നാം പ്രതിദിനം ശരാശരി 90,000 തവണ ചിന്തിക്കുന്നുവെന്നും അതിലേറിയ പങ്കും നിഷേധാത്മകചിന്തകളാണെന്നും ഗവേഷഷണങ്ങള്‍ വെളിപ്പെടുത്തുന്നു. അതുകൊണ്ടാവാം വിജയത്തിന് മുന്നോടിയായി നാം പലപ്പോഴും പരാജയത്തിന്‍റെ മുന്‍കൂര്‍ ജാമ്യ മെടുക്കുന്നത്. ഒരു കാര്യസാധ്യത്തിനു പുറപ്പെടുംമുമ്പ് അതു മിക്കവാറും പരാജയമായിരിക്കാമെന്ന് നാം മുന്‍കൂറായി മനസ്സില്‍വിധിയെഴുതുന്നു. കാര്യം സാധിച്ചാല്‍ നാം സന്തോഷിക്കുന്നു. പരാജയപ്പെട്ടാല്‍, ഓ, ഞാനും ഇതുതന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ആത്മഗതം ചെയ്തു സമാധാനപ്പെടുന്നു. ഇവിടെ, ചിന്തയില്‍ നമുക്കു നഷ്ടമൊന്നുമില്ല. കാരണം പരാജയപ്രതീക്ഷ അടിസ്ഥാനപരമായ നമ്മുടെ മനോഭാവവും വിജയപ്രതീക്ഷ ഒരു സാധ്യതയും മാത്രമാണ്. അങ്ങനെ നാം നിസ്സംഗതയ്ക്ക് അടിപ്പെടുന്നു. നിസ്സംഗതയുടെയും നിഷേധാത്മകതയുടെയും വലയങ്ങളില്‍ നിന്ന് നാം വല്ലപ്പോഴും നടത്തുന്ന എടുത്തുചാട്ടങ്ങള്‍ മാത്രമാകുന്നു നമ്മുടെ വിജയങ്ങള്‍. ദരിദ്രമായ ഈ മനസ്ഥിതി സമൂഹമനസ്സാക്ഷിയെയും അതിന്‍റെ ചലനാത്മകതയെയും ദുര്‍ബലപ്പെടുത്തി മരണസംസ്കാരത്തെ ഊട്ടിയുറപ്പിക്കുന്നു.
ഇതിന് കുറെ പരിണതഫലങ്ങളുണ്ട്.
- നാം വികാരങ്ങള്‍ക്കുവേണ്ടി ഭിക്ഷാടനം നടത്തുന്നു.
- ആരെങ്കിലും ദാനം ചെയ്യുന്ന നല്ല വാക്കുകളില്‍ ചാരി നാം അന്തിയുറങ്ങുന്നു.
- ദോഷൈകദൃക്കുകളായുള്ള പരിണാമം നമ്മില്‍ എളുപ്പം സംഭവിക്കുന്നു.
- നാം എല്ലാം സ്വീകരിക്കുന്നു. ഒന്നും കൊടുക്കുന്നില്ല.
-പരാജയബോധം അടിസ്ഥാനമനോഭാവമാകുമ്പോള്‍ നന്മ കാണേണ്ട നമ്മുടെ കണ്ണുകള്‍ അന്ധമാകുന്നു.
- പൊതു ഉത്തരവാദിത്വങ്ങള്‍ ആരുടേതുമല്ലാതാകുന്നു.
- ജീവിതം വിധിയായി നാം കണക്കാക്കുന്നു.
- ജീവിതം കുറെ സംഭവങ്ങളുടെ ആകെത്തുകയാകുന്നു. നാം ഒന്നും ജീവിതത്തില്‍ സംഭവിപ്പിക്കുന്നില്ല.
ക്രിയാത്മകമനോഭാവം പുലര്‍ത്തുക എന്നത് ഒരു വെല്ലുവിളിയാണ്. പരാജയമെന്നത് സാധ്യതയുള്ള ഒരു യാഥാര്‍ത്ഥ്യമായും വിജയമെന്നത് പരസ്പരാശ്രയത്വത്തിന്‍റെ ക്രിയാത്മകഫലമായും നാം മനസ്സിലാക്കുമ്പോള്‍ നാം ക്രിയാത്മകരായി ജീവിക്കാന്‍ തുടങ്ങുന്നു. ചിരിപ്പിക്കാനും കരയിപ്പിക്കാനും എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരാം. പക്ഷേ വേണ്ടപ്പോഴെല്ലാം ചിരിക്കാനും കരയാനും എല്ലാവര്‍ക്കും കഴിയില്ല. അതിന് വ്യക്തിത്യോദ്ഗ്രഥനം നമ്മില്‍ സാധ്യമാകേണ്ടിയിരിക്കുന്നു. നാം സാഹചര്യങ്ങളുടെ സൃഷ്ടിയാകരുത്. എന്നാല്‍ ഏതു സാഹചര്യത്തിലും ശരിയായ മനോഭാവം സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം.
താന്‍പോരിമയുള്ളവര്‍ക്ക് ദൈവം അധികപ്പറ്റാണ്. അതുകൊണ്ടാണ് ദരിദ്രര്‍ അനുഗൃഹീതരെന്ന് ക്രിസ്തു പറഞ്ഞത് - ഭൗതികമായ അര്‍ത്ഥത്തിലും ആത്മീയമായ അര്‍ത്ഥത്തിലും കുറവുണ്ടെന്നു തോന്നുന്നവരെ കുറവു നികത്താന്‍ പരിശ്രമിക്കു. ക്രിയാത്മകരാകാന്‍ സ്നേഹവും വിശ്വാസവും പ്രതീക്ഷയുമുള്ളവര്‍ക്കേ കഴിയൂ. ഇതു മൂന്നുമുണ്ടാകാന്‍ നമുക്ക് ദൈവമുണ്ടാകണം. ദൈവപരിപാലനയില്‍ ആശ്രയിക്കാന്‍ ബാല്യം നിറഞ്ഞ, നിഷ്കളങ്കത നിറഞ്ഞ ഒരു മനസ്സും വേണം.
********
ജീവനുണ്ടായിരുന്നവരോട് ക്രിസ്തു പറഞ്ഞു;
"ഞാന്‍ പുനരുത്ഥാനവും ജീവനുമാണ്."
പിന്നെ മൃതനോടു പറഞ്ഞു; "ലാസറേ പുറത്തു വരിക."
ജീവനുണ്ടായിരുന്നപ്പോള്‍ വിശ്വസിക്കാതിരുന്നപ്പോള്‍ മൃതനായിരുന്നവന്‍ ജീവിതത്തിലേക്ക് വന്ന് ജീവിച്ചിരുന്നവരെ
വിശ്വാസത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.