news-details
മറ്റുലേഖനങ്ങൾ

മദ്യത്തില്‍ മുങ്ങിയ നീതിമാന്‍; നോഹ

"നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്‍റെ മാര്‍ഗ്ഗത്തില്‍ നടന്നു" (ഉല്‍പ. 6,9).

ബലിയര്‍പ്പണത്തെക്കുറിച്ചുള്ള ബൈബിളിലെ രണ്ടാമത്തെ വിവരണം നോഹയുമായി ബന്ധപ്പെട്ടതാണ്. കായേനും ആബേലും ബലിയര്‍പ്പിച്ചതിനുശേഷം ഒരു ബലിയര്‍പ്പണത്തെക്കുറിച്ച് വേറെ പരാമര്‍ശങ്ങള്‍ ഒന്നുമില്ല. ബലിയര്‍പ്പണം പുരോഹിതധര്‍മ്മമായി പരിഗണിക്കപ്പെടുന്നതിനാല്‍, അഭിഷിക്തനല്ലെങ്കിലും, ദൈവത്തിനു ബലിയര്‍പ്പിച്ച നോഹയെയും, വിശാലമായ അര്‍ത്ഥത്തില്‍, പുരോഹിതനായി പരിഗണിക്കാം. ഏറെ ശ്രദ്ധേയമായ ചില പാഠങ്ങള്‍ നോഹയുടെ ജീവിതത്തിലൂടെ വിശുദ്ധ ഗ്രന്ഥകാരന്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്.

വിലക്കപ്പെട്ട കനി ഭക്ഷിച്ച് ദൈവകല്പന ലംഘിച്ചതിലൂടെ പറുദീസായില്‍ തുടങ്ങിയ പാപം പറുദീസായ്ക്കു പുറത്തു വളര്‍ന്ന് സകല അതിരുകളും ലംഘിച്ചു. ആദം മുതല്‍ പത്താം തലമുറ ആയപ്പോഴേക്കും മനുഷ്യരെല്ലാം തിന്മയില്‍ ആണ്ടുപോയി." അവന്‍റെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നു കര്‍ത്താവു കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവം പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു"  (ഉല്‍പ 6. 5-6). തിന്മയ്ക്കധീനമായ ലോകത്തെ സമൂലം നശിപ്പിക്കാന്‍ ദൈവം തീരുമാനിക്കുമ്പോള്‍ വേറിട്ടുനിന്ന ഏകവ്യക്തിയാണ് നോഹ.

ഭൂരിപക്ഷാഭിപ്രായത്തെ ധാര്‍മ്മികതയുടെ മാനദണ്ഡമായി എടുക്കാനാവില്ല എന്നു നോഹയുടെ ജീവിതം പ്രഘോഷിക്കുന്നു. എല്ലാവരും പോയതില്‍നിന്ന് വ്യത്യസ്തമായൊരു വഴി, വേറിട്ടൊരു ജീവിതശൈലി, സ്വീകരിച്ച നോഹയും കുടുംബവും മാത്രമാണ് ഭൂമിയെ മുഴുവന്‍ കഴുകിത്തുടച്ച മഹാപ്രളയത്തെ അതിജീവിച്ചത്. അതുതന്നെ വലിയൊരു പാഠം നല്കുന്നു. "നാടോടുമ്പോള്‍ നടുവേ ഓടുക" എന്ന പഴഞ്ചൊല്ലില്‍ പതിരുണ്ട്. അനുയായികളുടെ അംഗസംഖ്യയല്ല നന്മതിന്മകളുടെ മാനദണ്ഡം.

മനുഷ്യന്‍റെ പ്രവൃത്തികള്‍, നന്മയും തിന്മയും ഒരുപോലെ, പ്രപഞ്ചത്തെ മുഴുവന്‍ ബാധിക്കും എന്ന് നോഹയുടെയും പ്രളയത്തിന്‍റെയും കഥ പഠിപ്പിക്കുന്നു. ദൈവനിശ്ചിതമായ അതിരുകള്‍ തുടര്‍ച്ചയായി ലംഘിച്ച മനുഷ്യന്‍റെ ചിന്തയും പ്രവൃത്തികളുമാണ് ജലപ്രളയത്തിന്‍റെ കാരണം എന്ന് ദൈവത്തിന്‍റെ സ്വഗതമായി വി. ഗ്രന്ഥകാരന്‍ എടുത്തുകാട്ടുന്നു. അതേസമയം ഒരു മനുഷ്യന്‍റെ നീതിനിഷ്ഠവും വിശുദ്ധവുമായ ജീവിതം പ്രപഞ്ചത്തിന്‍റെ തന്നെ നിലനില്പിനു വഴിയൊരുക്കുന്നു. പ്രളയത്തെ അതിജീവിച്ച നോഹയുടെയും കുടുംബത്തിന്‍റെയും കൂടെ സകല ജീവജാലങ്ങളുടെയും ഓരോ ജോഡിയും പെട്ടകത്തില്‍ സംരക്ഷിക്കപ്പെട്ടു.

പ്രളയവും അതിനെ അതിജീവിച്ച പെട്ടകവും നല്കുന്ന സന്ദേശം എന്നത്തേക്കാള്‍ ഏറെ ഇന്നു പ്രസക്തമായിരിക്കുന്നു. മനുഷ്യന്‍റെ പ്രവൃത്തികള്‍ ഈ പ്രപഞ്ചത്തില്‍ വരുത്തിവയ്ക്കുന്ന ദുരന്തങ്ങള്‍ അനുദിനം വര്‍ദ്ധിച്ച്, സര്‍വ്വനാശഭീതി വിതയ്ക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു. അസാധാരണമായ കാലാവസ്ഥ വ്യതിയാനങ്ങള്‍, ഭൂമികുലുക്കങ്ങള്‍, കൊടിയ വരള്‍ച്ച, കാലംതെറ്റി പെയ്യുന്ന പെരുമഴ, വെള്ളപ്പൊക്കം, ജല-വായുമലിനീകരണം, അഗ്നിബാധ, ഉരുകുന്ന മഞ്ഞുമലകള്‍, ഉയരുന്ന സമുദ്രനിരപ്പ്, ഭീകരമായ പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെ എത്രയെത്ര അടയാളങ്ങള്‍, താക്കീതുകള്‍!
പ്രളയത്തെ അതിജീവിച്ച നോഹ "കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മ്മിച്ചു. ... അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു" (ഉല്‍പ 8, 20). പ്രളയാനന്തരം സംജാതമായ പുതിയ ലോകത്തിലെ ആദ്യത്തെ ബലിയര്‍പ്പണം, പറുദീസായ്ക്കു പുറത്ത് കായേനും ആബേലും അര്‍പ്പിച്ചതുപോലെ. ദൈവത്തിനു നന്ദിയുടെ അടയാളമായി ബലിയര്‍പ്പിച്ച നോഹയും പുരോഹിതധര്‍മ്മമാണ് അനുഷ്ഠിച്ചത്. കര്‍ത്താവു കാഴ്ച സ്വീകരിച്ചു, വലിയൊരു വാഗ്ദാനവും നല്കി. "മനുഷ്യന്‍ കാരണം ഭൂമിയെ ഞാന്‍ ഇനി ഒരിക്കലും നശിപ്പിക്കുകയില്ല" (ഉല്‍പ 8, 21). ഈ വാഗ്ദാനം ദൈവം ഒരു ഉടമ്പടിയിലൂടെ ഉറപ്പിച്ചു. സര്‍വ്വ ജീവജാലങ്ങളുമായി ദൈവം സ്ഥാപിച്ച ഈ ഉടമ്പടിയാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അനേകം ഉടമ്പടികളില്‍ ആദ്യത്തേത്. "സാര്‍വ്വത്രിക ഉടമ്പടി" എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ ഉടമ്പടിയുടെ അടയാളമാണ് മഴവില്ല്, ദൈവം പ്രപഞ്ചത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന സംരക്ഷണത്തിന്‍റെ ദൃശ്യമായ അടയാളം.

മനോഹരവും ആകര്‍ഷകവും അനുകരണീയവും രക്ഷാകരവുമായിരുന്നു മഹാപ്രളയത്തെ അതിജീവിച്ച ഏകനീതിമാനായ നോഹയുടെ ഇതുവരെയുള്ള ജീവിതം. എന്നാല്‍ ആ നീതിമാനും കാലിടറി. അതിജീവനത്തിനു വഴിയൊരുക്കിയവന്‍ തന്നെ തിന്മയുടെ പിന്‍തുടര്‍ച്ചയ്ക്കും കാരണമായി.

"നോഹ ഭൂമിയില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. വീഞ്ഞു കുടിച്ച് ഉന്മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു" (ഉല്‍പ 9, 21). ഇവിടെയാണ് തുടക്കം. പ്രളയജലം കഴുകിത്തുടച്ച് വൃത്തിയാക്കിയ ഭൂമിയിലേക്കു തിന്മ വീണ്ടും കടന്നുവരുന്നത് വീഞ്ഞും അതു സമ്മാനിക്കുന്ന മദ്യലഹരിയും വഴിയാണ്. മുന്തിരിയും വീഞ്ഞും അതില്‍ത്തന്നെ തിന്മയാണെന്നു ബൈബിള്‍ പറയുന്നില്ല. എന്നാല്‍ വീഞ്ഞിന്‍റെ അമിതമായ ഉപയോഗം സുബോധം നഷ്ടപ്പെടുത്തും. പിന്നെ എന്താണ് താന്‍ ചെയ്യുന്നതെന്ന് മദ്യപന്‍ അറിഞ്ഞെന്നു വരില്ല. മദ്യപിച്ചുന്മത്തനായി നോഹ കൂടാരത്തില്‍ കിടന്നു. "നഗ്നനായി കിടന്നു" എന്നു വിവര്‍ത്തനം ചെയ്യുന്നതിന് മൂലഭാഷയില്‍ 'സ്വയം വിവസ്ത്രനാക്കി' എന്ന അര്‍ത്ഥസൂചനയാണുള്ളത്. ഇതു തുടര്‍ന്നുവരുന്ന ശാപത്തിനും ദുരന്തങ്ങള്‍ക്കും വഴിയൊരുക്കുന്നു.

നോഹയ്ക്ക് മൂന്നു പുത്രന്മാരാണുണ്ടായിരുന്നത് - ഷേം, ഹാം, യാഫെത്. അതില്‍ രണ്ടാമനായ ഹാം കൂടാരത്തില്‍ ഉന്മത്തനായി ഉറങ്ങുന്ന പിതാവിന്‍റെ നഗ്നത കണ്ടു. അതു തന്‍റെ സഹോദരന്മാരോട് പറഞ്ഞു. സഹോദരന്മാര്‍ തോളില്‍ പുതപ്പുമായി പുറംതിരിഞ്ഞ് നടന്ന് പിതാവിനെ പുതപ്പിച്ചു. അവര്‍ പിതാവിന്‍റെ നഗ്നത കണ്ടില്ല. തികച്ചും ലളിതമെന്നു തോന്നാവുന്ന ഒരു വിവരണം. എന്താണിതിനിത്ര പ്രാധാന്യം എന്നു ചോദിച്ചേക്കാം. എന്നാല്‍ ലഹരിവിട്ടുണര്‍ന്ന നോഹയുടെ പ്രവൃത്തി തികച്ചും അസാധാരണവും ഒരു ന്യായീകരണവും ഇല്ലാത്തതും എന്നേ പറയാനാകൂ.

"ലഹരിവിട്ടുണര്‍ന്ന നോഹ തന്‍റെ ഇളയ മകന്‍ ചെയ്തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെട്ടവനാകാട്ടെ. അവന്‍ തന്‍റെ സഹോദരന്മാര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും" (ഉല്‍പ 9, 24-25). നോഹയുടെ പ്രതികരണവും ശാപവും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇളയമകന്‍ തന്‍റെ നഗ്നത കണ്ടു, കണ്ട കാര്യം സഹോദരങ്ങളോടു പറഞ്ഞു. അതിന് എന്തിനാണിയാള്‍ ഇത്ര ക്രൂദ്ധനാകുന്നത്? കുടിച്ചു ലക്കുകെട്ട്, ഉടുതുണി ഊരിയെറിഞ്ഞ്, നഗ്നനായി കൂടാരത്തില്‍ കിടന്ന നോഹയാണോ, അതു കണ്ട മകനാണോ ഇവിടെ കുറ്റക്കാരന്‍? ഹാം ചെയ്തു എന്നു കരുതുന്ന തെററിന് അവന്‍റെ മകനായ കാനാന്‍റെമേല്‍ ശാപം ചൊരിയുന്നതിന് എന്തു ന്യായീകരണം? ഉത്തരം കിട്ടുക എളുപ്പമല്ല.
ഇരുവരുടെയും പ്രവൃത്തിയെ വി. ഗ്രന്ഥകാരന്‍ ന്യായീകരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നതു ശ്രദ്ധേയം. ധാര്‍മ്മികമായ തീര്‍പ്പു കല്പിക്കാതെ, സംഭവങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിച്ച്, ആഴമേറിയ സത്യങ്ങള്‍ വെളിപ്പെടുത്തുകയും അതേസമയം ധാര്‍മ്മികമായ വിലയിരുത്തല്‍ അനുവാചകര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്യുന്ന ഒരു സാഹിത്യരൂപം ഉപയോഗിക്കുന്ന, യാഹ്വിസ്റ്റ് (J) എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥകാരന്‍റെ രചനയുടെ ഭാഗമാണിത്. ഈ വിവരണത്തിനു പിന്നില്‍ സുപ്രധാനമായ ചില സൂചനകളും താക്കീതുകളും ഒളിപ്പിച്ചുവച്ചിരിക്കുന്നതായി കാണാന്‍ കഴിയും.  

ഹാമിനെയും കാനാനെയും അവരുടെ അടിമത്തത്തെയും കുറിച്ചുള്ള സൂചനയാണൊന്ന്. നോഹിന്‍റെ മൂന്നുമക്കളിലൂടെ ലോകം മുഴുവന്‍ വീണ്ടും ജനനിബിഡമാകുന്നതിന്‍റെ വിവരണം അവതരിപ്പിക്കുന്ന വംശാവലി പട്ടികയില്‍ ഹാം ആഫ്രിക്കന്‍ വംശജരുടെയെല്ലാം പിതാവാണ്; ഷേം സെമിറ്റിക് വംശജരുടെയും യാഫെത് ഇന്‍ഡോ- യൂറോപ്യന്‍ വംശജരുടെയും. ഇവിടെ ഹാമിന്‍റെ മകനാണ് കാനാന്‍. ഇസ്രായേല്‍ക്കാര്‍ കയ്യടക്കി വാസമുറപ്പിച്ചത് കാനാന്‍കാരുടെ ദേശത്തായിരുന്നു. ഈ കടന്നുകയറ്റത്തിനും കയ്യേറ്റത്തിനും ഒരു ന്യായീകരണം എന്ന രീതിയില്‍ നോഹയുടെ ശാപത്തെ കാണാന്‍ സാധ്യതയുണ്ട്.  

ഒരു പടികൂടി കടന്ന്, ആഫ്രിക്കന്‍ വംശജര്‍ മുഴുവന്‍ ഹാമിന്‍റെ മക്കളാണെന്നും അവരുടെ അടിമത്തം ദൈവനിശ്ചിതമാണെന്നും ഈ ബൈബിള്‍ ഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ വാദിച്ച്, കറുത്തവര്‍ഗ്ഗക്കാരുടെ മേല്‍ വെള്ളക്കാര്‍ നടത്തിയ കടന്നാക്രമണങ്ങളെയും അടിച്ചേല്പിച്ച അടിമത്തത്തെയും ന്യായീകരിക്കാന്‍ നോഹയുടെ ശാപം ഉപയോഗിച്ച സാഹചര്യങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ആഫ്രിക്കക്കാരെ അടിമകളാക്കി നാടുകടത്തി, ചന്തകളില്‍ ലേലംവിളിച്ച് വിറ്റിരുന്ന കാലഘട്ടത്തില്‍ നോഹയുടെ ശാപം ഒരു മറയും പിന്‍തുണയുമായി ഉപയോഗിക്കപ്പെട്ടു. ചില ക്രിസ്ത്യന്‍ മിഷനറിമാര്‍ തന്നെ ഇപ്രകാരമുള്ള വ്യാഖ്യാനവും ന്യായീകരണവും നല്കിയത് അടിമക്കച്ചവടത്തിന് പിന്‍തുണയും പ്രോത്സാഹനവുമായി.

എന്നാല്‍ ഇതാണോ ഈ വിവരണം വഴി വി. ഗ്രന്ഥം നല്‍കുന്ന സന്ദേശം? അതേ എന്നു പറയാനാവില്ല. മറിച്ച്, ഒരു പ്രത്യേക കാലഘട്ടത്തില്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ചെയ്തികള്‍ ന്യായീകരിക്കാനും വേണ്ടി ചിലര്‍ കണ്ടുപിടിച്ച ദുര്‍വ്യാഖ്യാനമായേ ഇതിനെ പരിഗണിക്കാന്‍ കഴിയൂ. അപ്പോള്‍ എന്തു സന്ദേശമാണ് നോഹയുടെ മദ്യലഹരിയും ശാപവും വഴി വി. ഗ്രന്ഥം നല്കുന്നത്?

ഏതു വിശുദ്ധനും വഴിതെറ്റാം, കാലിടറാം. മദ്യം മനുഷ്യന്‍റെ പതനത്തിനു കാരണമാകാം. ഇതാണ് ഏറ്റവും ലളിതവും വ്യക്തവുമായ സന്ദേശം. വിശുദ്ധനും പുരോഹിത ശുശ്രൂഷ നടത്തിയവനുമാണ് നോഹ. എന്നാല്‍ മദ്യം അയാളെ പാപത്തിന്‍റെ പടുകുഴിയില്‍ താഴ്ത്തി. ഇതു നോഹയ്ക്കു മാത്രമല്ല, ആര്‍ക്കും സംഭവിക്കാവുന്ന ഒരു ദുരന്തമാണ്. സമൂഹത്തില്‍ വിശുദ്ധരായി പരിഗണിക്കപ്പെടുന്ന, അങ്ങനെ ആയിരിക്കേണ്ട പുരോഹിതന്മാരും പ്രവാചകന്മാരും പോലും മദ്യത്തില്‍ വഴുതിവീഴും എന്നു ബൈബിള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്, അതിശക്തമായൊരു താക്കീതുപോലെ. "പുരോഹിതന്മാരും പ്രവാചകന്മാരും വീഞ്ഞുകുടിച്ചു മദിക്കുന്നു! ലഹരി പിടിച്ച് ആടിയുലയുന്നു. വീഞ്ഞ് അവരെ വഴിതെറ്റിക്കുന്നു; ദര്‍ശനങ്ങളില്‍ അവര്‍ക്കു തെറ്റുപറ്റുന്നു. ന്യായവിധിയില്‍ കാലിടറുന്നു" (ഏശ 28, 7).

വീഞ്ഞ് അതില്‍ത്തന്നെ തിന്മയാണെന്നു ബൈബിള്‍ പറയുന്നില്ല. സൃഷ്ടവസ്തുക്കളുടെ പേരില്‍ സ്രഷ്ടാവിനെ സ്തുതിക്കുന്ന 104-ാം സങ്കീര്‍ത്തനം ദൈവം മനുഷ്യനു നല്കിയ നല്ല ഒരു ദാനമായിട്ടാണ് കാണുന്നത്. "മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും ശക്തി നല്കുവാന്‍ ഭക്ഷണവും പ്രദാനം ചെയ്യുന്നു" (സങ്കീ104, 15). അന്ത്യ അത്താഴവേളയില്‍ യേശു തന്‍റെ നിത്യസ്മാരകമായി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത് അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും അടയാളങ്ങളിലൂടെയാണെന്നതും ഓര്‍ക്കണം. യേശുവിന്‍റെ ഓര്‍മ്മയാചരിച്ചുകൊണ്ട് ഇന്നും അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ വീഞ്ഞ് ഒരു അവശ്യഘടകമാണല്ലോ. സാധാരണ പാനീയം എന്ന നിലയിലാണ് അപ്പത്തിന്‍റെ കൂടെ വീഞ്ഞ് ഉപയോഗിക്കുന്നത് എന്നു വ്യക്തം. അതിനാല്‍ വീഞ്ഞ് അതില്‍ത്തന്നെ തിന്മയല്ല, പക്ഷേ തിന്മയിലേക്കു നയിക്കാം.

നോഹയെ ഉന്മത്തനാക്കിയ വീഞ്ഞിന്‍റെ സ്ഥാനത്ത് ഇന്നു വളരെക്കൂടുതല്‍  ശക്തമായ ലഹരിവസ്തുക്കള്‍ ലഭ്യമാണ്. അനേകര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, അവ ഉപയോഗിച്ച് സ്വയം നശിക്കുന്നത് ഹൃദയവേദനയോടെ നാം കാണുന്നു. മദ്യവും മയക്കുമരുന്നുകളും മനുഷ്യനെ വഴിതെറ്റിക്കുന്നു, അടിമത്തത്തിലേക്കും നാശത്തിലേക്കും നയിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് ശക്തമായൊരു താക്കീതും നോഹയുടെ പതനത്തിലൂടെ ബൈബിള്‍ നല്കുന്നത് കാണാതെ പോകരുത്.

 

മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേണ്ട ബന്ധത്തെക്കുറിച്ചുള്ളതാണ് മറ്റൊരു പാഠം. മക്കള്‍ക്കു ശിക്ഷണം നല്കുന്നത് വാക്കുകള്‍കൊണ്ടു മാത്രമാകരുത്. മാതാപിതാക്കളുടെ ജീവിതമാതൃക തന്നെയാണ് അവര്‍ നല്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പരിശീലനവും ശിക്ഷണവും. ഹാം എന്ന മകനെ ശപിക്കുന്ന നോഹ എന്ന പിതാവ് മനസ്സിലാക്കണം താന്‍ തന്നെയാണ് ആ ശാപത്തിനു കാരണക്കാരന്‍ എന്ന സത്യം. അതോടൊപ്പം മാതാപിതാക്കളെ ആദരിക്കാനും അനുസരിക്കാനും  മക്കള്‍ക്കു ചുമതലയുണ്ട് എന്ന നാലാം പ്രമാണം (പുറ 20, 13) മക്കളും അറിയണം, അനുസ്മരിക്കണം. അപ്പന്‍ ചെയ്ത തെററ് പരസ്യമാക്കിയത് അപ്പനെ അവഹേളിക്കലാണ്. ഇവിടെ അപ്പനും മകനും അനുകരണാര്‍ഹരല്ലാത്ത ദുര്‍മാതൃകകളായി നിലകൊള്ളുന്നു.

 

ദൈവത്തിന് കാഴ്ചകള്‍ സമര്‍പ്പിക്കുകയും ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുകയും ചെയ്യേണ്ട പുരോഹിതന്‍ തന്നെ ജനത്തിനു ശാപമായിത്തീരുന്നത് ഭീകരമായൊരു ദുരന്തമാണ്. മദ്യത്തില്‍ മുങ്ങിയ നോഹ എന്ന പുരോഹിതന്‍റെ പതനം ആദിചരിത്രത്തിന്‍റെ അന്ത്യത്തില്‍ നില്ക്കുന്ന വലിയൊരു ചൂണ്ടുപലകയാണ്: "ഇതിലേ പോകരുത്, ഇതു നാശത്തിലേക്കുള്ള വഴിയാണ്." പുരോഹിതര്‍ക്കും വഴിതെറ്റാം, അത് ഭീകരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകാം എന്ന് നോഹയുടെ ദുരനുഭവം പഠിപ്പിക്കുന്നു. അതിനാല്‍ നാം നിതാന്ത ജാഗ്രത പാലിക്കണം.  

You can share this post!

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts