളത്.
പരിസ്ഥിതി സൗഹൃദപരമായ ഒരു കമ്മിറ്റി റിപ്പോര്‍ട്ട് വന്നാല്‍ അതിനെതിരെയുള്ള വാദങ്ങളെ ആക്ടിവിസ്റ്റുകള്‍ക്ക് തീര്‍ച്ചയായും സ്വന്തം വാദമുഖങ്ങള്‍ ഉപയോഗിച്ച് നേരിടാവുന്നതാണ്. എന്നാല്‍ സര്‍ക്കാരിനു അതിനുപരിയായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് കേരളത്തിനായി ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ പ്രായോഗികത പരിശോധിക്കുന്നതിനു ഒരു പുതിയ അന്വേഷണം ആരംഭിച്ചു കൂടാ? അതില്‍ എന്തുകൊണ്ട് കര്‍ഷകപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂടാ? ആദിവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂടാ? ആദിവാസികളും കര്‍ഷകരാണ്. ദളിത് വിഭാഗങ്ങളെപോലെ ഭൂമി സ്വന്തമായി ഇല്ലാത്തതുകൊണ്ടാണ് അവരും കര്‍ഷകത്തൊഴിലാളികളായി ജീവിക്കുന്നത്. കര്‍ഷകര്‍ക്കും കത്തോലിക്കാസഭക്കും പരിസ്ഥിതി നശിപ്പിച്ച് ഭൂമിയെ ഇല്ലാതാക്കുന്നതില്‍ സവിശേഷ താല്പര്യമുണ്ടെന്ന മട്ടില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകുന്നത് എന്തിനാണ്?
ആദിവാസികളും കുടിയേറ്റക്കാരും തമ്മില്‍ ഉള്ള പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു ഒരിക്കലും കഴിഞ്ഞില്ല. ആദിവാസികള്‍ക്ക് ഭൂമി തിരികെ നല്കാനുള്ള കോടതി നിര്‍ദ്ദേശം നടപ്പില്‍വരുത്താന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും അതിനു കഴിയാത്ത രീതിയില്‍ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു ആ പ്രശ്നത്തെ ഇല്ലാതാക്കുക കൂടി ചെയ്തു ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. പട്ടയം നല്കി വനഭൂമി ഇല്ലാതായപ്പോള്‍ അതിനെതിരെ ആരും അനങ്ങിയില്ല. വനം വകുപ്പിന്‍റെ സാദ്ധ്യതകള്‍ നോക്കുക -വനം കൊള്ളയ്ക്കെതിരെയുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിയില്ല, പക്ഷേ തീ കത്തിക്കാന്‍ വിറകു ശേഖരിക്കുന്ന ആദിവാസികളെ പിടിച്ചു പീഡിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ കര്‍ഷകരുടെ ചെറിയ പ്രവര്‍ത്തനങ്ങള്‍ തടയാനും അവരെ പീഡിപ്പിക്കാനും നടക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നവരെ തൊടാന്‍ പോലും കഴിയില്ല. ഇക്കാര്യങ്ങള്‍ എല്ലാം മറന്നുകൊണ്ട് ഈ സമരത്തെ പൂര്‍ണ്ണമായും അധിക്ഷേപിക്കാന്‍ ഞാന്‍ ഒരുക്കമല്ല.
ജനാധിപത്യത്തില്‍ സമവായങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിനു ക്ഷമാപൂര്‍വ്വമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ കസ്തൂരിരംഗന്‍ സമിതി ഉണ്ടാക്കുകയും ഇപ്പോള്‍ ധൃതിപ്പെട്ടു ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഇറക്കുകയും ചെയ്യുന്നതും സമവായത്തെ സഹായിക്കുന്ന നടപടികള്‍ ആയിരുന്നില്ല. വിജ്ഞാപനങ്ങള്‍ക്കു നിയമസാധുതയുണ്ട്. അവ ഓരോ പ്രദേശത്തെയും എങ്ങനെ വ്യത്യസ്തമായി ബാധിക്കുന്നു എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.
സമരം അക്രമാസക്തമാകുന്നതിനു നിക്ഷിപ്ത താല്പര്യക്കാരുടെ ചരട് വലികള്‍ ഉണ്ടാകാം. അത് പ്രതിപക്ഷത്തോ, ഭരണപക്ഷത്തോ ഉള്ളവരോ, മാഫിയകളോ ആവാം. പക്ഷേ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കാരണം അവരുടെ നിത്യജീവിതത്തെ സാരമായി സ്പര്‍ശിക്കുന്ന ഒരു റിപ്പോര്‍ട്ടാണത്. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നുവരുന്നു. ഇവയെക്കുറിച്ച് അഭിപ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യംചെയ്യുന്നത് ശരിയല്ല.
അടിയന്തിരമായി ചെയ്യാനുള്ള കാര്യങ്ങള്‍ ഇവയാണ്:
1. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുക.
2. ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ടു ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്നം അടിയന്തര അജണ്ട ആയി ഏറ്റെടുക്കുക.
3. പരസ്ഥിതി ചൂഷണം തടയുന്നതിന് -ഖനനം അടക്കം - നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെക്കുറിച്ചുള്ള ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് പസിദ്ധീകരിക്കുക.
4. സമരസമിതിയുമായും ഒപ്പം ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക.
5. പശ്ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്ഥാനങ്ങള്‍ക്ക് പശ്ചിമഘട്ട പരിസ്ഥിതി നയരൂപീകരണത്തില്‍ സ്വയം ഭരണം നല്കുക.
-റ്റി.റ്റി. ശ്രീകുമാര്‍
കേരളത്തില്‍ ഈ പോയ നാളുകളില്‍ അരങ്ങേറിയ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോടുള്ള കത്തോലിക്കാസഭയുടെ സമീപനത്തില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസം അക്കമിട്ട് കുറിക്കുകയാണ്:
1. ആത്മീയ ഗുരുക്കളില്‍ സഭ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ പുണ്യങ്ങളിലൊന്ന് സര്‍പ്പത്തെപ്പോലുള്ള വിവേകവും പ്രാവിനെപ്പോലുള്ള നിഷ്കളങ്കതയുമാണ്. വിവേകം വികാരത്തിന് കീഴ്പ്പെടുന്നിടത്ത് ഒരു ആത്മീയ ഗുരുവും സാധാരണ മതവിശ്വാസിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പറയാനാവില്ല. "ഇടുക്കി കാശ്മീരാകും," "ജാലിയന്‍ വാലബാഗ് ആവര്‍ത്തിക്കും." "എം. പി. സ്വയം കുഴിതോണ്ടും. ഇനി ഈ നാട്ടില്‍ കടന്നുവരാന്‍ ആവില്ല" എന്നൊക്കെ വിളിച്ചുപറയുന്നത് ആത്മീയഗുരുക്കന്മാര്‍ക്കു ചേര്‍ന്നതാണോ? ഇന്നത്തെ സമൂഹത്തിന്‍റെ അടിയൊഴുക്കുകള്‍ ലളിതമനസുകള്‍കൊണ്ട് ചിന്തിച്ചാല്‍ മനസ്സിലാകാത്തവിധം സങ്കീര്‍ണ്ണമാണ്. അതു തിരിച്ചറിയാതെ, വിവേകപൂര്‍വ്വം സംസാരിക്കുകയും ഇടപെടുകയും ചെയ്യാതെ, ജനം വികാരംകൊണ്ട് തെരുവിലിറങ്ങിയപ്പോള്‍ നിയന്ത്രണം കൈവിട്ടുപോകുകയും കോഴിക്കോട് സംഭവിച്ചതുപോലെ ഖനി-മണല്‍ മാഫിയകള്‍ നേതൃത്വം ഏറ്റെടുത്ത് അക്രമാസക്തമാവുകയും ചെയ്തു. നിയന്ത്രണം കൈവിട്ടുപോകുന്നുവെന്നു മനസ്സിലായപ്പോള്‍ തെരുവിലിറങ്ങാന്‍ പറഞ്ഞ പിതാക്കന്മാര്‍തന്നെ വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി.
2. വിശ്വാസപരമോ, ധാര്‍മ്മികമോ അല്ലാത്ത സമൂഹത്തില്‍ എല്ലാവരെയും ബാധിക്കുന്ന, പൊതുസമൂഹ-രാഷ്ട്രീയപ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ അതിന് ഒരു മതാത്മക മുഖം കൊടുക്കാതിരിക്കാന്‍ വൈദികരും പിതാക്കന്മാരും ബോധപൂര്‍വ്വം ശ്രദ്ധിക്കേണ്ടതായിരുന്നു. മതത്തിന്‍റെ പ്രകടമുഖമായ പേപ്പല്‍ ഫ്ളാഗുകളുമായി തെരുവില്‍ ഇറങ്ങിയത് ഒരു പൊതുപ്രശ്നത്തെ വര്‍ഗ്ഗീയവത്കരിക്കുന്നതിലും ധ്രൂവീകരിക്കുന്നതിലും കൊണ്ടുചെന്നെത്തിച്ചു. പ്രശ്നത്തിന് മതാത്മക മുഖം കൊടുത്തപ്പോള്‍ അത് കേരള കത്തോലിക്കാസഭയുടെ ശബ്ദമായി പൊതുജനം വ്യാഖ്യാനിച്ചു. എന്നാല്‍ സഭയില്‍തന്നെ നിശബ്ദരോ, എതിര്‍ അഭിപ്രായം ഉള്ളവരോ ധാരാളമുണ്ടെന്നത് കാണാതിരിക്കാനാവില്ലല്ലോ.
