news-details
മറ്റുലേഖനങ്ങൾ

ജോര്‍ജ് അഗസ്റ്റിന്‍ എന്ന ദൈവശാസ്ത്രജ്ഞന്‍റെ ക്രൈസ്തവ വീക്ഷണം

സുവിശേഷത്തിന്‍റെ സംസ്കാരം രൂപപ്പെടുത്തു കയാണ് ക്രൈസ്തവജീവിതത്തിന്‍റെ പ്രായോഗി കത. അതിന്‍റെ ആദ്യപടി 'സംസ്കാരത്തെ' 'സുവിശേഷീകരിക്കുക' എന്നതാണ്. 'സംസ്കാരം' എന്നതുകൊണ്ട് നമ്മുടെ ജീവിത ചുറ്റുപാടിനെ യാണ് ഇവിടെ വിവക്ഷിക്കുക, അല്ലാതെ 'ഗ്രീക്കോ-റോമന്‍' സംസ്കാരം പോലെ ഒന്ന് എന്ന നിലയിലല്ല എന്ന് വിശദമാക്കട്ടെ. പ്രത്യേകിച്ചും 'സുവിശേഷവത്കരണം' എന്ന ആഹ്വാനവുമായി ബന്ധപ്പെട്ട്, 'സംസ്കാരം' എന്ന സംജ്ഞ ഒട്ടേറെ തെറ്റിദ്ധാരണകള്‍ക്കു വഴിവെച്ചിട്ടുള്ളതാണ്. സംസ്കാരത്തിന് ഒരു 'സാംഗത്യവും സ്വത്വവും' (Relevance  and  Identity)) ഉണ്ട്. ഈ തനിമയാണ് സംസ്കാരത്തിന്‍റെ കാതല്‍. തത്വത്തില്‍, ഓരോ സംസ്കാരത്തിനും തനിമ അവകാശപ്പെടാമെങ്കിലും, ചരിത്ര പഠനങ്ങള്‍ നല്‍കുന്ന ദിശാസൂചന, തനിമവാദം ഒരു 'മിത്ത്' ആണെന്നതാണ്. കാരണം, 'കൊടുക്കല്‍ - വാങ്ങലുകളുടെ' ഒരു പാരസ്പര്യം എല്ലാ സംസ്കാരങ്ങളിലും ഉണ്ടെന്നുള്ളതുകൊണ്ടു തന്നെ. അതുകൊണ്ടു മനുഷ്യന്‍റെ ജീവിതവീക്ഷണത്തെ പൊതുവിലും, അവന്‍റെ  ഏറ്റവും അടുത്ത ജീവിതപരിസരത്തെ സൂക്ഷ്മമായും ഒരു സംസ്കാരം എന്നു വിളിക്കാം. ഇതിന്‍റെ വെളിച്ചത്തില്‍ ക്രൈസ്തവ ജീവിതം ഒരു സംസ്കാരമായും മനസ്സിലാക്കാവുന്നതാണ്. കേവലം വ്യക്തിപരമായി മാത്രമല്ല, മറിച്ച്, ഒരു സമൂഹം എന്ന നിലയില്‍ കൂടി 'സ്വതഃസിദ്ധമായ' ഒരു ക്രൈസ്തവ സ്വത്വബോധം പുലര്‍ത്തിയിരുന്നവരാണ് യൂറോപ്യന്‍ ജനത. അത് സ്വയംഭൂ ആയി ഉടലെടുത്തതല്ല. മതം എന്ന ഏകതാനത മാത്രമായല്ല, മറിച്ചു  ചരിത്രവും കലയും തത്വചിന്തയും രാഷ്ട്രീയവും ഒക്കെയായ നിരവധി അടരുകളുള്ള ഒരു പ്രതിഭാസമാണ്. (രാമായണവും മഹാഭാരതവും ഭാരതത്തെ ചൂഴ്ന്നു നില്‍ക്കുന്നപോലെ.) ഈ ഉത്തരാധുനിക കാലഘട്ടത്തില്‍ ക്രൈസ്തവ വിശ്വാസം യൂറോപ്യന്‍ സംസ്കാരത്തിന് 'പുറത്തായി' എന്ന കേവലമായ വിലയിരുത്തലാണുള്ളത്. എന്നാല്‍, ക്രൈസ്ത വികമായ ദര്‍ശനങ്ങള്‍ നീതിബോധമായും, ധര്‍മ്മ ശാസ്ത്രമായും യൂറോപ്യന്‍ സംസ്കാരത്തില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്  എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നിരുന്നാലും, ഒരു കാലഘട്ടത്തെ നിര്‍മിക്കുകയും, ജനസാമാന്യത്തിന്‍റെ പരിപൂര്‍ണമായ പങ്കാളിത്തവും ഉണ്ടായിരുന്ന കത്തോലിക്കാ സഭ ഇന്ന് യൂറോപ്പില്‍ പൊടുന്നനെ അന്യം നിന്ന് പോകാവുന്ന ഒരു സന്ദിഗ്ധ ഘട്ടത്തിലാണുള്ളത്.

രണ്ടാം ലോകമഹായുദ്ധവും ഹോളോകോസ്റ്റും കഴിഞ്ഞുള്ള കാലഘട്ടത്തില്‍, മാര്‍ട്ടിന്‍ ഹെയ്ഡഗര്‍, അഡോര്‍ണോ തുടങ്ങിയ ജര്‍മന്‍ ചിന്തകര്‍, ചരിത്രത്തിനു അന്ന് വരെ ഉണ്ടായിരുന്ന 'ദൈവികവും മാനുഷികവുമായ ഒരു നിര്‍മിതി' എന്ന സ്വരൂപത്തെ സംശയത്തോടെ നോക്കിക്കണ്ടു. ഈ പ്രമാണികത്വം ഒരുവന്‍റെ സ്വത്വത്തിന്‍റെ നൈസര്‍ഗികമായ ആത്മ-നിര്‍മ്മിതിക്ക് വിഘാതമാണെന്നാണ് വാദം. ഒരു അന്തിമ തീര്‍പ്പിലേക്കോ, ഒരു സംഭവത്തിലേക്കോ ചുരുക്കാതെ (decision - Ent-scheidung and enowning event - Ereignis), പഴമയോടും - പുതുമയോടും പ്രതികരിച്ചുകൊണ്ട് സ്വത്വത്തിന്‍റെ അന്തര്‍ലീനമായ ഭാവിയെ നോക്കികൊണ്ടുള്ള ഒരു ഇടപെടലാണ് ചരിത്രനിര്‍മിതി എന്നാണ് ഹെയ്ഡഗ്ഗറിന്‍റെ ചരിത്രാവലോകനം. ഈ നിരീക്ഷണം, സംസ്കാരത്തെയും സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്. ഈ ഒരു തത്വശാസ്ത്രപരമായ നിലപാട് ദൈവത്തെ ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റി എന്നുവേണം പറയാന്‍. സ്വതഃസിദ്ധമായിരുന്ന ഒരു ദൈവസങ്കല്പത്തെ മനുഷ്യന്‍റെ  ചരിത്രഗതിയില്‍ നിന്നും തുടച്ചുനീക്കാന്‍ ഈ നിരീക്ഷണത്തിനു സാധിച്ചു.  ഫ്രഡറിക് നീച്ചേ 'കൊന്ന' ദൈവത്തെ, ഹെയ്ഡഗ്ഗര്‍ 'അടക്കി' എന്നു വേണം പറയാന്‍. എന്നാല്‍  അവശേഷിച്ചതാകട്ടെ മനുഷ്യന്‍റെ പരമമായ  'അന്യവത്കരണവും.' ഇങ്ങനെയുള്ള നിലയില്‍ എങ്ങനെയാണ്  ദൈവശാസ്ത്ര ത്തിനു മുന്നോട്ടു പോകാന്‍ കഴിയുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും 'ലീനിയര്‍' മാത്രം ആയ വ്യാഖ്യാനമാണ്, ചരിത്ര ത്തിന്‍റെ വ്യാഖ്യാതാക്കളായ തത്വചിന്തകന്മാര്‍, പ്രത്യേകിച്ചും നാസ്തിക ചിന്തകന്മാര്‍ നല്‍കുന്നത്. എന്നാല്‍, ഇതോടൊപ്പം  അനുഭവജ്ഞാനാതീതമായ transendental) ഒരു വ്യാഖ്യാനം ചരിത്രത്തെയും സംസ്കാരത്തെയും സമഗ്രമായി കാണാന്‍ നമ്മെ സഹായിക്കുന്നു. സംസ്കാരത്തിന് ഈTransendenceനോടുള്ള തുറവിയിലൂടെയാണ് ചരിത്രത്തില്‍ ദൈവത്തെ നാം പുനഃപ്രതിഷ്ഠിക്കുന്നത്. ക്രൈസ്തവ ചരിത്രത്തില്‍ ഈ 'പുനഃപ്രതിഷ്ഠ' നടന്നതോ രണ്ടാം വത്തിക്കാന്‍ സൂനഹ ദോസിലൂടെയും. തത്വചിന്താപരമായും ദൈവശാ സ്ത്രപരമായും നിയോ-സ്കോളാസ്റ്റിസിസത്തിന്‍റെ ചുവടു പിടിച്ചു മാത്രം ലോകത്തെയും, ദൈവത്തെയും വ്യാഖ്യാനിച്ചതില്‍ നിന്നും വ്യത്യസ്തമായി, നിരവധി അടരുകളുള്ള ആധുനിക ചിന്താധാരകളോട്  ചേര്‍ത്തും പേര്‍ത്തും, കലഹിച്ചുമാണ് സൂനഹദോസിന്‍റെ പ്രമാണരേഖകള്‍ വിരചിതമായിരിക്കുന്നത്. ചില പാരമ്പര്യവാദികള്‍ക്കു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍  കത്തോലിക്കാ വിശ്വാസത്തിനു സംഭവിച്ച പിഴവാണെന്നും, എന്നാല്‍ കൗണ്‍സില്‍ പിതാക്കന്മാര്‍ക്കു ഇത് ലോകത്തോ ടുള്ള സഭയുടെ തുറവിയാണെന്നുമാണ് പക്ഷം. ഈ സൂനഹദോസിനു നാളിതുവരെയുള്ള സഭാചരിത്രത്തോടു ഒരേ സമയം 'തുടര്‍ച്ചയും' എന്നാല്‍ 'നവീകരണത്തോടുള്ള' ആഹ്വാനവുമുണ്ട്. ഈ കൗണ്‍സിലിന്‍റെ വെളിച്ചത്തിലും നിഴലിലുമാണ് നാം ചരിത്രത്തെയും സംസ്കാരത്തെയും ദൈവശാസ്ത്രത്തെയും നോക്കികാണുന്നത്. മനുഷ്യകേന്ദ്രീ കൃതവും എന്നാല്‍ മനുഷ്യനിര്‍മ്മിതവും അല്ലാത്ത ഒരു ദൈവസങ്കല്പമാണ് 'വിശ്വാസവും വെളിപാടും' നമുക്ക് നല്‍കുന്നത്. ക്രൈസ്തവികതയുടെ കേന്ദ്രം എന്നത് യേശുക്രിസ്തു എന്ന ദൈവ-മനുഷ്യന്‍ ആണെന്നതും, യേശുക്രിസ്തു, മനുഷ്യരുടെ അന്വേ ഷണത്തിന്‍റെ ഉത്തരമല്ലെന്നും; എന്നാല്‍ മനുഷ്യ വംശം യേശുക്രിസ്തുവിന്‍റെ അന്വേഷണത്തിന്‍റെ ഉത്തരമാണെന്നതുമാണ്. അതായത്, വെളിപാട് എന്നത് നാം ദൈവത്തെ അന്വേഷിക്കുകയല്ല, മറിച്ചു, ദൈവം നമ്മെ അന്വേഷിച്ചു കണ്ടെത്തുകയാ ണെന്നതാണ്. ഈ ദൈവ-മനുഷ്യ കൂടികാഴ്ചയാണ് ക്രൈസ്തവദര്‍ശനം, അതിന്‍റെ ആവിഷ്കാരം സംഭവിക്കുന്നതാകട്ടെ നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും. ക്രൈസ്തവര്‍ ലോകത്തില്‍ വിവിധ 'സംസ്കാരങ്ങളിലും,' രാഷ്ട്ര സംവിധാന ങ്ങളിലും ആയി വ്യാപിച്ചു കിടക്കുകയാണ്. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനം എന്ന  'പേപ്പല്‍ സ്റ്റേറ്റ്സ്' -ന്‍റെ നിലയില്‍ നിന്നും  സഭ, ലോകത്തിന്‍റെ 'ധാര്‍മിക' ശബ്ദമായി മാറി. ഇന്നത് ചരിത്രത്തെയും, സംസ്കാരത്തെയും സ്വാധീനിക്കുന്ന സുവുശേഷത്തിന്‍റെ 'പുളിപ്പായി' മാറി.

യൂറോപ്യന്‍ സംസ്കാരത്തിന്‍റെ മതാത്മകമായ ചരിത്രഗതിയുടെ ഈ സന്ദിഗ്ധഘട്ടത്തിലും, 'നവീകരിക്കപ്പെട്ട' അല്ലെങ്കില്‍ 'നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന' സഭയുടെ പശ്ചാത്തലത്തിലുമാണ് 'കരുണയുടെ ദൈവശാസ്ത്രം' പിറവിയെടുക്കുന്നത്. എല്ലാ വ്യാഖ്യാനങ്ങളും ചരിത്രഗന്ധിയാണ്. ലാറ്റിന്‍ അമേരിക്കന്‍ സഭയുടെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ 'ജന്മി-കുടിയാന്‍' എന്ന  ഒരു മാര്‍ക്സിയന്‍ ഹെര്‍മന്യുറ്റിക് ആണ്preferential option  for  the  poor' എന്ന ദര്‍ശനത്തിലൂടെ  മുമ്പോട്ടുവക്കുന്നത്. വെറുപ്പിന്‍റെയോ അക്രമത്തിന്‍റെയോ നേരിയ ലാഞ്ഛന പോലും സുവിശേഷം അക്രമിയോടുപോലും കാണിക്കുന്നില്ല എന്നതാണ് സുവിശേഷത്തിന്‍റെ പ്രത്യേകത. കരുണയാണ് ക്രിസ്തു, അവന്‍റെ സുവിശേഷമോ നിസ്സീമമായ കാരുണ്യവും. ആ സുവിശേഷത്തെ അക്ഷരംപ്രതി പാലിച്ചതുകൊണ്ടാണ്, ഫ്രാന്‍സിസ് തന്‍റെ ശിഷ്യന്മാരെ, ക്രിസ്തു അയക്കുന്നതുപോലെ അയയ്ക്കുന്നത്. സഹോദരന്മാര്‍ ഹിംസക്കു ഇരകളാകാം, എന്നാല്‍ ഹിംസക്കു കാരണമാകരുത്' എന്നൊരു 'നവ' സുവിശേഷ വ്യാഖ്യാനമാണ് നാം ഫ്രാന്‍ സിസിന്‍റെ  ഈ രീതിയില്‍ നിന്നും വായിച്ചെടുക്കുന്നത്. പരമമായ നീതിയില്‍ അധിഷ്ഠിതമായ ഒരു സംസ്കാരം ഇന്നും അകലെയാണ്. എന്നാല്‍ സ്നേഹവും കാരുണ്യവും ഒരു സംസ്കാരത്തിന്‍റെ കാതല്‍ ആണെന്നതാണ് കേരളത്തിലെ പാലാ-രാമ പുരത്തു ജനിച്ച,pallotine സഭാ വൈദികനും, ജര്‍മനിയില്‍ ദൈവശാസ്ത്ര പണ്ഡിതനും അനേക ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോര്‍ജ് അഗസ്റ്റിന്‍റെ പക്ഷം.

മേല്‍വിവരിച്ച ചരിത്ര-സാംസ്കാരിക  പശ്ചാത്തലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, തന്‍റെ രചനകളില്‍, സംസ്കാരത്തെ എങ്ങനെ ക്രൈസ്തവ വിശ്വാസം സ്വാധീനിക്കുകയും, ഫലം നല്‍കുകയും ചെയ്യുന്നു എന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. സംസ്കാരവും സുവിശേഷവും തമ്മില്‍ ഒരു വിള്ളല്‍ അല്ല മറിച്ചു, സൗഖ്യപ്പെടുത്തുന്ന ഒരു സമാഗമം സംഭവിക്കുകയാണ്. സുന്ദരവും, ഉദാത്തവുമായതിലേക്കു ഒരുവനെ സംസ്കാരം ക്ഷണിക്കു ന്നെങ്കില്‍, വിശ്വാസം ഒരുവനെ ദൈവത്തിലേക്കും, അനുഭവജ്ഞാനാതീതവും സമഗ്രവുമായ ദര്‍ശനത്തിലേക്കും, അതുവഴിയായി രൂപപ്പെടുന്ന മൂല്യ ബോധത്തിലേക്കും നയിക്കും. ദൈവ വിശ്വാസവും, തന്‍റെ സംസ്കാരത്തോടുള്ള (ലോകം) ഉത്തരവാദിത്വവും സത്യസന്ധമായ ഒരു ലോകനിര്‍മിതിക്കു നിദാനമാകും. ദൈവത്തെ അകറ്റുന്ന ഒരു സംസ്കാരം നമ്മെ കൊണ്ടെത്തിക്കുന്നതു അനീതിയിലും, ഉത്തരവാദിത്തമില്ലാത്ത, ഭീതിപ്പെടുത്തുന്ന 'സ്വാതത്ര്യത്തി'ലേക്കുമായിരിക്കും. നമ്മുടെ ഉറവിടമായ ഒരു ദൈവാവബോധം മനുഷ്യസഹജമായ ആശങ്കകളെ ദൂരീകരിക്കുകയും, സ്വത്വബോ ധത്തിനു ബലം നല്‍കുകയും ചെയ്യും. വിശ്വാസവും സംസ്കാരവും തമ്മിലുള്ള ഈ സംവാദം ആധുനിക കാലത്തിന്‍റെ മുഖമുദ്രയാക്കേണ്ടതുണ്ട് എന്നാണ് ജോര്‍ജ് അഗസ്റ്റിന്‍റെ പക്ഷം. അതിന്‍റെ വളരെ പ്രായോഗിക സുവിശേഷ ദര്‍ശനമാണ്, 'ജീവിതത്തിന്‍റെ അതിരുകളുടെ അസ്തിത്വത്തെക്കുറിച്ചു' ഫ്രാന്‍സിസ് പപ്പയുടെ ചിന്തയും ശ്രദ്ധയും എന്ന് ജോര്‍ജ് അഗസ്റ്റിന്‍ നിരീക്ഷിക്കുന്നുണ്ട്. ഈ പെരിഫറിയെ വിലമതിക്കുന്നതാണ് സുവി ശേഷ ദര്‍ശനവും, സംസ്കാരത്തിന്‍റെ സുവിശേഷവത്കരണത്തിന്‍റെ ആദ്യപടിയും. ക്രൈസ്തവ ജീവിതത്തിന്‍റെയും, ദര്‍ശനത്തിന്‍റെയും 'ഉറവിടവും ഉച്ചസ്ഥായിയുമായ' വിശുദ്ധ കുര്‍ബാനതന്നെയാണ് ജോര്‍ജ് അഗസ്റ്റിന്‍റെയും ദൈവശാസ്ത്രത്തിന്‍റെ കാതല്‍. യേശുവിന്‍റെ സ്നേഹവും കാരുണ്യവും വിശ്വാസി അനുഭവിക്കുന്നതാകട്ടെ കുര്‍ബാ നയിലൂടെയാണ്. അപ്പമാകുന്ന യേശുവിന്‍റെ മാതൃകയിലാണ് ഒരുവന്‍ കാരുണ്യപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത്.

ഇത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ലോകത്തോടുള്ള കടമയും ദര്‍ശനവുമാണ്. കൗണ്‍സില്‍ രേഖകളുടെ പ്രയോഗവത്കരണവും തുടര്‍ച്ചയുമാണ് സംസ്കാരത്തിന്‍റെ ഈ പെരിഫെറിയില്‍, സ്നേഹവും, കരുണയുമായ യേശുക്രിസ്തുവിന്‍റെ സുവിശേഷം എത്തിക്കുക എന്നത്. ദരിദ്രരുടെയും പാപികളുടെയും അരികിലേക്ക് യേശു ചെന്ന പോലെ, ഇന്നത്തെ ലോകത്തിലേക്കുള്ള ക്രിസ്തുവിന്‍റേയും, സഭയുടെയും ക്ഷണമാണ് 'സുവിശേഷ വത്കരണം.' അതാകട്ടെ, സത്യത്തിന്‍റെ സൂക്ഷിപ്പുകാര്‍ എന്ന അഹങ്കാര ഭാവത്തിലല്ല, മറിച്ചു സത്യത്തിന്‍റെ സേവകര്‍ എന്ന നിലയിലുള്ള വിനീത ഭാവത്തിലും. 'ദീപ്തമായ ഒരു വിശ്വാസത്തിനു മാത്രമേ ഒരു സംസ്കാരത്തെ കരുപ്പിടിപ്പിക്കാനാകൂ' എന്നാണ്  ജോര്‍ജ് അഗസ്റ്റിന്‍റെ നിരീക്ഷണം. അങ്ങനെ രൂപംകൊള്ളുന്ന ഒരു സംസ്കാരം ക്രൈസ്തവ വിശ്വാസത്തിന്‍റെ സ്നേഹവും, കാരുണ്യവും പ്രതിബിംബിക്കുന്ന ഒരു സംസ്കാരമാകും. നീതിയില്‍ അധിഷ്ഠിതമായ ഒരു ലോകം, അപ്രാപ്യമാണെങ്കിലും, കരുണയില്‍ അധിഷ്ഠിതമായ ഒരു ലോകം ക്രിസ്തുവിന്‍റെ സുവിശേഷത്തോട് ചേര്‍ന്ന് പോകു ന്നതാണെന്നതാണ്, അനേകരുടെ ഗുരുവും, വഴിവിളക്കുമായ 'കരുണയുടെ ദൈവശാസ്ത്രജ്ഞന്‍റെ' ദൃഢവിശ്വാസം.

ചരിത്രത്തെയും സംസ്കാരത്തെയും, ക്രിസ്തു ദര്‍ശനം കൊണ്ട് മാറ്റുകൂട്ടുന്ന അനേകം അടരു കളുള്ള ജ്ഞാന സങ്കേതം, ജോര്‍ജ് അഗസ്റ്റിന്‍ തന്‍റെ കാല്‍ നൂറ്റാണ്ടില്‍ മേലെയുള്ള തത്വ-ദൈ വശാസ്ത്ര ദര്‍ശനങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്. ജര്‍മനിയിലെ പ്രശസ്തമായ ഠയശിഴലി യൂണിവേഴ്സിറ്റിയില്‍ വാള്‍ട്ടര്‍ കര്‍ദിനാള്‍ കാസ്പെറിന്‍റെ കീഴില്‍ പഠിക്കുകയും, പിന്നീട് തന്‍റെ ഗുരുവിന്‍റെ പേരില്‍, 'ദൈവശാസ്ത്രം, സഭൈക്യം, ആധ്യാത്മികത' എന്നീ വിഷയങ്ങള്‍ക്കായുള്ള  ഒരു റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട് (Cardinal  Walter  Kasper  Institut, Germany) സ്ഥാപിക്കുകയും ചെയ്തു. അതോടൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍റെയും, മദര്‍ തെരേസയുടെയും പേരിലുള്ള മറ്റൊരു റിസര്‍ച്ച് സെന്‍റര്‍ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ചിട്ടുമുണ്ട്. 2008 മുതല്‍ സഭൈക്യത്തിനും, വൈദിക ര്‍ക്കും, മതബോധനത്തിനുമുള്ള വിവിധ പൊന്തിഫിക്കല്‍ കൗണ്‍സിലുകളുടെ കണ്‍സള്‍റ്റന്‍റ് ആയും പ്രവര്‍ത്തിച്ചുവരുന്നു. പതിനഞ്ചോളം ഭാഷകളില്‍ ജോര്‍ജ് അഗസ്റ്റിന്‍റെ പുസ്തകങ്ങള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയില്‍ തന്‍റെ ഔദ്യോഗികമായ യൂണിവേഴ്സിറ്റി പ്രൊഫസര്‍ പദവിയില്‍ നിന്നും വിരമിക്കുന്ന, എന്നാല്‍ തുടര്‍ന്നും തന്‍റെ രചനകളിലൂടെ ക്രൈസ്തവ ദര്‍ശനത്തിനു, സംസ്കാരത്തിലേക്ക് 'ചാലുവെട്ടുന്ന' പ്രിയ ഗുരുവിനു കൃതജ്ഞതാ നിര്‍ഭരമായ പ്രണാമം. 

You can share this post!

മൗനം

സഖേര്‍
അടുത്ത രചന

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
Related Posts