സൗഹൃദങ്ങള്‍
ഇരുളില്‍ തെളിയുന്ന തിരിവെട്ടം പോലെ ചെറുജീവിതങ്ങള്‍ക്ക് മിഴിവേകുന്ന വരദാനം.
നീലാകാശത്തു വിരിയുന്ന വെണ്‍മേഘത്തുണ്ടുപോലെ, ജീവിതവേളകളില്‍ വെളിച്ചം ചൊരിയുന്ന കൃപാസാന്നിധ്യം.
ഉള്ളില്‍ അണയാത്ത ജീവിതോര്‍ജ്ജങ്ങളെ ക്രിയാത്മകതയിലേക്ക് ആനയിക്കുന്ന നിറസാന്നിധ്യമാണ് സൗഹൃദങ്ങള്‍.
ആരും അനിവാര്യരല്ലാത്ത ഈ ഭൂമിയില്‍ ജീവിതങ്ങള്‍ക്ക് തിളക്കമേകുന്ന അര്‍ത്ഥം പകരുന്ന അനിവാര്യതയാണ് സൗഹൃദങ്ങള്‍. ജീവിതയാത്രയില്‍ വഴിതെറ്റുമ്പോള്‍ 'തെറ്റിപ്പോയല്ലോ' എന്നോര്‍ത്ത് കരം പിടിച്ചു നേരെ നടത്താനും ഒത്തിരിയേറെ ആത്മാര്‍ത്ഥതയോടെ ഏറ്റെടുക്കുന്ന ശ്രമങ്ങള്‍ വിഫലമാകുമ്പോള്‍ പരിശ്രമത്തിലെ ആത്മാര്‍ത്ഥതയുടെ തിരിവെട്ടങ്ങള്‍ തിരിച്ചറിഞ്ഞ് 'സാരമില്ല, വളരെ നന്നായി പരിശ്രമിച്ചു'വെന്ന് പുറത്തുതട്ടി സാന്ത്വനമേകുന്ന ഒരു നല്ല സുഹൃത്തേ ഏവരുടെയും സ്വപ്നമല്ലേ. വേദനകളുടെ വേളകളില്‍ തളരുമ്പോള്‍, ഒറ്റപ്പെടുത്തലുകളുടെ തുരുത്തകളില്‍ തീവ്രവേദനയോടെ മിഴിനീരൊഴുക്കുമ്പോള്‍...
എന്തിനാ ഇത്ര വേദന, നിന്‍റെ വേദന എന്‍റേതു കൂടിയല്ലേ എന്ന് മിഴികളില്‍ കരുണയോടെ മന്ത്രിക്കുന്ന ഒരു സുഹൃത്തുണ്ടെങ്കില്‍!! ആഹ്ളാദവേളകളില്‍ വിളിച്ചില്ലെങ്കിലും ഓടിയണഞ്ഞ് നിന്‍റെ ആഹ്ളാദത്തിന്‍റെ ഓഹരിയും എനിക്കവകാശപ്പെട്ടതാണെന്ന് ശാഠ്യം പിടിക്കുന്ന, ആഹ്ളാദങ്ങളെ വര്‍ദ്ധിപ്പിച്ച് ആനന്ദമാക്കുന്ന ഒരു സുഹൃത്ത് ഒരു കൃപയാണ്. വിലമതിക്കാനാവാത്ത ഒരു അമൂല്യസമ്പത്താണ്.
സൗഹൃദവും കൂട്ടുകെട്ടും തികച്ചും വിപരീതമായ അര്‍ത്ഥങ്ങളെ ദ്യോതിപ്പിക്കുന്നതാണ്. സൗഹൃദം ഒരുവനെ ഈശ്വരനിലേയ്ക്കും സഹോദരനിലേയ്ക്കും നയിക്കും. കൂട്ടുകെട്ടില്‍ ഒരു ബന്ധനം, ഒരു കെട്ടപ്പെടല്‍ ഉണ്ട്. ഏതാനും പേരിലേയ്ക്കുള്ള ഒരു ചുരുങ്ങല്‍. അത് ആശാസ്യമല്ല. സൗഹൃദം ഒരു കൂദാശയാണ് - അദൃശ്യനായ ദൈവത്തെ വെളിപ്പെടുത്തുന്ന ദൃശ്യമായ അടയാളം. ക്രിസ്തുവചനം കൂടുതല്‍ തിളക്കത്തോടെ വ്യക്തമാക്കുന്നു: "കാണപ്പെടുന്ന സഹോദരെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല." ഈശ്വരനെ വെളിവാക്കുന്ന മീഡിയം ആണ് സുഹൃത്ത് -സുഹൃത്തേ നിന്‍റെ അനന്യമായ മൂല്യത്തിന്‍റെ ആഴങ്ങള്‍ എനിക്ക് അഗ്രാഹ്യമായി തീരുകയാണല്ലോ. നിന്‍റെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ നല്ല സമറിയാക്കാരന്‍ തെല്ലും ശങ്കകൂടാതെ ഉദ്ഘോഷിച്ചു. "എനിക്കുള്ളതെല്ലാം നിന്‍റേതാണ്. എന്‍റെ കഴുത മുറിവേറ്റ നിന്നെ ചുമക്കാനാണ്. എന്‍റെ തൈലങ്ങള്‍ നിന്‍റെ മുറിവുകള്‍ക്ക് സൗഖ്യമേകാനാണ്. എന്‍റെ ദനാറകള്‍ നിന്‍റെ നന്മയ്ക്കായുള്ളതാണ്.
സൗഹൃദങ്ങളുടെ ഇഴയടുപ്പങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഉളളവും (being) ഉള്ളതും (having) സുഹൃത്തിന്‍റെ അവകാശമായി മാറും. അതുകൊണ്ട് നല്ല സൗഹൃദങ്ങള്‍ ഒരു ശൂന്യവത്കരണത്തിലേക്ക്, സ്വയം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നയിക്കും. എന്നിലെ 'ഞാന്‍' മാറി എന്നില്‍ 'അവന്‍' വളരും. അതുകൊണ്ടാണ് ക്രിസ്തുവുമായി ആഴത്തിലുള്ള സൗഹൃദത്തിലേക്കുയര്‍ന്ന വി. പൗലോസ് ഏറ്റുപറഞ്ഞത് ഇനിമുതല്‍ എന്നില്‍ ഞാനല്ല വാഴുന്നത് മറിച്ച് ക്രിസ്തുവാണെന്ന്.
ഒരുവനെ വിശുദ്ധനാക്കുന്നതിലും അശുദ്ധനാക്കുന്നതിലും സൗഹൃദങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും ഒത്തിരി പങ്കുണ്ട്. സൗഹൃദങ്ങള്‍ നന്മയിലേയ്ക്ക് വ്യക്തികളെ നയിച്ച സംഭവങ്ങള്‍ ചരിത്രത്താളുകളില്‍ നിരവധിയാണ്.
മിഴിവോടെ ചരിത്രത്തിന്‍റെ ഏടുകളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു സൗഹൃദം ഉണ്ട്. മാര്‍ക്സിസത്തിന്‍റെ ഉപജ്ഞാതാവായ കാറല്‍ മാര്‍ക്സും ഏംഗല്‍സും തമ്മിലുള്ളത്. പരമദരിദ്രനായ കാറല്‍മാര്‍ക്സ്, ഒരു നേരത്തെ അന്നത്തിനു വകയില്ലാതിരുന്നവന്‍, പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഭക്ഷണത്തിന് വകയില്ലാതിരുന്നതിനാല്‍ ഭക്ഷണസമയങ്ങള്‍ ഒഴിവുസമയങ്ങളായി. കാശുകാരനായ ഏംഗല്‍സും കൂട്ടുകാരും ഭക്ഷണത്തിന്‍റെ രുചിഭേദങ്ങളിലൂടെ സമയം ചെലവഴിച്ചപ്പോള്‍ വിശപ്പടക്കാന്‍ ഭക്ഷണസമയം, ഗ്രന്ഥശാലയുടെ അകത്തളങ്ങളില്‍ വച്ചിരുന്ന കൂജകള്‍ കാലിയാക്കാന്‍ ചെലവഴിച്ചിരുന്നവന്‍. ഒരിക്കല്‍ കൂട്ടുകാരന്‍ ഏംഗല്‍സ്, കാറല്‍ മാര്‍ക്സ് ഭക്ഷണം പോലും വോണ്ടായെന്നുവച്ച് എല്ലാദിവസവും ലൈബ്രററിയുടെ ഉള്ളിലേക്കു പോകുന്നത് തിരിച്ചറിഞ്ഞ്, അവന്‍ എന്താണ് ചെയ്യുന്നതെന്നു തിരക്കി പതുക്കി പിറകേ ചെന്നു. ജാലകവിടവില്‍ക്കൂടി കണ്ടത് വെള്ളം നിറഞ്ഞ കൂജകളെ ആര്‍ത്തിയോടെ കാലിയാക്കുന്ന മാര്‍ക്സിനെയാണ്. ഈറനണിഞ്ഞ കണ്ണുകളോടെ തലയും താഴ്ത്തി ഏംഗല്‍സ് തിരിച്ചുനടന്നു. പിറ്റേന്നുമുതല്‍ മാര്‍ക്സിനോട് "നീ കരസ്ഥമാക്കിയ അറിവിന്‍റെ ആകാശങ്ങള്‍ എനിക്കി പകര്‍ന്നു തരിക" എന്നു പറഞ്ഞ് ഏംഗല്‍സ് തന്‍റെ ഭക്ഷണമേശയിലേക്ക് മാക്സിനെ ക്ഷണിച്ചു. ആ സൗഹൃദത്തിന്‍റെ സദാഫലമാണ് 'ദസ് ക്യാപിറ്റല്‍.' കൂട്ടുകാരനെ അപമാനിക്കാതെ അവന്‍റെ ആവശ്യം നിറവേറ്റിയ സൗഹൃദ ഊഷ്മളത.
ഒത്തിരി കേട്ടു തഴമ്പിച്ച മനസ്സില്‍ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ഒരു ചൊല്ലുണ്ട്. സുഹൃത്തുക്കളെ സമ്പാദിക്കണമെന്ന് തിരുത്തിയെഴുതേണ്ട ഒരു ധാരണയാണിത്. നേടിയെടുക്കേണ്ട ഒരു സമ്പാദ്യമല്ല സൗഹൃദം. ഏറെ വിയര്‍പ്പൊഴുക്കി നേടിയെടുക്കുന്ന നേട്ടങ്ങളില്‍ സൗഹൃദത്തിനു സ്ഥാനമില്ല. കാരണമുണ്ട്. സൗഹൃദം ഒരു വിടരലാണ്. മാനസിക ഐക്യത്തിന്‍റെ പൊരുത്തമാണ്. ഹൃദയപൊരുത്തങ്ങളുടെ നിറവില്‍ നിന്നുരുത്തിരിയേണ്ട, ഹൃദയങ്ങള്‍ തമ്മിലുള്ള സംവേദനങ്ങളില്‍ നിന്നു രൂപം കൊള്ളേണ്ട ഒരു അനുഭവമാണ്. അവസ്ഥയാണ്. സൗഹൃദങ്ങളുടെ സ്പര്‍ശനങ്ങള്‍ ഹൃദയത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചവനേ സൗഹൃദത്തിന്‍റെ ആഴവും മൂല്യവും മനസ്സിലാക്കാന്‍ കഴിയൂ.
ജീവിതത്തില്‍ സൗഹൃദങ്ങളുടെ തണല്‍ ഒരിക്കലെങ്കിലും കൊതിക്കാത്തവരായി ആരുണ്ട്? ആരുടെയും തുണ എനിക്കാവശ്യമില്ല എന്നു വമ്പുപറയുന്ന നിഷേധിയുടെയും ഉള്ളിന്‍റെ ഉള്ളില്‍ സൗഹൃദ സാമീപ്യങ്ങള്‍ക്കായി ഒരു ദാഹം ഒളിഞ്ഞിരുപ്പുണ്ട്. അതു തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം. 'അപരന്‍ എനിക്ക് നരകമാണെന്ന്' തലയെടുപ്പിന്‍റെ കാലത്ത് എഴുതിയവന്‍ അവസാനകാലത്ത്, ആശ്രയത്തിനായി ആരുമില്ലാതെ, ദുസ്സഹമായ ഒറ്റപ്പെടലിന്‍റെ ഭീകരത നേരിട്ടപ്പോള്‍ "എന്‍റെ നൊമ്പരം പങ്കിടാനായി ഒരു സുഹൃത്തുവരെയില്ലാതെ പോയല്ലോ" എന്നു വിലപിച്ചതിന് ചരിത്രം മാത്രം സാക്ഷി. സുഹൃദ്ബന്ധത്തിന്‍റെ വിടരലില്‍ ചില അനിവാര്യതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. സുഹൃത്തിന്‍റെ നന്മയ്ക്കായി ഏറെ വിയര്‍പ്പൊഴുക്കിയിട്ടും, സഹനവേളയില്‍ സഹചാരിയായിട്ടും കാര്യം കണ്ടു കഴിഞ്ഞ് പുറം തിരിഞ്ഞ് നിന്ദിച്ച് കടന്നുപോകുന്നവരും സൗഹൃദങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മൂന്നു വര്‍ഷം ഒരുമിച്ചു ഭക്ഷിച്ചും ഉറങ്ങിയും നടന്നിരുന്നവര്‍ തുണയാകേണ്ട വേളകളില്‍ ഉറക്കംതൂങ്ങിയതും താങ്ങേണ്ട നിമിഷങ്ങളില്‍ തള്ളിക്കളഞ്ഞതും ക്രിസ്തുവിന്‍റെ സൗഹൃദത്തിലെ അനിവാര്യതകളായിരുന്നു.
ജീവിതത്തില്‍ ഏല്ക്കുന്ന ഏറ്റവും വലിയ മുറിവ് ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ സുഹൃത്തുക്കള്‍ പകരുന്ന മുറിവുകളാണ്. ഒപ്പം കൊണ്ടുനടന്ന യൂദാസിന്‍റെ വഞ്ചനയുടെ ചുംബ നമാണ് കുരിശുമരണത്തേക്കാള്‍ വലിയ വേദന യേശുവിന് നല്‍കിയത്. അത് പടയാളിയുടെ കുന്തം പാര്‍ശ്വത്തില്‍ ഏല്പിച്ച മുറിവിനേക്കാള്‍ ആഴമേറിയതായിരുന്നു.
സൗഹൃദവെളിച്ചങ്ങള്‍ക്ക് മങ്ങലേല്പിച്ച ഒരേട് ചരിത്രത്തിലുണ്ട്. കൂട്ടുകാരന്‍റെ കഠാര നെഞ്ചിലേക്ക് തുളച്ചുകയറിയപ്പോള്‍, കഠാരമുനയുടെ മുറിവിനേക്കാള്‍ ജൂലിയസ് സീസറിനെ കൊന്നത് ഉറ്റുകൂട്ടുകാരന്‍റെ വഞ്ചനയാണ്. ഥീൗ ീീേ ആൃൗൗേെ എന്ന വിലാപം സൗഹൃദത്തിന്‍റെ തിരസ്കരണങ്ങള്‍ നല്കുന്ന തീവ്രവേദനയുടെ ഭീകരത വെളിവാക്കുന്നു.
അതേ, നെഞ്ചിലെ സ്നേഹത്തിന്‍റെ ഊഷ്മളതകളും തുടിപ്പുകളും തൊട്ടറിഞ്ഞ് വക്ഷസില്‍ ചാരിക്കിടക്കുന്ന യോഹന്നാനും ചുംബനം കൊണ്ട് ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസും സൗഹൃഉദ്യാനങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളാണ്.
ഹൃദയത്തില്‍ മുദ്ര പതിപ്പിച്ച സൗഹൃദങ്ങള്‍ മനസ്സില്‍ മിഴി തുറക്കുന്നു.
ദൗര്‍ബല്യങ്ങളും ശക്തിയും മുഴുവനറിഞ്ഞിട്ടും 'എല്ലാം ശുഭമാകും' എന്നോതി വളര്‍ച്ചയുടെ പാതകള്‍ ഒന്നൊന്നായി ഒരുക്കി തരുന്ന പിതൃതുല്യനായ ഒരു സുഹൃത്തുണ്ട്. പ്രാര്‍ത്ഥനയുടെ കൂടാരങ്ങള്‍ നല്കുന്ന ശക്തിയാല്‍ വിശ്വസിക്കാന്‍ മാത്രമറിയുന്ന വ്യക്തി, എനിക്കുള്ളത് തനിക്കവകാശപ്പെട്ടതാണെന്ന മനോഭാവത്തോടെ, ആയിരംപേര്‍ ചതിച്ചാലും ആയിരത്തിയൊന്നാമന്‍ ചതിക്കില്ല എന്ന ശുഭാപ്തിവിശ്വാസം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന ആള്‍. എന്തു തരുമെന്നു ചോദിക്കാറില്ല എന്താ വേണ്ടതെന്നാ ചോദ്യം. നൊമ്പരങ്ങളുടെ പൊള്ളല്‍ അനുഭവപ്പെടുമ്പോള്‍ ഈ സൗഹൃദങ്ങള്‍ നല്കുന്ന ആശ്വാസം വര്‍ണ്ണനാതീതമാണ്.
നല്ല സുഹൃത്തിനെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ മേഞ്ഞുനടന്ന മനസ്സില്‍ തെളിഞ്ഞ ഒരു വെല്ലുവിളി. നല്ല സുഹൃത്തിനെ തേടി യാത്രയാകുന്ന നിനക്ക് എന്തുകൊണ്ട് നല്ലൊരു സുഹൃത്തായിക്കൂടാ? ദുഃഖവേളകളില്‍ സാന്ത്വനമേകുന്ന, ആഹ്ളാദവേളകളെ വര്‍ദ്ധിപ്പിക്കുന്ന ഒരു നല്ല സുഹൃത്താകാനുള്ള സാധ്യത നിന്നുലുമില്ലേ? നല്ല സൗഹൃദങ്ങള്‍ക്ക് മാതൃക തേടിയലഞ്ഞ മനസ്സില്‍ രൂപം തെളിയുന്നു. ഒറ്റുകൊടുക്കാത്തവനെയും തള്ളിപ്പറഞ്ഞവനെയും സ്നേഹിച്ച, നിന്‍റെ ഭാരങ്ങള്‍ എനിക്കു നല്കുക എന്നരുളിയ ക്രിസ്തു.
എല്ലാ സൗഹൃദങ്ങളും വാടിക്കൊഴിഞ്ഞാലും ഒരിക്കലും കൈവെടിയാത്ത ഒരു നിതാന്തസൗഹൃദം വരദാനമായി എല്ലാവരെയും കാത്തിരിക്കുന്നു. എല്ലാ സൗഹൃദങ്ങളുടെയും ഉറവിടമായി, അളവുകോലായി സൗഹൃദങ്ങളുടെ ഊഷ്മളതകള്‍ ഹൃദയത്തില്‍ നിറച്ച് അവന്‍ കാത്തിരിക്കുന്നു. നല്ല സൗഹൃദം തിരിച്ചറിയാനായി ചെറിയൊരു ചോദ്യം മതി. എന്‍റെ സൗഹൃദങ്ങള്‍ എന്നെ ഈശ്വരനിലേയ്ക്കും സഹോദരനിലേയ്ക്കും അടുപ്പിക്കുന്നുണ്ടോ? ഉത്തരം 'അതെ' എന്നാണെങ്കില്‍ സൗഹൃദം കരുത്താണ്. 'അല്ല' എന്നാണ് ഉത്തരമെങ്കില്‍ 'ക്ഷമിക്കണം' എന്നു പറഞ്ഞ് പിന്‍മാറാം.
തളരുന്ന വേളയില്‍ സൗഹൃദങ്ങളുടെ വിരുന്നകള്‍ നിര്‍ലോഭം ചൊരിയുന്ന കരുത്തനായ സൗഹൃദനിരകള്‍ക്ക് പ്രണാമങ്ങള്‍.