news-details
മറ്റുലേഖനങ്ങൾ

മതാതീതമതവും ആധിപത്യപൂര്‍ണമായ പുരോഹിതസമൂഹവും ഇന്നത്തെ മനുഷ്യന്‍റെ സ്വപ്നമാണ്. വിവിധ മതങ്ങളും സംസ്കാരങ്ങളുമുള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇത് ഒരനിവാര്യതയാണ്. മാധവസേവ മാനവസേവ - മര്‍ദ്ദിതനും അള്ളാവും തമ്മില്‍ വളരെ കുറച്ചകലമേയുള്ളൂ - എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത് എന്നിങ്ങനെയുള്ള സൂക്തങ്ങളെല്ലാം പറഞ്ഞുവയ്ക്കുന്നത് ഒരേ സത്യം തന്നെ.

ചുരുക്കത്തില്‍ മതങ്ങളുടെയെല്ലാം അന്തസ്സത്ത ഒന്നുതന്നെയാണ്. ലോകാസമസ്താസുഖിനോ ഭവന്തു - വസുധൈവക കുടുംബകം, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ എന്നൊക്കെ പറയുമ്പോള്‍ അനുഷ്ഠാന നിഷ്ഠമാത്രമായ മതത്തെയും അധരസേവയില്‍ നില്‍ക്കുന്ന ഭക്തിയെയും തള്ളിപ്പറയുകയാണ്. കര്‍മ്മാനുഷ്ഠാനങ്ങള്‍, കൂദാശകള്‍, വെഞ്ചരിപ്പുകള്‍, നൊവേനകള്‍, ശബ്ദമുഖരിത പ്രാര്‍ത്ഥനകള്‍ എന്നിവയെല്ലാം സംഘടിതമതത്തിന്‍റെ ചെയ്തികളാണ്. അനുദിന സാമൂഹികജീവിതത്തെ സ്വാധീനിക്കാത്ത ഈ കര്‍മ്മാനുഷ്ഠാനങ്ങള്‍ ചെയ്തുകൂട്ടാനാണ് വ്യവസ്ഥാപിത പൗരോഹിത്യം മിക്കവാറും നേതൃത്വം നല്കുന്നത്. അന്ധതയും അടിമത്തവും ഇതിന്‍റെ പരിണിതഫലങ്ങളാണ്. വ്യക്തിജീവിതത്തിലോ, സമൂഹജീവിതത്തിലോ വ്യതിയാനമൊന്നുമുണ്ടാകുന്നില്ലെങ്കിലും ഏതാണ്ടൊക്കെ ഞങ്ങള്‍ ചെയ്യുന്നു എന്ന മൂഢധാരണയില്‍ ഇവ മനുഷ്യനെ കൊണ്ടെത്തിക്കുന്നു. ഈ കര്‍മ്മാനുഷ്ഠാനങ്ങള്‍ പുരോഹിതന്‍റെ കുത്തകയാക്കപ്പെടുന്നതോടെ അവര്‍ക്ക് ആധിപത്യഭാവവും മറ്റുള്ളവര്‍ക്ക് അടിമത്തഭാവവും ഉളവാകുന്നു.

ഇത്തരത്തിലുള്ള രീതികളെയും മൂല്യങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് യേശുവിന്‍റെ വരവ്. വ്യവസ്ഥാപിത മതത്തെയും പൗരോഹിത്യത്തെയും അതിന്‍റെ വിവിധ ശീലുകളെയും തകിടം മറിച്ചിട്ട് ഒരു പുത്തന്‍ ശൈലിയിലുള്ള ജീവിതം രൂപപ്പെടുത്താന്‍ നേതൃത്വം കൊടുക്കുകയാണ് യേശു ചെയ്തത്. ഇവിടെയാണ് യേശുവിന്‍റെ പൗരോഹിത്യധര്‍മ്മം നാം കണ്ടെത്തുക. ആര്‍ദ്രമായ മനുഷ്യസ്നേഹവും അചഞ്ചലമായ ധാര്‍മ്മികധീരതയുമാണ് അദ്ദേഹത്തിന്‍റെ കൈമുതല്‍. യേശുവിനെ കുരിശിലെത്തിച്ചത് ഈ സ്നേഹവും ധീരതയുമാണ്. ഇതാണ് അദ്ദേഹത്തിന്‍റെ ജീവിതശൈലി.

പൗരോഹിത്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്നേഹത്തിലുള്ള ജീവിതവും അതിനു നേതൃത്വം കൊടുക്കലുമാണ്. സ്നേഹിക്കുക, സ്നേഹിക്കാന്‍ പഠിപ്പിക്കുക, പരിശീലിപ്പിക്കുക ഇതാണ് യഥാര്‍ത്ഥ ക്രിസ്തീയ പൗരോഹിത്യ ദൗത്യം. അവനെ തിരിച്ചറിയേണ്ടത് വേഷത്തിലല്ല. നിയതമായ ആരാധനാരീതിയിലുമല്ല. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ കരയുന്നവരോടൊപ്പം കരയാനും ചിരിക്കുന്നവരോടൊപ്പം ചിരിക്കാനും അവന് കഴിയണം. തങ്ങളുടെ ബലഹീനതകളില്‍ തങ്ങളോടൊത്ത് സഹതപിക്കാന്‍ കഴിവുള്ളവനാണ് പുരോഹിതന്‍. മനുഷ്യരുടെ പ്രത്യേകിച്ചും പാവങ്ങളുടെയും പീഡിതരുടെയും സന്തോഷവും പ്രതീക്ഷകളും സങ്കടങ്ങളും ഉല്‍ക്കണ്ഠയുമെല്ലാം അവന്‍റേതുമാകണം. താന്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ വികാരവിചാരങ്ങള്‍ തൊട്ടറിഞ്ഞ് തമ്മില്‍ത്തമ്മില്‍ അകറ്റുന്ന മതിലുകള്‍, മതം, ജാതി, സമ്പത്ത് എന്നിവ പൊളിച്ചുകളഞ്ഞ് മനുഷ്യരെയെല്ലാം ഏകോദരസഹോദരരായി കാണാന്‍ സ്വയം കഴിവുനേടിയവനും തങ്ങള്‍ പരസ്പരം സഹോദരരാണ് എന്ന് തിരിച്ചറിയാന്‍ കണ്ണു തുറന്നവനുമാണ്. പുരോഹിതന്‍ എന്നറിയപ്പെടേണ്ടത്. അങ്ങനെ വ്യക്തികളുടെ വളര്‍ച്ച സമൂഹത്തിന്‍റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ബോധം അയാള്‍ വളര്‍ത്തണം.

ചുരുക്കത്തില്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങളുടെ അതിപ്രസരം തള്ളിപ്പറഞ്ഞ്, സത്യബോധത്തിനും ഹൃദയശുദ്ധിക്കും  സാഹോദര്യത്തിനും ഊന്നല്‍കൊടുത്തുള്ള മനുഷ്യകൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സമൂഹത്തില്‍ രാസത്വരകമായി ജീവിക്കുന്നവനാകണം പുരോഹിതന്‍.

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts