news-details
മറ്റുലേഖനങ്ങൾ

അമ്മ... അലിവാകുന്ന ദിവ്യാക്ഷരം

അമ്മ...
ഏവര്‍ക്കും ഉള്ളില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന ഒരു സാന്ത്വനതുരുത്ത്.
ആര്‍ക്കും പറിച്ചെടുക്കാനാകാത്ത സ്നേഹത്തിന്‍റെ ഇടം.
കരുണാനിധിയായ ഈശ്വരന്‍ കനിഞ്ഞു നല്കിയ വരദാനം.
അമ്മയെന്ന ദിവ്യസൃഷ്ടിയെക്കുറിച്ചൊന്നു ധ്യാനിക്കാം.
ഭൂമിയിലേക്ക് തിരിഞ്ഞിരിക്കുന്ന ഈശ്വരന്‍റെ മുഖമാണ് അമ്മ.
ഈ മനോഹരഭൂവില്‍ ഇന്നുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഉദാത്തമായ സൃഷ്ടി.

ഓര്‍മ്മകള്‍ക്കെപ്പോഴും സാന്ത്വനത്തിന്‍റെ ഉള്‍ക്കരുത്തുകള്‍ പകരാന്‍ കഴിവുള്ള ഊര്‍ജ്ജസ്രോതസ്സ്... അതാണ് അമ്മ... അനന്യമായ നാമം.. ആപത്തുവേളകളില്‍ വലിപ്പചെറുപ്പ വ്യത്യാസങ്ങളില്ലാതെ ഏവരും ഒരുപോലെ ഉരുവിടുന്ന പദം.

സ്നേഹക്കടലുകളുടെ തിരയിളക്കങ്ങള്‍ എപ്പോഴും കാത്തുസൂക്ഷിക്കുന്ന ചൈതന്യം.
അമ്മ ഈശ്വരതുല്യയാണ്.  കാരണം അമ്മ ഈശ്വരന്‍റെ പ്രവൃത്തികളാണ് ചെയ്യുന്നത്.
ഈശ്വരന്‍ സൃഷ്ടിക്കുന്നു, അമ്മയും സൃഷ്ടിക്കുന്നു.
ഈശ്വരന്‍ സംരക്ഷിക്കുന്നു; അമ്മയും സംരക്ഷിക്കുന്നു.
വായിച്ചപ്പോള്‍ നൊമ്പരത്തിന്‍റെ ചീളുകള്‍ മനസ്സിലേല്പിച്ച ഒരു സംഭവം.
ഉമ്മറത്തിരുന്ന് മിഴിനീരൊഴുക്കുന്ന ഒരമ്മയോട് വഴിപോക്കനായ സന്ന്യാസി.
"എന്താ സങ്കടകാരണം?" വ്യഥയോടെ അമ്മ ഹൃദയം തുറന്നു.

"ഇന്നലെവരെ മദ്യപിച്ചു വരുന്ന എന്‍റെ മകന്‍ എന്നെ തൊഴിച്ചപ്പോള്‍ തെറിച്ച് ഞാന്‍ നടുമുറ്റത്തെ തുളസിത്തറ വരെ എത്തുമായിരുന്നു. എന്നാല്‍ പതിവുപോലെ കുടിക്കുശേഷം ഇന്ന് എന്നെ തൊഴിച്ചപ്പോള്‍ ഞാന്‍ ഉമ്മറപ്പടി വരെയേ എത്തിയുള്ളൂ. എന്‍റെ മകന്‍റെ ആരോഗ്യം ക്ഷയിച്ചിരിക്കുന്നു.

കുഞ്ഞിന്‍റെ ആരോഗ്യക്ഷയമാണ് എന്‍റെ സങ്കടഹേതു" മിഴിനീര്‍ തുടച്ച് അമ്മ പറഞ്ഞുനിര്‍ത്തി.

കളിക്കളത്തില്‍ കാല്‍തെററിവീണ്, പരിക്കുമൂലം നിലവിളിക്കുന്ന കുഞ്ഞിനേക്കാള്‍, വേദനയുടെ തീവ്രത അനുഭവിക്കുന്നത് വെപ്രാളത്തോടെ ഓടിയണയുന്ന അമ്മയുടെ ഹൃദയമാണ്.

അമ്മയുടെ നൊമ്പരം കുഞ്ഞിന്‍റെ നൊമ്പരമാണ്. ഒഴുക്കില്‍ കാല്‍തെറ്റി വീണ് വെള്ളത്തില്‍ മുങ്ങിച്ചാകാന്‍ തുടങ്ങുന്ന കുഞ്ഞിനെ നോക്കി അയ്യോ എന്നു നിലവിളിക്കാതെ സര്‍വ്വതും മറന്ന് കുഞ്ഞിന്‍റെ അമ്മ ഉടനെ എടുത്തുചാടും. നീന്തലിന്‍റെ ബാലപാഠങ്ങള്‍ പോലും തനിക്കന്യം എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച്...

ഇവിടെ അമ്മ കുഞ്ഞിന്‍റെ ജീവനെ തന്‍റേതന്നെ ജീവനായി കാണുന്നു. താനും കുഞ്ഞും ഒന്നാണെന്ന അദ്വൈതഭാവം. ഇതാണ് താദാത്മ്യം. ഉള്‍ച്ചേരലുകളുടെ സാന്നിധ്യം. താദാത്മ്യം ഐക്യദാര്‍ഢ്യത്തില്‍നിന്ന് വിഭിന്നമാണ്. ഐക്യദാര്‍ഢ്യത്തില്‍ ഒരു ഒന്നാകലിന്‍റെ അവസ്ഥയില്ല. ഉദാഹരണത്തിന് വെള്ളത്തില്‍ വീണു പിടയുന്ന കുട്ടിയെ നോക്കി ഹാ കഷ്ടമെന്ന് വിലപിക്കുന്നത് ഐക്യദാര്‍ഢ്യം എന്നാല്‍ പിടയുന്ന കുഞ്ഞിനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് സര്‍വ്വതും മറന്ന് എടുത്തുചാടുന്നതാണ് താധാത്മ്യം.

രോഗവേളകളുടെ ഒറ്റപ്പെട്ട തുരുത്തുകളില്‍, ഹൃദയം തകരുന്ന വേളയില്‍ അമ്മയുടെ സൗമ്യമായ സ്നേഹസാമീപ്യങ്ങള്‍ക്കും മൃദുസ്പര്‍ശങ്ങള്‍ക്കും കൊതിക്കാത്ത ആരുണ്ട്.

കടുത്ത ജ്വരവേളകളില്‍ സ്നേഹത്തോടെ അരികത്തണഞ്ഞ്, കട്ടിലില്‍ മെയ്യോടു ചേര്‍ന്നിരുന്ന് ശോഷിച്ച കരങ്ങള്‍കൊണ്ട് നെററിയില്‍ മൃദുവായി സ്പര്‍ശിച്ച് കുറവാകും എന്ന് സ്നേഹവായ്പോടെ അമ്മ മന്ത്രിക്കുമ്പോള്‍ അസുഖം പകുതി കുറയുന്ന അനുഭവം പലപ്പോഴും അനുഭവിച്ചിട്ടില്ലേ?

ആ തലോടല്‍ തന്നെ സൗഖ്യമേകുന്ന അനുഭവം. അതാണ് സൗഖ്യദായകമായ മാതൃസാന്നിധ്യം.

ലോകത്തെ വെടിഞ്ഞ പരിത്യാഗി ചികിത്സാലയത്തിലെ തുരുമ്പിച്ച കട്ടിലില്‍ 'അമ്മേ' എന്നു വിലപിക്കുന്നത് ഒരു നാള്‍ കേള്‍ക്കാനിടയായി.

എന്തൊക്കെ പരിത്യജിച്ചാലും ഒരിക്കലും ത്യജിക്കാനാവാത്ത നിറസാന്നിധ്യമാണ് അമ്മ എന്ന സത്യം വെളിവാക്കുന്ന മന്ത്രണം.
ഒരുവന്‍റെ വളര്‍ച്ചയുടെ പടവുകളുടെ വീതിയും നീളവും അവന്‍റെ അമ്മയുടെ ഹൃദയത്തിന്‍റെ വീതിയും നീളവുമാണ്. ഉയര്‍ച്ചയുടെ പിന്നില്‍ കയ്പേറിയ അനുഭവങ്ങളുടെ നീറും നെരിപ്പോടുകള്‍ നെഞ്ചിലൊതുക്കുന്ന ഒരമ്മയുടെ സാന്നിധ്യമുണ്ട്.

ഹൃദയത്തിലെപ്പോഴും സൗഹൃദത്തിന്‍റെ ഊഷ്മളതകള്‍ പകര്‍ന്നുതരാറുള്ള കൂട്ടുകാരന്‍ ഒരിക്കല്‍ വ്യസനത്തോടെ പറഞ്ഞു:

"അമ്മയ്ക്ക് അല്‍ഷൈമേഴ്സ് രോഗമാണ്. ആരെയും തിരിച്ചറിയുന്നില്ല, എന്നെയും." അതുപറഞ്ഞ് കണ്ണുനീര്‍ത്തൂകി മിഴികള്‍ ദൂരേക്ക് പായിച്ചു.

അവന്‍റെ ഉതിര്‍ന്ന മിഴിനീരില്‍ തെളിഞ്ഞത് നഷ്ടമായ മാതൃഭാവത്തിന്‍റെ ഊഷ്മളതകളാണ്. ആര്‍ദ്രസ്നേഹത്തിന്‍റെ നികത്താനാവാത്ത വിടവുകളാണ്.

അമ്മയുടെ സ്നേഹോഷ്മളതകള്‍ നഷ്ടപ്പെടുക എന്നത് തീര്‍ത്തും ഭീതിപ്പെടുത്തുന്ന ഒരനുഭവമാണ്. ആര് മരിച്ചാലും അമ്മ മരിക്കരുതേ എന്നു പ്രാര്‍ത്ഥിക്കാന്‍ കാരണമെന്താ? അമ്മയാകുന്ന വിശുദ്ധ വൃക്ഷത്തണലില്‍ വളര്‍ന്നവരാണ് മഹാന്മാരും മഹതികളുമായിത്തീരുക. മക്കളുടെ ജയങ്ങള്‍ക്കായി വീടിന്‍റെ ഇടുങ്ങിയ ചുവരുകള്‍ക്കിടയില്‍ കണ്ണീരോടെ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിച്ച, മക്കളുടെ നേട്ടങ്ങള്‍ക്കായി സഹനഗിരികള്‍ കയറിയ ധാരാളം അമ്മമാരെ ചരിത്രത്തിന്‍റെ പൊടിപിടിച്ച താളുകളില്‍ കണ്ടെത്താന്‍ കഴിയും.

വിശുദ്ധഗ്രന്ഥത്താളുകളില്‍ മിഴിവോടെ നിറഞ്ഞുനില്‍ക്കുന്ന ഒരമ്മയുണ്ട്. ജന്മം നല്കിയ കുഞ്ഞിന്‍റെ രക്ഷക്കായ് ഈജിപ്തിലേക്ക്  പലായനം ചെയ്യുന്ന, ഉടലിന്‍റെ ഭാഗമായ കുഞ്ഞിന്‍റെ ജീവനായി അധികാരികളുടെ ഉഗ്രശാസനങ്ങളെ അവഗണിക്കാന്‍ ധൈര്യപ്പെടുന്ന പരിശുദ്ധ അമ്മ. തന്‍റെ സുരക്ഷിതത്വത്തെക്കാളും കുഞ്ഞിന്‍റെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവള്‍.

കാല്‍വരിഗിരിയില്‍ നാട്ടിയ കുരിശില്‍ തൂങ്ങിക്കിടന്നവന്‍റെ അരികേ സാന്ത്വനമായി നിറകണ്ണുകളോടെ നിന്നവള്‍. കുരിശില്‍ കിടന്നവനേക്കാള്‍ കുരിശിന്‍റെ തീവ്രത തീക്ഷ്ണമായി ഹൃദയത്തില്‍ അനുഭവിച്ചവള്‍.

ഈശ്വരസൃഷ്ടിയിലെ ഏറ്റവും ഉന്നതയായ അമ്മയുടെ പൂര്‍ണ്ണതയായ മറിയം.
അലിവിന്‍റെ വടവൃക്ഷമായ മറ്റൊരമ്മ - മോനിക്ക...

ആസക്തികളുടെ അണയാക്കനലുകള്‍ക്കു പിറകെ പരക്കം പാഞ്ഞു നടന്ന ആഗസ്തിനോസ്... സമൂഹത്തിലെ ആസക്തികള്‍ക്കും വഷളത്തരങ്ങള്‍ക്കും പിന്നാലെ ഓടി സമൂഹത്തില്‍ തിരസ്കരിക്കപ്പെട്ടവന്‍. എല്ലാവരും പുച്ഛിച്ചു തള്ളിയപ്പോഴും ആഗസ്തിനോസിന്‍റെ ഹൃദയത്തിലെ നന്മയുടെ വിത്തുകള്‍ മുളപൊട്ടാനായി ഈറനണിഞ്ഞ മിഴികളോടെ, രാത്രികളെ പകലാക്കി തീക്ഷ്ണതയോടെ ഒരമ്മ മുട്ടിന്മേല്‍നിന്ന് ഹൃദയം നൊന്ത് പ്രാര്‍ത്ഥിച്ചിരുന്നു. മോനിക്ക, ആഗസ്തീനോസിന്‍റെ അമ്മ. ആ അമ്മയുടെ മുട്ടിന്മേലെ തഴമ്പാണ് ആഗസ്തീനോസാക്കിമാറ്റിയത്.

മറ്റുള്ളവരാലെല്ലാം ഭ്രഷ്ടുകല്പിക്കപ്പെട്ടാലും പുറന്തള്ളിയാലും ഭൂലോകത്തിലും പരലോകത്തിലും ആര്‍ക്കും തകര്‍ക്കാനാവാത്ത, നിഷേധിക്കാനാവാത്ത, എപ്പോഴും ഓടിയണയാന്‍ ഒരിടം അതാണ് മാതൃഹൃദയം.

സ്വന്തമായി യാതൊരു ഇഷ്ടങ്ങളുമില്ലാത്തവര്‍. ആഹാരം പാകം ചെയ്യുമ്പോള്‍ തനിക്കിഷ്ടമുള്ള വിഭവങ്ങളൊരുക്കുന്നതിനേക്കാള്‍ അമ്മ ഇഷ്ടപ്പെടുക മക്കള്‍ക്ക് രുചി പകരുന്നവ ഒരുക്കാനാണ്. സ്വയമായൊന്നും ആസ്വദിക്കാതെ മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ സായൂജ്യം കണ്ടെത്തുന്നവര്‍. അമ്മയുടെ ആഹ്ലാദം കുഞ്ഞിന്‍റെ ആഹ്ലാദമാണ്. കളിക്കളത്തില്‍ കൂട്ടുകാരോടൊത്ത് കളിച്ചുതിമിര്‍ക്കുന്ന കുഞ്ഞിനേക്കാള്‍ നൂറിരട്ടി സന്തോഷം അനുഭവിക്കുന്നത്, കളിക്കളത്തിനു പുറത്ത് കളികണ്ടിരിക്കുന്ന അമ്മയാണ്. അമ്മയുടെ സാന്നിധ്യം ഒരു നിറവാണ്.

അമ്മയുടെ അസാന്നിധ്യം മനസ്സില്‍ അസുഖകരമായ ശൂന്യതകള്‍  സൃഷ്ടിക്കും. പറഞ്ഞറിയിക്കാനാവാത്ത ഒരു വിടവ് അമ്മയുടെ അഭാവത്തില്‍ അനുഭവപ്പെടും. അസ്വസ്ഥതയുളവാക്കുന്ന അസാന്നിധ്യം. അതുകൊണ്ടാണ് വിദൂരത്തിലേക്ക് യാത്രതിരിക്കുന്ന അമ്മയോട് ഉടനെ തിരിച്ചു വരണം എന്ന് ഏവരും ഏകസ്വരത്തില്‍ മന്ത്രിക്കുക. പെട്ടെന്നു തിരിച്ചുവരണമെന്ന ശാഠ്യത്തിനു പിന്നില്‍ സ്വാര്‍ത്ഥതയില്‍ പൊതിഞ്ഞ സ്നേഹമല്ലേ ഒളിച്ചുവച്ചിരിക്കുന്നത്.

ഉണര്‍വിന്‍റെ സാന്ദ്രതേജസുകളുമായി അലിവോടെ കാത്തിരിക്കുന്ന ഒരു നല്ല അമ്മയെ തന്നതിന് ഈശ്വരാ നന്ദി. കനിവിന്‍റെ നിറവുകളായ അമ്മമാര്‍ക്ക് പ്രണാമങ്ങള്‍.

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
Related Posts