"കൂടെക്കൂടെ ഒരു ദൈവദൂതന്‍ വന്ന് കുളം കലക്കും. അപ്പോള്‍ ആദ്യം വെള്ളത്തിലിറങ്ങുന്നവന്‍ - അവന് എന്തു രോഗമുണ്ടായാലും സുഖപ്പെടും." (യോഹ. 5: 4).
വെള്ളപ്പൊക്കവും മഴക്കെടുതികളും ഉണ്ടാകുമ്പോള്‍ നാം കേള്‍ക്കുന്ന ഒരു വാക്യമാണ് 'ജലം കൊണ്ട് മുറിവേറ്റവര്‍' എന്ന്. ജീവന്‍റെ ഉറവിടമായി മാറേണ്ട ജലം എങ്ങനെയാണ് ജീവനെ ഹനിക്കുന്നത് എന്ന് അതിവൃഷ്ടിയും വെളളപ്പൊക്കവും നമ്മെ അനുഭവിപ്പിച്ചു. എന്നാല്‍, ജലം സൗഖ്യദായകമാകുന്ന സുവിശേഷമാണ് യോഹന്നാന്‍ എഴുതിയത്. പച്ചവെള്ളം മുന്തിരിയുടെ മേല്‍ത്തരം വീഞ്ഞാകുന്ന സംഭവം തുടങ്ങി വിലാപ്പുറത്തുനിന്നും ഒഴുകിയിറങ്ങിയ ജലം എന്നെഴുതുന്നതുവരെ സാധകനെ ജലശയ്യയില്‍ കിടത്തി സൗഖ്യമാക്കുന്നുണ്ട് വി. യോഹന്നാന്‍റെ സുവിശേഷം.
ദൈവദൂതന്‍ ബത്സയ്ദാ കുളത്തിലെ ജലമിളക്കുമ്പോള്‍, ആദ്യമിറങ്ങുന്നയാള്‍ സൗഖ്യം പ്രാപിക്കും. ഈ വിശ്വാസത്തിന്‍റെ ബലത്തില്‍ സൗഖ്യം നേടാന്‍ ആഗ്രഹിച്ചുകൊണ്ട് കുളക്കരയില്‍ കാത്തിരുന്നവന്‍റെ കഥയാണ് വേദവിചാരം. ജലത്തെ തീര്‍ത്ഥമായി തിരിച്ചറിഞ്ഞതാണ് മനുഷ്യന്‍റെ ആദ്ധ്യാത്മിക പാഠങ്ങളില്‍ ആദ്യത്തേത്. ദൈവാലയത്തിലെ മാമ്മോദീസാതൊട്ടി ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും നല്ല അടയാളമാണ്. യേശുവിന്‍റെ ജ്ഞാനസ്നാനം നടക്കുന്നത് ജോര്‍ദ്ദാന്‍ നദിയിലാണല്ലോ. യേശു, ക്രിസ്തുവായി രൂപാന്തരപ്പെടുന്നതിന്‍റെ ആദ്യപടിയാണിത്. ജോര്‍ദ്ദാന്‍ ഇപ്പോള്‍ കൂടുതല്‍ ദീപ്തമായി. കുമ്പളങ്ങി കായലിലെ കവരുപോലെ. ഗംഗാനദീതീരത്തെ പ്രാര്‍ത്ഥനകളും, ആരതിയുഴിയലും, നിസ്കാരത്തിന് ഒരുക്കമായി നെറ്റിതൊട്ട് ഉപ്പൂറ്റിവരെ കഴുകാന്‍ നിഷ്ഠവെയ്ക്കുന്ന ഇസ്ലാംമതവിശ്വാസവും അങ്ങനെ എല്ലാവരും ജലം കൊണ്ട് സൗഖ്യം നേടിയവരായി മാറുന്നു.
കഴിഞ്ഞ മാസങ്ങളില്‍ പ്രദര്‍ശനവിജയം നേടിയ ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളില്‍ ജലം അതിലെ കഥാപാത്രങ്ങളെ മരണഭീതിയില്‍ നിന്നുള്ള മോചനത്തിലേക്കും അതിജീവനത്തിലേക്കും നയിക്കുന്നുണ്ട്. സ്വപ്നങ്ങളിലൂടെ കഥാപാത്രങ്ങള്‍ വെള്ളത്തിലേക്ക് മുങ്ങിത്താഴ്ന്ന് പോകുന്നതും മറ്റും പ്രേക്ഷകരും അനുഭവിക്കുന്നുണ്ട്. രക്ഷപ്പെടാന്‍ കഴിയാത്തവിധം -'ഭ്രമയുഗ'ത്തില്‍ പാണന്‍ ചാത്തന്‍റെ പിടിയിലും 'മഞ്ഞുമ്മല്‍ ബോയ്സ്'ല്‍ സുഭാഷ് ഗുണ ഗുഹയിലും, 'ആടുജീവിത'ത്തില്‍ നജീബ് അറാബിന്‍റെ മണലാരണ്യത്തിലും പെട്ടുപോകുന്നു. ഇവരൊക്കെ സ്വപ്നങ്ങളിലൂടെ ജലരാശിയില്‍ നൂണിറങ്ങി പുനര്‍ജീവിതം കൈവരിക്കുന്നു.
'നിനക്കിവിടുന്ന് പോകാന്‍ അനുവാദമില്ലാ' എന്നും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പേമാരിയാണെന്നും നിനക്ക് രക്ഷപ്പെടാനാവില്ലായെന്നും ചാത്തന്‍ പറയുമ്പോള്‍ പാണന്‍ ജലംകൊണ്ട് മുറിവേറ്റവനായി മാറി. മുറിവേറ്റ പാണന്‍ സ്വപ്നത്തില്‍ അമ്മയുടെ മടിയില്‍ തലവെച്ചുറങ്ങുന്നതായി സ്വപ്നം കാണുന്നു. പാണന്‍റെ മുഖത്ത് ജലം തളിച്ചുകൊണ്ട് അരിവെപ്പുകാരനാണ് പാണനെ വിളിച്ചുണര്‍ത്തുന്നത്. ഇപ്പോള്‍ ജലം അയാള്‍ക്ക് സൗഖ്യദായകമായ അനുഭവമായി മാറിക്കഴിഞ്ഞുവെന്ന് അയാളുടെ മുഖഭാവങ്ങളില്‍ നിന്നും നമുക്ക് പിടികിട്ടും.
മഞ്ഞുമ്മല്‍ ബോയ്സ് -ല്‍ മഴ അതിജീവനത്തിന് തടസ്സമാണ്. കനത്തമഴയില്‍ പെട്ടിട്ടും ചങ്ങാതിയെ ഉപേക്ഷിച്ചുപോകാന്‍ സുഹൃത്തുക്കള്‍ക്ക് മനസ്സു വരുന്നില്ല. മഴവെള്ളം പാറക്കെട്ടുകളില്‍ തട്ടി അവന്‍റെ മുഖത്തും ശരീരത്തിലും പതിക്കുമ്പോള്‍ സുഭാഷ് തന്‍റെ ബാല്യകാലത്തേക്ക് ആഴ്ന്നിറങ്ങുന്നു. സ്വപ്നത്തില്‍ അവന്‍ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോകുന്നുണ്ട്. അതില്‍ അയാള്‍ ഒരു ആനന്ദാനുഭൂതി അനുഭവിക്കുന്നുണ്ട്. സുഭാഷും ജലശയ്യയില്‍ സുഖം പ്രാപിച്ചവനായി മാറുന്നു.
'ആടുജീവിത'ത്തില്‍ ഒട്ടകങ്ങളും ആടുകളും വെള്ളം കുടിക്കുന്ന അതേ ടാങ്കില്‍ നിന്ന് നജീബും വെള്ളം കുടിക്കുന്നു. ഒരു തിരിച്ചുപോക്ക് അത്യാവശ്യമാണെന്ന് അയാള്‍ക്കും തോന്നിയിട്ടുണ്ട്. താനും മെല്ലെ ആടായി മാറിക്കഴിഞ്ഞു എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ദൃശ്യത്തിലൂടെ നമ്മളും അത് അനുഭവിക്കും. 'സൈനൂ' എന്ന് നെഞ്ചുകീറി വിളിക്കുന്ന നജീബ് പുഴയിലേക്ക് താഴ്ന്നുപോകുന്നതായി സ്വപ്നം കാണുന്നു. സ്വപ്നത്തില്‍ മരുഭൂമിയിലെ വേദനകളെ മറികടന്ന് ഒരു തരം ആനന്ദാനുഭൂതിയിലേക്കാണ് അയാള്‍ കടക്കുന്നത്. സ്വപ്നദൃശ്യങ്ങളില്‍ നജീബും ജലശയ്യയില്‍ സുഖം പ്രാപിച്ചവനാകുന്നു.
വര്‍ത്തമാനകാലത്തെ സംഘര്‍ഷങ്ങളെ മറികടന്ന് സുഖാനുഭവത്തിലേക്ക് പുനര്‍ജനിപ്പിക്കുന്ന ഒന്നായി ജലം മാറുന്നുണ്ട് മേല്‍പ്പറഞ്ഞ സിനിമകളുടെ ദൃശ്യങ്ങളില്‍. ആത്മാവിനാലും ജലത്താലും പുനര്‍ജനി നേടണം എന്നൊക്കെ സുവിശേഷം പറയുന്നതിന്‍റെ വര്‍ത്തമാനകാലാനുഭവങ്ങള്‍ ഇതൊക്കെത്തന്നെയല്ലേ...