news-details
മറ്റുലേഖനങ്ങൾ

"ആ..... ഹ്...."

പാതിരാവായപ്പോള്‍ ഉറക്കം മുറിഞ്ഞു, അവന്‍ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി... ഉള്ളില്‍ ആരോ പറയുന്നു മുന്നോട്ട് നടക്കുക... അവന്‍ ആ ഉള്‍വിളിക്കടിമപ്പെട്ടപോലെ നടന്നു...

മുന്നോട്ട്... മുന്നോട്ട്...

രാത്രി കവുങ്ങിന്‍തോപ്പിലൂടെ ഒറ്റക്ക് നടക്കുന്ന തന്നെ, ആരോ പിറകില്‍ നിന്നും വിളിക്കുന്നു...

അപ്പൂപ്പന്‍താടിപോലെ പാറിനടന്ന അവന്‍റെ ഉപബോധമനസ്സ്, പതുക്കെചെവിയില്‍ മന്ത്രിച്ചു...

'ഒറ്റപ്പന...!'

"പൂയ്... പൂയ്... പൂയ്..." തിരിഞ്ഞു നോക്കു മ്പോള്‍ ഒന്നുമില്ല...

വീണ്ടും മുന്നോട്ട് നടക്കാന്‍ തുടങ്ങവേ... മുന്നില്‍ ഒറ്റപ്പന...

ഇത്തവണ മുകളില്‍ നിന്നും ആ വിളി...

'പൂയ്...'

പനയുടെ മുകളിലേക്ക് നോക്കിയതും ആ രൂപം കണ്ടു ശ്വാസം കഴിക്കാന്‍ പറ്റാതെ വീണു പോകുന്നു...

കറുത്തിരുണ്ട പുകപോലുള്ള ശരീരവും, ചുവന്നു തുറിച്ച കണ്ണുകളും, പാമ്പിനെപ്പോലെ നീണ്ടു വരുന്ന നാവും, പനങ്കുലപോലെ വിരിച്ചിട്ട മുടിയും...

അത് താഴേക്ക് ചാടുന്നു... അയ്യോ... എണീറ്റോടാന്‍ തനിക്ക് പറ്റുന്നില്ല... ശരീരം തളര്‍ന്നുപോയിരുന്നു... അപ്പോഴേക്കും ആ വികൃതരൂപിണിയായ യക്ഷി, അവന്‍റെമേല്‍ വന്നിരുന്നു കഴിഞ്ഞു...

ഒരലര്‍ച്ചയോടെ അയാള്‍ വീഴുമ്പോള്‍, നിലത്തേക്ക് വീഴുന്ന ടോര്‍ച്ചിന്‍റെ വെളിച്ചം മുകളിലേക്ക് നീണ്ടപ്പോള്‍, ആ ഒറ്റപ്പനയുടെ മുകളില്‍ പിന്നെയും അയാള്‍ ആ രൂപം കണ്ടു... തുറിച്ച കണ്ണുകളും... നീണ്ട നാവും... പനങ്കുല പോലുള്ള മുടിയും കറുത്ത ശരീരവുമായി... ആ രൂപം...

പറഞ്ഞുകേട്ടറിവിലുള്ള രൂപം കണ്മുന്നില്‍ കണ്ടപ്പോള്‍ കുടിച്ച അന്തിക്കള്ളിന്‍റെ ലഹരിപോലും വിയര്‍പ്പായിപോയി... നെഞ്ചില്‍ വലിയ ഭാരം അനുഭവപ്പെട്ടു... ശരീരമാകെ വിയര്‍ത്തു... കാലുകള്‍ക്ക് ശരീരത്തിന്‍റെ ഭാരം താങ്ങാന്‍ കഴിയാതെ അയാള്‍ ആ കവു ങ്ങിന്‍തോപ്പിലെ, പണ്ടെന്നോ എങ്ങനെയോ മുളപൊട്ടിവളര്‍ന്ന, കൂറ്റന്‍ പനമരത്തിനു ചോട്ടില്‍ വേദനകൊണ്ട് പിടഞ്ഞു...

വീട്ടുകാര്‍ പേടിച്ചു.... നാട്ടുകാര്‍  പേടിച്ചു... മാന്ത്രികന്‍ വരണം... യക്ഷിയെ തളയ്ക്കണം...
ദേവപ്രശ്നം, സ്വര്‍ണപ്രശ്നം, താംബൂലപ്രശ്നം... പ്രശ്നംവയ്പ്പും പരിഹാരങ്ങളുമായി.

*********

പണ്ട് നമ്മുടെ നാട്ടില്‍ എല്ലാ പാലമരങ്ങളിലും യക്ഷികള്‍ പാര്‍ത്തിരുന്നു- അവര്‍ മനുഷ്യരക്തത്തിനുവേണ്ടി കാത്തിരിക്കുന്നു. മുത്തശ്ശിമാര്‍ ഇത്തരം കഥകള്‍ പറഞ്ഞ് ജീവിതവഴിയിലെ ഭീഷണികളെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ന് കഥപറയാന്‍ മുത്തശ്ശിമാരില്ല. ഉള്ളവ രൊക്കെ പലപല വയോജന മന്ദിരങ്ങളിലാണ്. മുത്തശ്ശിമാര്‍ ഉള്ളയിടങ്ങളില്‍ അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ കുട്ടികളില്ല. അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ താല്പര്യവുമില്ല. കേള്‍വിയെക്കാള്‍ കാഴ്ചയില്‍ അവരുടെ കണ്ണും ഹൃദയവും കെട്ടിയിടപ്പെട്ടിരിക്കുന്നു.

ഏപ്രില്‍ 24നു വിശുദ്ധ ഗീവര്‍ഗീസിന്‍റെ തിരുനാള്‍ ആണ്. വിശുദ്ധ ഗീവര്‍ഗീസിന്‍റെ കഥയും ഒരു ഭീകരസത്വത്തിന്‍റെ കഥയാണ്. ഒരു പെണ്‍കുട്ടിയെ വിഴുങ്ങാന്‍ നോക്കിയിരിക്കുന്ന ഭീകര സത്വത്തെയാണ്  ഗീവര്‍ഗീസ് നേരിട്ട് നശിപ്പിക്കുന്നത്. വീരസാഹസികതയുടെ വിശുദ്ധന്‍. ഈ ഭീകരജീവി ആളുകളെ കൊല്ലുന്നതിനുമുന്‍പ് ഒരു ചോദ്യം ചോദിക്കും. ഭീകരജീവിയുടെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരം പറയാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഉത്തരം മുട്ടിയാല്‍ അയാളെ തന്‍റെ അന്നത്തെ ഇരയാക്കും. ഇരയാരെന്നു നറുക്കിട്ടെടുത്ത് തീരുമാനിക്കും. ഒരു ദിവസം രാജ്യം ഭരിക്കുന്ന അധികാരിയുടെ മകളുടേതായിരുന്നു ഊഴം. അവളെ രക്ഷിക്കാന്‍ കുതിരപ്പുറത്ത് പാഞ്ഞെത്തുന്ന രാജകുമാരനായിട്ടാണ് ഗീവര്‍ഗീസിനെ ചിത്രീകരിക്കുന്നത്. പ്രതിഫലമായി രാജകുമാരിയെ കല്യാണം കഴിപ്പിച്ചുകൊടുക്കാമെന്നു രാജാവ് പറഞ്ഞു. പക്ഷേ, ഗീവര്‍ഗീസ് അവരെ ക്രിസ്തു വിശ്വാസത്തിലേക്കു വരുവാന്‍ ക്ഷണിച്ചു. അതു മാത്രം പ്രതിഫലം മതിയെന്നു പറഞ്ഞു. അങ്ങനെ രാജാവും കുടുംബവും ക്രിസ്തുവില്‍ വിശ്വസിച്ച് ക്രിസ്ത്യാനികളായി എന്നാണ് ഐതിഹ്യം.

നമ്മള്‍ ജീവിക്കുന്ന ശാസ്ത്രയുഗത്തില്‍ എവിടെയാണ് ഇത്തരം ഭീകരസത്വങ്ങള്‍? ഇത്തരം കഥകള്‍ ചില സിനിമകളില്‍ കണ്ട് രസിക്കുകയോ, ഭയപ്പെട്ട് കാറികൂവുകയോ ചെയ്യുന്നതിനപ്പുറത്ത് ഇവക്ക് എന്താണ് പ്രസക്തി? മിഷെല്‍ഫുക്കോ എന്ന ഫ്രഞ്ച് ചിന്തകനും മനഃശാസ്ത്രജ്ഞനും ആയ ആള്‍ പറയുന്നു: ' ഭീകരസത്വങ്ങള്‍ ഇന്നും ചുറ്റിലും പതിയിരിക്കുന്നു. അവയുടെ രൂപവും ഭാവവും അറിവിന്‍റെ ആഴമനുസരിച്ച് മാറുന്നു.'

പഴയ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ഭീകരസത്വങ്ങളും യക്ഷികളും ചാത്തന്മാരും ഡ്രാക്കുളകളുമൊക്കെ ഉണ്ടായിരുന്നു. അവക്ക് പലപലപേരു കളും, വിചിത്രമായ രൂപവും ഭാവനയില്‍ മനുഷ്യര്‍ കൊടുത്തിരുന്നു. ഇന്ന് യക്ഷികളില്ല. പക്ഷേ, മനുഷ്യന്‍റെ ചോരകൊതിച്ച് നടക്കുന്നവരുണ്ട്. ഇവര്‍ നമ്മുടെ രക്തത്തിനുവേണ്ടി ഒളിച്ചിരിക്കുന്നു. ജീവിത യാത്രയില്‍ ചതിക്കുഴികള്‍ ഒരുക്കുന്നവരും, തട്ടിപ്പു നടത്തുന്നവരും, മനുഷ്യരെ പിടിക്കുന്നവരും ഉണ്ട്. ജാഗ്രത വേണം. ഇന്‍റര്‍നെറ്റില്‍, ജാഗ്രതക്കുറവു കൊണ്ട് വഞ്ചിക്കപ്പെട്ടവരും പീഡിതരായവരും പല കഷ്ടനഷ്ടങ്ങള്‍ക്കും വിധേയരായവരും ഇല്ലേ...? കെട്ടുകഥകളുടെ കാലം കഴിഞ്ഞുവെന്ന് അഭിമാനിക്കാമോ? ഭീകരസത്വങ്ങള്‍ ഇന്നും പതിയിരിക്കുന്നു.

സോക്രട്ടീസ് നൂറ്റാണ്ടുകള്‍ക്ക്  മുന്‍പ് എഴുതി: "ഞാന്‍ കെട്ടുകഥകളിലേക്ക് നോക്കാറില്ല. എന്നാല്‍ ഞാന്‍ എന്നിലേക്ക് നോക്കുന്നു. ചിറകുവിരിച്ച ഭീകര സര്‍പ്പമാണോ ഞാന്‍? എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍ ആണ്ടുകിടക്കുന്ന രക്തദാഹികളായ യക്ഷികളെയും സര്‍വനാശം വിതയ്ക്കുന്ന സര്‍പ്പങ്ങളെയും കാണാന്‍ എനിക്കാകുന്നുണ്ടോ? ദൈവി കവും ശാന്തവുമായ എന്‍റെ പ്രകൃതിയെ കണ്ടെത്തി മെരുക്കിയെടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ?"

ദൈവസാന്നിധ്യം ചിലരില്‍ അസഹനീയമായ ഭാരം ഉണ്ടാക്കുന്നു. ആ ഭാരം ഇറക്കിവെക്കുന്നവര്‍ ജീവിതത്തില്‍ വലിയ ദുരന്തമുഖങ്ങളിലേക്ക് ചുഴ റ്റിയെറിയപ്പെടുന്നു. അവര്‍ സത്യത്തേക്കാള്‍ സുന്ദരമായ നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.  അവര്‍ ദൈവമരണത്തിന്‍റെ രാത്രികളെ ആഘോഷിച്ചു കൊണ്ട് ഒറ്റപ്പനയില്‍ കുടിയിരിക്കുന്നു. യക്ഷിയായും, മറുതയായും, ചാത്തനായും... അവറ്റകളെ തളയ്ക്കാന്‍ മനുഷ്യബോധത്തില്‍ ജ്ഞാനത്തിന്‍റെ തെളിച്ചവും വെളിച്ചവും കടന്നുചെല്ലണം. വിശുദ്ധ ഗീവര്‍ഗീസുമാര്‍ കുതിരപ്പുറത്ത് കുന്തവുമായി പാഞ്ഞെത്തണം. അജ്ഞാനത്തിന്‍റേയും അസത്യത്തിന്‍റെയും യക്ഷികളെ ഒറ്റപ്പനയില്‍ തളക്കാന്‍. നമ്മുടെ മക്കളെ യക്ഷിപ്പേടിയില്‍ നിന്ന് രക്ഷിക്കാന്‍.

*********

ഉള്ളില്‍ ആരോ പറയുന്നു, മുന്നോട്ട് നടക്കുക... അവന്‍ ആ ഉള്‍വിളിക്കടിമപ്പെട്ടപോലെ നടന്നു...

മുന്നോട്ട്... മുന്നോട്ട്...

രാത്രി കവുങ്ങിന്‍തോപ്പിലൂടെ ഒറ്റക്ക് നടക്കുന്ന തന്നെ, ആരോ പിറകില്‍ നിന്നും വിളിക്കുന്നു...

അപ്പൂപ്പന്‍ താടിപോലെ പാറിനടന്ന അവന്‍റെ ഉപബോധമനസ്സ്, പതുക്കെ ചെവിയില്‍ മന്ത്രിച്ചു...

'ഒറ്റപ്പന...!"

"പൂയ്... പൂയ്... പൂയ്..." തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നുമില്ല...

വീണ്ടും മുന്നോട്ട് നടക്കാന്‍ തുടങ്ങവേ... മുന്നില്‍ ഒറ്റപ്പന...

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts