വിഷാദരോഗത്തി(depression)നും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് വികസിപ്പിച്ചെടുത്ത പതിനാലു ദിനംകൊണ്ട് പൂര്‍ത്തിയാവുന്ന മനോനിലചിത്രണം (Mood Mapping) പതിനൊന്നാം ദിനം തുടരുന്നു. പ്രസാദാത്മകത കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിനൊന്നാം ദിനത്തില്‍ ഉല്‍ക്കണ്ഠാകുലമായ മനോനിലയില്‍ നിന്ന് നമ്മെ കര്‍മ്മോത്സുകവും ശാന്തവുമായ മനോനിലയിലേക്ക് നയിക്കുന്ന അഞ്ചു താക്കോലുകളെപ്പറ്റി നാം പഠിക്കുന്നു. മൂന്നാം താക്കോലായ നമ്മുടെ ബന്ധങ്ങളെപ്പറ്റി ഈ ലക്കത്തില്‍ വായിക്കാം.
നമ്മുടെ മനോനിലയും നമ്മുടെ ചിന്തകളും ഏറെ വഷളാകുന്നതില്‍നിന്ന് നമ്മെ സംരക്ഷിക്കാന്‍ നമുക്കു ചുറ്റുമുള്ളവര്‍ നമ്മെ സഹായിക്കുന്നു. മനുഷ്യര്‍ സാമൂഹികജീവിയാണ്. ജീവിതത്തിലുടനീളം നാം ഒരാളെ അല്ലെങ്കില്‍ മറ്റൊരാളെ ആശ്രയിക്കുന്നു. നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളുടെ ഉല്‍ക്കണ്ഠയ്ക്കു കാരണമാകാം. നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളുടെ ഉല്‍ക്കണ്ഠാകുലതയില്‍ നിന്ന് സൗഖ്യപ്പെടുത്തുന്നവരുമാകാം. ഇനി പറയുന്ന തന്ത്രങ്ങള്‍ നിങ്ങളുടെ മനോനിലയെ കര്‍മ്മോത്സുകതയിലേക്കും ശാന്തതയിലേക്കും നയിക്കും.
1. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക:
മറ്റുള്ളവരുമായി പ്രശ്നങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ നിങ്ങള്‍ തനിച്ചല്ല എന്ന് നിങ്ങള്‍ക്കു ബോധ്യപ്പെടുന്നു. സ്വന്തം പ്രശ്നങ്ങളുമായി ഒതുങ്ങിക്കൂടുമ്പോള്‍ അതു വഷളാകുന്നു. നിങ്ങളുടെ അനുഭവം വിവരിക്കാനുള്ള വാക്കുകള്‍ കണ്ടെത്തുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ഒരാശ്വാസം തോന്നും. സാവകാശം അത് കൈകാര്യം ചെയ്യാനും കഴിയും.
2. നല്ല സാമൂഹികബന്ധം കെട്ടിപ്പടുക്കുക:
നമ്മുടെ ജീവിതത്തിനൊരു സമനില കൈവരിക്കാനും ഉല്‍ക്കണ്ഠ കുറയ്ക്കാനും ഇത് ഉപകരിക്കും. ഒരു കൂട്ടായ്മയുടെ ഭാഗമാകുന്നത് മാനസിക ആരോഗ്യത്തിന് ഏറെ നല്ലതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മനുഷ്യരുമായി ബന്ധമില്ലാത്തവര്‍ ഒറ്റപ്പെടുകയും തീവ്രമനോനിലയിലേക്കും മാനസികരോഗത്തിലേക്കും വഴുതിവീഴുകയും ചെയ്യും. അതിനാല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുക.
3. ഒരു സ്വാശ്രയസംഘത്തെ പരിഗണിക്കുക
മാനസികാരോഗ്യപ്രശ്നമുള്ള ഡോക്ടര്‍മാര്‍ക്കായുള്ള സ്വാശ്രയസംഘമാണ് ഡോക്ടേഴ്സ് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് എന്നത്. രണ്ടു മുദ്രാവാക്യങ്ങളാണ് അതിനുള്ളത്. "നിങ്ങള്‍ തനിച്ചല്ലെന്ന് അറിയുക', 'സ്വയവും മറ്റുള്ളവരോടും കരുണയുള്ളവരായിരിക്കാന്‍ പഠിക്കുക.' വിഷാദരോഗവും മാനസികാരോഗ്യപ്രശ്നങ്ങളുമുള്ള ഡോക്ടര്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചകളാണ് സംഘത്തിന്‍റെ ശക്തി. പരസ്പരം പിന്തുണ നല്‍കുന്നതിനും പ്രശ്നം വഷളാവുന്നത് തടയുന്നതിനും ഇതു സഹായിക്കുന്നു. അവരവര്‍ക്കായി പ്രസാദാത്മകമായി ചിലത് ചെയ്യുന്നതിന് അംഗങ്ങളെ സംഘം സഹായിക്കുന്നു.
ജേസണ്‍
കൗമാരത്തില്‍ ജേസണ്‍ വിഷാദിയായിരുന്നു. അതില്‍നിന്ന് അവന്‍ മോചിതനായി. എ ലെവല്‍ പൂര്‍ത്തിയാക്കി അവന്‍ സാമ്പത്തികശാസ്ത്രത്തില്‍ ജോലിക്ക് അപേക്ഷിച്ചു തുടങ്ങിയപ്പോഴാണ് 'നിങ്ങള്‍ക്ക് ഇപ്പോഴോ, എപ്പോഴെങ്കിലുമോ വിഷാദരോഗം ഉണ്ടോ, ഉണ്ടായിരുന്നോ' എന്നത് അപേക്ഷാഫോറത്തിലെ സ്ഥിരം ചോദ്യമാണെന്ന് ജേസണ് മനസ്സിലായത്. വിഷാദരോഗമുണ്ടായിരുന്നു എന്നു കണ്ടുപിടിക്കപ്പെട്ടാല്‍ തനിക്കൊരിക്കലും ഒരു തൊഴില്‍ ലഭിക്കില്ലെന്നവന്‍ ഭയന്നു. അവന്‍റെ മനസ്സില്‍ പ്രശ്നം രൂക്ഷമായി.
കുറച്ചു വര്‍ഷങ്ങള്‍ മൂത്ത ഒരു സുഹൃത്തിനോട് ഒടുവില്‍ അവന്‍ കാര്യങ്ങള്‍ പറഞ്ഞു. കൗമാരത്തില്‍ അയാളും വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന് അപ്പോഴാണറിഞ്ഞത്. അവര്‍ തങ്ങളുടെ അനുഭവം പങ്കിട്ടു. തൊഴില്‍ദാതാക്കള്‍ അപേക്ഷകന്‍റെ കഴിവിലാണ് കൂടുതല്‍ ശ്രദ്ധിക്കുക എന്ന് സുഹൃത്ത് ഉറപ്പ് നല്‍കി. പോയ കാലത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നതിനേക്കാള്‍ നന്ന് ജോലിക്ക് താന്‍ എത്ര അനുയോജ്യനാണ് എന്ന് മേധാവിയെ ബോധ്യപ്പെടുത്തുന്നതാണ് എന്ന് ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ ജേസണെ ബോധ്യപ്പെടുത്തി.
(തുടരും)