news-details
മറ്റുലേഖനങ്ങൾ

പഥികര്‍ പടിയിറങ്ങുന്നു

"ജോസഫ് ഓര്‍ത്തു, എനിക്കിതിനാകുമോ? പൊള്ളയായ ഒരാവേശത്തിന്‍റെ പേരില്‍, കാലികമായ ഒരാദര്‍ശത്തിന്‍റെ പേരില്‍ ഒരു യുഗപുരുഷന്‍റെ സ്വപ്നങ്ങളെ മുഴുവന്‍ കുരുതികൊടുക്കുക. പാതിപാടിയ പാട്ടിലും കത്തിയമര്‍ന്നുപോയൊരു മെഴുകുതിരിയുടെ ഹൃദയവ്യഥയിലും നൂലോടി നില്ക്കുന്ന വികാരം നിരാനന്ദത്തിന്‍റേതാണ്; നിഷേധമല്ല, വിധേയത്വമാണ്. വിഘടനമല്ല" - ആഞ്ഞൂസ് ദേയി.

ബാല്യത്തില്‍ എനിക്കുവേണ്ടി രണ്ടു ചെങ്ങാലിപ്രാവുകള്‍ കുരുതികൊടുക്കപ്പെട്ടതു ഈ ദേവാലയത്തില്‍വച്ചാണ്. അരുത്; ഇനിയൊരിക്കലും എനിക്കുവേണ്ടി ഒരു ജീവിയും ബലി നല്കപ്പെട്ടുകൂടാ എന്ന നിശ്ചയദാര്‍ഢ്യവുമായി തന്‍റെ കൈവശമുണ്ടായിരുന്ന കുഞ്ഞാടിനെയും കൂട്ടി ജറുസലെം ദേവാലയത്തിന്‍റെ എതിര്‍ദിശയിലേക്കു നടന്നുപോകുന്നൊരു ക്രിസ്തുവിന്‍റെ ചിത്രമുണ്ട് ലോകസാഹിത്യത്തില്‍ വായിച്ചിട്ടില്ലെ, പോര്‍ച്ചുഗല്ലില്‍ നിന്ന് വിശ്വസാഹിത്യത്തിന്‍റെ നെറുകയിലേയ്ക്കു കയറിവന്ന ജോസെസരമാഗോവിന്‍റെ "ഗോസ്പെല്‍ അക്കോഡിങ്ങ് ടൂ ജീസസ് ക്രൈസ്റ്റ്."

ജീവിതത്തിന്‍റെ ബഹുസ്വരതകളില്‍നിന്നകന്ന് തനിക്കുമാത്രമായി നീക്കിവയ്ക്കപ്പെട്ട കര്‍മ്മപഥങ്ങളിലൂടെ നിര്‍ഭയവീര്യരായി കടന്നുപോകുന്ന ചില മനുഷ്യരായിരുന്നു എന്‍റെ സ്വപ്നങ്ങളില്‍. 'ആനന്ദാ ഈ ഞാന്‍ പോലും നിന്‍റെ വിളക്കല്ല' എന്നരുളിയ തഥാഗതന്‍. ക്രിസ്തുസദൃശ്യമായ സ്നേഹം ഭൂമിയില്‍ അസാധ്യമായ അനുഭവമാണെന്നു പ്രഖ്യാപിച്ച ഫയദോര്‍. I felt what Christ felt; I became Christ എന്ന് 'ഗ്രീക്ക് പാഷ' നിലൊരിടത്ത് എഴുതിവച്ച പരിവ്രാജകനായ കസാന്‍ദ്സാക്കീസ്. അലബാമയിലെ തെരുവുകളില്‍ കറുത്ത നിറക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെളുത്ത നിറമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കൈകള്‍ കോര്‍ത്തുപിടിച്ച് സഹോദരീസഹോദരന്മാരെപ്പോലെ നടന്നുനീങ്ങുന്ന കാലം അത്ര വിദൂരമല്ലെന്നു സ്വപ്നം കണ്ട മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ്.  ഞാന്‍ സ്നേഹിക്കുന്നു അതിനാല്‍ ഞാന്‍ നിലനില്ക്കുന്നു എന്നു വിനീതനായ ഫ്രാന്‍സീസ് അസ്സീസി, പിന്നെയും ചില ദീപ്തമുഖങ്ങള്‍...

അതുകൊണ്ടുതന്നെ മഠയനായ ഒരു വായനക്കാരനെപ്പോലെ ഞാനിപ്പോഴും വിശ്വസിക്കുന്നു; ദസ്തയേവസ്കി ജനിച്ചത് റഷ്യയിലല്ലായിരുന്നുവെങ്കില്‍, കസാന്‍ദ്സാക്കീസ് പിറന്നത് ഗ്രീസിനു പുറത്തായിരുന്നുവെങ്കില്‍ കത്തോലിക്കാസഭ ഒരു പക്ഷേ അവരിരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുമായിരുന്നുവെന്ന്! ഫയദോര്‍ എന്ന ചുഴലിദീനക്കാരനെ ലോകത്തിനു സമ്മാനിച്ചതിനാല്‍ അന്തിമവിധിനാളില്‍ റഷ്യ അവളുടെ അനവധിയായ പാപങ്ങളില്‍നിന്ന് വിമോചിക്കപ്പെടുമെന്ന് പിന്നീടെപ്പോഴോ അറിയാനിടയായ നിമിഷം ഞാനാമനുഷ്യന്‍റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ മുട്ടിന്മേല്‍ നില്ക്കുകയായിരുന്നു. ഒരു ചൂതാട്ടവും ജയിക്കാതെ പോകുന്നവന്‍റെ മുറിവേറ്റ മനസ്സുമായി.

അറിയാം, ഇതൊന്നും മാനവവര്‍ഗ്ഗവിരുദ്ധ രാഷ്ട്രീയത്തെ മാനിച്ചിരുത്തുന്ന കത്തനാരുടെ നടവഴിയല്ലെന്ന്. അതിനുമപ്പുറത്തെവിടെയോ ഏകാകിയായ വഴിയാത്രക്കാരന്‍റെ കാല്‍ച്ചൂടേറ്റ് പുല്ലുകള്‍ കരിഞ്ഞുണ്ടാകേണ്ട ദീപ്തമായ ഒരു ശോണരേഖയാണതെന്ന്. എങ്കിലും അഭിശപ്തനായ സഞ്ചാരി വിജനവും അപരിചിതവുമായ യാത്രാമുഖങ്ങളില്‍ ഒരു പരിചിതമുഖം തിരയുംപോലെ ഇടയ്ക്കെപ്പോഴോ ഇയാള്‍ തിരിഞ്ഞുനില്ക്കുന്നു.

ഭ്രാതൃഹത്യകള്‍

അധ്യാപക-സര്‍വീസ് സംഘടനകളുടെ മുപ്പത്തിരണ്ടു ദിവസം നീണ്ടുനിന്ന സമരകാലത്ത് അവശ്യസേവന സംരക്ഷണ നിയമ (എസ്മ) പ്രകാരം അറസ്റ്റു ചെയ്ത്  തടവിലാക്കപ്പെട്ട എന്‍റെ സുഹൃത്തിന് ജയിലറയില്‍ ആശ്വാസം നല്കിയത് കസാന്‍ദ്സാക്കീസിന്‍റെ 'ഫ്രാറ്റിസൈഡ്സ്' എന്ന കൃതിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് 'ഭ്രാതൃഹത്യകള്‍' എന്ന ചോദ്യത്തിന് ബുദ്ധമതാനുയായിയായ അദ്ദേഹം ഉത്തരം നല്‍കിയില്ലെങ്കിലും ഒരു കാര്യം അയാള്‍ ഓര്‍മ്മിപ്പിച്ചു. നൂറുശതമാനവും സഭാവിരുദ്ധമാണ് ഈ കൃതി.

കസാന്‍ദ്സാക്കീസിന്‍റെ കൃതികളൊന്നും ക്രിസ്തുവിരുദ്ധമല്ലല്ലോ എന്നതായിരുന്നു എന്‍റെ ഏക ആശ്വാസം. ഇനിയൊരുനാള്‍ സത്യം ക്രിസ്തുവിനു പുറത്താണെന്നു വന്നാല്‍ക്കൂടി ക്രിസ്തുവിനോടൊപ്പമല്ല സത്യത്തോടൊപ്പം നില്ക്കാനാവും താന്‍ ആഗ്രഹിക്കുകയെന്ന് ഒരു നൂറ്റാണ്ടിനുമുമ്പ് ഫയദോര്‍ എഴുതിവച്ചതും അതുകൊണ്ടാണല്ലോ.

'ആഞ്ഞൂസ് ദേയി' കഥയാകും മുമ്പേ ഒന്നിലധികം പുരോഹിതന്മാര്‍ ആത്മഹത്യചെയ്തു. അതിലേറെപ്പേര്‍ പ്രിയജനങ്ങള്‍ക്കും പ്രണയിനിക്കുമൊപ്പം ഒളിച്ചോടുകയുണ്ടായി. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ വീഴ്ചയും അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഭദ്രാസനദേവാലയമുള്‍പ്പെടെ മനോഹരങ്ങളായ വാസ്തുശില്പങ്ങള്‍ പലതും തകര്‍ന്നു നിലംപറ്റി. ഇതെല്ലാം സംഭവിച്ചത് ശവക്കോട്ടപ്പാലത്തിനു തെക്കുവശമായിരുന്നിട്ടുപോലും നോവലിന് ഇവയൊന്നും തന്നെ വിഷയമായിരുന്നില്ല. പുരോഹിതനുവേണ്ടി അവന്‍റെ ചേരിയില്‍നിന്ന് എഴുതപ്പെട്ട നോവലിലുള്ളത് തങ്ങളുടെ ജീവിതമല്ലേയെന്ന് നെഞ്ചില്‍ കൈയമര്‍ത്തി ആണയിട്ടവര്‍ സുഹൃത്തുക്കളായിരുന്നു.

പുസ്തകം വായിക്കാതെയും അതൊരുപാട് ശത്രുക്കളെ സമ്മാനിച്ചു. കണ്ണാടിയില്‍ തെളിയുന്ന പ്രതിബിംബത്തിലെ സ്വന്തം നഗ്നതയ്ക്ക് സൗന്ദര്യം പോരെന്ന് അവര്‍ക്കു തോന്നിയിരിക്കണം.
ജോസഫിന്‍റെ കവിത
ഭോഗിക്കപ്പെടാത്ത നിന്‍റെ പൗരുഷം
ക്രൂരമായ് വേട്ടയാടപ്പെട്ട നിന്‍റെ യൗവ്വനം
നട്ടുച്ചയ്ക്കു കൊടുമുടിയില്‍ തിളച്ചുമറിഞ്ഞ
നിന്‍റെ സ്വന്തം മരണം!
ഹോ, എല്ലാം വിറ്റു നീ തേടിത്തന്ന ജീവിതം
ഞങ്ങള്‍ പാഴാക്കുന്നു-
പന്നികളാല്‍ ചവിട്ടിമെതിക്കപ്പെട്ട
മുത്തുകള്‍പോലെ...
കവിതകളുടെ ബാഹുല്യം മൂലം രൂപഘടന മോശമാകാതിരിക്കാന്‍ നോവലില്‍ മനപ്പൂര്‍വ്വം ചേര്‍ക്കേണ്ടെന്നു കരുതി മാറ്റിവച്ച കവിതയാണിത്. ക്രൂരമായ് വേട്ടയാടപ്പെടുന്ന ഏക്കാലത്തെയും ക്രിസ്തുവിന്‍റെ പുരോഹിതന്‍റെ വിശ്വാസപ്രമാണങ്ങള്‍!

പുണ്യശ്ലോകരായ സക്കറിയാസച്ചനും ഔറേലിയനച്ചനും കല്ലില്‍നിന്നും യാക്കോബിന്‍റെയും മല്‍ക്കീസദേക്കിന്‍റെയും സന്തതികളെ സൃഷ്ടിച്ച മംഗലപ്പുഴയോരം. കരളില്‍ കവിയുന്ന വിശ്വാസതീക്ഷ്ണതയുമായി കടലുകള്‍ കടന്ന് അവര്‍ വന്നു. സേവിംഗ്സ് ബാങ്ക് പാസ്ബുക്കുകളും നാള്‍വഴികളും അസ്വസ്ഥമാക്കാത്ത മനസ്സുമായി ഇടുങ്ങിയ ലക്ചര്‍ ഹാളുകളില്‍ അവര്‍ ലാറ്റിനും ഹീബ്രുവും പഠിപ്പിച്ചു. താല്‍മുദുകളിലൂടെ പഞ്ചഗ്രന്ഥിയിലൂടെ വചനത്തിന്‍റെ സിര മുറിഞ്ഞൊഴുകിയ കുരിശിന്‍റെ ദീര്‍ഘദര്‍ശനം. രാത്രിയുടെ വൈകിയ യാമങ്ങളില്‍ സ്വന്തം കാവിവസ്ത്രങ്ങള്‍ പുഴയില്‍ തല്ലിക്കഴുകി, അവര്‍ നിലാവില്‍ തൂക്കിയിട്ടു. തീ കാഞ്ഞു. അതിരാവിലെ ഉറക്കമുണര്‍ന്ന അവര്‍ ബക്കറ്റും ചൂലുമായി ചുറ്റിനടന്ന് പൊതുകക്കൂസുകള്‍ വൃത്തിയാക്കി. അകളങ്കിതമായി കര്‍ത്താവിന്‍റെ ബലിപീഠത്തിലെത്തി. അറിയാതെ ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് അവര്‍ പരിതപിച്ചു (ആഞ്ഞൂസ് ദേയി)

നാളുകള്‍ പിന്നെയുമൊത്തിരി കഴിഞ്ഞ് ഇന്‍ഫെന്‍റി പ്രോഡിജിയെന്ന് കലാകേരളം വാഴ്ത്തിയ ക്ലിന്‍റിനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി ഇതെഴുതുന്നയാള്‍ മഞ്ഞുമ്മലെത്തുന്നു. ഒരു മാര്‍ബിള്‍ കല്ലറയ്ക്കും സാന്ത്വനമേകാന്‍ കഴിയാത്ത മഴവില്ലുകള്‍ക്കും നിറം പകര്‍ന്ന രാജകുമാരന്‍ അന്ത്യവിശ്രമം കൊള്ളുന്ന മഞ്ഞുമ്മല ആശ്രമദേവാലയത്തിനരികെയുള്ള ആത്മവിദ്യാലയം. അറിയുമോ ഈ മഞ്ഞുമലയില്‍ നിന്നാണ് ഒരു നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തിലാദ്യമായി ബൈബിളിന് പരിഭാഷയുണ്ടാകുന്നത്. പ്രാചീനമായ ആ ദേവാലയത്തിലെ ചരിത്രത്തിന്‍റെ അടരുകളും സ്മൃതിപേടകങ്ങളും തേടി നടക്കവെ എനിക്കു മുന്നില്‍ പതഞ്ഞൊഴുകുന്ന മംഗലപ്പുഴയുടെ നിരവവിശുദ്ധിയില്‍ നിന്നുമെന്നോണം ആ മഹാമനീഷികള്‍ ഉയര്‍ന്നുവന്നു. സക്കറിയാസച്ചനും ഔറേലിയനച്ചനും. വിശുദ്ധിയിലേക്കു നീണ്ടുചെല്ലുന്ന പുണ്യത്തിന്‍റെ വഴിത്താരയില്‍ വച്ച് മംഗലപ്പുഴയില്‍ നിന്നും മഞ്ഞുമലയിലെ ആശ്രമദേവാലയത്തിലേക്ക് നീക്കം ചെയ്യപ്പെട്ട തിരുശേഷിപ്പുകള്‍. ജീവിതവിശുദ്ധിയുടെ ബാക്കിപത്രങ്ങള്‍. തേഞ്ഞു തീര്‍ന്ന പാദരക്ഷകളും സ്പെയിനില്‍ നിന്നു പുറപ്പെട്ട് ഇന്ത്യയിലെത്തിയതിനു ശേഷം പിന്നീടൊരു മടക്കയാത്രയ്ക്കായി ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പാസ്പോര്‍ട്ട്. മരക്കട്ടിലും വിശുദ്ധവസ്ത്രങ്ങളും പ്രാര്‍ത്ഥനാപുസ്തകങ്ങളും.

അവധൂതന്മാരുടെ ആത്മപീഡനങ്ങള്‍

ഒന്നരയിഞ്ചു നീളത്തില്‍ കാരിരുമ്പാണികള്‍ കൂര്‍ത്തു നില്ക്കുന്ന കുരിശുമാല. അരയില്‍ ധരിക്കാന്‍ മുള്ളുകള്‍ കൊണ്ടു മെടഞ്ഞ അരപ്പട്ട. ക്ലേശത്തിന്‍റെ വിഹ്വലരാത്രികളിലെപ്പോഴോ ഉറക്കത്തിലേയ്ക്ക് അറിയാതെ കമിഴ്ന്നുവീഴുമ്പോള്‍ നെഞ്ചിനെയും നാഭിയെയും മുറിവേല്പിച്ചുകൊണ്ട് ആത്മപീഡനത്തിന്‍റെ ഈ ആഭരണങ്ങള്‍ ലോകത്തിനും പിശാചിനും ശരീരത്തിനുമെതിരെ ഉണര്‍ന്നിരിക്കാനുള്ള പ്രേരണകളാകുന്നു. എന്നിട്ടും കുതിരകളെപ്പോലെ കുതിച്ചുപായുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ സ്വയംമര്‍ദ്ദനത്തിനായി കരുതിവച്ചിരിക്കുന്ന മുള്ളിന്‍റെ ചാട്ടകള്‍. കാലത്തിനു നിരക്കാത്തതെന്നും ഭ്രാന്തമെന്നുമെല്ലാം ഇന്ന് നാമിവയെ പുച്ഛിച്ചുതള്ളുമ്പോള്‍ ഓര്‍ക്കുക വിശുദ്ധരായ ഈ ഉന്മാദികള്‍ അവികലമായി കാത്തുപോന്ന ജീവിതവിശുദ്ധിയായിരുന്നു അവര്‍ക്കു പൗരോഹിത്യം. പത്താംക്ലാസും പ്ലസ്ടൂവും കഴിഞ്ഞ് പണിയൊന്നുമില്ലാതെ പതറിനില്ക്കുമ്പോള്‍ മെയ് മാസത്തിലിറങ്ങുന്ന കത്തോലിക്കാ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ദൈവവിളിയുടെ പരസ്യമായിരുന്നില്ല അവരുടെ പ്രേഷിതത്വം. ഘാനയിലെയും ഖാര്‍ത്തുമിലെയും ആദിവാസി-ഗോത്രമേഖലകളിലെ വാസം മുതല്‍ കംപ്യൂട്ടര്‍ പ്രേഷിതത്വം വരെ പ്രലോഭനീയതയുടെ എന്തെല്ലാമെന്തെല്ലാം പ്രേഷിതത്വങ്ങള്‍.

എന്നും തോല്ക്കുന്ന ചൂതാട്ടങ്ങള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ വാതുവയ്ക്കാറുള്ള ഞാന്‍ വിശുദ്ധമായ ആ തിരുശേഷിപ്പുകള്‍ക്കും മുന്നില്‍ വിതുമ്പിപ്പോയതെന്തിനോ!

പുരോഹിതവേഷമഴിച്ചു വച്ച യഥാര്‍ത്ഥ ജീവിതത്തിലെ ജോസഫിന്‍റെ സുഹൃത്തുക്കളുടെ പട്ടികയിലിപ്പോള്‍ യോഹന്നാന്‍ ജോണും ജാനറ്റ് റോസുമില്ല. കവിതയുടെ വ്രണിതയൗവ്വനം പടിയിറങ്ങിപ്പോയ ആ മനസ്സിലിപ്പോള്‍ ജര്‍മ്മന്‍ മാര്‍ക്കിന്‍റെയും യൂറോയുടെയും തിളക്കമുള്ള കിലുക്കം മാത്രം. അതെ, പടിയിറങ്ങിപ്പോവുകയാണ് നമ്മുടെ സ്വപ്നങ്ങള്‍. നിന്‍റെ പങ്കപ്പാടിന്‍റെ ഒടുക്കത്തെ നിലവിളി. ഒടുക്കത്തെ അത്താഴത്തിലെ അവസാനവാക്കിന്‍റെ ഇടര്‍ച്ച. ചോരവിയര്‍ത്ത അവസാന യാമത്തിന്‍റെ ചങ്കിടിപ്പ്. അവസാനയാത്രയുടെ ഒടുവിലത്തെ കാല്പാട്...

നമുക്കെല്ലാം ഒരു കൈപ്പന്‍പ്ലാക്കലച്ചന്‍ മതിയെന്നാവാം!

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts