ഭക്ഷണമാണ് നമ്മുടെ ഏറ്റവും പ്രധാന മരുന്ന്; വീട്ടമ്മയാണ് ഡോക്ടര്‍; അടുക്കളയാണ് ആശുപത്രി. കുടുംബാംഗങ്ങളുടെ ആരോഗ്യം അവര്‍ക്കു ലഭിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണം എന്താണോ, അതാണു നാം ആയിത്തീരുക. അതുകൊണ്ട് ആരോഗ്യത്തിനുതകുന്ന ഭക്ഷ്യവസ്തുക്കള്‍ തിരഞ്ഞെടുത്ത് ഉചിതമായി പാകംചെയ്തു കഴിച്ചാല്‍ അസുഖം വരാതെ സൂക്ഷിക്കാം. സുരക്ഷിതമായ മാര്‍ഗ്ഗം ഉചിതമായി പാകം ചെയ്തു കഴിച്ചാല്‍ അസുഖം വരാതെ സൂക്ഷിക്കാം. സുരക്ഷിതമായ മാര്‍ഗം ഉചിതമായ ഭക്ഷണം കഴിക്കലാണ്. ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ഈ ഗാഢമായ ബന്ധം മനസ്സിലാക്കാതെയാണ് വിഷമയങ്ങളായ ഗുളികകളും മറ്റും വാങ്ങിക്കഴിച്ച് നാം ആരോഗ്യത്തെ തകരാറിലാക്കുന്നത്.
രോഗമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രു. രോഗിയായാല്‍ മനുഷ്യന്‍റെ എല്ലാ പ്രതാപങ്ങളും അസ്തമിക്കുന്നു. പിന്നെ മരണം കാത്തുകിടപ്പാണ്. എന്നെങ്കിലും മരിക്കണം, എങ്കിലും ജീവിതം കഴിവതും നീട്ടിക്കൊണ്ടുപോകാനാണ് മനുഷ്യന്‍റെ യത്നം. വൈദ്യശാസ്ത്രം അസൂയാവഹമായി വളര്‍ന്നെങ്കിലും കാലം ചെല്ലുന്തോറും മനുഷ്യന്‍റെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ഹൃദ്രോഗം, ക്യാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ മൂലമുള്ള മരണം ഇന്നു ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേയാണ് അജ്ഞാതരോഗങ്ങളുടെ ആക്രമണം.
ശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം എന്തുകൊണ്ട് നമ്മുടെ ആരോഗ്യവും മെച്ചപ്പെടുന്നില്ല എന്നു നാം ചിന്തിക്കേണ്ടതുണ്ട്. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങളെല്ലാം ഒരു കാര്യം സമ്മതിക്കുന്നു, രോഗകാരണം നാം കഴിക്കുന്ന ഭക്ഷണമാണ്.
അതുകൊണ്ട് നാം ആദ്യം ചെയ്യേണ്ടത്, രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റസ് പറയുന്നു, ഹിതമായ, മിതമായ ആഹാരം യഥാസമയത്ത്, ശരിയായി ചവച്ചരച്ചു കഴിച്ചാല്‍ ഉള്ള രോഗങ്ങള്‍ ഇല്ലെന്നാക്കാം. ഭാവിയില്‍ രോഗം വരാതെ സൂക്ഷിക്കാം. നാം നമ്മുടെ പാരമ്പര്യഭക്ഷണക്രമങ്ങളെ പൂര്‍ണമായും മറന്നിട്ടില്ല. നമ്മുടെ പിതാമഹന്മാര്‍ എത്ര ആരോഗ്യദൃഢഗാത്രരായിരുന്നുവെന്ന് നാം അഭിമാനം കൊള്ളാറുണ്ട്. അവരുടെ ഭക്ഷണക്രമമായിരുന്നു അവരുടെ ആരോഗ്യത്തിനു നിദാനം. എന്നാല്‍ പാശ്ചാത്യരെ അന്ധമായി അനുകരിച്ചുകൊണ്ട് നാം മുന്നോട്ടു പോയാല്‍ അവിടങ്ങളിലുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും നമ്മെ വേട്ടയാടും. ഹൃദ്രോഗം പടിഞ്ഞാറന്‍ നാട്ടിലെ ഏറ്റവും വലിയ കൊലയാളിയാണ്. അമേരിക്കയില്‍ അഞ്ചിലൊരാള്‍ ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സര്‍ ബാധിതനാണ്. പ്രമേഹം, ആസ്ത്മ, വാതവ്യാധി, അസ്ഥിക്ഷയം, ദന്തരോഗങ്ങള്‍, മാനസികരോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം.
മാംസഭക്ഷണം മനുഷ്യര്‍ക്ക് അനുയോജ്യമല്ലെന്നതിന്‍റെ തെളിവ് നമ്മുടെ വായ്ക്കുള്ളില്‍തന്നെയുണ്ട്. മനുഷ്യര്‍ക്കുള്ള 32 പല്ലുകളില്‍ 20 എണ്ണം ചവച്ചരയ്ക്കാനും 8 എണ്ണം കടിച്ചുമുറിക്കാനും 4 എണ്ണം കടിച്ചുകീറാനുമാണ്. മാംസഭോജികളുടെ പല്ലുകള്‍ ഈവിധത്തിലുള്ളതല്ല എന്നതുതന്നെയാണ് മനുഷ്യന്‍ പ്രകൃത്യാ ഒരു സസ്യാഹാരിയായിരിക്കേണ്ടതാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്.
ഒരു മരുന്നും ഉപയോഗിക്കാതെ, ഏതുരോഗവും ഭക്ഷണക്രമീകരണം കൊണ്ടുതന്നെ ഭേദമാക്കാം എന്നു തെളിയിച്ച ഒരു ചികിത്സാരീതിയാണ് മാക്രോബയോട്ടിക്സ്. ശരിയായ ഭക്ഷണവും ചിട്ടയായ ജീവിതവും - അതാണിവരുടെ മുദ്രാവാക്യം. അലോപ്പതിചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതും ചെലവുകുറഞ്ഞതുമായ ഒരു ആരോഗ്യപദ്ധതിയാണിത്.
ചൈനയില്‍ ഉത്ഭവിച്ച് ജപ്പാനില്‍ വളര്‍ന്ന്, ഇപ്പോള്‍ ലോകത്തില്‍ നാനാഭാഗങ്ങളിലും പ്രചാരത്തിലിരിക്കുന്ന ഒരു ആരോഗ്യസംരക്ഷണരീതിയാണിത്. അമേരിക്കയിലും യൂറോപ്പിലും മാക്രോബയോട്ടിക്സ് എന്ന ചികിത്സാരീതി ഒരു തരംഗമായി മാറിക്കഴിഞ്ഞു.
ശരീരത്തിലെ ഊര്‍ജ്ജഘടകങ്ങളുടെ സന്തുലിതാവസ്ഥ തകരാറിലാകുമ്പോഴാണ് രോഗമുണ്ടാകുന്നതെന്ന് മാക്രോബയോട്ടിക്സ് വിശ്വസിക്കുന്നു. നാം ജീവിക്കുന്ന സ്ഥലങ്ങളിലെ പരിസ്ഥിതി, കാലാവസ്ഥ, അന്തരീക്ഷമലിനീകരണം എന്നിവയും രോഗങ്ങള്‍ക്കു കാരണമാകാറുണ്ടെങ്കിലും പ്രധാനമായും ആഹാരക്രമത്തിലെയും ജീവിതചര്യകളിലെയും അസന്തുലിതാവസ്ഥയാണ് രോഗങ്ങളെ സൃഷ്ടിക്കുന്നത്. ഇവയ്ക്ക് നാം തന്നെയാണ് ഉത്തരവാദികള്‍. മുട്ട, മാംസം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, വറുത്ത സാധനങ്ങള്‍ തുടങ്ങിയ കൊഴുപ്പുനിറഞ്ഞ ഭക്ഷണങ്ങള്‍, പെപ്സി, കോക്കെകോള പോലെയുള്ള കൃത്രിമ പാനീയങ്ങള്‍ ബേക്കറി സാധനങ്ങള്‍, ഐസ്ക്രീം, പഞ്ചസാര മുതലായ മധുരപലഹാരങ്ങള്‍ എന്നിവയുടെ അമിത ഉപയോഗമാണ് ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, അലര്‍ജികള്‍ തുടങ്ങിയ രോഗങ്ങള്‍ക്കും വഴിതെളിക്കുന്നതെന്ന് പഠനങ്ങള്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു.
ഭക്ഷണം ചിട്ടപ്പെടുത്തി, ഭക്ഷണം തന്നെ മരുന്നാക്കിമാറ്റുന്ന മാക്രോബയോട്ടിക്സ്, ഭക്ഷണത്തിലുള്ള പോഷകാംശത്തിനല്ല, ഊര്‍ജ്ജത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഓരോ വ്യക്തിയും പൂര്‍ണആരോഗ്യവാനായിരിക്കാന്‍ ആവശ്യമായ ഊര്‍ജ്ജത്തിന്‍റെ അളവ് ശാസ്ത്രീയമായി കണക്കാക്കിയിട്ടുണ്ട്. അതില്‍ കുറവുവരുന്ന ഊര്‍ജ്ജം നല്‍കാന്‍ പര്യാപ്തമായ ഭക്ഷണമാണ് നാം കഴിക്കേണ്ടത്. ശ്വസിക്കുന്ന വായു, കുടിക്കുന്ന ജലം, കഴിക്കുന്ന ആഹാരം, ഊര്‍ജ്ജതരംഗങ്ങള്‍ തുടങ്ങി ജീവന്‍ നിലനിര്‍ത്താന്‍ നാം ആഹരിക്കുന്നതെല്ലാം ഭക്ഷണമാണ്. വ്യക്തി രോഗബാധിതനാകുമ്പോഴും ചികിത്സാവേളയിലും രോഗിയുടെ ശരീരത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് യുക്തിഭദ്രമായി വിശദീകരിക്കാന്‍ മാക്രോബയോട്ടിക്സ് വിദഗ്ദ്ധര്‍ക്കു കഴിയും. ശരീരാവയവങ്ങള്‍ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും ഓരോ അവയവത്തെയും ഊര്‍ജ്ജതലത്തില്‍ സ്വാധീനിക്കാന്‍ ആവശ്യമായ ആഹാരസാധനങ്ങള്‍ ഏവയെന്നും കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിയുന്നതിനെക്കാള്‍ സമഗ്രവും സൂക്ഷ്മവുമായ ധാരണകള്‍ മാക്രോബയോട്ടിക്സിനുണ്ട്.
മാക്രോബയോട്ടിക്സ് സമ്പ്രദായമനുസരിച്ച് ആരോഗ്യമുള്ള ഒരു സാധാരണ മനുഷ്യനാവശ്യമായ ഭക്ഷണക്രമം ഇതാണ്.
മനുഷ്യന്‍റെ മുഖ്യാഹാരം അധികം തവിടുകളയാത്ത ചോറായിരിക്കണം. ഓരോ നേരവും ഭക്ഷണത്തില്‍ 50-60 ശതമാനം ചോറും 25-30 ശതമാനം വേവിച്ചതും വേവിക്കാത്തതുമായ പച്ചക്കറികളും 5 ശതമാനം പയര്‍വര്‍ഗങ്ങളും 5 ശതമാനം പഴങ്ങളും വളരെകുറച്ച് അച്ചാറുമായിരിക്കണം.
മിനിട്ടുകള്‍ മാത്രം നീണ്ടുനില്ക്കുന്ന രുചിക്കുവേണ്ടി ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണം കഴിച്ച് ആയുസ് വെട്ടിക്കുറയ്ക്കരുത്.