news-details
മറ്റുലേഖനങ്ങൾ

വായനയിലെ നെല്ലും പതിരും

ജീവിതത്തെ ജീവിതയോഗ്യമാക്കി മാറ്റുന്ന ഏതൊരു യജ്ഞത്തെയും പോലെ വായനയും ക്ലേശകരമായ ഒരു സര്‍ഗ്ഗവ്യാപാരമാണ്. സര്‍ഗ്ഗവ്യാപാരത്തിന്‍റെ ഗുരുത്വവും വ്യാപ്തിയും വര്‍ദ്ധിക്കുന്നതനുസരിച്ച് അതിന്‍റെ ക്ലേശവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ക്ലേശവര്‍ദ്ധനക്കനുസൃതമായി അതില്‍നിന്നു ലഭിക്കുന്ന ആനന്ദവും വര്‍ദ്ധമാനമായിക്കൊണ്ടിരിക്കും. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും വാതില്‍ ഞെരുങ്ങിയതും എന്നു പറയുന്നതുപോലെ ആനന്ദദായകമായ വായന അതിക്ലേശം സഹിക്കേണ്ട ഒന്നാണ് എന്നതിന് സംശയമില്ല. വായനയിലേക്ക് രാജവീഥികളില്ല അതുകൊണ്ട് അലസസഞ്ചാരം സാധ്യവുമല്ല. ഉപനിഷദ് വിഭാവനം ചെയ്യുന്നതുപോലെയുള്ള വാള്‍ത്തല സഞ്ചാരമാണ് വായന. നിത്യജാഗ്രതയും സമ്പൂര്‍ണ്ണ സമര്‍പ്പണവും അനിവാര്യമായിരിക്കുന്ന ഒരു മഹായജ്ഞമാണത്.

മഹായജ്ഞമായി മാറുന്ന വായനയെ മലയാളി പാരായണം എന്നു വിശേഷിപ്പിക്കുന്നു. പാരായണത്തിന്‍റെ ലക്ഷ്യം മോക്ഷപ്രാപ്തിയുമാണ്. ഈ മോക്ഷം പരലോകജീവിതത്തില്‍ ലഭിക്കേണ്ട മരണാനന്തര ബഹുമതിയല്ല, ഇഹലോകജീവിതത്തെ ജീവസുറ്റതാക്കുന്ന ജീവാമൃതമാണത്. അതുകൊണ്ട് ഗൗരവപൂര്‍ണമായ വായനയെ അലസവേളകളെന്ന് അകമ്പടി സേവിക്കുന്ന വിശ്രമകാല വിനോദമായി കാണാനാവുകയില്ല. കാരണം അലസകര്‍മ്മം ഫലശൂന്യമായ കര്‍മ്മമാണ്. അതു ദുര്‍വ്യയം ചെയ്യപ്പെടുന്ന മനുഷ്യയത്നമാണ്. അത്തരം വായന ഗുണത്തേക്കാളേറെ ദോഷമായിരിക്കും വരുത്തുക. 

അലസകര്‍മ്മത്തില്‍ നൈദ്യന്തമില്ല. വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്നു പറയുന്നതുപോലെ കയ്യില്‍ കിട്ടിയതെന്തും വായിക്കുന്നതാണ് അലസമായ വായന. അത്തരക്കാരാണ് റെയിവേ ഗൈഡും അധ്യാത്മരാമായണവും ഒരേ ഗൗരവത്തോടെ വായിക്കുന്നത്. അത്തരം വായന പുസ്തകത്തിലുള്ള അക്ഷരം മാത്രം വായിച്ചു തീര്‍ക്കുകയാണ് ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ പുസ്തകമാണ് നല്ല പുസ്തകം. ഏറ്റവും നല്ല പുസ്തകത്തിലെ ഏറ്റവും നല്ല ആശയവുമുള്ളൂ. അക്കൂട്ടരാണ് അന്നന്നുകണ്ടതിനെ വാഴ്ത്തുന്ന മാമുനികളായി മാറുന്നതും. അതത് കാലത്ത് അങ്ങാടിയില്‍ ആധിപത്യം നേടുന്ന ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും അടിമകളായി അവര്‍ മാറും. മാറിമാറി വരുന്ന ഇസങ്ങളുടെ പ്രചാരകരായി മാറുന്ന ഇവര്‍ ഒന്നിന്‍റെയും അന്തസത്ത മനസ്സിലാക്കുകയുമില്ല. 

പുസ്തകത്തിലെഴുതിയിരിക്കുന്ന അക്ഷരങ്ങളുടെ ആരാധകരോ അടിമകളോ ആയ ഇക്കൂട്ടര്‍ പുസ്തകത്തിലെഴുതി കാര്യങ്ങള്‍ അപ്പാടെ വായിച്ചുതള്ളുന്നു എന്നല്ലാതെ സ്വന്തം ജീവിതമല്ല അതിലൂടെ വായിക്കുന്നത്. വായന പാരായണമാക്കുന്ന ഒരു വായനക്കാരന്‍ ഏതു കൃതിയില്‍നിന്നും അവനവനെത്തന്നെയാണ് വായിക്കുന്നത്. അവനവന്‍റെ ജീവിതം ഒരു കൃതിയില്‍നിന്നും വായിക്കാന്‍ കഴിയാതെ വരുമ്പോള്‍ അത്തരം വായനക്കാര്‍ വായന അവസാനിപ്പിക്കുകയും ചെയ്യും. നസ്രായനായ യേശുവെ എനിക്കും നിനക്കും തമ്മിലെന്ത് എന്നു ചോദിക്കുന്നതുപോലെയാണ് ഒരു യഥാര്‍ത്ഥ വായനക്കാരന്‍ ഓരോ കൃതിയോടും ചോദിക്കുന്നതും. 

അത്തരം ജീവനക്കാരന് സ്വന്തം ജീവിതത്തെ തിരിച്ചറിയുന്നതിനുള്ള ഉപാധിയാണ് കൃതി. സ്വന്തം ജീവിതത്തിലില്ലാത്തവയൊന്നും ഈ വായനക്കാരന് ഒരു കൃതിയില്‍നിന്നും വായിച്ചെടുക്കാനും കഴിയില്ല. അതുകൊണ്ട് ഏതു വായനക്കാരനും വായനയിലൂടെ സ്വന്തം ജീവിതത്തെ തിരിച്ചറിയാനാണ് ശ്രമിക്കേണ്ടതും. സ്വന്തം ജീവിതത്തെ തിരിച്ചറിയാനുതകുന്ന കൃതിയാണ് മഹത്തായ കൃതി. സ്വാഭാവികമായും ഒരു കൃതി മഹത്തായതുകൊണ്ടു മാത്രം അത് മഹത്തായി വായിക്കപ്പെടണമെന്നില്ല. ഓരോ വായനക്കാരനും സ്വജീവിതത്തിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന മഹത്വം വായനയിലൂടെ തിരിച്ചറിയാത്തതുകൊണ്ട് അത് മഹത്തായ രീതിയില്‍ വായിക്കപ്പെടണമെന്നില്ല. സത്യവേദ പുസ്തകത്തിന്‍റെ പാരായണത്തിലൂടെ നിതാന്തമായ സഹനത്തിലൂടെ സ്നേഹം മാംസം ധരിച്ചു വിഹരിക്കുന്ന നിത്യവിസ്മയം കാണുകയും പാപിക്ക് വിശുദ്ധിയും അന്ധന് കാഴ്ചയും ബധിരന് കേള്‍വിയും വിശക്കുന്നവന് അപ്പവും രോഗിക്ക് സമാശ്വാസവും ലഭിക്കുമ്പോഴുണ്ടാകുന്ന സമാധാനത്തിന്‍റെയും ശാന്തിയുടെയും സുഗന്ധം ശ്വസിക്കാവുന്നതാണ്. സത്യവേദപുസ്തകത്തിന്‍റെ പാരായണം ബഹുഭൂരിപക്ഷം വായനക്കാര്‍ക്കും ഈ സുഗന്ധമാണ് നല്‍കുന്നതും. എന്നാല്‍ രതിവൈകൃത പാപപങ്കിലമായ ജീവിതത്തിന്‍റെ മുശുക്കു മണം ശ്വസിക്കുന്നവരും ഇല്ലാതില്ല എന്നും മറക്കരുത്.

പക്ഷേ, വായനക്കാരനില്‍ മഹത്വമുണ്ടെങ്കില്‍ ഏതു കൃതിയുടെ വായനയിലൂടെയും അതു തിരിച്ചറിയാന്‍ കഴിയേണ്ടതല്ലേ? വായനക്കാരന്‍ അവന്‍റെയുള്ളിലുള്ള മഹത്വം തിരിച്ചറിയുമ്പോഴാണ് തന്‍റെ മഹത്വം പ്രകാശിപ്പിക്കാത്ത കൃതികളെ നേതി നേതി എന്നു പറഞ്ഞ് തിരസ്കരിക്കുന്നത്. നേതി എന്നു പറഞ്ഞാല്‍ ഇപ്രകാരമല്ല എന്നര്‍ത്ഥം. തന്നില്‍ നിറയുന്ന മഹത്വം ഇപ്രകാരമല്ല എന്നു തിരിച്ചറിയുകയും ഇതു തന്‍റെ ഗ്രന്ഥമല്ല എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ വായനയെ ബ്രഹ്മനിഷ്ഠനായ മുമുക്ഷുവിന്‍റെ തടസ്ഥലക്ഷണ ഗ്രഹണത്തോട് ഉപമിക്കാവുന്നതാണ്. ഇപ്രകാരമല്ല എന്നു പറയണമെങ്കില്‍ എപ്രകാരമാണ് എന്ന് അറിഞ്ഞിരിക്കുകയും വേണം, എപ്രകാരമാണ് എന്ന സ്വഭൂവലക്ഷണം ജ്ഞാനമാണ് ഇപ്രകാരമല്ല എന്ന് പ്രഖ്യാപിക്കാന്‍ കരുത്ത് നല്കുന്നതും. അതുപോലെ ഓരോ കൃതിയിലും ഉള്ള മഹത്വത്തെ തിരിച്ചറിയുന്ന വായനക്കാരന്‍ ഇത് തന്‍റേതല്ല എന്നു പറഞ്ഞ് തള്ളുകയും ഒടുവില്‍ ഇതാണ് തന്‍റേത് എന്നു പറഞ്ഞ് കൊള്ളുകയും ചെയ്യുന്നുണ്ട്. കൃതിയില്‍ മഹത്വമില്ലെങ്കിലും വായനക്കാരനില്‍ മഹത്വമില്ലെങ്കിലും നമുക്ക് അതു തിരിച്ചറിയാന്‍ കഴിയില്ല എന്നും വിസ്മരിക്കരുത്. എപ്രകാരമാണോ ഒരു എഴുത്തുകാരന്‍ പദബിംബ സൂചകസജ്ഞാവലികളിലൂടെ സ്വാനുഭൂതി ആവിഷ്കരിക്കുന്നത് അപ്രകാരമാണ് ഒരു വായനക്കാരന്‍ ആ കൃതിയുടെ പാരായണത്തിലൂടെ സ്വാനുഭൂതിയില്‍ അഭിരമിക്കുന്നതും. അതായത് ഗ്രന്ഥം വിശുദ്ധമായതുകൊണ്ട് മാത്രം അതു വിശുദ്ധമായി വായിക്കപ്പെടണമെന്നില്ല. വായനക്കാരന്‍റെ ആത്മവിശുദ്ധി കൊണ്ടുകൂടിയാണ് ഗ്രന്ഥപാരായണം പരിശുദ്ധാനുഭവമായി മാറുന്നത് എന്നു സാരം. 

ഈ പശ്ചാത്തലത്തില്‍ വേണം ലിപിയും അച്ചടിവിദ്യയും ഒത്തുചേരുമ്പോഴുണ്ടാകുന്ന ഗ്രന്ഥനിര്‍മ്മാണത്തെയും വായനാശീലത്തെയും പരിഗണിക്കേണ്ടതും. അനുഭവത്തിന്‍റെ പ്രകാശരൂപമാണ് ഭാഷ. ലിപിയും അച്ചടിയും ആവിഷ്കരിക്കപ്പെടുന്നതിനു മുമ്പേ ഭാഷ ഉണ്ടായിരുന്നു. ഇവ രണ്ടും അസ്തമിച്ചാലും ഭാഷ ഉണ്ടാകും. ഏത് അനുഭവവും ഭാഷയാണ്. പ്രപഞ്ചം എന്ന മഹാഭാഷ. ആ പ്രപഞ്ചം പ്രളയജലത്തില്‍ ലയിച്ചാലും ബീജരൂപത്തില്‍ ഭാഷയും അതില്‍ ലയിച്ചിരിക്കും. 

പ്രപഞ്ചം എന്ന മഹാഗ്രന്ഥത്തെ ആവിഷ്കരിക്കുന്നതിനുവേണ്ടി മനുഷ്യന്‍ സ്വരൂപിച്ചെടുത്ത ഉപാധികളായ പദങ്ങളും അവയുടെ പലവിധ ചേരുവകളും പരിണാമത്തിനു വിധേയമായി അസ്തമിച്ചേക്കാം. മനുഷ്യനും അവന്‍റെ ഭാഷയും നാളെ അസ്തമിച്ചേക്കും. എന്നാല്‍ നിത്യപരിണാമിയായ പ്രകൃതി നിലനില്‍ക്കുന്നതുപോലെ അനന്തമായ ഭാവദ്രവങ്ങളില്‍ ഭാഷകളും നിലനില്‍ക്കുകതന്നെ ചെയ്യും. ഈ ഭാഷകളിലുടെയെല്ലാം ആവിഷ്കരിക്കപ്പെടുന്ന സത്യം നിത്യമായതുകൊണ്ട് അതു മാത്രമായിരിക്കും മാറാതെ നിലനില്‍ക്കുന്നതും. യേശുദേവന്‍ സംസാരിച്ച അരമായിക് ഭാഷ ഏതാണ്ട് വംശനാശത്തെ നേരിടുകയാണ്. പക്ഷേ അദ്ദേഹം ആവിഷ്കരിച്ച സത്യം നിലനില്‍ക്കുന്നു എന്നത് ഒരു സത്യം മാത്രം.

ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ കടന്നുകയറ്റം മൂലം വായന അന്യംനിന്നുകൊണ്ടിരിക്കുകയാണെന്ന് പ്രചരണത്തിന്‍റെ അടിസ്ഥാനവും ഇതുതന്നെയാണ്. പക്ഷേ അപ്പോഴും മലയാള ലിപിയിലുള്ള ശരീരഭാഷയുടെ വായന മാത്രമാണ് കുറഞ്ഞിരിക്കുന്നത് എന്നും മറക്കരുത്. മലയാളലിപിയിലുള്ള ശരീരഭാഷയുടെ വായന മാത്രമാണ് കുറഞ്ഞിരിക്കുന്നത് എന്നും മറക്കരുത്. മലയാളലിപിയിലുള്ള എഴുത്തച്ഛന്‍ കൃതികളിലൂടെ പ്രചാരണം കൂടിക്കൊണ്ടിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കാലാന്തരത്തില്‍ ഈ കൃതികളുടെ വായനയും മലയാളലിപിയില്‍ ഇല്ലാതെയായേക്കാം. പ്രപഞ്ചം മുഴുവന്‍ പ്രളയജലത്തില്‍ അമരാമെങ്കില്‍ മലയാളിയും മലയാളവും മാത്രം മരിക്കാതിരിക്കണം എന്നു വാശിപിടിക്കാനാവില്ലല്ലോ? അപ്പോഴും കാലാതീതമായ സത്യത്തിന്‍റെ നിത്യഭാഷക്ക് ലിപിപരിണാമവ്യവസ്ഥകള്‍ ബാധകമല്ലാത്തതുകൊണ്ട് അതു മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ, ആത്മാവിന്‍റെ അമൃതഭാഷയുടെ വായനക്കായി ശരീരഭാഷയുടെ ഉപയുക്തമാക്കലാണ് ഉത്തമമായ വായന. ആ വായന നശിക്കുകയുമില്ല.

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts