news-details
മറ്റുലേഖനങ്ങൾ

ധാര്‍മ്മികദിശാബോധം

'കനിവോടെ കൊല്ലുക' എന്ന ലേഖനത്തില്‍ അരുന്ധതി റോയി ഇപ്രകാരം എഴുതുന്നു: "നമ്മുടെ രാഷ്ട്രത്തിന് അതിന്‍റെ ധാര്‍മ്മികദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിഫലേച്ഛയ്ക്കായി ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളും വംശീയഹത്യകളും വംശീയശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങളെ കൈയടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു." രാഷ്ട്രീയത്തിലും സമൂഹത്തിലും ധാര്‍മ്മികതയുടെ വെളിച്ചം കുറഞ്ഞുവരുന്നതിനെക്കുറിച്ചാണ് എഴുത്തുകാരി പരിതപിക്കുന്നത്. കായികശക്തിയും നെഞ്ചളവും അധികയോഗ്യതയായി ഗണിക്കപ്പെടുമ്പോള്‍ ധാര്‍മ്മികത വഴുതിപ്പോകുന്നു. ജനാധിപത്യത്തില്‍ ധാര്‍മ്മികത ഏറെ പ്രധാനമാണ്. അതു വിനഷ്ടമാകുമ്പോള്‍ ജനാധിപത്യം ക്ഷീണിക്കുന്നു.

 

ഭരണകൂടത്തില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാത്രമല്ല ധാര്‍മ്മികത ഇല്ലാതായിരിക്കുന്നത്. ജനതയും ഇന്നു സഞ്ചരിക്കുന്നത് ധാര്‍മ്മികതയുടെ പാതയിലല്ല എന്നു പറയേണ്ടിവരും. ധാര്‍മ്മികതയുടെ ബലം നഷ്ടപ്പെടുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും അധര്‍മ്മത്തോട് 'അരുത്' എന്നു പറയാന്‍ സാധിക്കാതെ വരും. ഈ ധാര്‍മ്മികക്ഷീണമാണ് ഈ ചരിത്രസന്ദര്‍ഭത്തെ ഗ്രസിച്ചിരിക്കുന്നത്. 'ഒരു കറുത്ത തുണിപോലെ നിര്‍വികാരിത ഈ ഗ്രാമത്തെ പൊതിഞ്ഞിരിക്കുന്നു' എന്ന് കവി എഴുതിയതുപോലെ നിര്‍വികാരിതയാണ് എവിടെയും നിറയുന്നത്. ചരിത്രത്തില്‍ ഇടപെടാനുള്ള ഉത്തരവാദിത്വം നാം മറക്കുമ്പോള്‍ ചരിത്രത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മെ അന്ധകാരത്തിലേക്ക് വലിച്ചുതാഴ്ത്തും. സാക്ഷികള്‍ മാത്രമാകുന്ന സമൂഹം ധാര്‍മ്മികമായി ക്ഷീണിതരായിരിക്കുന്നു.

 

എത്രപെട്ടെന്നാണ് നാം പിന്നിലേക്ക് സഞ്ചരിക്കുന്നത്? ആരാണ് ചരിത്രത്തെ പുറകോട്ടു നയിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഇരുട്ടിലാണ് നാടിന്‍റെ ഭാവി എന്നാരാണ് നമ്മെ പഠിപ്പിക്കുന്നത്? ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരം അത്ര എളുപ്പമല്ല.

സ്വാതന്ത്ര്യസമരകാലത്ത് നമ്മെ നയിച്ചിരുന്ന മൂല്യങ്ങള്‍ ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. അധികാരത്തിന്‍റെ ഇടനാഴികളില്‍ നിന്ന് ധാര്‍മ്മികതയുടെ പ്രകാശം മങ്ങിമാഞ്ഞുകൊണ്ടിരിക്കുന്നു. എന്തും സാദ്ധ്യമാണ് എന്നനില വന്നിരിക്കുന്നു. പരസ്യങ്ങളിലൂടെ ഉയര്‍ത്തിവിടുന്ന, ഊതിവീര്‍പ്പിച്ച വ്യക്തികള്‍ ദൈവസമാനരായി അവതരിപ്പിക്കപ്പെടുന്നു. രക്ഷകന്മാരായി അവതരിക്കുന്നവര്‍ ശിക്ഷകരാണ് എന്ന സത്യം നാം തിരിച്ചറിയുന്നില്ല. എല്ലാവരെയും അടിമകളാക്കാന്‍ ആഗ്രഹിക്കുന്ന ഏകാധിപത്യത്തിന്‍റെ മുഖഭാവം ആരും മനസ്സിലാക്കുന്നില്ല. ഭൂരിപക്ഷവും ഓടിച്ചെന്ന് അടിമത്തം ഏറ്റുവാങ്ങുന്നതും നാം കാണുന്നു. സ്വാതന്ത്ര്യത്തിന്‍റെ, ജനാധിപത്യത്തിന്‍റെ, നന്മയുടെ ആകാശം ചുരുങ്ങിവരുംപോലെ...

ഇവിടെ ആരാണ് തെറ്റുകാര്‍ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ നാം തന്നെയാണ് യഥാര്‍ത്ഥകുറ്റക്കാര്‍ എന്നതാണ് സത്യം. നമ്മുടെ തിരഞ്ഞെടുപ്പുകള്‍ തെറ്റാകുമ്പോള്‍ ചരിത്രം മറ്റൊന്നാകും എന്നറിയുക പ്രധാനമാണ്. തവളക്കൂട്ടം പാമ്പിനെ രാജാവായി തിരഞ്ഞെടുത്തതുപോലെയാണ് ഇന്നത്തെ അനുഭവം. പുറത്തെ മായക്കാഴ്ചകളില്‍ മയങ്ങി നാം യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയാത്തവരായി മാറിക്കൊണ്ടിരിക്കുന്നു. ഈ മയക്കുന്ന കാഴ്ചവട്ടങ്ങള്‍ക്കപ്പുറത്ത് അന്ധകാരത്തിന്‍റെ യുഗം കാത്തിരിക്കുന്നുവോ എന്ന സന്ദേഹം ചിന്താശീലരെ അലട്ടുന്നുണ്ട്.

പണവും അധികാരവും, മൂല്യം നഷ്ടപ്പെട്ട മതങ്ങളും എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു രാജ്യം എവിടെയാണ് എത്തിച്ചേരുക? അതിവൈകാരികമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചുപിടിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ് വസ്തുത. 'വിശ്വാസവള്ളിയില്‍ കെട്ടി ദുര്‍ബലാത്മാക്കളെ തങ്ങളില്‍ കൊല്ലിച്ച് തന്‍തടമുറപ്പിക്കും അല്പദൈവങ്ങള്‍. തീ തുപ്പുന്ന ദുര്‍ഭൂമിയായി ദേശം മാറുകയാണോ' എന്ന ചോദ്യവും അത്യന്തം പ്രസക്തമാണ്. ശാസ്ത്രസാങ്കേതികവിദ്യകളിലുണ്ടായിട്ടുള്ള അഭൂതപൂര്‍വ്വമായ പുരോഗതികള്‍പോലും നാടിനെ പിന്നിലേക്കാക്കാനാണ് ഉപയോഗിക്കുന്നത് എന്ന വൈരുദ്ധ്യം ഞെട്ടിക്കുന്നതാണ്.

 

ജനാധിപത്യത്തിന്‍റെ കാതല്‍ എന്നത് ബഹുസ്വരതയാണ്, ഭിന്നസ്വരങ്ങള്‍ ഒന്നായിച്ചേര്‍ന്ന് ഒരു സിംഫണിയായിത്തീരുന്നതാണ് അതിന്‍റെ ലാവണ്യം. എന്നാല്‍ ഇന്ന് ഏകസ്വരത്തിലേക്ക് അതു ചുരുങ്ങിവരുന്നു. മറ്റു സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ അധികാരം ശ്രമിക്കുന്നു. ഏകസ്വരതയുടെ കാലം സൃഷ്ടിക്കുകയാണ് അധികാരത്തിന്‍റെ ലക്ഷ്യം. 'ഞാനാണ് രാജ്യം' എന്ന തലത്തിലേക്ക് നാര്‍സിസത്തില്‍ അഭിരമിക്കുന്ന ഭരണാധികാരികള്‍ നിപതിച്ചിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ ഏതു വഴിയും സ്വീകരിക്കാമെന്ന നില വന്നിരിക്കുന്നു.

 

ഇതിനെന്താണ് പരിഹാരം എന്ന അന്വേഷണം  പ്രധാനമാണ്. വ്യക്തിയും സമൂഹവും ധാര്‍മ്മികബലം കൈവരിക്കുക എന്നതാണ് അതിനുള്ള വഴി. അധാര്‍മ്മികതയെ ചോദ്യം ചെയ്യണമെങ്കില്‍ ധാര്‍മ്മികബലം അനിവാര്യമാണ്. ചോദ്യം ചോദിക്കുമ്പോള്‍ നമ്മിലേക്കും ചില ചോദ്യങ്ങള്‍ തിരിച്ചുവരും എന്ന കാര്യം ഓര്‍ക്കുക. അങ്ങനെ തിരിച്ചെത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെങ്കില്‍ ധാര്‍മ്മികബലം ഉണ്ടാവണം. ഇരുട്ടിനെതിരെ അന്ധകാരത്തിന് പൊരുതാനാവില്ല. ഇരുട്ടിനെ അകറ്റാന്‍ വെളിച്ചം മാത്രമേ ശക്തമാകൂ. ധാര്‍മ്മികതയുടെ ബലമാണ് വെളിച്ചമായി അന്ധകാരത്തെ ദൂരീകരിക്കുന്നത്. ഇല്ലെങ്കില്‍ എല്ലാവരും ഇരുട്ടിലേക്കു നിപതിക്കും. വെളിച്ചത്തിന്‍റെ പോരാളികളാകാനാണ് ചരിത്രസന്ദര്‍ഭം ക്ഷണിക്കുന്നത്.    

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts