news-details
മറ്റുലേഖനങ്ങൾ

"മതാദ്ധ്യക്ഷന്മാരും പുരോഹിതന്മാരും പ്രവാചകന്മാരുമായി നമുക്കിടയില്‍ ജീവിക്കുന്നവരും പരാജയപ്പെട്ടിരിക്കുന്നു. നമുക്കു തരാന്‍ അവരുടെ കൈയില്‍ പൊള്ളയായ വാക്കുകളേ ഉള്ളൂ. ഹീനമായ നമ്മുടെ മനസ്സുകളെ സംസ്കരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു" (എഡിറ്റോറിയല്‍, സമകാലിക മലയാളം വാരിക, 2002 ആഗസ്റ്റ് 02). വര്‍ത്തമാനകേരളത്തിന്‍റെ നൊമ്പരമാണ് ഈ വാക്കുകള്‍. കേരളത്തില്‍ ഈയടുത്ത കാലത്ത് നടക്കുന്ന നൃശംസങ്ങളായ സംഭവങ്ങളെ അപഗ്രഥിക്കുന്ന ചിത്തസംസ്കൃതനായ ഏതൊരാളുടെയും പ്രതികരണവും ഇതുതന്നെയാവാം. നമുക്ക് എന്തു സംഭവിക്കുന്നു? മതസ്ഥാപനങ്ങളുടെ സമൃദ്ധിയാല്‍ ധന്യമല്ലേ നമ്മുടെ നാട്. ഇടവക ദേവാലയങ്ങളും സന്ന്യാസാശ്രമങ്ങളും നമുക്ക് ധാരാളം. ആഗോളകത്തോലിക്കാ സഭയിലെ ഒട്ടുമിക്ക സന്ന്യാസസഭകളുടെയും ഒരു ശാഖയെങ്കിലും ഈ നാട്ടില്‍ ഇല്ലേ? ധ്യാനകേന്ദ്രങ്ങളും ഇതര ആത്മീയ-ധര്‍മ്മ സ്ഥാപനങ്ങളും ഇവിടെ കുറവുമല്ല. ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാലും നാം പുരോഗതി നേടിയിരിക്കുന്നു. എന്നിട്ടും എന്തേ ഈ ഇരുളിമയില്‍ പ്രകാശത്തിന്‍റെ ധൂസരനാളം തെളിക്കാന്‍ കേരളത്തിലെ സന്ന്യസ്തര്‍ പരാജയപ്പെടുന്നു? ഹീനമായ മനുഷ്യമനസ്സുകളെ നവീകരിക്കുന്നതില്‍ നമുക്കു തോല്‍വി സംഭവിക്കുന്നു?

പ്രവാചകന്മാരുടെ ധന്യമായ ഇടപെടലുകളാല്‍ സമൃദ്ധമായതിന്‍റെ കഥയാണ് ലോകത്തിന്‍റെ ചരിത്രം. ധര്‍മ്മത്തിന് ഗ്ലാനി സംഭവിച്ചപ്പോഴും പ്രവാചകന്മാര്‍ ഇവിടെ അവതരിച്ചിരുന്നു. വ്യക്തവും നിയതവുമായ ലക്ഷ്യപ്രാപ്തിക്കായി പോരാടിയവരെയാണ് പ്രവാചകന്മാരായി ചരിത്രം ഗണിക്കുന്നത്. രക്ഷാകരചരിത്രം ദീപ്തമാകുന്നത് പ്രവാചകചേതസുകളുടെ സാന്നിദ്ധ്യം കൊണ്ടാണ്. ഇസ്രായേലിന്‍റെ ചരിത്രം പുറപ്പാടിന്‍റെ ചരിത്രമാണ്. ഈജിപ്തില്‍ നിന്നാരംഭിച്ച് കാനായില്‍ അവസാനിച്ച ഒരു യാത്രയായിട്ടല്ല, മറിച്ച് ചരിത്രത്തിലൂടെ ദൈവോന്മുഖരായി ഒരു ജനത നടത്തിയ തീര്‍ത്ഥാടനമായിട്ടാണ് പുറപ്പാടിനെ നാം മനസ്സിലാക്കേണ്ടത്. ഈ യാത്രയില്‍ ദൈവോന്മുഖതയ്ക്ക് കോട്ടം സംഭവിച്ചപ്പോഴാണ് പ്രവാചകന്മാര്‍ ഇടപെട്ടത്. നിലനിന്നിരുന്ന  തെറ്റായ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും തിന്മയുടെ ശക്തിയെ നിശിതമായി വിമര്‍ശിക്കുകയും അവര്‍ ചരിക്കേണ്ട നേരായ പന്ഥാവ് കാണിച്ചുകൊടുക്കുകയുമായിരുന്നു പ്രവാചകധര്‍മ്മം. തിരുസഭാചരിത്രത്തില്‍ ഈ പ്രവാചകസാന്നിദ്ധ്യമായിരുന്നു സന്ന്യസ്തരുടേത്. ഒരു കൂട്ടായ്മ എന്ന നിലയില്‍ സഭ, ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എപ്പോഴെല്ലാം തടസ്സമായി മാറിയോ, അപ്പോഴെല്ലാം നവീകരണത്തിനും വ്യക്തമായ ദിശാബോധത്തിനും ആഹ്വാനം നല്‍കിയവരാണ് സന്ന്യാസപിതാക്കന്മാര്‍. അതുകൊണ്ടാണ്, തിരുസഭയ്ക്കുള്ള പരിശുദ്ധാത്മാവിന്‍റെ ദാനമായി സമര്‍പ്പിത ജീവിതത്തെ സഭാപിതാക്കന്മാര്‍ ദര്‍ശിക്കുന്നതും.

ദൈവിക ശബ്ദത്തിനു കാതുകൊടുത്ത പ്രവാചകന്മാരെപ്പോലെ, മരുഭൂമിയുടെ ഏകാന്തതയിലും കാനനത്തിന്‍റെ വിജനതയിലും കൊവേന്തകളുടെ ആവൃതികള്‍ക്കുള്ളിലുമിരുന്ന് 'ദൈവഹിതം' അന്വേഷിച്ചവരാണ് സന്ന്യാസപിതാക്കന്മാര്‍. ഏകാന്തതയില്‍ ലീനമായി തപം ചെയ്തവര്‍, ഭൗതികവേലിയേറ്റങ്ങള്‍ക്കപ്പുറമുള്ള അപരിമേയതയുടെ ശബ്ദവും സാന്നിദ്ധ്യവും തിരിച്ചറിഞ്ഞു. തങ്ങളുടെ കര്‍മ്മം കൊണ്ടും ജീവിതം  കൊണ്ടും ജനതയ്ക്ക് പിതൃനിമന്ത്രണങ്ങള്‍ വെളിപ്പെടുത്തി കൊടുത്തു. ആശ്രമങ്ങളുടെയും സ്ഥാപനങ്ങളുടെയും എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ സന്നിധിയിലിരുന്ന് ദൈവശബ്ദം ശ്രവിക്കുന്നവരുടെ എണ്ണം ഇന്നു ഗണ്യമായി കുറഞ്ഞിട്ടില്ലേ? ഓടിത്തീര്‍ക്കാന്‍ ഏറെ വഴികളും ചെയ്തു തീര്‍ക്കാന്‍ ധാരാളം കര്‍മ്മങ്ങളും അവശേഷിച്ചിരിക്കെ, ശ്രവണത്തിനുള്ള സമയമെവിടെ? ശ്രവണം ഒടുങ്ങുന്നിടത്ത് മനനവും അപ്രത്യക്ഷമാകും.

പ്രവാചകദൗത്യം എന്നും സംഘര്‍ഷനിര്‍ഭരവും വേദനാജനകവുമാണ്. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ രാജാക്കന്മാരും പ്രവാചകന്മാരുമായി പോരടിക്കാത്ത പ്രവാചകന്മാര്‍ കുറയും. പ്രവാചകദൗത്യം ഏറ്റെടുത്തവരായതുകൊണ്ടാണ് സന്ന്യാസസഭകളുടെ ചരിത്രവും പോരാട്ടത്തിന്‍റെയും തിരസ്കരണത്തിന്‍റെയും ചരിത്രമായി മാറിയിരിക്കുന്നത്. സ്വാര്‍ത്ഥതാല്‍പര്യങ്ങളോടും വ്യവസ്ഥാപിതമായ തിന്മയുടെ ശക്തികളോടും അധീശത്വത്തിന്‍റെ അനീതി നിറഞ്ഞ ധാര്‍ഷ്ട്യത്തോടും അടരാടിയ ചരിത്രം സന്ന്യസ്തര്‍ക്കന്യവുമല്ല. ജീര്‍ണിച്ച വ്യവസ്ഥകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരെ കല്‍ത്തുറുങ്കുകള്‍ക്കുള്ളിലടയ്ക്കുകയും ഹിംസിക്കുകയും ചെയ്ത പാഠങ്ങളും ഇന്നലെകള്‍ സംസാരിക്കുന്നുണ്ട്. തിന്മയുടെ ശക്തികള്‍ക്കെതിരായ സമരം അപ്രതീക്ഷിതമായ തിരിച്ചടികളിലേക്ക് ഒരാളെ എത്തിക്കും എന്നതിന് സംശയമില്ല. സ്ഥാപനങ്ങള്‍ നല്കുന്ന സുരക്ഷിതത്വത്തിനപ്പുറമുള്ള സത്യത്തിന്‍റെ സ്നിഗ്ദ്ധതയില്‍ സ്നാനം ചെയ്യപ്പെടുന്നതായി മാത്രമേ പ്രവാചക ശബ്ദത്തിനു ജീവന്‍ നല്കാന്‍ കഴിയൂ. അവികലമായ സത്യത്തോട് കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തേണ്ട കേരളത്തിലെ കാലിക സമര്‍പ്പിതര്‍ക്ക് ഇന്ന് നഷ്ടമായിരിക്കുന്നത് പ്രവാചകന്മാരുടെ ദൈവാനുഭവവും മൗലികതയും ധീരതയുമല്ലേ?

അടയാളവും സാക്ഷ്യവുമായിട്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സമര്‍പ്പിതജീവിതത്തെ വിശേഷിപ്പിക്കുന്നത്. കാലത്തെയും അതിന്‍റെ ചലനങ്ങളെയും ആഴത്തില്‍ അപഗ്രഥിക്കാനും അവയോട് ക്രിയാത്മകമായി സംവദിക്കാനും കഴിവും ധീരതയുമുള്ളവരുടെ ആത്മീയ മുന്നേറ്റമായിരുന്നു സന്ന്യാസകൂട്ടായ്മ. കേരളത്തിന്‍റെ വര്‍ത്തമാനകാലത്തോട് സര്‍ഗ്ഗാത്മകമായി പ്രതികരിക്കാനുള്ള ആര്‍ജ്ജവം സമര്‍പ്പിതര്‍ക്ക് നഷ്ടമായിരിക്കുന്നു എന്നതാണ് ഇന്നിന്‍റെ ദുരന്തം. ജനത്തെ അടിമയാക്കുന്ന തിന്മയുടെ എല്ലാവിധ ശക്തികള്‍ക്കുമെതിരെ പ്രവാചകധീരതയോടെ പ്രതികരിക്കേണ്ടവര്‍, സ്ഥാപനവത്കരിക്കപ്പെട്ട സമ്പ്രദായങ്ങളുടെ ബന്ധനത്തിലായിരിക്കുന്നു. ദാരിദ്ര്യത്തിനും ചൂഷണത്തിനും തമോമയമായ എല്ലാ വിധ പ്രതിഭാസങ്ങള്‍ക്കുമെതിരെ ആഞ്ഞടിക്കേണ്ടവര്‍ക്ക് ഇന്നതിന് ശേഷിയുണ്ടോ? സാമൂഹികസേവനത്തിനും സാധുജനപരിരക്ഷണത്തിനുമുള്ള  നമ്മുടെ സ്തുത്യര്‍ഹമായ സേവനങ്ങളെക്കുറിച്ച് അണിയറകഥകള്‍ മാധ്യമങ്ങളിലൂടെ രൂപം കൊള്ളുമ്പോള്‍ ആരാണ് നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നത്? അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നമ്മുടെ സാമൂഹികരംഗത്തെ മലീമസമാക്കിയിരിക്കുന്നു. ഒരു കാലത്ത് സേവനരംഗങ്ങളായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും ഇന്ന് കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നു. 'നല്ല' സ്കൂളുകളില്‍ എല്‍. കെ. ജി. ക്ലാസുമുതല്‍ സംഭാവന വാങ്ങുന്നവര്‍ക്ക് ഇവിടെ പെരുകുന്ന കോഴസംസ്കാരത്തിനെതിരെ സംസാരിക്കാന്‍ എന്തവകാശം? താല്‍ക്കാലികമായ നേട്ടത്തിനുവേണ്ടി എന്തെങ്കിലും ചില്ലറ കൊടുക്കുന്നതില്‍ അപാകത കാണാത്തവര്‍ ഏതു തരം അഴിമതിക്കെതിരെ ശബ്ദിക്കും? നാം നടത്തുന്ന സ്ഥാപനങ്ങളില്‍ സംഭാവന വാങ്ങാനും സ്വന്തമായുള്ളവരെ തിരുകികയറ്റാനുമുള്ള വ്യഗ്രതയില്‍ മൂല്യവും ആദര്‍ശവും വന്ധീകരിക്കപ്പെടുന്നിടത്ത് ഏതുതരം പ്രവാചകന്മാരാണ് ജന്മമെടുക്കുക?

സമര്‍പ്പിതജീവിതത്തിന്‍റെ നവീകരണത്തിനായി 'ഉറവിടങ്ങളിലേക്ക് മടങ്ങാനാണ്' രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചത്. ഉറവിടങ്ങളിലേയ്ക്കു തിരിയുക. സഭയിലും സമൂഹത്തിലും ഓരോ വിധത്തിലുള്ള പ്രതിസന്ധി മൂര്‍ച്ഛിച്ചപ്പോഴാണ് പല സന്ന്യാസസഭകളും ഉദയം ചെയ്തത്. 'സുവിശേഷത്തിലെ യേശുവിനെ' മാതൃകയാക്കി നിരന്തരമായ സത്യാന്വേഷണത്തിന്‍റെ സാധനയില്‍ ഏര്‍പ്പെട്ടവര്‍ തങ്ങള്‍ അധിവസിച്ചിരുന്ന സാംസ്കാരിക പശ്ചാത്തലത്തില്‍ ബദല്‍ചിന്തകള്‍ ഉയര്‍ത്തിയവരാണ്. സന്ന്യാസസഭകളുടെ ആരംഭകാലചരിത്രം പരിശോധിക്കുക. തുടക്കത്തില്‍ കാനോനികമായ അംഗീകാരമുള്ള ഭരണഘടനയുടെയും നിയമസംഹിതയുടെയും കെട്ടുറപ്പുള്ള അംഗങ്ങളുടെ ജീവിതശൈലിയും ജീവിതസുരക്ഷിതത്വവും നിര്‍വ്വചിച്ചിട്ടുള്ള ഔദ്യോഗിക സംഘടനയോ സ്ഥാപനമോ ആയിരുന്നില്ല ഇവ. അനുസരണത്തിന്‍റെയും അനുഷ്ഠാനത്തിന്‍റെയും ശ്രേണീബന്ധവും ഇല്ലായിരുന്നു. മറിച്ച്, ഇത് ഒരു കരിസ്മാറ്റിക് സമൂഹമായിരുന്നു. പ്രവാചകദര്‍ശനമുള്ളവരുടെ കൂട്ടായ്മയായിരുന്നു. ലോകത്തിലേയ്ക്കും കാലത്തിലേയ്ക്കും മിഴിയും മനവും തുറന്നിരുന്നവരുടെ ആത്മീയമുന്നേറ്റവും ജീവിതശൈലിയുമായിരുന്നു. തങ്ങളുടെ ജീവിതംകൊണ്ടും കര്‍മ്മംകൊണ്ടും 'ഔദ്യോഗികസഭയെ' വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്ന ചാലകശക്തികളായിരുന്നു. ഈ വിമര്‍ശനവും തിരുത്തലുമായിരുന്നു  ഇസ്രായേലിലെ പ്രവാചകന്മാരുടെ മുഖമുദ്ര. ജനപുരോഗതിക്കും മാനവികതയുടെ ആവിഷ്കാരത്തിനും പൗരോഹിത്യവും മതാനുഷ്ഠാനങ്ങളും വിലങ്ങുതടിയായ ഒരു സാഹചര്യമായിരുന്നു അവിടെ. ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും ഇടയില്‍ മദ്ധ്യസ്ഥരായി വര്‍ത്തിക്കേണ്ട പുരോഹിതര്‍, കാപട്യത്തിന്‍റെ അനുഷ്ഠാനങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ പ്രവാചകശബ്ദം അതിനെതിരെ ഉയര്‍ന്നു. ആത്മീയതയുടെയും ദൈവജ്ഞാനത്തിന്‍റെയും സമ്പൂര്‍ണ്ണാവകാശം തങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു എന്ന പൗരോഹിത്യത്തിന്‍റെ ധാരണയാണ് അവര്‍ തിരുത്തിയത്. യഹൂദപൗരോഹിത്യം സ്വയം അവരോധിച്ച 'സര്‍വ്വജ്ഞര്‍' എന്ന പദവിയ്ക്കെതിരെ ശക്തമായ സന്ദേശവും പ്രവാചകര്‍ക്കുണ്ടായിരുന്നു. യേശുവിന്‍റെ ജീവിതവും ദര്‍ശനവും ഇതില്‍നിന്നു വ്യത്യസ്തമല്ലായിരുന്നു. മനുഷ്യാവതാരത്തിലൂടെ ഒരു നവസംസ്കൃതിയുടെ പിറവിക്കായി അഭിലഷിച്ച അവന്‍ ജറുസലേം ദേവാലയവും യഹൂദമതവും കേന്ദ്രമായി വളര്‍ന്നുവന്ന അനുഷ്ഠാനബദ്ധമായ മതാത്മകതയ്ക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. അനുഷ്ഠാനവിധിക്കപ്പുറമുള്ള ആത്മീയതയുടെ നിറവായി മതാത്മകതയെ അവന്‍ ദര്‍ശിക്കുകയും ചെയ്തു. യേശു തുടര്‍ന്ന ഈ പ്രവാചകദൗത്യമാണ് സഭയില്‍ സന്ന്യസ്തര്‍ക്കു നിര്‍വഹിക്കാനുള്ളത്. കേരളത്തില്‍ ഇന്നു വളരുന്ന മതാനുഷ്ഠാനങ്ങളുടെ കാപട്യത്തിനും വര്‍ഗീയതയുടെ വിഷാണുക്കള്‍ക്കും സാംസ്കാരികമായ ശോഷണത്തിനുമെതിരെ ശക്തമായ നിലപാടുകള്‍ നിര്‍ണ്ണയിക്കുന്നവരായി സന്ന്യസ്തര്‍ മാറേണ്ടതാണ്. ജനങ്ങളുടെ കാതലായ പ്രശ്നങ്ങള്‍ക്കുപരിയായി  കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും ബാഹ്യാടോപങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന മതസംസ്കാരത്തിനു വിരുദ്ധമായ നവദര്‍ശനങ്ങള്‍ക്കു പിറവികൊടുക്കാന്‍ സന്ന്യസ്തര്‍ക്കു സാധിക്കണം.

നവദര്‍ശനങ്ങളുടെ പ്രചാരകരായി മാറിയ പ്രവാചകര്‍ പരമമായ സ്വാതന്ത്ര്യത്തിന്‍റെ ജീവിതം നയിച്ചവരായിരുന്നു. ഭൗതികവും ക്ഷണികവും താല്‍ക്കാലികവുമായ പ്രതിഭാസങ്ങള്‍ക്കതീതമായ ആത്മാവിന്‍റെ കരുത്തായിരുന്നു പ്രവാചകസ്വാതന്ത്ര്യത്തിന്‍റെ ശക്തി. സന്ന്യാസജീവിതം അടിസ്ഥാനമായി ലക്ഷ്യമിടുന്നത് ഈ സ്വാതന്ത്ര്യമാണ്. ദൈവമക്കള്‍ അനുഭവിക്കുന്ന സമഗ്രമായ സ്വാതന്ത്ര്യമാണ് ഇത്. നേടിയെടുത്തതും നിശ്ചലവുമായ ഒരു അവസ്ഥയായിട്ടല്ല മറിച്ച്, നിരന്തരം ചലനാത്മകവും പരിവര്‍ത്തനവിധേയവുമായ ജീവിതാനുഭവങ്ങളുടെ നിറവായി വേണം സ്വാതന്ത്ര്യത്തെ നാം തിരിച്ചറിയാന്‍. ഈ സ്വാതന്ത്ര്യാനുഭവത്തിന്‍റെ സാകല്യതയാണ് വ്രതബദ്ധജീവിതം. ഒരു വ്യക്തിയുടെ സമഗ്രവിമോചനം സാധ്യമാക്കുന്ന പ്രതീകാത്മകസത്യങ്ങളായ വ്രതത്രയം നിഷേധാത്മകമായ ചില അനുഷ്ഠാനങ്ങളുടെ ആവര്‍ത്തനമാകാതെ ജീവിതത്തിലെ ആത്മനിഷ്ഠമായ അനുഭവമായി പരിണമിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ഭൗതികതയുടെ പരിമിതികള്‍ക്കതീതമായി ഉദയം ചെയ്യുന്ന ആത്മാവിന്‍റെ കരുത്ത് ജീവിതത്തിന്‍റെ നിറവാകും. ആത്മസ്വാതന്ത്ര്യത്തില്‍  നിന്നുത്ഭുതമാകുന്ന ഈ കരുത്തായിരിക്കണം പ്രവാചക ആദ്ധ്യാത്മികതയുടെ കാതല്‍. ഉള്ളിലെരിയുന്ന കനലുമായി നിതാന്ത ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നവര്‍ ലോകത്തെയും കാലത്തെയും വിവേചിച്ചറിയുന്ന ദാര്‍ശനികരുമാകും. പരിവര്‍ത്തനത്തിന്‍റെ നാദം മുഴക്കുവാന്‍ ഇത്തരം സുമനസ്സുകള്‍ക്കേ സാധ്യമാവൂ, നെഞ്ചിലെരിയുന്ന കനല്‍ അണയാതെ സൂക്ഷിക്കുന്നവരുടെ കര്‍മ്മചൈതന്യം ഹീനമായ മനസ്സുകളെ ശുദ്ധീകരിക്കുമെന്നും ഒരു സംസ്കൃതിയെ വിമലീകരിക്കുമെന്നുമുള്ള ശുഭപ്രതീക്ഷ നമുക്കു കൈവിടാതിരിക്കാം.  

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts