news-details
മറ്റുലേഖനങ്ങൾ

കുറെനാളായി കേരളത്തിലും കേരളത്തിനുവെളിയിലും നടക്കുന്ന പല 'അത്ഭുത'ങ്ങളെപ്പറ്റിയും നാം കേട്ടിട്ടുണ്ടാകും. ഉദാഹരണമായി, കരിസ്മാറ്റിക് ധ്യാനങ്ങളിലും മറ്റും അനുഭവപ്പെടുന്ന ഭാഷാവരം, ദര്‍ശനവരം, അത്ഭുതരോഗശാന്തികള്‍ തുടങ്ങിയവ. അതുപോലെ തന്നെ കരിഞ്ഞ ചപ്പാത്തിയിലും തിരുവോസ്തിയിലും പ്രത്യക്ഷപ്പെടുന്ന യേശുവിന്‍റെ രൂപം, തിരുവോസ്തിയുടെ മാംസമായുള്ള രൂപാന്തരം, യേശുവിന്‍റെയും മാതാവിന്‍റെയും രൂപങ്ങളുടെ കണ്ണുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീരും രക്തവും തുടങ്ങിയവ. ഈ പ്രതിഭാസങ്ങളെ എങ്ങനെയാണു വിലയിരുത്തേണ്ടതെന്നു പലരും അന്വേഷിക്കാറുണ്ട്. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ അത്ഭുതങ്ങള്‍ ആണോ? ദൈവത്തില്‍ നിന്നുള്ള പ്രത്യേകമായ അടയാളങ്ങളായിട്ടാണ് അത്ഭുതങ്ങളെ നാം മനസ്സിലാക്കുക. ദൈവത്തില്‍നിന്നു വരുന്ന കാര്യങ്ങള്‍ക്കു മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാനോ സുനിശ്ചിതമായി അവയെപ്പറ്റി വിധിപറയാനോ നമുക്കു കഴിയുകയില്ല. എങ്കിലും ഈ 'അത്ഭുത' പ്രതിഭാസങ്ങളെപ്പറ്റി ഒരു വിചിന്തനം അവസരോചിതമായിരിക്കുമെന്നു തോന്നുന്നു.

അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങള്‍

അത്ഭുതങ്ങളെപ്പറ്റിത്തന്നെ മൗലികമായ ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലിലൂടെ പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമായോ അഥവാ അവയ്ക്ക് അതീതമായോ ഉണ്ടാകുന്ന ഒരു അസാധാരണ സംഭവമായിട്ടാണ് പരമ്പരാഗത ദൈവശാസ്ത്രം അത്ഭുതത്തെ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, ഈ ധാരണ ശരിയാണെന്നു പറഞ്ഞുകൂടാ. കാരണം പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമോ അതീതമോ ആയി നടക്കുന്ന സംഭവമാണ് അത്ഭുതമെങ്കില്‍, ഒരു കാര്യവും അത്ഭുതമാണെന്ന് ഒരിക്കലും നമുക്ക് പറയുവാനാവില്ല. എല്ലാ പ്രകൃതിനിയമങ്ങളും അറിഞ്ഞിരുന്നാല്‍ മാത്രമേ ഒരു സംഭവം പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമാണോ? അതീതമാണോ എന്നു പറയുവാന്‍ സാധിക്കുകയുള്ളല്ലോ. എല്ലാ പ്രകൃതിനിയമങ്ങളും അറിഞ്ഞിരിക്കാന്‍ ഒരുത്തര്‍ക്കും സാധ്യവുമല്ല.

രണ്ടാമതായി, ആദികാരണമായ ദൈവം ഒരിക്കലും പ്രപഞ്ചത്തില്‍ നേരിട്ട് ഇടപെടുകയില്ല. ദ്വിതീയകാരണങ്ങളിലൂടെ മാത്രമേ അവിടുന്നു പ്രപഞ്ചത്തില്‍ ഇടപെടുകയുള്ളൂ. ഇത് ഒരു ദൈവശാസ്ത്രസത്യമാണ്. ആദികാരണമായ ദൈവം പ്രപഞ്ചത്തില്‍ നേരിട്ട് ഇടപെടുകയെന്നുവച്ചാല്‍ ദ്വിതീയ കാരണങ്ങളുടെ സ്ഥാനത്തേക്ക് അവിടുന്നു സ്വയം തരംതാഴ്ത്തുകയാണെന്നാണ് അര്‍ത്ഥം. അങ്ങനെ ചെയ്താല്‍ ദൈവം ആദികാരണം അഥവാ ദൈവം അല്ലാതായിത്തീരും. ദ്വിതീയകാരണങ്ങളിലൂടെയുള്ള പ്രവര്‍ത്തനം ദൈവത്തിന്‍റെ പ്രവര്‍ത്തനം ആണോ അല്ലയോ എന്ന് അസന്ദിഗ്ദ്ധമായി പറയുവാന്‍ നമുക്ക് ഒരിക്കലും ആവില്ല. വിശ്വസിക്കുന്ന ആള്‍ക്കു ദൈവത്തിന്‍റെ പ്രവര്‍ത്തനമായി ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയും. വിശ്വസിക്കാത്ത ആളെ സംബന്ധിച്ചിടത്തോളം പ്രകൃതിനിയമങ്ങളനുസരിച്ചുള്ള ഒരു പ്രതിഭാസം മാത്രമായേ അതിനെ കാണാന്‍ കഴിയൂ.

മൂന്നാമതായി, ആദികാരണമായ ദൈവം ദ്വിതീയ കാരണങ്ങളിലൂടെയല്ലാതെ നേരിട്ട് പ്രപഞ്ചത്തില്‍ ഇടപെട്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ വിശ്വാസത്തിന് അതു സഹായകമാകുകയില്ല. തടസ്സമാകുകയാണു ചെയ്യുക. അത്ഭുതം വിശ്വാസത്തിലേക്കുള്ള ഒരു വിളിയും അടയാളവുമാണ്. വിശ്വാസമാകട്ടെ എപ്പോഴും സ്വതന്ത്രമായ ഒരു തീരുമാനമാണ്. ദൈവം നേരിട്ട് ഇടപെട്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ബലാല്‍ക്കാരമായി വിശ്വാസം അടിച്ചേല്പിക്കുകയെന്നായിരിക്കും അതിനര്‍ത്ഥം. അങ്ങനെ ദൈവം ഒരിക്കലും ചെയ്യുകയില്ല. ദ്വിതീയകാരണങ്ങളിലൂടെയാണു ദൈവം കൂടുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതു വിശ്വസിക്കാനോ അവിശ്വസിക്കാനോ മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചുവേണം അവര്‍ അത്ഭുതങ്ങളില്‍ വിശ്വിസിക്കുവാന്‍.

എന്താണ് അത്ഭുതം?

അത്ഭുതങ്ങളെ പ്രകൃതിനിയമങ്ങളുടെയോ പ്രകൃതിയുടെയോ തലത്തിലല്ല, പ്രത്യുത വിശ്വാസത്തിന്‍റെ തലത്തിലാണ് നാം കാണേണ്ടത്. ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടലില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്കോ സമൂഹത്തിനോ ഒരു നിശ്ചിതസമയത്ത് അസാധാരണമായ ഒരു നിശ്ചിതഫലം  അനുഭവപ്പെടുന്നതാണ് അത്ഭുതമെന്നു പൊതുവേ പറയാം. ദ്വീതിയ കാരണങ്ങളിലൂടെയാണ് അതു സംഭവിക്കുന്നതെങ്കിലും അത്ഭുതത്തില്‍ എപ്പോഴും ഒരു അസാധാരണത്വം ഉണ്ടായിരിക്കും. അതുകൊണ്ടാണ് വിശ്വസിക്കുന്നവര്‍ക്കു ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ അവിടെ കാണാനും അത്ഭുതമായി ആ സംഭവത്തെ മനസ്സിലാക്കാനും കഴിയുന്നത്. വിശിഷ്യ ആര്‍ക്കുവേണ്ടി അത്ഭുതം സംഭവിച്ചോ അവര്‍ക്കു ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ ആഴമേറിയ ഒരു ബോധ്യമായിരിക്കും. മറ്റുള്ളവര്‍ വെറും സ്വാഭാവികമായ ഒരു പ്രതിഭാസമായി ഇതിനെ വിലയിരുത്തിയേക്കും. വിശ്വാസത്തിന്‍റെ തലത്തില്‍ മാത്രമേ അത്ഭുതങ്ങളെ അത്ഭുതങ്ങളായി മനസ്സിലാക്കാന്‍ കഴിയൂ. അത്ഭുതങ്ങള്‍ക്കു ശാസ്ത്രീയമായ തെളിവൊന്നുമില്ല. അതിനാല്‍ ഒരു കാര്യം അത്ഭുതമാണെന്ന് അസന്ദിഗ്ദ്ധമായി പറയുവാന്‍ ഒരിക്കലും സാധിക്കില്ല.

അത്ഭുതങ്ങള്‍ പോലെ കാണപ്പെടുന്ന കാര്യങ്ങളിലെ അസാധാരണത്വം അറിയപ്പെടുന്നതോ അറിയപ്പെടാത്തതോ ആയ വെറും സ്വാഭാവികകാരണങ്ങള്‍ കൊണ്ട് ഉണ്ടായതാകാം. ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ ഒന്നും അവിടെ ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ വളരെ സൂക്ഷിച്ചുവേണം ഒരു കാര്യം അത്ഭുതമാണെന്നു വിശ്വസിക്കാന്‍. ഒരു അത്ഭുതമാണെന്നു തീര്‍ച്ചയായി പറയാന്‍ സാധിക്കയില്ലെങ്കിലും ചില കാര്യങ്ങള്‍ അത്ഭുതമല്ലെന്ന് ഏറെക്കുറെ തീര്‍ച്ചയായി പറയുവാന്‍ കഴിയും. ഉദാഹരണമായി സ്വന്തം പേരിനും പെരുമയ്ക്കും വേണ്ടി ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു ദ്രോഹം വരുത്തുന്ന  കാര്യങ്ങള്‍, സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് ഉതപ്പും ദുര്‍മാതൃകയും കൊടുക്കുന്ന വ്യക്തികള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടങ്ങിയവ. ഇവിടെയൊന്നും ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നു വ്യക്തമാണല്ലോ. സര്‍വ്വോപരി ഒരാളുടെ ജീവിതസാക്ഷ്യമാണ് അയാളിലൂടെ അനുഭവപ്പെടുന്ന കാര്യങ്ങള്‍ അത്ഭുതങ്ങളാണോ എന്നതിനുള്ള മുഖ്യമാനദണ്ഡം.

അത്ഭുതപ്രതിഭാസങ്ങളിലെ ദ്വിതീയ കാരണങ്ങള്‍

അത്ഭുതങ്ങള്‍ സംഭവിക്കുന്നത് എപ്പോഴും ദ്വിതീയ കാരണങ്ങളിലൂടെ ആയതുകൊണ്ട് ദ്വിതീയകാരണങ്ങളുടെ സാന്നിധ്യവും അത്ഭുതവും പരസ്പരവിരുദ്ധമല്ലെന്നു വ്യക്തമായിരിക്കുമല്ലോ. ഉദാഹരണമായി, ഒരു ഡോക്ടര്‍ നല്കുന്ന മരുന്ന് ദ്വിതീയകാരണമായി ഉപയോഗിച്ചുകൊണ്ട് പ്രത്യേകമായി ഇടപെട്ട് ഒരു രോഗിക്കു നിശ്ചിതസമയത്ത് അത്ഭുതകരമായി. ദൈവം രോഗശാന്തി നല്കിയെന്നു വരാം. അതുപോലെ തന്നെ ഒരു മനോരോഗവിദഗ്ദ്ധന്‍റെ ചികിത്സാവിധികളെ ദ്വിതീയകാരണമായി ഉപയോഗിച്ചുകൊണ്ട് ദൈവം അത്ഭുതരോഗശാന്തി നല്കിയെന്നു വരാം. മനശ്ശാസ്ത്രത്തിന്‍റെ വിശിഷ്യ,  'പാരാസൈക്കോളജി' എന്ന മനശ്ശാസ്ത്രവിഭാഗത്തിന്‍റെ അസാധാരണവും അഭൂതപൂര്‍വ്വവുമായ സാധ്യതകളെ ദ്വിതീയകാരണങ്ങളായി ഉപയോഗിച്ചുകൊണ്ട് ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വിചാരിക്കുന്നതിലും അപാകതയൊന്നുമില്ല. എന്നാല്‍ അസാധാരണവും അഭൂതപൂര്‍വ്വവുമായി നമുക്ക് അനുഭവപ്പെടുന്ന എല്ലാ പ്രതിഭാസങ്ങളിലും ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍  ഉണ്ടെന്നും അവ അത്ഭുതങ്ങളാണെന്നും വിചാരിക്കുന്നതു ശരിയല്ല. മനശ്ശാസ്ത്രം ഇന്നു വികസനോന്മുഖമായ ഒരു ശാസ്ത്രശാഖയാണ്. വെള്ളത്തില്‍ കിടക്കുന്ന മഞ്ഞുകട്ടപോലെ മനുഷ്യമനസ്സിന്‍റെ ചെറിയൊരംശം മാത്രമേ ഇന്നും വെളിവാക്കപ്പെട്ടിട്ടുള്ളൂ. മനശ്ശാസ്ത്രത്തിന്‍റെ ഭാഗമായി കരുതപ്പെടുന്ന പാരാസൈക്കോളജി ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് അത്രയെളുപ്പത്തില്‍ വഴങ്ങിക്കൊടുക്കാത്തതുകൊണ്ട് ഒരു ശാസ്ത്രമായി ഇനിയും പൂര്‍ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതു വാസ്തവം തന്നെ. എങ്കിലും പാരാസൈക്കോളജിയുടെ നിരവധി പ്രതിഭാസങ്ങളെ നിഷേധിക്കാന്‍ നമുക്കാവില്ല. വിദഗ്ദ്ധരായ അനേകമാളുകളുടെ അനുഭവസാക്ഷ്യങ്ങള്‍ ഇക്കാര്യത്തില്‍ ലഭ്യമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ നമുക്കനുഭവപ്പെടാത്തതും മനസ്സിലാക്കാന്‍ വിഷമമുള്ളതുമായ പല പാരാസൈക്കോളജിക്കല്‍ പ്രതിഭാസങ്ങളുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. ഇന്ദ്രിയാതീത സന്ദേശം അഥവാ ദുരാനൂഭൂതി, ദൂരദര്‍ശനം അഥവാ അപ്രത്യക്ഷദര്‍ശനം, അപ്രത്യക്ഷശ്രവണം, സൈക്കോകിനേസിസ് അഥവാ റ്റൈലിക്കിനേസീസ് തുടങ്ങിയവ ഇന്നു പരക്കെ അറിയപ്പെടുന്ന പാരാസൈക്കോളജിക്കല്‍ പ്രതിഭാസങ്ങളാണ്.

അമേരിക്കയിലും റഷ്യയിലും ശീതസമരകാലത്ത് ശത്രുവിന്‍റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് 'അപ്രത്യക്ഷദര്‍ശന' സിദ്ധിയുള്ളവരെ ഉപയോഗിച്ചിരുന്നുവെന്നു നമുക്കറിയാം. ഇപ്പറഞ്ഞതിന്‍റെയെല്ലാം വെളിച്ചത്തില്‍ വേണം ഇന്നു കരിസ്മാറ്റിക് ധ്യാനങ്ങളിലും വചനശുശ്രൂഷാവേളകളിലും നടക്കുന്നതും അത്ഭുതങ്ങളായി കരുതപ്പെടുന്നതുമായ അസാധാരണ പ്രതിഭാസങ്ങളെ വിലയിരുത്തുവാന്‍. ഇങ്ങനെയുള്ള ചില പ്രതിഭാസങ്ങളെപ്പറ്റി അല്പം കൂടി വിശദമായി പ്രതിപാദിക്കുന്നത് ഉപകാരപ്രദമായിരിക്കുമെന്നു കരുതുന്നു.

ഭാഷാവരം

ആദിമസഭയില്‍ പരിശുദ്ധാരൂപി നല്കിയ വരദാനങ്ങളില്‍ ഒന്ന് ഭാഷാവരം ആയിരുന്നെന്നു പൗലോസ് ശ്ലീഹാ  സാക്ഷ്യപ്പെടുത്തുന്നുണ്ട്(2 കൊറി. 12:10, 14: 2-9) വരദാനങ്ങളില്‍ ഏറ്റവും നിസ്സാരമാണെങ്കിലും പരിശുദ്ധാത്മാവിന്‍റെ ദാനം തന്നെയാണതെന്നും താനും ഭാഷാവരത്തോടെ പ്രാര്‍ത്ഥിക്കുന്നവനാണെന്നും പൗലോസ് ശ്ലീഹാ തുടര്‍ന്നു പറയുന്നുണ്ട് (കൊറി. 14:18). ആദിമസഭയില്‍ പ്രത്യക്ഷപ്പെട്ട ഈ പരിശുദ്ധാത്മദാനം ഇന്നത്തെ സഭയിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്നു വിശ്വസിക്കാന്‍ ഒരു വിഷമവും തോന്നേണ്ടതില്ല. ഭാഷാവരമെന്നു പറയുമ്പോള്‍ വിവിധ ഭാഷകള്‍ അത്ഭുതകരമായി  സംസാരിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവ് എന്നല്ല പൗലോസ് ശ്ലീഹാ വിവക്ഷിക്കുന്നത്. ഒരുവന്‍ ഹര്‍ഷോന്മാദമായ (ലരമെേശേര മെേലേ)നിലയില്‍ പുറപ്പെടുവിക്കുന്ന അസ്പഷ്ടവും പരസ്പരബന്ധമില്ലാത്തതുമായ സ്വരങ്ങളാണ് ഭാഷാവരത്തിന്‍റെ ലക്ഷണമായി കണക്കാക്കപ്പെടുന്നത്. തീവ്രമായ വിശ്വാസത്തോടും സ്നേഹത്തോടും കൂടി പ്രാര്‍ത്ഥിക്കുമ്പോള്‍ ചിലര്‍ക്ക് അനിച്ഛാപൂര്‍വ്വമായി ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. അപ്പോള്‍ അതു പ്രാര്‍ത്ഥനയും പരിശുദ്ധാത്മാവിന്‍റെ ദാനവുമാകാം. ഈ ലക്ഷണം തന്നെയുള്ള ഒരു മനോരോഗവുമുണ്ട്. ഭാഷാവരമെന്ന പരിശുദ്ധാത്മദാനത്തിന്‍റെ മൂലരൂപമായ 'ഗ്ലോസോലാലിയാ' എന്ന പേരു തന്നെയാണ് മനോരോഗവിദഗ്ദ്ധന്‍ ഈ രോഗത്തിനും കൊടുത്തിരിക്കുന്നത്. അര്‍ത്ഥമില്ലാത്ത ചില അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു പരിശീലിച്ച് ചിലര്‍ ഈ പ്രതിഭാസത്തെ രൂപപ്പെടുത്തിയെടുക്കാറുണ്ട്. അതിനെ അത്ഭുതമെന്നോ ഭാഷാവരമെന്നോ വിശേഷിപ്പിക്കുന്നതിനെക്കാള്‍ സ്വയംകൃതമനോരോഗമായി കണക്കാക്കുന്നതായിരിക്കും കൂടുതല്‍ ശരി.

ദര്‍ശനവരം

കരിസ്മാറ്റ്ക് ധ്യാനങ്ങളിലും വചനപ്രഘോഷണവേളകളിലും കണ്ടുവരുന്ന മറ്റൊരു പ്രതിഭാസമാണ് ദര്‍ശനവരം. സ്ഥലകാലപരിധികള്‍ക്കപ്പുറം കാണാനുള്ള കഴിവ്, ചിലരുടെ ജീവിതത്തിലെ സംഭവങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ കാണാനുള്ള കഴിവ് തുടങ്ങിയവയാണ് ദര്‍ശനവരമായി കണക്കാക്കപ്പെടുന്നത്. ദര്‍ശനത്തിലൂടെ ദൈവം തന്‍റെ ദാസര്‍ക്ക് വിവിധ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. സഭാചരിത്രത്തിലും ദര്‍ശനവരം ലഭിച്ചിരുന്ന പല വിശുദ്ധ വ്യക്തികളെയും നമുക്കറിയാം. ബ്രിന്‍ഡീസിലെ വി. ലോറന്‍സ്, വി. പാദ്രേപിയോ തുടങ്ങിയവര്‍ ഇങ്ങനെ ദര്‍ശനവരം ലഭിച്ചവരാണ്. വിശുദ്ധജീവിതം നയിക്കുന്ന സുവിശേഷപ്രഘോഷകര്‍ക്കും ആത്മീയോപദേഷ്ടാക്കള്‍ക്കും ആത്മാക്കളുടെ നന്മയ്ക്കുവേണ്ടി ദൈവം ഇന്നും ഇപ്രകാരം ദര്‍ശനവരം നല്കുന്നുവെന്നു കരുതുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍, ദര്‍ശനവരത്തിന്‍റെ പ്രവര്‍ത്തനമായി  കരുതപ്പെടുന്ന പ്രതിഭാസങ്ങള്‍ ചിലപ്പോള്‍ 'റ്റെലിപ്പതതി, 'അപ്രത്യക്ഷദര്‍ശനനം,' 'അപ്രത്യക്ഷശ്രവണം' തുടങ്ങിയ വെറും സ്വാഭാവിക  സിദ്ധികളുടെ ഫലം മാത്രമായിരിക്കാം. ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ ഒന്നും അവിടെ ഉണ്ടായിരിക്കണമെന്നില്ല. പ്രാര്‍ത്ഥനയിലൂടെയും ഹൃദയപരിവര്‍ത്തനത്തിലൂടെയും ആത്മനൈര്‍മ്മല്യത്തിലേക്കു വന്ന വ്യക്തികള്‍ക്ക് ഇങ്ങനെയുള്ള സ്വാഭാവികസിദ്ധികള്‍ വികസിപ്പിക്കാന്‍ കൂടുതല്‍ കഴിയുമെന്നതും യാഥാര്‍ത്ഥ്യമാണ്.

അത്ഭുതരോഗശാന്തികള്‍

സുവിശേഷം പ്രസംഗിക്കാന്‍ അയച്ചപ്പോള്‍ യേശു ശിഷ്യന്മാര്‍ക്കു കൊടുത്തതും ശിഷ്യന്മാര്‍ പലപ്പോഴും ഉപയോഗിച്ചതുമായ ഒന്നാണല്ലോ രോഗശാന്തിവരം. പരിശുദ്ധാത്മാവിന്‍റെ വാഗ്ദാനങ്ങളിലൊന്നായി പൗലോസ് ശ്ലീഹാ ഇതിനെ എടുത്തുപറയുന്നുണ്ട്. (1 കൊറി 12:9-28). തിരുസഭാചരിത്രത്തില്‍ പല വിശുദ്ധര്‍ക്കും അത്ഭുതരോഗശാന്തിവരം ലഭിച്ചിരുന്നുവെന്നു നമുക്കറിയാം. സഭയുടെ ആരംഭഘട്ടത്തില്‍ മാത്രമേ അത്ഭുതരോഗശാന്തികള്‍ക്കു പ്രസക്തിയുണ്ടായിരുന്നുള്ളൂ. ഇന്ന് അനാവശ്യമാണെന്നു പറയുവാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. സുവിശേഷപ്രഘോഷണം സഭയുടെ ആരംഭത്തിലെന്നതുപോലെ തന്നെ ഇന്നും ആവശ്യമാണ്. അതിനാല്‍ അത്ഭുതരോഗശാന്തികള്‍ക്കുള്ള പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. ദൈവം പ്രത്യേകമായി ഇടപെട്ട് ചിലര്‍ക്ക് ഇന്നും അത്ഭുതരോഗശാന്തി നല്കുന്നുണ്ടെന്നു തന്നെ വേണം വിചാരിക്കുവാന്‍. അത്ഭുതരോഗശാന്തി ലഭിച്ച വ്യക്തിക്ക് ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ ആഴമേറിയ ബോധ്യവും സജീവമായ വിശ്വാസവുമായിരിക്കും.

എന്നാല്‍, അത്ഭുതരോഗശാന്തികള്‍ എന്നു പൊതുവേ കരുതപ്പെടുന്ന പലതും മനശ്ശാസ്ത്രത്തിന്‍റെ സഹായത്തോടെ മനസ്സിലാക്കാവുന്ന സ്വാഭാവിക രോഗശാന്തികള്‍ മാത്രമായിരിക്കാനുളള സാധ്യതയും തള്ളിക്കളയാനാവില്ല. മനസ്സും ശരീരവും ആത്മാവും തമ്മില്‍ അഭേദ്യവും ആഴമേറിയതുമായ ബന്ധമാണുള്ളത്. ശരീരത്തിന്‍റെ പല രോഗങ്ങളും മനസ്സിന്‍റെ താളപ്പിഴകള്‍കൊണ്ട് സംഭവിക്കാവുന്നതാണ്. അതുപോലെതന്നെ, ആത്മാവിന്‍റെ രോഗമായ പാപം  വിശിഷ്യാ വിദ്വേഷം, വെറുപ്പ്, അസൂയ, കോപം, പക, പ്രതികാരേച്ഛ മുതലായവ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. പാപം ദൈവത്തിനും മനുഷ്യനുമെതിരായ തിന്മയാണ്. ദൈവസ്നേഹത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും നിഷേധമാണ്. സ്നേഹവും കാരുണ്യവും ആര്‍ദ്രതയുമെല്ലാം ആത്മാവിന്‍റെയെന്നപോലെ തന്നെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും സ്വാഭാവികവും ജീവാത്മകവുമായ ഭാവങ്ങളാണ്. വചനപ്രഘോഷണത്തിലും ധ്യാനത്തിലുമൊക്കെ പങ്കെടുത്ത് മാനസാന്തരമുണ്ടായി നന്മ, സ്നേഹം, ആര്‍ദ്രത തുടങ്ങിയ ജീവാത്മകഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തിയില്‍ നിന്ന് അയാളെ അലട്ടിയിരിക്കുന്ന പല രോഗങ്ങളുടെയും മൂലകാരണങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു. അതോടെ ഈ രോഗങ്ങള്‍ക്കും സൗഖ്യം ലഭിക്കുക സ്വാഭാവികമാണല്ലോ. ചില രോഗങ്ങള്‍ ഭാഗികമായി സുഖപ്പെടുന്നതും ചിലതു പൂര്‍ണമായി സുഖപ്പെട്ടിട്ട് പിന്നെ തിരികെവരുന്നതും രോഗശാന്തികളില്‍ മനശ്ശാസ്ത്രത്തിനുള്ള പങ്കിലേയ്ക്കു വിരല്‍ ചൂണ്ടുന്നുവെന്നു തോന്നുന്നു. അതുപോലെ മനശ്ശാസ്ത്രപരമായിത്തന്നെ രോഗശാന്തിക്കു ഹേതുവാകാവുന്ന ഒരു നിലപാടാണ് രോഗം ഭേദമാകുമെന്ന ഉറച്ചവിശ്വാസം - രോഗിയുടെയും രോഗശാന്തി നല്കുന്നയാളിന്‍റെയും വിശ്വാസം. അസാധാരണമായി കാണപ്പെടുന്ന രോഗശാന്തികളില്‍ പോലും ഇങ്ങനെയുള്ള പല സ്വാഭാവികഘടകങ്ങളും ഉള്‍പ്പെടുന്നുവെങ്കില്‍, ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ ഒന്നും കൂടാതെ അവിടുത്തെ സാധാരണ പരിപാലനയില്‍ തന്നെ നടക്കുന്നവയാണ് ഇങ്ങനെയുള്ള പല രോഗശാന്തികളുമെന്ന് ന്യായമായി നമുക്ക് അനുമാനിക്കാന്‍ സാധിക്കും. അതേസമയം, അത്ഭുതരോഗശാന്തിയായി കരുതപ്പെടുന്ന ഒരു കാര്യം അസന്ദിഗ്ദ്ധമായി അത്ഭുതമാണെന്നു പറയുവാന്‍ സാധിക്കാത്തതുപോലെ തന്നെ അത്ഭുതമല്ലെന്നും അസന്ദിഗ്ദ്ധമായി പറയുവാന്‍ സാധിക്കില്ല.

മറ്റ് അത്ഭുതപ്രതിഭാസങ്ങള്‍

ഇന്ന് വിവാദമായിത്തീര്‍ന്നിട്ടുള്ള മറ്റ് അസാധാരണ പ്രതിഭാസങ്ങളെ ദൈവശാസ്ത്രപരമായി വിലയിരുത്തുക കൂടുതല്‍ വിഷമകരമാണ്. ക്രൂശിതരൂപത്തിന്‍റെ വയറ്റിലും കരിഞ്ഞ ചപ്പാത്തിയിലും കാണപ്പെട്ട യേശുവിന്‍റെ തിരുമുഖം 'പൊതുജനപ്രേരണ' (ാമൈ ൗഴെഴലശെേീി) എന്ന മനശ്ശാസ്ത്രപരമായ പ്രതിഭാസമായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. കരിഞ്ഞ ചപ്പാത്തിയില്‍ കണ്ടത് ഘുണാക്ഷരന്യായേന ഉണ്ടായ ഒരു രൂപമാകാനാണ് കൂടുതല്‍ സാധ്യത. ഏതായാലും കണ്ണാടിക്കൂട്ടില്‍വച്ച് വണങ്ങപ്പെടത്തക്കവണ്ണം ദൈവം പ്രത്യേകമായി ഇടപെട്ട് യേശുവിന്‍റെ തിരുമുഖം ചപ്പാത്തി കരിച്ചു രൂപപ്പെടുത്തിയെന്നു വിചാരിക്കാന്‍ വിഷമം തോന്നുന്നു.

വി. കുര്‍ബാന മാംസവും രക്തവുമായി മാറിയതായി പറയപ്പെടുന്ന സംഭവത്തെ അത്ഭുതമായി കരുതുവാന്‍ ദൈവശാസ്ത്രപരമായിത്തന്നെ ബുദ്ധിമുട്ടുണ്ട്. വി. കുര്‍ബാനയില്‍ സന്നിഹിതമാകുന്നത് യേശുവിന്‍റെ ഭൗതികമാംസമോ ഭൗതികരക്തമോ അല്ല, പിന്നെയോ ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്‍റെ വ്യക്തിത്വമാണ്. വി. കുര്‍ബാനയുടെ സ്ഥാപനത്തില്‍ 'ഇതെന്‍റെ ശരീരമാണ്... ഇതെന്‍റെ രക്തമാണ്' എന്നു പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത് ബൈബിളിന്‍റെ ഭാഷയില്‍ ഇതു ഞാന്‍ തന്നെയാണ് എന്നാണ്. അല്ലാതെ ഇതു ഭൗതികമായ തന്‍റെ മാംസവും രക്തവുമെന്നായിരുന്നില്ല. അന്ത്യഅത്താഴത്തിലോ വി. കുര്‍ബാനയിലെ സത്താമാറ്റത്തിലോ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യം അത്ഭുതകരമായി ഒരു വ്യക്തിയുടെ വായില്‍ ദൈവം സംഭവിപ്പിച്ചു എന്നു കരുതാന്‍ വിഷമമാണ്. അങ്ങനെ ചെയ്താല്‍, വി. കുര്‍ബാനയില്‍ സന്നിഹിതമാകുന്നത് യേശുവിന്‍റെ ഭൗതിക മാംസവും രക്തവുമാണെന്ന തെറ്റിദ്ധാരണ വിശ്വാസികളില്‍ സംജാതമാകുകയും ചെയ്യും. തെററിദ്ധരിപ്പിക്കുന്ന ഒരത്ഭുതം ദൈവം പ്രവര്‍ത്തിക്കുമെന്നു വിചാരിക്കാന്‍ ന്യായമില്ല.

തിരുവോസ്തിയില്‍ തെളിഞ്ഞ യേശുവിന്‍റെ രൂപവും വായില്‍ മാംസമായി മാറിയ തിരുവോസ്തിയും കര്‍ത്താവിന്‍റെയും മാതാവിന്‍റെയും രൂപങ്ങളുടെ കണ്ണുകളില്‍ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീരും രക്തവും അത്ഭുതങ്ങളാണെങ്കില്‍ തന്നെ, അവയ്ക്കു പിന്നില്‍ ദ്വിതീയ കാരണങ്ങളുണ്ടെന്നു ദൈവശാസ്ത്രപരമായി നാം സമ്മതിച്ചേ തീരു. കാരണം, നേരത്തെ പറഞ്ഞതുപോലെ ആദികാരണമായ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴും ദ്വിതീയകാരണങ്ങളിലൂടെയാണ്. ഈ പറഞ്ഞ പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ദ്വിതീയകാരണങ്ങള്‍ ഏവയാണ്? ദ്വിതീയകാരണങ്ങള്‍ ശാസ്ത്രത്തിന്‍റെ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളാണല്ലോ. ഈ ദ്വിതീയകാരണങ്ങളെപ്പറ്റി തീര്‍പ്പുകല്പിക്കത്തക്ക വിധം ശാസ്ത്രം ഇനിയും വളര്‍ന്നിട്ടില്ലെന്നതാണ് സത്യം. എങ്കിലും ചില അനുമാനങ്ങള്‍ നടത്തുവാന്‍ നമുക്ക് കഴിയുമെന്നു തോന്നുന്നു. 'പാരാസൈക്കോളജിക്കല്‍' മേഖലകളില്‍ അനുഭവപ്പെടുന്ന 'സൈക്കോകിനേസീസ്' അഥവാ 'റ്റെലിക്കിനേസീസ്' പോലെയുള്ള പ്രതിഭാസങ്ങള്‍ ഈ ദിശയിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നു പറയാം. മനസ്സിന്‍റെ അറിയപ്പെടാത്ത അപാരമായ ശക്തിവിശേഷങ്ങളെക്കുറിച്ചു നേരത്തെ സൂചിപ്പിച്ചുവല്ലോ. മുകളില്‍ പറഞ്ഞ അസാധാരണസംഭവങ്ങള്‍ അത്ഭുതങ്ങളാണെങ്കില്‍ തന്നെ ഇങ്ങനെയുള്ള നിഗൂഢമായ ദ്വിതീയകാരണങ്ങള്‍കൊണ്ടു മാത്രം മനസ്സിലാക്കാനും നമുക്കു കഴിയും. അതിനാല്‍ മുകളില്‍ പറഞ്ഞ സംഭവങ്ങളൊന്നും അത്ഭുതമാണെന്ന് അസന്ദിഗ്ദ്ധമായി പറയുവാന്‍ നമുക്കു കഴിയുകയില്ല.

അത്ഭുതങ്ങളുടെ കാര്യത്തില്‍ തിരുസ്സഭയുടെ ഔദ്യോഗികമായ അംഗീകാരമാണ് നമുക്കു സ്വീകരിക്കാവുന്ന പ്രായോഗികവും സുരക്ഷിതവുമായ മാര്‍ഗനിര്‍ദേശം. തിരുസഭ വളരെ വിരളമായിട്ടേ ഒരു കാര്യം അത്ഭുതമെന്ന് ഔദ്യോഗികമായി അംഗീകരിക്കാറുള്ളൂ. എല്ലാ സാഹചര്യങ്ങളെയും അതിസൂക്ഷ്മമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തശേഷം ലഭിക്കുന്ന സംശയസാധ്യത തീരെക്കുറഞ്ഞ ഉറപ്പിനെ ആധാരമാക്കിയാണു തിരുസഭ അങ്ങനെ ചെയ്യുക. ഏതായാലും അത്ഭുത പ്രതിഭാസങ്ങളിലുള്ള അമിതാവേശവുമായി അങ്ങുമിങ്ങും ഓടി നടക്കുന്നതിനുപകരം വെളിപ്പെടുത്തപ്പെട്ട തിരുവചനത്തിലൂടെയും സഭയുടെ ഒദ്യോഗികമായ മാര്‍ഗ്ഗനിര്‍ദേശങ്ങളിലൂടെയും വ്യക്തമാകുന്ന ദൈവഹിതത്തിനു സ്വയം വിധേയരാകുകയും അതനുസരിച്ച് അനുദിനജീവിതം രൂപപ്പെടുത്താവാന്‍ ശ്രമിക്കുകയും ചെയ്യുന്നതായിരിക്കും ക്രൈസ്തവജീവിതത്തിനു കൂടുതല്‍ പ്രയോജനകരം.    

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts