news-details
മറ്റുലേഖനങ്ങൾ

പച്ചയോടുള്ള അനുഭാവമെന്നാല്‍ ഭൂമിയിലെ മുഴുവന്‍ ജീവിതത്തോടുമുള്ള ആദരവ് ആകുന്നു. കുടുംബം, സ്നേഹിതന്മാര്‍, സമുദായം, മനുഷ്യരാശി എന്നിവയ്ക്കപ്പുറത്തുള്ള ജീവിതത്തിന്‍റെ മഹത്തായ ക്രമത്തോടുള്ള ആദരവാണത്. സംരക്ഷിക്കാനുള്ള വികാരം സ്നേഹത്തിന്‍റെ തുടക്കമാകുന്നു. സ്നേഹമില്ലാത്ത മനസ്സ് ഒരു മരമോ, ചെടിയോ, പൂവോ വളരാത്ത ഭൂമിപോലെയത്രെ. സ്നേഹം ഉണ്ടാകുന്ന നിമിഷം വെള്ളംകൊണ്ട്, മഴകൊണ്ട്, സൗന്ദര്യം കൊണ്ട് ഭൂമി പുഷ്പിക്കുകയാകുന്നു. ഭൂമിയെ പരിചരിക്കുമ്പോള്‍ അയാള്‍ എല്ലാവരെയും പരിചരിക്കുകയാകുന്നു. മുറ്റത്ത് ഒരു ചെടി ഉണങ്ങിക്കരിയുന്നതു കണ്ടിട്ട് ഒരു വികാരവും ഉണ്ടാകാത്ത ഒരാള്‍ക്ക് ഏതോ ഒരു കുട്ടി വിശന്നു മരിക്കുന്നതു കണ്ടാലും യാതൊരു വികാരവും ഉണ്ടാകുകയില്ല. "വിശന്നു മരിക്കുന്ന ഒരു കുഞ്ഞിനു മുന്നില്‍ പുസ്തകത്തിന് ഒരു വിലയുമില്ല" എന്ന് (സാര്‍ത്ര്) പറയുന്നതിനു പകരം 'ദാഹിച്ചു മരിക്കുന്ന ഒരു ചെടിക്കു മുന്നില്‍ ഒരു മതത്തിനും യാതൊരു വിലയുമില്ല" എന്നത്രേ ഇന്നു നമുക്കു പറയേണ്ടി വരുന്നത്. ഒരു കുഞ്ഞ് വിശന്നു മരിക്കാതിരിക്കുവാന്‍ ഒരു ചെടി ദാഹിച്ചുമരിക്കാതിരിക്കണം. ഇനി മനുഷ്യന്‍റെ വിശപ്പു മാറ്റുകയെന്നാല്‍ ഒരു ചെടിയുടെ ദാഹം തീര്‍ക്കുക എന്നുകൂടി അര്‍ത്ഥമാണ്, ഒരു തണ്ണീര്‍ത്തടത്തിന്‍റെ തൊണ്ട വരളാതിരിക്കുക എന്നുകൂടി അര്‍ത്ഥമാണ്. ഒരു കിളിയുടെ വിശപ്പുമാറ്റുക എന്നുകൂടി അര്‍ത്ഥമാണ്. അത്തരം ഒരു നാളിലാവും ഭൂമിയിലെ മുഴുവന്‍ മനുഷ്യര്‍ക്ക് ആവശ്യത്തിലുള്ളതിലധികം വിഭവങ്ങളുണ്ടായിട്ടും മനുഷ്യന്‍ പട്ടിണി കിടന്ന് മരിക്കുന്നതിന്‍റെ സത്യം അറിയാറുക.

ഭൂമിയുടെ മഹത്തായ ആത്മചൈതന്യവുമായി ലയം പ്രാപിച്ചുകൊണ്ടുള്ള ഒരു ജീവിതം കെട്ടിപ്പടുക്കുക എന്നത് ഒരാള്‍ ഇന്നുള്ള ബോധത്തെ മുഴുവന്‍ മാറ്റിവച്ച് പുതിയ ഒരു പഞ്ചേന്ദ്രിയ വ്യവസ്ഥയോടെ ജീവിക്കുന്നതുപോലെയാകുന്നു. പ്രകൃതി-പാരിസ്ഥിതികതയിലുള്ള കണിശ നിയന്ത്രണവും നടത്തിപ്പും മനുഷ്യന് ഉപകാരമാവും എന്ന താഴ്ന്ന പാരിസ്ഥിതികമായ ബോധത്തിനുപകരം ഭൂമിയിലെ മുഴുവന്‍ ജീവിമരണങ്ങളെയും ആരുടെയും ഉപദേശം കൂടാതെ പരിഗണിക്കുന്ന 'അഗാധപാരിസ്ഥിതികാവബോധം' ഇന്നു പ്രചരിപ്പിക്കുന്നത് ഭൂമിതന്നെയാകുന്നു. ഒരു മരുഭൂമിയില്‍ എല്ലാ മരങ്ങളും പരിമിതമായ ജലം ഒരുപോലെ പങ്കിടുന്നു. ഒരു സസ്യവര്‍ഗ്ഗം മറ്റൊന്നിനെ കൊല്ലുകയോ പിന്തള്ളുകയോ ചെയ്യുന്നില്ല. പോഷകം എത്ര കുറവാണെങ്കിലും എല്ലാറ്റിനും വലുതാകാനാകുന്നില്ലെങ്കിലും അവയെല്ലാം ഒരുപോലെ ചെറുതായി നിലകൊളളുന്നു. ചില ജീവികള്‍ മറ്റു ജീവികളുമായി പൊതുവായ ഒരു പാര്‍പ്പിടം പങ്കുവെക്കുന്നു. ഒരു ജീവി രാവിലെ പുറത്തുപോകുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന പാര്‍പ്പിടം അതു രാത്രി തിരിച്ചുവരുംവരെ മറ്റൊരു തരം ജീവിക്കു വാസസ്ഥലം ആകുകയും തുടര്‍ന്ന് രാത്രി അത് മറ്റൊരിടം പാര്‍പ്പിടമാക്കുകയും ചെയ്യുന്നു. ഒരു സവിശേഷ ഭൂഭാഗത്ത് പുല്ലിന്‍റെ ഒരു പ്രത്യേകഭാഗം മാത്രം ഒരു വിഭാഗം മൃഗങ്ങള്‍ തിന്നുന്നു. രണ്ടാമതൊരു ജീവിവര്‍ഗ്ഗം അതേ പുല്ലിന്‍റെ മറ്റൊരൂ ഭാഗവും മൂന്നാമതൊരു വര്‍ഗ്ഗം പിന്നെയുള്ള ഭാഗവും തിന്നുതീര്‍ക്കുന്നു. അങ്ങനെ ഒരു സസ്യത്തിന്‍റെ ഭിന്നഭാഗങ്ങള്‍ മൃഗങ്ങളിലെ മൂന്നു വിഭാഗങ്ങള്‍ക്കാഹാരമായി മാറുന്നു. ഇവിടെ ഒരു ജീവി പട്ടിണിയാകുകയോ മറ്റൊരു വഴിക്ക് ഓടിപ്പോകുകയോ ചെയ്യേണ്ടി വരുന്നില്ല.

നമുക്കു ചുറ്റും എത്ര സംവേദനപൂര്‍ണമായിട്ടാണ് പ്രകൃതിയും ഭൂമിയും ജീവന്‍റെ അതിസമ്പന്നമായ ആവാസവ്യവസ്ഥ ഒരുക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു കെമിസ്റ്റു ഗവേഷകനായ മാര്‍സല്‍ പൊറഗാല്‍ ചെടികളില്‍ മനുഷ്യവികാരങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെപ്പറ്റി നടത്തിയ ഗവേഷണഫലങ്ങള്‍ വിസ്മയകരങ്ങളാണ്. ഒരു സസ്യത്തിന്‍റെ രണ്ടിലകളുമായി അയാള്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പുലര്‍ത്തുന്ന വെവന്‍വെയ്ലി എന്ന കൂട്ടുകാരിയെ കാണാന്‍ പോയി. ഇലകളിലൊന്ന് അവളുടെ കിടയ്ക്കകരുകില്‍ മേശപ്പുറത്തും മറ്റൊന്ന് മുറിയലല്പം ദൂരത്തും വെക്കുന്നു. ഓരോ ദിനവും ഉണരുമ്പോള്‍ കിടക്കക്കരികിലുള്ള ഇലയെ അവള്‍ നോക്കും. അതു ജീവിച്ചുകൊണ്ടിരുന്നതായി അവള്‍ കണ്ടു. മറ്റേ ഇല മരിച്ചുകൊണ്ടിരുന്നതായും. ഒരു മാസം കഴിഞ്ഞ് ആ ഇലകളുടെ ഫോട്ടോ എടുത്തു. അവളുടെ നോട്ടം ലഭിക്കാത്ത ഇല പഴുത്തു നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ നോട്ടം ലഭിച്ച ഇലയാകട്ടെ ഊര്‍ജ്ജസ്വലതയോടെ, പച്ചയോടെ, അപ്പോള്‍ മാത്രം പൊട്ടിച്ച ഒരു ഇലയെപ്പോലെ കാണപ്പെട്ടു.

നാം ഭൂമിയുടെ ഉടമയാണ്. ഇതിനെ എനിക്ക് അനുസരിപ്പിക്കാം എന്ന വികലധാരണയില്‍ നിന്നാണ് ഭൂമിയെ തിരിച്ചറിയുന്നതില്‍നിന്ന് നാം അകന്നുപോയത്. ഭൂമിയുടെ ജീവന്‍റെ ഒരംശമല്ലേനമ്മള്‍? ഭൂമിക്കവകാശപ്പെട്ടതും അതിനാല്‍ പുലര്‍ത്തപ്പെട്ടതും ആയ ഒരു ജീവി? സംസ്കാരത്തിന്‍റെ ഉദയം മുതല്‍ പുരുഷന്‍ സ്ത്രീയെ ചൂഷണം ചെയ്യുകയും അടിമയാക്കി നിലനിര്‍ത്തുകയുമായിരുന്നു. സ്ത്രീയോടുള്ള ഇതേ സമീപനം തന്നെയത്രേ പുരുഷന്‍ ഭൂമിയോടും പുലര്‍ത്തിയത്. സ്ത്രീയെന്നപോലെ ഭൂമിയെ ചൂഷണം ചെയ്യാനും ഉപയോഗിക്കാനുമല്ലാതെ ഭൂമിയെ പരിചരിക്കാനോ പരിഗണിക്കാനോ പുരുഷനു കഴിഞ്ഞില്ല. പുരുഷന്‍റെ ഏകപക്ഷീയവും ക്രൂരവുമായ ഈ സമീപനമാണ് മഹാവനങ്ങളെ വെളുപ്പിക്കുന്നതും ചോലകളെയും പുഴകളെയും വറ്റിക്കുന്നതും പല ജീവിവംശങ്ങളെയും ഒടുക്കിക്കൊണ്ടിരിക്കുന്നതും. വന്‍കടലുകളിലെ മത്സ്യങ്ങളും കടല്‍സസ്യങ്ങളും വരെ മരണത്തെ നേരിടുകയാണ്. പുരുഷാശയപ്രമത്തമായ മനുഷ്യരാശിയുടെ ഇത്തരം പെരുമാറ്റം ഭൂമിയുടെ അന്ത്യത്തെ പ്രവചിക്കുകയാണ്. ഇവിടെ സ്ത്രീത്വത്തിന്‍റെ യഥാര്‍ത്ഥസത്തയില്‍ ഊന്നിക്കൊണ്ടുള്ള മാതൃത്വപരമായ ഒരു സ്ത്രീ പാരിസ്ഥിതിക പ്രസ്ഥാനം പ്രസക്തമാകുകയാണ്.

എല്ലാ ജീവികളുമടങ്ങുന്ന ഒരു മഹാ ജീവചൈതന്യത്തെ, ഒരമ്മയെപ്പോലെ കാത്തുവളര്‍ത്തുന്ന 'ഭൂമിയമ്മ' യെ അറിയുന്ന ഒരു ഹരിതമായ ആത്മീയതയില്‍ നിന്നുവേണം പുതിയ മനുഷ്യന്‍റെ സാമൂഹികദര്‍ശനങ്ങള്‍പ്പോലും തൊണ്ടനനയ്ക്കുവാന്‍. മാനസികതലത്തില്‍ ഉയര്‍ന്ന രൂപാന്തരപ്രസക്തി നേടിയ പുതിയ മനുഷ്യന്‍ സ്വന്തം പരിസരത്തോട് മുഴുവന്‍ ഗ്രഹങ്ങളോട്, മറ്റു മനുഷ്യരോട്, ഇതര ജീവജാലങ്ങളോട്, പ്രപഞ്ചത്തിനോടാകെ ഉത്തരവാദിത്വം പുലര്‍ത്തുന്നവനായിരിക്കും. അയാള്‍ 'മറ്റുള്ളവരുടെ ചെലവില്‍ ജീവിക്കുന്നത് കുറയ്ക്കുന്നവനും'  നമ്മുടെ പങ്കാളിത്തം വഴി പ്രപഞ്ചത്തെ സഹായിക്കുന്നവനും ആയിരിക്കും. വിശ്വകേന്ദ്രിതവും ജീവിതകേന്ദ്രിതവുമായ മൂല്യങ്ങള്‍ വഴി മനുഷ്യനെയും ഭൂമിയെയും സാന്ത്വനിപ്പിക്കുന്നവനായിരിക്കും. അയാള്‍ വിശപ്പടക്കാനുള്ള ഭക്ഷണവും ദാഹം തീര്‍ക്കാനുള്ള പാനീയവും മാത്രം കഴിക്കുന്നവനായിരിക്കും. 'ഒരു ചിത്രശലഭം ഒരു പൂവിന്‍റെ ദളങ്ങളെയോ കേസരങ്ങളെയോ രൂപത്തെയോ നശിപ്പിക്കാതെ തേന്‍ നുകരുന്നതുപോലെ ജീവിതത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന' പുതിയ ഒരാളായിരിക്കും. (പോള്‍ കാറസ്സ് ഗോസ്പല്‍ ഓഫ് ബുദ്ധ).

ഭൂമിയെ അനുനിമിഷം നശിപ്പിക്കുന്ന നരന്‍ സ്വന്തം വീടിനു തീകൊളുത്തുന്ന ബുദ്ധിശൂന്യനെപ്പോലെയായതിന്‍റെ തുടക്കമെവിടെയാണ്? എന്തൊക്കെയാണിതുവരെ നേടിവച്ചത്? മഹത്തായ മതങ്ങള്‍ മനുഷ്യന്‍ ഉണ്ടാക്കി, നഗരങ്ങള്‍ നിര്‍മ്മിച്ചു. മനോഹരങ്ങളാ യ പെയിന്‍റിംഗുകളും സംഗീതവും സൃഷ്ടിച്ചു. സാങ്കേതികവിദ്യകള്‍ ഉണ്ടാക്കി. ഇവയൊന്നും നാമിന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് പ്രതിവിധിയാകുന്നില്ല. ഈ പ്രതിസന്ധി മനുഷ്യസംസ്കാരത്തിന്‍റെ അടിത്തറയെപോലും പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെടുകയാണ്. മനുഷ്യസംസ്കാരത്തിന്‍റെ നിലവിലുള്ള മാതൃകകളും രൂപങ്ങളും രീതികളും ഏതെങ്കിലും ഒറ്റക്കൊറ്റക്കാക്കാന്‍ ശ്രമിച്ചാല്‍ വെളിപ്പെടാവുന്നതിനു മുമ്പുള്ള തിരയല്‍ കൊടുംതമസ്സിലെ വിളക്കുപോലെ മനുഷ്യന്‍റെ ബോധത്തില്‍ വെളിച്ചം പരത്താന്‍ തുടങ്ങിയിരിക്കുന്നു. ആ വെളിച്ചം യത്നരഹിതമായ ഒരു ബോധമാകുമ്പോള്‍ ജീവിതം ആഗോളമായ ഒരുത്തരവാദിത്വത്തിലേക്കു വികസിക്കുന്നു. രാഷ്ട്രങ്ങളും രാഷ്ട്രങ്ങളും നിലയില്ലാത്ത, മനുഷ്യനും മനുഷ്യനും എന്ന നിലയില്ലാത്ത മനുഷ്യനും ഇതരജീവിവര്‍ഗ്ഗങ്ങളും തമ്മില്‍ എന്ന നിലയില്‍ ജീവിതം മുഴുവനായി മാനുഷികമാകാന്‍ തുടങ്ങുന്നു.       

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
Related Posts