3. ഉത്തരവാദിത്വപൂര്‍ണ്ണമായ ചര്‍ച്ചകളും പഠനങ്ങളും നടത്താതെ കാര്യങ്ങളെ വൈകാരിക തലത്തില്‍ സമീപിച്ചു എന്നതാണ് മറ്റൊരാക്ഷേപം. നേതൃത്വത്തിനും അണികള്‍ക്കും അമിത ആവേശവും മൂര്‍ച്ചയുള്ള വാക്കുകളും ഉണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായും വസ്തുനിഷഠപരമായും പറയാനാകാതെ ചാനല്‍ചര്‍ച്ചകളിലും പൊതുസമൂഹത്തിന്‍റെ മുന്‍പിലും വൈദികരും സഭയെ പ്രതിനിധീകരിച്ച് സംസാരിച്ചവരും അപഹാസ്യരാകുന്നത് കാണേണ്ടിവന്നു. റിപ്പോര്‍ട്ടിന്‍റെ കോപ്പികള്‍ മലയാളത്തില്‍ കര്‍ഷകജനതയ്ക്ക് ലഭ്യമാക്കുക, ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് ജനജീവിതത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഗുണകരമാകുന്നത്, റിപ്പോര്‍ട്ടിലുള്ള ഏതൊക്കെ നിര്‍ദ്ദേശങ്ങളോടാണ് എതിര്‍പ്പുള്ളത്, അതിനുള്ള കൃത്യമായ കാരണങ്ങള്‍ എന്തൊക്കെയാണ് എന്നെല്ലാം വിശദീകരിച്ച് പറയുന്നതിന് നേതൃത്വത്തിനോ, സഭാമാധ്യമങ്ങള്‍ക്കോ ഇന്നും സാധ്യമാണെന്ന് തോന്നുന്നില്ല.
4. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സഭയുടെ സ്വന്തമെന്നിരിക്കിലും അവയില്‍ പഠിക്കുന്ന ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാത്ത, തിരിച്ചറിവിന്‍റെ പ്രായമാകാത്ത കുഞ്ഞുങ്ങള്‍ സ്ഥാപനങ്ങളുടെ സ്വന്തമല്ല. അത്രകണ്ട് ഗൗരവമല്ലാത്ത, മനുഷ്യാവകാശലംഘനങ്ങള്‍ ഇല്ലാത്ത, രണ്ട് അഭിപ്രായമുള്ള ഒരു കാര്യത്തിന് അവരെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിക്കുന്നത് വിമോചനകാല ചരിത്രത്തിന്‍റെ ആവര്‍ത്തമാകാനേ ഇടയാകൂ. അന്ന് ഒന്നുമറിയാതെ ആരോ പറഞ്ഞതിന്‍റെ പേരില്‍ തെരുവിലിറങ്ങിയ കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും മുതിര്‍ന്ന പൗരന്മാരായപ്പോള്‍ ആത്മനിന്ദയോടെ പറയുന്നത് കേട്ടിട്ടുണ്ട്: "വിവരമുള്ള പ്രായമായിരുന്നെങ്കില്‍ ഞങ്ങളതു ചെയ്യില്ലായിരുന്നു."
5. കത്തോലിക്കാസഭയ്ക്ക് വളരെ വ്യക്തമായ ഒരു പരിസ്ഥിതി ധാര്‍മ്മികതയുണ്ട്. അതു സഭയുടെ സാമൂഹിക പ്രബോധനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതും ഇപ്പോഴത്തെ മാര്‍പ്പാപ്പയടക്കം ഊന്നിപ്പറഞ്ഞിട്ടുള്ളതും രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം കേരളകത്തോലിക്ക മെത്രാന്‍ സംഘം ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളതുമാണ്. ആ പരിസ്ഥിതി ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ പശ്ചിമഘട്ട പ്രശ്നത്തെ സമീപിക്കുന്നതില്‍ സഭ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. 'കത്തോലിക്ക സഭ പ്രകൃതിക്കെതിരെ' എന്ന ധാരണയില്‍ പൊതുസമൂഹം എത്തിച്ചേരുന്ന അവസ്ഥയുണ്ടായി. 'മാര്‍പ്പാപ്പ ഫ്രാന്‍സിസ് ആണെന്നോര്‍ക്കണം' എന്ന് പൊതുസമൂഹത്തിന് ഓര്‍പ്പിക്കേണ്ടി വന്നു.
. പരിസ്ഥിതിലോല മേഖലകളില്‍ അന്യരാജ്യങ്ങളില്‍നിന്നുള്ള തോട്ടവിളകളും ഏകവിള തോട്ടങ്ങളും അനുവദിക്കില്ലായെന്നു ഗാഡ്ഗില്‍ സമിതി നിര്‍ദേശം കാപ്പിത്തോട്ടങ്ങള്‍ക്കും ബാധകമാകാമെന്നും തത്ഫലമായി ആസന്നഭാവിയില്‍ തന്നെ പശ്ചിമഘട്ടത്തിലെ എല്ലാ തോട്ടങ്ങളും സ്വാഭാവിക വനമാക്കി മാറ്റേണ്ടിവരുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ (ഒന്നാം വോള്യം 101-ാം പേജ്)ചൂണ്ടികാട്ടിയതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2. വന്യമൃഗങ്ങളുടെ കടന്നാക്രമണങ്ങളില്‍നിന്നും പശ്ചിമഘട്ടത്തിലെ മനുഷ്യരുടെ ജീവനും സ്വത്തും കാര്‍ഷിക വിളകളും സംരക്ഷിക്കാന്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ യാതൊരു നിര്‍ദേശവും ഇല്ലാത്തത് അംഗീകരിക്കാനാവുമോ?
3. പശ്ചിമഘട്ടത്തില്‍ വനമെന്ന പേരില്‍ സംരക്ഷിക്കപ്പെടുന്നതില്‍ നാലില്‍മൂന്നു ഭാഗവും തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങളാണ്. വന്‍തോതില്‍ വരള്‍ച്ചയുണ്ടാക്കി മൃഗങ്ങള്‍ക്കു തീറ്റയും വെള്ളവും ഇല്ലാതാക്കി വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിന് ഇടയാക്കുന്നതു പ്രധാനമായും വനത്തിലെ തേക്ക് കൃഷിയാണ്. പശ്ചിമഘട്ടത്തിലെ കര്‍ഷകരുടെ തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കി മാറ്റാന്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കാട്ടിനകത്തെ തേക്കിന്‍ തോട്ടങ്ങള്‍ക്കു പകരം സ്വാഭാവിക വനം ഉണ്ടാക്കണമെന്നു നിര്‍ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നിലപാടെന്താണ്?
-പി. കൃഷ്ണപ്രസാദ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കു ദോഷകരമോ പ്രകൃതിക്കു ഗുണകരമോ തുടങ്ങിയ ചര്‍ച്ചകളൊക്കെ അപ്രസക്തമായി. പരിസ്ഥിതിയെക്കാള്‍ വലുത് മനുഷ്യരാണെന്ന കാഴ്ചപ്പാടില്‍ ഏതാണ്ട് എല്ലാവരുമെത്തിച്ചേര്‍ന്നു.... എന്താണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും ആ റിപ്പോര്‍ട്ട് നടപ്പിലായാല്‍ എന്തു സംഭവിക്കുമെന്നും ഒരുത്തനും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആളുകളെ പറഞ്ഞുധരിപ്പിച്ചിരിക്കുന്നത് പ്രകാരം റിപ്പോര്‍ട്ട് നടപ്പായാല്‍ നല്ലൊരു ശതമാനം ആളുകളെയും സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച് തെരുവിലിറക്കും. കുടിയൊഴിപ്പിക്കപ്പെടാത്തവര്‍ക്ക് അവരുടെ ഭൂമിയില്‍ കൃഷിചെയ്യാനോ പശുക്കളെ മേയ്ക്കാനോ വിളവെടുക്കാനോ അവകാശമുണ്ടായിരിക്കില്ല. റിപ്പോര്‍ട്ട് നടപ്പായതിനു ശേഷം പറമ്പ് വില്‍ക്കാന്‍ ശ്രമിക്കുകയോ പറമ്പിലെ തടിവെട്ടി വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ ജയിലില്‍ പോകും. മൊത്തത്തില്‍ നാടെല്ലാം കാടാക്കി മാറ്റാനുള്ള ഗൂഢപദ്ധതിയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്...
ഇവിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാകുന്ന 123 വില്ലേജുകള്‍ക്ക് എന്തു സംഭവിക്കും എന്നു പറയാനാവാതെ എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനകളിറക്കി കസ്തൂരിരംഗനെ കോണ്‍ഗ്രസ് വിരുദ്ധവോട്ട് ബാങ്കാക്കി, അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതെങ്ങനെയെന്നാലോചിക്കുന്ന എല്‍. ഡി. എഫും സംഗതി എന്താണെന്ന് ഒരു പിടിയും കിട്ടാതെ നില്ക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഈ പ്രദേശത്തെ ജനപ്രതിനിധികളുമാണ് മൊത്തത്തില്‍ ഈ പ്രശ്നങ്ങളുടെ ഉത്തരവാദികള്‍ എന്നു നിസ്സംശയം പറയാം...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ഉപദ്രവിക്കാനുള്ളതല്ല പരിസ്ഥിതിയെ സംരക്ഷിക്കാനുള്ളതാണ് എന്ന സത്യം അംഗീകരിച്ചാല്‍തന്നെ അടിസ്ഥാനപരമായുള്ള വിദ്വേഷവും ശത്രുതാ മനോഭാവവും അവസാനിപ്പിക്കാം. മലയോരമേഖലയില്‍ ഖനനം നടത്തുന്നതും പാറമട നടത്തുന്നതും താപവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതും 20,000 ചതുരശ്ര അടിയില്‍ കവിഞ്ഞ കെട്ടിടങ്ങളും 50 ഹെക്ടറിലധികം വിസ്താരമുള്ള ടൗണ്‍ഷിപ്പുകളും നിര്‍മ്മിക്കുന്നവരെ മലയോരകര്‍ഷകരെന്നു വിളിക്കുന്നത് അതിവിനയമാണ്. മലയോരകര്‍ഷകര്‍ ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ ഇവിടെ നടന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളുമെല്ലാം അര്‍ത്ഥശൂന്യവുമാണ്. ആവേശം കൊള്ളിക്കുന്ന ലേഖനങ്ങള്‍ ചമയ്ക്കുന്ന അത്ര എളുപ്പമല്ലെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണെന്നു വായിച്ചുമനസ്സിലാക്കുന്നത് അത്ര ക്ലേശകരമായ കാര്യമല്ല.
കുറിപ്പ്: ഐസ്ലാന്‍ഡില്‍ ഞണ്ടുകള്‍ പാലായനം ചെയ്യുന്ന സീസണില്‍ ദേശീയപാത തന്നെ അടച്ച് അവയുടെ പരിസ്ഥിതി സംരക്ഷിക്കുന്ന അവിടുത്തെ സര്‍ക്കാരിന്‍റെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത ഇന്ത്യയിലെ ഭരണാധികാരികള്‍ക്കില്ല എന്നു പണ്ട് ആവേശപൂര്‍വ്വം പറഞ്ഞ ഒരച്ചായന്‍, പശ്ചിമഘട്ടം ഉള്‍പ്പെടെ ഭൂമിയില്‍ ഓരോ കോണും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണെന്നും എല്ലാത്തിലും വലുത് മനുഷ്യനാണെന്നും പറഞ്ഞ് കസ്തൂരിരംഗന്‍റെ തന്തയ്ക്കു വിളിക്കുന്നത് കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനിരയാവുന്ന 123 വില്ലേജുകളിലൊന്നില്‍ സകലസ്ഥാവരജംഗമവസ്തുക്കളും ഉള്‍പ്പെടുന്നവനാണ് ഞാനും. ഇടുക്കിയിലും വയനാട്ടിലും ജീവിക്കാത്തവരും നഗരങ്ങളില്‍ താമസിക്കുന്നവരും ഫ്രോഡുകളാണ് എന്ന വാദത്തിന് അടിസ്ഥാനമില്ല. നമുക്കും വരുംതലമുറകള്‍ക്കും വെള്ളവും വായുവും ലഭിക്കുന്നതിനുവേണ്ടി ഇപ്പോള്‍ അല്പം പരിസ്ഥിതി സ്നേഹമാകാം എന്നു പറയുന്നവരെ കര്‍ഷകവിരോധികളെന്നു വിളിക്കുന്നവരാണ് യഥാര്‍ത്ഥഫ്രോഡുകള്‍.
-ബെര്‍ലി തോമസ്