news-details
മറ്റുലേഖനങ്ങൾ

പ്രദക്ഷിണം

കെരന്‍ ആംസ്ട്രോണിന്‍റെ Mohammad, A biography of the prophet ലെ ഒരു ഭാഗം നോക്കുക. മക്കയില്‍ കഅബയ്ക്ക് ചുറ്റും വൃത്താകൃതിയില്‍ സൂര്യന്‍റെ ദിശനോക്കി നടത്തുന്ന ഏഴുതവണത്തെ പ്രദിക്ഷണത്തെക്കുറിച്ചാണ് അവിടെ പറയുക. ത്വവാങ് എന്ന ചടങ്ങാണ്. എല്ലാവിധമുള്ള ആക്രമങ്ങളും  പോരാട്ടങ്ങളും ആ സ്പേസില്‍ വിലക്കപ്പെട്ടിരിക്കുന്നു. എല്ലാ സംസ്ക്കാരങ്ങളിലും  അനശ്വരതയുടെയും പ്രപഞ്ചത്തിന്‍റെയും ആത്മാവിന്‍റെയും മൂലമാതൃകയാണ് വൃത്തം. നിങ്ങള്‍ പുറപ്പെട്ടിടത്തുതന്നെ തിരികെയെത്തുന്നു എന്നതാണ് വൃത്തത്തില്‍ ചുറ്റുന്നതിന്‍റെ അഥവാ പ്രദക്ഷിണം വെയ്ക്കുന്നതിന്‍റെ ഒരര്‍ത്ഥം. നിങ്ങളുടെ  അവസാനത്തിലാണ് നിങ്ങളുടെ ആരംഭം എന്ന് നിങ്ങള്‍ കണ്ടെത്തുന്നു. ശരിക്കും, പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമെടുത്താലും പൂര്‍ണ്ണം പൂര്‍ണ്ണത്തോട് കൂട്ടിയാലും കുറവും കൂടുതലുമില്ലെന്ന് ഉപനിഷത്തുകാരന്‍ പറയുമ്പോഴും ആദിമധ്യാന്തബോധം നമ്മിലുണര്‍ത്തുന്ന വാക്കാണത്. ദിനചര്യകളുടെ സ്വാഭാവിക തുടര്‍ച്ചകളൊക്കെ സംഗതമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഭക്ത്യാചാരങ്ങളൊക്കെ വിമര്‍ശനവിധേയമാകുന്ന യുക്തിപരതയുടെ കാലം കൂടിയാണിത്. ഒരു പക്ഷെ മതജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവരില്‍ ഗുണപരമായ മാറ്റങ്ങളൊന്നും കാണാത്തതുകൊണ്ടും കൂടെയാവും അത്. കേവലം scientific temper കൊണ്ട് മാത്രമാകണമെന്നില്ല. അമീറിന്‍റെ PK യിലെ പോലെ wrong number അല്ലാതിരുന്നവരും ഉണ്ടായിരുന്നുവെന്നതിന് കാലവും ചരിത്രവും സാക്ഷി. ആത്മജ്ഞാനികളായിരുന്ന രണ്ട് മഹത്തുക്കളെക്കുറിച്ചൊരു കൃതിയുണ്ട്. അരുണ്‍ ഷൂറിയുടേതാണ്.Two saints: speculations around and about Ramakrishna Paramahamsa and Ramana Maharshi.. അവരുടെ ആത്മീയ സാധനകളെയും അതീന്ദ്രീയാനുഭവങ്ങളെയും ആധുനിക ലോകത്തിന്‍റെ ശാസ്ത്രീയ പരീക്ഷണഫലങ്ങള്‍ കൊണ്ട് അപഗ്രഥിക്കുന്ന ഗ്രന്ഥം. അവരുടെ കഠിന തപശ്ചര്യകളും ധ്യാനലീനതയുടെ  ദീര്‍ഘകാലങ്ങളും മാനസികവും ആദ്ധ്യാത്മികവുമായ  അത്യഗാധ വ്യതിയാനങ്ങള്‍ക്ക്  കാരണമായിട്ടുണ്ടാവാം നാഡീവ്യൂഹ കേന്ദ്രത്തിന്‍റെ കണികകളില്‍ പോലുമെന്നാണ്  ഈ ഗ്രന്ഥം സാക്ഷിക്കുക. നിഷ്ഠാപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവന്‍റെ ഉള്‍ക്കാഴ്ചകളില്‍ തന്നെ പരിവര്‍ത്തനം സംഭവിക്കുന്നുവത്രെ! ഏകാന്തതയുടെ അപാരതീരങ്ങളില്‍, മൗനവാത്മീകങ്ങളില്‍, പര്‍വ്വതാഗ്രങ്ങളില്‍ കുടിയേറുന്നവരില്‍ പോലും  സംഭവിക്കുന്ന പരിണാമങ്ങള്‍പോലും ഇതില്‍ വിശദീകരിക്കുന്നു.

 

ഈ സാധകരില്‍  കാണുന്ന ചില സമാനതകള്‍ നോക്കുക, കാലബോധം നഷ്ടമാകല്‍, നിത്യതയുടെ ആസ്വാദനം, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അതിര്‍ മാഞ്ഞുപോകല്‍, കലര്‍പ്പില്ലാത്ത അനുഭൂതികള്‍, അതിരറ്റ കരുണ എന്നിങ്ങനെ ബോധമണ്ഡലം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. മുന്‍ശുണ്ഠിക്കാരനായിരുന്ന ഒരു പൂര്‍വ്വാശ്രമത്തില്‍ നിന്നാണ് അതിസൗമ്യനായ മോശ രൂപപ്പെട്ടത്. ദൈവം നല്കിയ പെരുമാറ്റച്ചട്ടമല്ലാതെ മറ്റെന്താവും അയാളെ പാകപ്പെടുത്തിയത്. സ്വയശിക്ഷണത്തിന്‍റെ നല്ലകാലങ്ങളില്ലാതെ നമ്മുടെ തലച്ചോറിലെ ടെമ്പറല്‍ ലോബിലും പരീറ്റല്‍ ലോബിലുമൊക്കെ എന്ത് മാറ്റങ്ങളാണുണ്ടാവുക. ഒരു ഷോക്ക് ട്രീറ്റ്മെന്‍റിലും എത്ര നല്ലതാവും സഖേ ഒരു നോമ്പനുഷ്ഠാനമൊക്കെ!

You can share this post!

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts