news-details
മറ്റുലേഖനങ്ങൾ

പ്രാര്‍ത്ഥന: പഴയ നിയമത്തില്‍

ദൈവവും മനുഷ്യനും തമ്മില്‍ പുലര്‍ത്തുന്ന ബന്ധം എന്ന നിലയില്‍ മാനവചരിത്രവുമായി ബന്ധപ്പെട്ടതാണു പ്രാര്‍ത്ഥന. ആത്മാവുള്ള എല്ലാ ജീവികളുമായി അലംഘനീയമായ ഉടമ്പടിയിലേര്‍പ്പെടുന്ന ദൈവം മനുഷ്യരെ എക്കാലവും പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വ്വോപരി നമ്മുടെ പിതാവായ അബ്രാഹം മുതലാണ് പ്രാര്‍ത്ഥന പഴയനിയമത്തില്‍ വെളിപ്പെടുന്നത്.

ദൈവം പൂര്‍വ്വപിതാവായ അബ്രാഹത്തിനെ വിളിക്കുന്നു. അബ്രാഹം പൂര്‍ണ്ണഹൃദയത്തോടെ വചനത്തിനു വിധേയനായി അനുസരിക്കുന്നു. "ദൈവഹിതത്തിനു വിധേയമായി തീരുമാനങ്ങളെടുക്കുന്ന ഹൃദയത്തിന്‍റെ ശ്രവണം പ്രാര്‍ത്ഥനയുടെ അവശ്യഘടകമാണ്. "(Ability to listen to God is the first task of prayer.) അബ്രാഹത്തിന്‍റെ പ്രാര്‍ത്ഥന പ്രവൃത്തികളിലൂടെയാണ് പ്രകടമാകുന്നത്. യാത്രയുടെ ഓരോ ഘട്ടത്തിലും കര്‍ത്താവിന് ബലിപീഠം നിര്‍മ്മിക്കുന്നു. അദ്ദേഹം ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ സന്നിധിയില്‍ നടക്കുകയും അവിടുന്നുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

വിശ്വാസികളുടെ പിതാവായ അബ്രാഹം സ്വന്തം മകനെപ്പോലും ഒഴിവാക്കാതെ നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്‍പ്പിച്ചു തന്ന നിത്യപിതാവിന് സദൃശ്യനായിത്തീരുന്നു. പ്രാര്‍ത്ഥന മനുഷ്യനെ ദൈവവുമായുള്ള സാദൃശ്യത്തില്‍ പുനഃപ്രതിഷ്ഠിക്കുന്നു. ജനത്തിനു രക്ഷ നല്‍കുന്ന ദൈവസ്നേഹത്തിന്‍റെ ശക്തിയില്‍ പങ്കാളിയാകാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.

യാക്കോബിന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ ഇടപെടല്‍ കാണാം. പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തിയുമായി രാത്രി മുഴുവന്‍ മല്‍പ്പിടുത്തം നടത്തി പിറ്റേന്നു രാവിലെ അദ്ദേഹം യാക്കോബിനെ അനുഗ്രഹിക്കുന്നു. സഭയുടെ ആദ്ധ്യാത്മികപാരമ്പര്യം വിശ്വാസത്തിന്‍റെ പോരാട്ടത്തെയും വിജയത്തെയും പ്രാര്‍ത്ഥനയുടെ പ്രതീകമായി നിലനിര്‍ത്തുന്നു.

 

വിശ്വസ്തനും കോപിക്കുന്നതില്‍ വിമുഖനും സ്നേഹത്തില്‍ അത്യുദാരനുമായ ദൈവവുമായുള്ള ഗാഢബന്ധത്തില്‍ നിന്നാണ് മോശ തന്‍റെ പ്രാര്‍ത്ഥനയ്ക്കായി ശക്തിയും സ്ഥൈര്യവും സമാഹരിച്ചത്. അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് തനിക്കുവേണ്ടിയല്ല പിന്നെയോ ദൈവം തന്‍റെ സ്വന്തമാക്കിത്തീര്‍ത്ത ജനത്തിനുവേണ്ടിയാണ്. മോശയുടേത് മാധ്യസ്ഥപ്രാര്‍ത്ഥനയാണ്. ദൈവദാസനു സ്വദൗത്യത്തോടു വിശ്വസ്തത പുലര്‍ത്താനുപകരിക്കുന്ന ധ്യാനാത്മകപ്രാര്‍ത്ഥനയുടെ മാതൃകയാണ് മോശയുടെ പ്രാര്‍ത്ഥന. ദൈവത്തിന്‍റെ സന്ദേശം ശ്രവിക്കാനും പ്രാര്‍ത്ഥിക്കാനുംവേണ്ടി മലകയറുകയും അവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്ന ദൈവവചനം ആവര്‍ത്തിക്കാനായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുകയും ചെയ്യുന്ന മോശ കൂടെക്കൂടെ ദൈവവുമായി ദീര്‍ഘനേരം സംഭാഷണം നടത്തുന്നു. പുറപ്പാടിന്‍റെ പുസ്തകം മുപ്പത്തിമൂന്നാം അധ്യായത്തില്‍ എഴുതപ്പെട്ടിട്ടുള്ളതു പോലെ "ഒരാള്‍ സ്വന്തം സ്നേഹിതനോട് എന്ന പോലെ കര്‍ത്താവു മോശയോടു മുഖാമുഖം സംസാരിച്ചിരുന്നു".


പഴയനിയമത്തില്‍ പ്രാര്‍ത്ഥനയുടെ സര്‍വ്വോത്കൃഷ്ടരൂപം സങ്കീര്‍ത്തനങ്ങളാണ്. ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനയെ പരിപോഷിപ്പിച്ചതും പ്രകടമാക്കിയതും സങ്കീര്‍ത്തനങ്ങളാണ്. അവരുടെ പ്രാര്‍ത്ഥന വ്യക്തിഗതവും സാമൂഹികവുമാകുന്നു. അതു പ്രാര്‍ത്ഥിക്കുന്നവരെയും എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നു. വിശുദ്ധ നാട്ടിലെയും പ്രവാസസ്ഥലങ്ങളിലെയും സമൂഹങ്ങളില്‍ നിന്നാണ് സങ്കീര്‍ത്തനങ്ങള്‍ ഉത്ഭവിച്ചതെങ്കിലും അവ സൃഷ്ടി മുഴുവനെയും ഉള്‍ക്കൊള്ളുന്നു. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥന ഭൂതകാലത്തെ രക്ഷാകരസംഭവങ്ങളെ അനുസ്മരിക്കുന്നു. അതേസമയം ചരിത്രത്തിന്‍റെ അന്ത്യം വരെയെത്തുന്ന ഭാവിയിലേക്കും വ്യാപിക്കുന്നു. ക്രിസ്തു ആലപിച്ചിട്ടുള്ളവയും ക്രിസ്തുവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളവയുമായ സങ്കീര്‍ത്തനങ്ങള്‍ സഭയുടെ പ്രാര്‍ത്ഥനയിലെ കാതലായ ഘടകമായി നിലനില്‍ക്കുന്നു. സങ്കീര്‍ത്തനങ്ങളിലെ വിവിധ പ്രാര്‍ത്ഥനാരൂപങ്ങള്‍ ഉദ്ഭവിക്കുന്നത് ദൈവാലയത്തിലെ ആരാധനക്രമത്തിലും മനുഷ്യഹൃദയങ്ങളിലും ആണ്. ദൈവം തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ ചെയ്ത വലിയ കാര്യങ്ങളുടെ പ്രതിഫലനവും രചയിതാവിന് അനുഭവവേദ്യമായ മാനുഷികാവസ്ഥയെപ്പറ്റിയുള്ള പരിചിന്തനങ്ങളുമാണ് സങ്കീര്‍ത്തനങ്ങള്‍. ഈ പ്രാര്‍ത്ഥനാരൂപത്തെ രചിക്കപ്പെട്ടകാലം മുതലേ ഇരുകൈകളും നീട്ടി ദൈവജനം സ്വീകരിച്ചു. സമൂഹാരാധനയ്ക്കുവേണ്ടി സമാഹരിക്കപ്പെട്ടിട്ടുള്ള അവ ഒരേസമയം പ്രാര്‍ത്ഥനയ്ക്കായുള്ള ആഹ്വാനവും അതിനോടുള്ള പ്രതികരണവുമത്രേ. വി. അംബ്രോസിന്‍റെ വാക്കുകളില്‍ 'ജനത്തിന്‍റെ അധരങ്ങളില്‍ നിന്നുതിരുന്ന പുകഴ്ത്തലും ദൈവസ്തുതിയും സമൂഹത്തിന്‍റെ സ്തുതിപ്പും പൊതുവായ ആര്‍പ്പുവിളിയും സകലരുടെയും ഉദ്ഘോഷണവും സഭയുടെ ഉദ്ഘോഷണവും സഭയുടെ ശബ്ദവും ഗാനരൂപത്തിലുള്ള വിശ്വാസപ്രഖ്യാപനവുമാണ് സങ്കീര്‍ത്തനം.'      

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts