ഇത്
ദശരഥരാമന്മാരുടെ
പുനരാവര്‍ത്തനമാണ്.
അച്ഛാ!
മകനേ!
കിരീടങ്ങള്‍ വീണുടഞ്ഞു.
ഈ വേദന എന്തിന്?
യുഗാന്തരങ്ങളിലൂടെ മറ്റുള്ളവന്‍റെ വേദന ശമിക്കാന്‍
ദശരഥരാമാ, ദൈവപുത്രനായ യേശു നമസ്കാരം.
ഫ്രാന്‍സിസ് പുണ്യവാളനാണ് എനിക്ക് പിതാവിന്‍റെയും പുത്രന്‍റെയും അര്‍ത്ഥം മനസ്സിലാക്കിത്തന്നത്. പരീക്ഷകളിലൊന്ന് സമൂഹം മണിയടിച്ച് ആട്ടിയിറക്കിയ നിഷ്ക്കാസിതസന്തതികളിലൊന്നിനെ, പകര്‍ച്ചവ്യാധിക്കാരനെ, കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുക. എന്നെ ഇതില്‍നിന്ന് ഒഴിവാക്ക വയ്യയോ. പുത്രന്‍ പിതാവിനോട് ഒരുപാട് കേണപേക്ഷിച്ചു കാണണം. ഇല്ല, പിതാവിന്‍റെ ആജ്ഞ അലംഘനീയം.
ഒരു പാതയില്‍നിന്ന് ഇത്തിരി നടന്നതേയുള്ളൂ. നിഷ്കാസിതന്‍റെ മണിയൊച്ച. ഫ്രാന്‍സിസ് തിരിഞ്ഞോടി. എല്ലാ പാതിയില്‍ നിന്നും മണിയൊച്ച. മണികള്‍ കിലുങ്ങുന്നു. ഗോപുരമണികള്‍ മുഴങ്ങുന്നു. എങ്ങു തിരിഞ്ഞാലും രക്ഷയില്ല.
ഈ അറിവ് പൊടുന്നനെ വീശുന്ന വെളിച്ചമായി. അഷ്ടദിക്കുകളില്‍നിന്നും അത് പ്രകാശിച്ചു. പ്രകാശം നിര്‍വൃതിയായി. ആ നിര്‍വൃതിയിലേക്ക് ഫ്രാന്‍സിസ് കൈകള്‍ വിടര്‍ത്തി പറന്നു.
രോഗിയെ കെട്ടിപ്പിടിച്ച് ആഴത്തില്‍ ചുംബിച്ചു.
കൈച്ചുറ്റിനകത്ത് രോഗവും ദുര്‍ഗന്ധവും ഒടുങ്ങി. പകരം അമൂല്യസുഗന്ധം. സ്ഥാപിത സഭയ്ക്ക് ഈ സുഗന്ധം എന്തെന്നറിയുമോ? അറിയാനായി എല്ലാ പാതകളും അടയട്ടെ.