news-details
മറ്റുലേഖനങ്ങൾ

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് - എന്താണ് ഈ രോഗം?

"എന്തൊരു കാലു വേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താന്‍ വയ്യാത്തപോലെ." രാവിലെ എണീറ്റ് അടുക്കളയില്‍ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടുമുക്കാല്‍ വ്യക്തികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഉപ്പൂറ്റി വേദന. എന്താണിതിനു കാരണം എന്ന് നോക്കാം.

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് (Plantar fasciitis) - പേരുപോലെ തന്നെ പ്രശ്നക്കാരനായ ഒരു രോഗാവസ്ഥയാണിത്. കുതികാല്‍ / ഉപ്പൂറ്റി   വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്. ഓരോ പാദത്തിന്‍റെയും അടിയിലൂടെ കടന്നുപോകുന്ന, കുതികാല്‍ അസ്ഥിയെ കാല്‍വിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിന്‍റെ (പ്ലാന്‍റാര്‍ ഫേഷ്യ) വീക്കം ആണ് ഇതിനു കാരണം. പ്ലാന്‍റാര്‍ ഫേഷ്യ ഒരു ഷോക്ക് അബ്സോര്‍ബറായി പ്രവര്‍ത്തിക്കുകയും നമ്മുടെ പാദത്തിന്‍റെ കമാനത്തെ പിന്തുണയ്ക്കുകയും നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് സാധാരണയായി കുത്തുന്ന വേദനയ്ക്ക് കാരണമാകുന്നു, ഇത് സാധാരണയായി രാവിലെ എണീക്കുമ്പോള്‍ തുടങ്ങുന്ന ആദ്യ ചുവടുകളില്‍ സംഭവിക്കുന്നു. എന്നാല്‍ എഴുന്നേറ്റു ചലിച്ചുതുടങ്ങുമ്പോള്‍, വേദന സാധാരണഗതിയില്‍ കുറയുന്നു, പക്ഷേ ദീര്‍ഘനേരം നിന്നതിന് ശേഷമോ അല്ലെങ്കില്‍ ഇരുന്നതിനുശേഷം എഴുന്നേറ്റു നില്‍ക്കുമ്പോഴോ അത് തിരിച്ചെത്തിയേക്കാം. ഓട്ടക്കാരിലും അമിതഭാരമു ള്ളവരിലും ഇത് സാധാരണമാണ്.

ഏറ്റവും സാധാരണമായ ഓര്‍ത്തോപീഡിക് പരാതികളില്‍ ഒന്നാണ് പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്. നമ്മുടെ പ്ലാന്‍റാര്‍ ഫേഷ്യലിഗ്മെന്‍റുകള്‍ക്കു നമ്മുടെ ദൈനംദിന ജീവിതത്തില്‍ ധാരാളം തേയ്മാനങ്ങള്‍ നേരിടേണ്ടതായി വരുന്നു. നമ്മുടെ പാദങ്ങളില്‍ അമിതമായ സമ്മര്‍ദ്ദം വരുമ്പോള്‍ അസ്ഥിബന്ധങ്ങള്‍ക്ക് കേടുവരുകയോ കീറുകയോ ചെയ്യുന്നു. ഇത് പ്ലാന്‍റാര്‍ ഫേഷ്യ വീക്കത്തിനു കാരണമാവുകയും, വീക്കം കുതികാല്‍ വേദനയ്ക്കും കാഠിന്യത്തിനും കാരണമാകുകയും ചെയ്യുന്നു.

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്സിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് ഉള്ളവരുടെ പ്രധാന പരാതി കുതികാല്‍ അടിയിലോ ചിലപ്പോള്‍ അടിയുടെ മധ്യഭാഗത്തോ വേദനയാണ്. ഇത് സാധാരണയായി ഒരു പാദത്തെ മാത്രമേ ബാധിക്കു കയുള്ളൂ, എന്നാല്‍ ചിലപ്പോള്‍ ഇത് രണ്ട് പാദങ്ങളെയും ബാധിക്കുന്നു.

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്സില്‍ നിന്നുള്ള വേദന കാലക്രമേണ വര്‍ധിച്ചുവരുന്നു. വേദന മങ്ങിയതോ മൂര്‍ച്ചയുള്ളതോ ആകാം. ചിലര്‍ക്ക് കുതികാല്‍ മുതല്‍ പുറത്തേക്ക് നീണ്ടുകിടക്കുന്ന പാദത്തിന്‍റെ അടിഭാഗത്ത് കത്തുന്നതായ  പ്രതീതിയോ വേദനയോ അനുഭവപ്പെടുന്നു. കിടക്കയില്‍ നിന്ന് നിങ്ങളുടെ ആദ്യ ചുവടുകള്‍ എടുക്കുമ്പോഴോ അല്ലെങ്കില്‍ നിങ്ങള്‍ കുറച്ച് നേരം ഇരിക്കുകയോ കിടക്കുകയോ ചെയ്തിട്ട് എഴുന്നേല്‍ക്കുമ്പോഴോ  വേദന സാധാരണയായി  വഷളാകും. കുതികാല്‍ കാഠിന്യം കാരണം പടികള്‍ കയറുന്നത് വളരെ ബുദ്ധിമുട്ടായി തീരുന്നു. നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിനു ശേഷം, വര്‍ദ്ധിച്ച പ്രകോപനം അല്ലെങ്കില്‍ വീക്കം കാരണം വേദന കൂടും. പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  ഉള്ള ആളുകള്‍ക്ക് സാധാരണയായി പ്രവര്‍ത്തന സമയത്ത് വേദന അനുഭവിച്ചേക്കില്ല, മറിച്ച് നിര്‍ത്തിയതിനുശേഷമാണ് വേദന ദുസ്സഹമായി തോന്നുന്നത്.

എന്താണ് പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്സിന് കാരണമാകുന്നത്, ആരിലാണ് ഇത് കൂടുതലായി കാണുന്നത്?

പ്ലാന്‍റര്‍ ഫേഷ്യ ലിഗ്മെന്‍റിന്‍റെ അമിതമായ സ്ട്രെച്ചിംഗ്  അല്ലെങ്കില്‍ അമിതമായ ഉപയോഗ ത്തിന്‍റെ ഫലമായി പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  സംഭവിക്കുന്നു, എന്നിരുന്നാലും ഫേഷ്യ ടിഷ്യു വിലെ ചെറിയ വിള്ളല്‍ വരെ വേദനയ്ക്ക് കാരണമാകും. നിങ്ങളുടെ പാദത്തിന്‍റെ ഘടനയും പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  ഉണ്ടാവുന്നതിനു കാരണമാവാം. 40 നും 70 നും ഇടയില്‍ പ്രായമുള്ള സജീവരായ പുരുഷന്മാരിലും സ്ത്രീകളിലും പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യ യിറ്റിസ് വരാനുള്ള  സാധ്യത ഏറെയാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലും ഇത് അല്‍പ്പം കൂടുതലാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പലപ്പോഴും പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയുടെ അവസാനത്തില്‍.

അപകടസാധ്യത ഘടകങ്ങള്‍

ഇനിപ്പറയുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്:

1. അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി.

ഇത് മൂലം പ്ലാന്‍റാര്‍ ഫെയ്ഷ്യ ലിഗ്മെന്‍റുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും രോഗാവസ്ഥക്കു കാരണമാവുകയും ചെയ്യുന്നു.

2. ദീര്‍ഘദൂരം ഓടുന്നയാള്‍ ആണെങ്കില്‍.

3. ഒരു ടീച്ചറായി ജോലിചെയ്യുകയോ അതോ റസ്റ്റോറന്‍റ് സെര്‍വര്‍ ആയിരിക്കുന്നതോ അല്ലെങ്കില്‍ ഒരു കണ്ടക്ടര്‍ അല്ലെങ്കില്‍ ഒരു ട്രാഫിക് പോലീസ് പോലെ, പലപ്പോഴും നീണ്ടനേരം നില്‍ക്കേണ്ടി വരുന്ന ജോലി ആണെങ്കില്‍.

4. ഉയര്‍ന്ന കമാനങ്ങള്‍ (high arch) അല്ലെങ്കില്‍ പരന്ന പാദങ്ങള്‍ (flat foot) പോലെയുള്ള ഘടനാ പരമായ പാദപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍.

5. ഇറുകിയ അക്കില്ലസ് ടെന്‍ഡോണുകള്‍ ഉണ്ടെങ്കില്‍.

6. പലപ്പോഴും നിലവാരം കുറഞ്ഞ ഷൂസ് അല്ലെങ്കില്‍ ഹൈഹീല്‍ ഷൂസ് ഉപയോഗിക്കുന്നവര്‍ക്ക് പ്ലാന്‍റാര്‍ ഫാസിറ്റിസ് വരാനുള്ള സാധ്യത  കൂടുതലാണ്.

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  രോഗനിര്‍ണ്ണയം എപ്രകാരം?

പ്ലാന്‍റാര്‍ ഫാസിറ്റിസ് രോഗനിര്‍ണ്ണയം അടിസ്ഥാനപരമായി ക്ലിനിക്കല്‍ പരിശോധനകളിലൂടെയാണ്. കാല്‍ ടെന്‍ഡര്‍ പോയിന്‍റുകളും വേദന വര്‍ദ്ധിപ്പിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന ഘടകങ്ങളും ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യണം.

ഇമേജിംഗ് ടെസ്റ്റുകള്‍

ഇമേജിംഗ് ടെസ്റ്റുകള്‍ക്ക് പാദത്തിനുള്ളിലെ ഘടനകളെയും ടിഷ്യുകളെയും കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ വെളിപ്പെടുത്താനും കഴിയും. അസ്ഥി ഒടിവ് പോലെ മറ്റൊന്നും നിങ്ങളുടെ കുതികാല്‍ വേദനയ്ക്ക് കാരണമാകുന്നില്ലെന്ന് പരിശോധിക്കാന്‍ ഒരു എക്സ്-റേ അല്ലെങ്കില്‍ എംആര്‍ഐ സ്കാന്‍ ആവശ്യമായി വന്നേക്കാം. ഒരു എക്സ്-റേ യില്‍ മൃദുവായ ടിഷ്യൂകള്‍  കാണാന്‍ കഴിയില്ലെ ങ്കിലും, അസ്ഥി ഒടിവുകള്‍, കുതികാല്‍ സ്പര്‍സ് (calcaneal spurs), മറ്റ് സാധ്യമായ പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഈ പരിശോധന ഇപ്പോഴും ഉപയോഗപ്രദമാണ്.

ഉപ്പൂറ്റി  വേദനയുടെ ഏറ്റവും സാധാരണമായ കാരണം പ്ലാന്‍റാര്‍ ഫാസിറ്റിസ് ആണെങ്കിലും, മറ്റ് ചില അപൂര്‍വ കാരണങ്ങളും ഉപ്പൂറ്റി  വേദനയ്ക്ക് കാരണമാകും. അതിനാല്‍ ഉപ്പൂറ്റി വേദന മാറാത്ത സന്ദര്‍ഭങ്ങളില്‍ എംആര്‍ഐ സ്കാന്‍ ചെയ്യുന്നത് നല്ലതാണ്.

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് ചികിത്സ എപ്രകാരം?

ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുന്ന  ഘടകങ്ങള്‍ ആദ്യം കണ്ടെത്തി ഒഴിവാക്കണം. വിശ്രമം, ഐസിംഗ്, ബ്രേസ്, ആന്‍റി-ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് പോലെയുള്ള ഹോം ചികിത്സകള്‍  പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  ചികിത്സിക്കുന്നതിനുള്ള ആദ്യ മാര്‍ഗങ്ങളാണ്. പ്ലാന്‍റാര്‍ ഫാസിയയിലെ മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുന്ന പ്രത്യേക ഷൂകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ചില പ്രത്യേക പ്രഷര്‍ പോയിന്‍റ് ടെസ്റ്റുകള്‍ നടത്തിയ ശേഷം, ഈ പ്രത്യേക ഷൂകള്‍ ഇഷ്ടാനുസൃതമായി നിര്‍മ്മിക്കാം.  വേദന കുറയ്ക്കുന്നില്ലെങ്കില്‍, ലിഗ്മെന്‍റിന്‍റെ കേടായഭാഗത്തേക്ക് നേരിട്ട് കോര്‍ട്ടികോസ്റ്റീറോയിഡ് കുത്തിവയ്ക്കുന്നത് സഹായിക്കും. കുത്തിവയ്പ്പിനുള്ള ഏറ്റവും നല്ല സ്ഥലം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നതിന്  ഒരു അള്‍ട്രാസൗണ്ട് ഇമേജ് ഉപയോഗിച്ചേക്കാം.  കുതികാല്‍ ചര്‍മ്മത്തിലോ കാലിന്‍റെ കമാനത്തിലോ  സ്റ്റിറോയിഡുകള്‍ കുത്തിവയ്ക്കുന്നു.

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്സിനുള്ള ശസ്ത്ര ക്രിയേതര ചികിത്സ എപ്രകാരം

ഫിസിക്കല്‍ തെറാപ്പി

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  ചികിത്സയുടെ പ്രധാന ഭാഗമാണ് ഫിസിക്കല്‍ തെറാപ്പി. ഇത് നിങ്ങളുടെ പ്ലാന്‍റാര്‍ ഫെയ്ഷ്യയേയും അക്കില്ലസ് ടെന്‍ഡോണുകളും നീട്ടാന്‍ സഹായിക്കും. ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍, കാല്‍ പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ പരിശീലിക്കാം, ഇത്  നടത്തം സുസ്ഥിര മാക്കാനും  പ്ലാന്‍റാര്‍ ഫെയ്ഷ്യയിലെ ജോലിഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഷോക്ക് വേവ് തെറാപ്പി

വേദന തുടരുകയും മറ്റ് രീതികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍,  എക്സ്ട്രാകോര്‍പോറിയല്‍ ഷോക്ക് വേവ് തെറാപ്പി  ചെയ്യാന്‍ കഴിയും. ഈ തെറാപ്പിയില്‍, ലിഗ്മെന്‍റിനുള്ളിലെ രോഗശാന്തി ഉത്തേജിപ്പിക്കുന്നതിന് ശബ്ദതരംഗങ്ങള്‍  കുതികാലില്‍ പ്രയോഗിക്കുന്നു.

ശസ്ത്രക്രിയ

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ്  നിയന്ത്രണത്തിലായില്ലെങ്കില്‍, പരിഗണിക്കേണ്ട അടുത്ത ഓപ്ഷന്‍ ശസ്ത്രക്രിയയാണ്.  വേദന കഠിനമായതോ 6 മുതല്‍ 12 മാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്നതോ ആയ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇത് ചെയ്യുന്നത്.

പ്ലാന്‍റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് അപകടകരമായ ഒരു രോഗമല്ല, പക്ഷേ ഇത് വളരെ അസ്വസ്ഥതയുണ്ടാക്കാം. അതിനാല്‍ പ്രാരംഭ ഘട്ടത്തില്‍ ശരിയായ ചികിത്സ നേടുന്നതും  വഷളാക്കുന്ന എല്ലാ ഘടകങ്ങളും ഒഴിവാക്കുന്നതും വളരെ പ്രധാനമാണ്.

You can share this post!

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts