ഞാന്‍ കണ്ട ക്രിസ്തു 'പുറത്തുട്ടുകാരെ' തേടി നടന്ന ക്രിസ്തുവാണ്. 'അകത്തട്ടുകാര്‍ക്കല്ല, പുറത്തട്ടുകാര്‍ക്കാണ്' നാഥനെ കൂടുതല്‍ ആവശ്യം. ഫരിസേയര്‍ ക്രിസ്തു ശിഷ്യരോട് ചോദിച്ചു: "നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്ത്? ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യന്‍റെ ആവശ്യം(മത്തായി 9:11-12). 'ഇരിക്കുന്ന ക്രിസ്തുവിനെയല്ല' ഞാന്‍ കണ്ടത് 'തേടുന്ന ക്രിസ്തു'വിനെയാണ്. ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകുന്നവനാണ് ക്രിസ്തു (ലൂക്കാ 15:4). ചുങ്കക്കാരന്‍ സക്കേവൂസിന്‍റെ ഭവനത്തിലേക്ക് കയറിച്ചെന്ന, സമരിയാക്കാരി സ്ത്രീയെ ആദ്യത്തെ പ്രേഷിതയാക്കിയ, ചീഞ്ഞളിഞ്ഞ ലാസറിനെ ജീവനിലേക്ക് ആനയിച്ച ക്രിസ്തുവിന്‍റെ തിരുമുഖം എവിടെയും ദര്‍ശിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.
സെമിനാരി ജീവിതകാലത്ത് 'പുറത്തട്ടുകാരെ' തേടിപ്പോകാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അവരെ 'നന്നാക്കാനും സഹായിക്കാനുമല്ല' മറിച്ച് അവരെ 'അംഗീകരിക്കാനും ആദരിക്കാനും വേണ്ടി' അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. സെമിനാരി ജീവിതകാലം മുതല്‍ എന്‍റെ ചിന്തയായിരുന്നു "എന്‍റെ ജീവിതം പുറത്തട്ടുകാര്‍ക്കുവേണ്ടി' (My Motto: To the least, to the lost and the last) അകത്തട്ടുകാരെ തളളിക്കളഞ്ഞുകൊണ്ടല്ല മറിച്ച് അവരോടൊപ്പം പുറത്തട്ടുകാരെയും സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അവിടെ ക്രൂശിതന്‍റെ മുഖം കൂടുതല്‍ വ്യക്തതയില്‍ ഞാന്‍ കാണുന്നു.
വടവാതൂര്‍ സെമിനാരിയില്‍ ഒന്നാംവര്‍ഷ തത്ത്വശാസ്ത്രപഠനകാലത്ത് ഞാന്‍ ഒരു ചിന്ത എന്‍റെ സുഹൃത്തായ ഫ്രാന്‍സിസ് കൊടിയന്‍ എം സി ബി എസ് നോട് പങ്കുവച്ചു.
Be a love Bomb
Let it be exploded
Not to kill but to heal
The broken heart.
(ആരെയും നശിപ്പിക്കാതെ തകര്‍ന്ന ഹൃദയങ്ങളുടെ മുറിവുണക്കുന്ന ഒരു സ്നേഹബോംബായി എന്‍റെ ജീവിതം പൊട്ടിത്തെറിക്കട്ടെ.) ഈ കൊച്ച് ആശയമാണ് ഭാരതം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന തടവറ പ്രേഷിതത്വത്തിന്‍റെ വിത്ത്. ഞങ്ങളുടെ രണ്ടുപേരുടെയും സൗഹൃദത്തിന്‍റെ തുടക്കവും ഈ ആശയത്തിലാണ്. സ്നേഹബോംബുകളാകുവാന്‍ ഞങ്ങള്‍ പിന്നിടങ്ങോട്ട് ശ്രമിക്കുകയായിരുന്നു. ഞാന്‍ കണ്ട ക്രിസ്തു 'സൂപ്പര്‍ ഡൈനാമിക് ലൗ ബോംബാണ് (Super Dynamic love Bomb). 1954 ആഗസ്റ്റ് 6നും 8നും ഹിരോഷിമായിലും നാഗാസാക്കിയിലും അണുബോംബു വര്‍ഷിച്ചവര്‍ രക്ഷപ്പെട്ടപ്പോള്‍ അനേകായിരം നിരപരാധികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങി. കാല്‍വരിയുടെ നെറുകയില്‍ കണ്ടത് സ്നേഹബോംബിന്‍റെ അതിശക്തമായ സ്ഫോടനമായിരുന്നു.