ജാതിചിന്ത ഇന്ന് ഗൂഢവത്കരിക്കപ്പെട്ടിരിക്കുകയാണ്. 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്' എന്ന് ഉറക്കെ പറയുമ്പോള്‍, അതു പറയുന്നയാള്‍ ആരുടെ പക്ഷത്ത്, ഏതു ജാതിയില്‍പെടുന്നു തുടങ്ങിയ അന്വേഷണങ്ങളുടെ അടക്കം പറച്ചിലുകള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ആധുനിക മുഖമുദ്രയായി തീര്‍ന്നിരിക്കുന്നു. മാധ്യമവത്കരിക്കപ്പെട്ട ഇന്നത്തെ സംഭാഷണങ്ങളുടെയും സംവാദങ്ങളുടെയും അടിയൊഴുക്കുകള്‍ ഇന്നും സാമുദായികവും ജാതിയവും വംശീയവും തന്നെയാണ്. "എന്താണ് നിങ്ങളുടെ പേര്?" എന്ന നിഷ്കളങ്കമായ ചോദ്യം നിങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഒരു നാമത്തെ അന്വേഷിക്കുന്നതിനേക്കാളുപരി നിങ്ങളുടെ ജാതിയും സംസ്കാരവും ഏതെന്ന് തിരിച്ചറിയാനുള്ള സൂത്രവാക്യമാണെന്നു വരുമ്പോള്‍ നാം സംവദിക്കുന്നത് വാക്കുകള്‍പ്പുറത്തുള്ള ഗൂഢതലങ്ങളിലാണെന്നു തിരിച്ചറിയുക. ഇവിടെയെല്ലാം അവരവരുടെ സാമൂഹ്യസ്ഥാനങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് എവിടെയെന്നു നിര്‍ണ്ണയിക്കുകയും അതനുസരിച്ചുള്ള മേല്‍ക്കോയ്മാബോധം സ്വരൂപിച്ചെടുക്കുകയുമാണ് ലക്ഷ്യം. അതായത് സാമൂഹ്യസ്ഥാനങ്ങളില്‍ അധഃകൃതര്‍ അധഃകൃതനായി സ്വയം തിരിച്ചറിയുകയും അങ്ങനെ തന്നെ അംഗീകരിക്കുകയും വേണം. ചുരുക്കത്തില്‍ ഗൂഢവത്കരിക്കപ്പെട്ട ഇന്നത്തെ ജാതിചിന്തയില്‍ ഒരു കാലത്ത് കത്തിയെരിച്ചു കളഞ്ഞ ജാതിരാക്ഷസന്‍ പുതിയ രൂപത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്നു. അതു സാമൂഹ്യമായി അവശതയനുഭവിക്കുന്നവരെ അങ്ങനെതന്നെ നിലനിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നു.
സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ ജാതീയതയുടെ പേരില്‍ നിലനിന്നിരുന്ന കേരളത്തിലും ഏതാണ്ട് സമാനമായ അന്തരീക്ഷം നിലനിന്നിരുന്ന യേശുവിന്‍റെ കാലത്തെ പാലസ്തീനായിലും പ്രതിസംസ്കൃതിയുടെ വിപ്ലവാത്മക മാതൃകകള്‍ ഉയിര്‍കൊണ്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മതപരിവര്‍ത്തനസംവാദം, മതാന്തരസംവാദം, സൗഹൃദസംഭാഷണം തുടങ്ങി മാധ്യമീകരിച്ച സാമൂഹ്യചര്‍ച്ചകളില്‍നിന്നും വ്യത്യസ്തമാതൃകകള്‍ ചരിത്രത്തില്‍ നിന്നു കണ്ടെടുക്കാനാവും എന്ന ചിന്തയാണ് ഈ അന്വേഷണത്തിനു നിദാനം. വാക്കുകളേക്കാളെറെ പ്രവൃത്തികളത്രെ സംസാരിക്കുക. പ്രവൃത്തി ഒരു പുതുസംസ്കാരത്തെ സൃഷ്ടിക്കുന്നു. പ്രവൃത്തിയിലടങ്ങിയ പ്രതിസംസ്കൃതിയാണ് നാം ഇവിടെ തിരയുന്നത്.
സഹോദരന്‍ അയ്യപ്പനും മിശ്രഭോജനവും
ജാതിയതയുടെ ചൂഷണസംവിധാനത്തിന്‍ കീഴില്‍ അമര്‍ന്നിരുന്ന കീഴ്ജാതികളുടെ വിമോചനം സമൂലപരിവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നു വിശ്വസിച്ചിരുന്ന സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു സഹോദരന്‍ അയ്യപ്പന്‍. ശ്രീനാരായണഗുരുവിന്‍റെ സമത്വദര്‍ശനത്തില്‍നിന്നും ഊര്‍ജ്ജം സ്വീകരിച്ച് കര്‍മ്മപഥത്തില്‍ വിപ്ലവാത്മകമായ പ്രതിസംസ്കൃതിയുടെ മാതൃകകാട്ടിയ അയ്യപ്പന്‍ മാസ്റ്റര്‍ ഒരു തത്ത്വം ഗ്രഹിച്ചിരുന്നു. ജാതിയതയുടെ കെട്ടുപാടുകളില്‍ അമര്‍ന്നിരുന്ന ദലിത് ജനതയുടെ മുന്നേറ്റത്തിലാണ് ഈഴവജനതയുടെയും വിമോചനം അടങ്ങിയിരിക്കുന്നത് എന്ന്. അതായത് ജാതിയതയില്‍ നിന്നുള്ള മോചനം എല്ലാ അവശവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഈ തത്ത്വത്തിന്‍റെ സാന്ദ്രവും ദീപ്തവുമായ കര്‍മ്മപഥമായിരുന്നു അദ്ദേഹം വിഭാവനം ചെയ്ത മിശ്രഭോജനം.
ഈഴവസമുദായത്തേക്കാള്‍ താഴ്ന്നവരായി കരുതപ്പെട്ടിരുന്ന പുലയ-പറയ വിഭാഗങ്ങളിലുള്ളവരോടൊപ്പം ഒരേ പന്തിയിലിരുന്ന് ഭക്ഷണം വിളമ്പി കഴിക്കുക. അന്നുവരെ അചിന്ത്യമായ ഈ പ്രതിസംസ്കാരത്തിന്‍റെ മാതൃക അദ്ദേഹം നടപ്പില്‍ വരുത്തിയപ്പോള്‍ സഹോദരപ്രസ്ഥാനം ഏല്ക്കേണ്ടി വന്ന പീഡനത്തിനു കണക്കില്ല. മിശ്രഭോജനത്തിനുവേണ്ടി നിലകൊണ്ടവര്‍ ഭ്രഷ്ടരായി. സഹോദരന്‍ അയ്യപ്പന്‍ മാസ്റ്റര്‍ 'പുലയനയ്യപ്പന്‍' എന്നു വിളിക്കപ്പെട്ടു. പൊതുയോഗങ്ങളിലും തെരുവുകളിലും മിശ്രഭോജനപ്രസ്ഥാനക്കാര്‍ അധിക്ഷേപിക്കപ്പെട്ടു. ചിലപ്പോള്‍ ആക്രമണങ്ങളും ഏല്ക്കേണ്ടിവന്നു. ഏതെങ്കിലും പ്രവൃത്തിയിലൂടെയുള്ള ഈ നൂതനസംസ്കാര മാതൃക പുതിയൊരു സാമൂഹ്യബോധത്തിന്‍റെ പ്രോദ്ഘാടനമായിരുന്നു. സമത്വത്തിന്‍റെയും സാമൂഹ്യനീതിയുടെയും പുത്തന്‍സങ്കല്പങ്ങള്‍ വിമോചനദാഹികളില്‍ ഉദയം ചെയ്തു. സഹോദരപ്രസ്ഥാനം വിഭാവനം ചെയ്ത പുതിയ സാമൂഹ്യദര്‍ശനം കേരളത്തിലെ ജാതിയുടെ നേര്‍ക്കുള്ള സൗമ്യവും എന്നാല്‍ വിപ്ലവാത്മകവുമായ ആക്രമണമായി.
യേശുവും ഊട്ടുമേശാപ്രസ്ഥാനവും
ആഢ്യയഹൂദരുടെ മേല്ക്കോയ്മയില്‍ സംവിധാനം ചെയ്യപ്പെട്ട ശ്രേണീബദ്ധമായ സാമൂഹ്യക്രമമായിരുന്നു യേശു ജീവിച്ചിരുന്ന പാലസ്തീനയില്‍ നിലനിന്നിരുന്നത്. "ദൈവജനത്തിന്‍റെ പരിശുദ്ധി അഭംഗുരം പാലിക്കാതെ, യഹൂദരല്ലാത്തവരുമായി വിവാഹബന്ധത്തില്‍ കഴിഞ്ഞവരും അത്തരം 'അവിഹിത' ബന്ധങ്ങള്‍ വഴി പിറന്നവരും അശുദ്ധരായി കരുതപ്പെടുന്നു. കൂടാതെ, 'ഹീനമായ' തൊഴില്‍ ചെയ്യുന്നവരും ചിലതരം മാറാരോഗങ്ങള്‍ പിടിപെട്ടവരും വികലാംഗരുമെല്ലാം അക്കാലത്തെ ജാതിവ്യവസ്ഥയിലെ അധഃസ്ഥിതരായിരുന്നു. (എസ്. പൈനാടത്ത്, യേശു വ്യക്തിയും ശക്തിയും, 1995, പുറം. 9) യേശുവിന്‍റെ പ്രതികരണം വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിച്ച പ്രവൃത്തിയിലൂടെയായിരുന്നു. യേശു അവരെ തന്‍റെ ഊണുമേശയ്ക്കരുകിലേയ്ക്കു ക്ഷണിച്ചു. അവരുടെ വിരുന്നുകളിലെ അതിഥിയായി അവരുടെ പക്ഷം ചേര്‍ന്നു സംസാരിച്ചു. അവര്‍ക്കുവേണ്ടിയാണ് താന്‍ വന്നതെന്നു പ്രഖ്യാപിച്ചു. അവരുടെ വിമോചനത്തിനുള്ള വിലയാണ് തന്‍റെ ജീവനെന്നു തെളിയിച്ചു.
യേശുവിന്‍റെ പന്തിഭോജനം പലപ്പോഴും വിവാദവേദിയായി. സമൂഹത്തിലെ അധഃകൃതരോടും പാപികളോടുമൊപ്പം ഭക്ഷണം കഴിക്കുന്നവന്‍ ഭ്രഷ്ടനും സമുദായശത്രുവുമാണെന്ന് മേല്‍ത്തട്ടുകാര്‍ വിധിച്ചു. അടിത്തട്ടിലുള്ളവരുടെ വിമോചനത്തിനായി യേശു തിരഞ്ഞെടുത്ത പന്തിഭോജനത്തിന്‍റെ സാമൂഹ്യമാനം വിപ്ലവാത്മകം മാത്രമായിരുന്നില്ല. പുതിയൊരു സംസ്കാരത്തിന്‍റെ സമാരംഭം കൂടിയായിരുന്നു. സമത്വത്തിന്‍റെ ദൈവരാജ്യത്തില്‍ അടിമകളില്ലെന്ന തത്വത്തിന്‍റെ സാക്ഷാത്കാരമായിരുന്നു യേശുവിലൂടെ തെളിയിക്കപ്പെട്ടത്.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലും വിമോചനാത്മകമായി സമൂഹത്തെ ഉദ്ധരിക്കാന്‍ പന്തിഭോജനം മാധ്യമമാക്കിയ സഹോദരന്‍ അയ്യപ്പന്‍റെ ഉള്‍ക്കാഴ്ചയും യേശുദര്‍ശനത്തിന്‍റെ വഴിയിലായിരുന്നു. യേശു സമൂലമായ വിമോചനം ദൈവരാജ്യത്തിലൂടെ വിഭാവനം ചെയ്തപ്പോള്‍ സഹോദരന്‍ അയ്യപ്പന്‍ ശ്രീനാരായണ മൂല്യങ്ങളടിസ്ഥാനമാക്കിയുള്ള സാമൂഹ്യപരിഷ്കരണം ലക്ഷ്യമാക്കി.
ഭക്ഷണം ജീവിതത്തിന്‍റെ അടിസ്ഥാനാവശ്യങ്ങളിലൊന്നാണ്. മനുഷ്യസംസ്കാരത്തില്‍ ഭോജനത്തിന് സാമൂഹ്യമായ തലം കൂടിയുണ്ട്. ഭക്ഷണം പങ്കിട്ടു കഴിക്കുന്നത് സാമൂഹ്യാഘോഷമാണ്. സദ്യയും വിരുന്നും സംസ്കാരത്തിന്‍റെ ഉദാത്ത മാതൃകകളുമാണ്. ജീവിതത്തിലെ നിറവിന്‍റെ അനുഭവത്തെയാണ് ഭക്ഷണം പങ്കുവയ്ക്കുന്ന ആഘോഷവേളകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഏറ്റവും അടുപ്പമുള്ളവര്‍ ഒന്നിച്ചിരുന്നു ഭക്ഷിക്കുകയും ഒരേ പാത്രത്തില്‍നിന്നു പങ്കിടുന്നതും തൃപ്തരാവുന്നതും മനുഷ്യജീവിതത്തിലെ ആനന്ദകരമായ അനുഭവങ്ങളാണ്.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ ഒരാള്‍ മറ്റുള്ളവരുമായുള്ള വേര്‍തിരിവ് പ്രകടമാക്കുന്നു. പ്രാചീന കാലങ്ങളില്‍ നായാടികളായ മനുഷ്യര്‍ നായാടിക്കിട്ടിയ ഇരയെ പങ്കിട്ടുപോന്നു. കൃഷീവലരായി പരിണമിച്ചപ്പോള്‍ കൃഷിയിലൂടെ ഉത്ഭൂതമായ ഭിന്നസംസ്കൃതിയും പിറന്നു. വ്യത്യസ്തതകള്‍ മനുഷ്യസമൂഹത്തില്‍ വര്‍ദ്ധിക്കുംതോറും സമൂഹങ്ങള്‍ തമ്മിലുള്ള വേര്‍തിരിവും കൂടി. വ്യത്യസ്തതകളെ ഉദാത്തവത്കരിച്ച സംസ്കാരഭാവമായി ഓരോ വ്യത്യസ്തഗോത്രവും അവരവരുടെ ഭക്ഷണവിഭവങ്ങളും രീതികളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ആവിഷ്കരിച്ചു. പ്രകൃതിയുടെ പല ഘടകങ്ങളും അതിനു നിദാനമായി വര്‍ത്തിക്കുകയും ചെയ്തു. ചുരുക്കത്തില്‍ സമൂഹത്തിലെ സങ്കീര്‍ണത വര്‍ദ്ധിക്കുംതോറും ഭക്ഷണരീതികളില്‍ വ്യത്യസ്തതകളും വേര്‍തിരിവുകളും വര്‍ദ്ധിച്ചുവന്നു. അവയുടെയെല്ലാം അധീശത്വപരമായ പരിണാമമാണ് യേശു ജീവിച്ചിരുന്ന പാലസ്തീനായിലും സഹോദരന്‍ അയ്യപ്പന്‍ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലും ചൂഷണവ്യവസ്ഥയായി നിലനിന്നിരുന്നത്.
നവമാനുഷത്തിന്‍റെ ഉദയം
പങ്കിട്ടു ഭക്ഷിക്കുന്നതിലൂടെ വിരിയുന്ന നവമാനുഷമാണ് പുതിയ സംസ്കാരത്തിന്‍റെ മുഖമുദ്രയെന്ന പ്രഖ്യാപനം പന്തിഭോജനത്തിലെ തുല്യത സംവഹിക്കുന്നു. ഉച്ചനീചത്വത്തിലൂടെ ചൂഷണം ചെയ്യപ്പെട്ടവര്‍ക്ക് തങ്ങളുടെ മനുഷ്യത്വം തിരിച്ചറിയുന്ന ഉദാത്തവേളയായി വിരുന്ന് അനുഭവപ്പെടുമ്പോള്‍ വിപ്ലവാത്മകമായ നവമാനുഷത്തിന്‍റെ ഉദയമാണ് സംഭവിക്കുന്നത്.
ഭക്ഷണം പങ്കുവയ്ക്കപ്പെടുമ്പോള്‍ അതു സമൂഹത്തെ സൃഷ്ടിക്കുന്നു. അതുവരെ അസ്പൃശ്യരും അധഃകൃതരുമായി കരുതപ്പെട്ടിരുന്നവര്‍ ഊട്ടുമേശയില്‍ മേലാളന്മാരായി ഭാവിച്ചിരുന്നവരോടൊപ്പമിരിക്കുമ്പോള്‍ സമത്വദര്‍ശനത്തിലൂന്നിയ പുതിയ സംസ്കൃതിതന്നെ അവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഒരു ഗോത്രസമൂഹത്തിലെ ബന്ധങ്ങളല്ല ഈ ഊട്ടുമേശയില്‍ മനുഷ്യരെ ഒന്നിപ്പിക്കുന്നത്, മനുഷ്യസമുദായത്തിലെ സ്നേഹമാണ്. അതിനാല്‍ സ്നേഹത്തിലൂന്നിയ നവമാനുഷത്തിന്‍റെ അടിസ്ഥാനമാണ് പന്തിഭോജനം.
സ്നേഹമെന്ന സഹജവികാരത്തിനുമാത്രമേ ചൂഷണത്തെ ചെറുക്കാനാവൂ. അതിന്‍റെ ഏറ്റവും പ്രകടാത്മകമായ ഭാവമത്രേ പങ്കിട്ടുകഴിക്കുന്ന ഭക്ഷണാസ്വാദനം. പങ്കിടുന്നവരെ തമ്മില്‍ ബന്ധിപ്പിക്കുന്നത് സ്നേഹമായതിനാല്‍ വര്‍ണം, ജാതി, കോയ്മബോധം, വംശീയത തുടങ്ങി വേര്‍തിരിവിന്‍റെ അടയാളങ്ങളെല്ലാം അപ്രസക്തങ്ങളും അബദ്ധങ്ങളുമായി നാം തിരിച്ചറിയുന്നു.
പൂര്‍ണമനസോടെ നല്കുന്നതിലൂടെയാണ് ഭക്ഷണവേദിയില്‍ ഒരാള്‍ പങ്കുകാരനാവുന്നത്. പങ്കിടുന്നത് വസ്തുക്കളല്ല, സമ്മാനങ്ങളാണ്. തങ്ങള്‍ക്കുള്ളവ മറ്റുള്ളവര്‍ക്ക് സമ്മാനമായി ദാനം ചെയ്യുമ്പോഴാണ് സ്നേഹത്തിലധിഷ്ഠിതമായ നവസംസ്കൃതി സംജാതമാകുന്നത്. അതിനാല്‍ സ്വകാര്യതയും സ്വാര്‍ത്ഥതയുമല്ല, വിശാലമനസ്സും സ്നേഹവുമാണ് വ്യക്തികളെ ഊട്ടുമേശയ്ക്കു ചുറ്റും പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഊട്ടുമേശയിലേക്കുള്ള ക്ഷണം വിപ്ലവാത്മകവും ധീരവുമായ കര്‍മ്മപഥത്തിലേക്കുള്ള ക്ഷണമാണ്. നവമാനുഷത്തില്‍ പങ്കാളിയാകാനുള്ള ക്ഷണമാണ്. വാക്കുകളേക്കാള്‍ ശക്തമായ പ്രവൃത്തിയിലൂടെ സാമൂഹ്യസമത്വം സാക്ഷാത്കരിക്കാനുള്ള ആഹ്വാനമാണ്.
പന്തിഭോജനം ഇന്നത്തെ വെല്ലുവിളി
പന്തിയില്‍ പക്ഷഭേദമരുതല്ലോ. ഈ ലോകം, നമ്മുടെ സമൂഹം ചൂഷണരഹിതമാകണമെങ്കില്‍ നാം ഊട്ടുമേശയ്ക്കു ചുറ്റും ഭക്ഷണം കഴിക്കുന്നവരാകണം. സ്വന്തമായുള്ളത് മറ്റുള്ളവര്‍ക്ക് സമ്മാനം നല്കുന്നവര്‍. ആധുനികലോകം പായുന്നവേഗത്തില്‍ ഈ മൂല്യങ്ങള്‍ തികച്ചും അസംഗതങ്ങളും പഴഞ്ചനുമായിരിക്കും. എന്നാല്‍ സ്നേഹസമൂഹത്തിന്‍റെ സാക്ഷാത്കാരം (മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നിടത്തോളം കാലം) ഭക്ഷണസംസ്കൃതിയിലൂടെ മാത്രമേ സാധ്യമാവൂ.
അങ്ങനെയെങ്കില്‍ എവിടെ തുടങ്ങണം? എങ്ങനെ തുടങ്ങണം?
യേശുവും സഹോദരന്‍ അയ്യപ്പനും നമുക്കു മുമ്പേ മാതൃകകളായി നില്ക്കുന്നു. ഇവിടെ, നാമായിരിക്കുന്നിടത്ത് ഇത് ആരംഭിക്കണമെന്ന് അവര്‍ കാട്ടിത്തരുന്നു. മതസൗഹാര്‍ദ്ദത്തിന്‍റെയും സംവാദത്തിന്‍റെയും വേദികള്‍ പന്തിഭോജനവേദികളാകട്ടെ. നവമാനുഷത്തിന്‍റെ പുതിയ സംസ്കൃതിയായി ഇതിനെ സ്വീകരിക്കുക. സംസാരിക്കുന്നതിലൂടെയല്ല പുതിയ സംസ്കാരം സൃഷ്ടിക്കുന്നതിലൂടെയാണ് നവമാനുഷം സംജാതമാവുന്നത്. ദലിതനും ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ശിഖനും എല്ലാവരും ഒരു മേശക്കുചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നവരാകട്ടെ, ഉത്കൃഷ്ടമായ നവസംസ്കൃതിയെപ്പറ്റി സ്വപ്നം കാണുന്നവരാകട്ടെ.