"അബ്രാഹം അപ്പോഴും കര്‍ത്താവിന്‍റെ മുമ്പില്‍ത്തന്നെ നിന്നു" (ഉല്‍പ 15,22).
അബ്രാഹത്തിലൂടെ പ്രകടമാകുന്ന പൗരോഹിത്യത്തിന്‍റെ മറ്റൊരു മാനം ഇവിടെ കാണാം. ഒരുപക്ഷേ ലോകചരിത്രത്തിലെ തന്നെ ആദ്യത്തെ 'വഴിതടയല്‍' സമരമായിരിക്കും ഇത്. തിന്മയില്‍ ആണ്ടുപോയ സോദോം, ഗൊമോറാ നഗരങ്ങളെ നശിപ്പിക്കാന്‍ പോകുന്ന ദൈവത്തിന്‍റെ മുമ്പില്‍ കയറി വഴി തടയുന്ന അബ്രാഹത്തിന്‍റെ ചിത്രം തികച്ചും അസാധാരണം എന്നേ പറയാനാവൂ. "ദൈവത്തിന്‍റെ മുമ്പില്‍ത്തന്നെ നിന്നു" എന്ന പ്രസ്താവന പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. തന്‍റെ മകളെ സുഖപ്പെടുത്താതെ, മുന്നോട്ടുപോകാന്‍ അനുവദിക്കില്ല എന്നു പറയാതെ പറഞ്ഞുകൊണ്ട് യേശുവിന്‍റെ മുമ്പില്‍ പ്രണമിച്ച കാനാന്‍കാരിയെ(മത്താ 15, 21-28)പ്പോലെ. സമൂലനാശം നേരിടുന്ന ജനത്തിനുവേണ്ടി ദൈവത്തിന്‍റെ മുമ്പില്‍ ശാഠ്യത്തോടെ മാധ്യസ്ഥ്യം വഹിക്കുന്ന അബ്രാഹം പൗരോഹിത്യത്തിന്‍റെ മനോഹരമായൊരു മാതൃകയാണ്.
ജനത്തിന്‍റെ നേര്‍ച്ചകാഴ്ചകളും പ്രാര്‍ത്ഥനകളും ദൈവത്തിനു സമര്‍പ്പിക്കുക, ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക, ദൈവനാമത്തില്‍ ജനത്തെ ആശീര്‍വദിക്കുക. ഇതെല്ലാമാണ് പുരോഹിതന്‍റെ മുഖ്യകടമകളായി ബൈബിള്‍ എടുത്തുകാട്ടുന്നത്. ഇതിന്‍റെയെല്ലാം വ്യക്തമായൊരു മാതൃകയായി അബ്രാഹം ഇവിടെ പ്രത്യക്ഷപ്പെടുന്നു. ജനത്തിന്‍റെ പ്രതിനിധിയായി ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുന്നവനാണ് പുരോഹിതന്‍. അതേസമയം ദൈവത്തിന്‍റെ പ്രതിനിധിയായി ജനത്തിന്‍റെ മുമ്പിലും അവന്‍ നില്‍ക്കുന്നു. ദൈവത്തിനും ജനത്തിനും ഇടയില്‍ നില്‍ക്കുന്ന മധ്യസ്ഥന്‍. മുമ്പില്‍ നില്‍ക്കുന്നവന്‍, മുന്‍പേ നടക്കുന്നവന്‍ എന്നൊക്കെയാണല്ലോ പുരോഹിതന്‍ എന്ന വാക്കിന്‍റെ വാച്യാര്‍ത്ഥം.
ഒരു കച്ചവടക്കാരനെപ്പോലെ ദൈവത്തോടു വിലപേശുന്ന അബ്രാഹം മധ്യസ്ഥപ്രാര്‍ത്ഥനയുടെ പ്രാധാന്യവും അതേസമയം ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹവും ഔദാര്യവും പ്രകടമാക്കുന്നു. അതോടൊപ്പം മനുഷ്യരുടെ കൂട്ടുത്തരവാദിത്വവും ഇവിടെ ശ്രദ്ധേയമാകുന്നു. ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അന്‍പതു നീതിമാന്മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ" (ഉല്‍പ 18, 23-24) എന്ന അബ്രാഹത്തിന്‍റെ ചോദ്യം ഈ കൂട്ടുത്തരവാദിത്വത്തിലേക്ക് വെളിച്ചം വീശുന്നു. അമ്പതില്‍ തുടങ്ങി പത്തില്‍ എത്തിയ അബ്രാഹത്തിന്‍റെ യാചന ദൈവം സ്വീകരിച്ചു. പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ ആ നഗരം നശിപ്പിക്കില്ലായെന്നു ദൈവം ഉറപ്പു നല്‍കി.
ഒരാളുടെ നന്മ അനേകരുടെ രക്ഷയ്ക്കു കാരണമാകും എന്ന ശ്രദ്ധേയമായൊരു പാഠവും ഇവിടെനിന്നു ലഭിക്കുന്നു. എന്നാല്‍ പത്തുനീതിമാന്മാരെപ്പോലും അവിടെ കണ്ടെത്താനായില്ല എന്നതു കഥയുടെ ബാക്കിപത്രം. എന്നാലും നഗരത്തെ നശിപ്പിച്ചപ്പോള്‍, അബ്രാഹത്തിന്‍റെ മാധ്യസ്ഥ്യത്തെ മാനിച്ച്, ദൈവം ലോത്തിനെയും കുടുംബത്തെയും ആ നാശത്തില്‍നിന്നു രക്ഷിച്ചു എന്നതും ശ്രദ്ധേയം. ശത്രുമിത്രഭേദമില്ലാതെ എല്ലാവര്‍ക്കുംവേണ്ടി ദൈവതിരുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കാന്‍, കര്‍ത്താവിന്‍റെ മുമ്പില്‍ വഴിതടയല്‍ സമരം നടത്താന്‍, അബ്രാഹത്തിന്‍റെ പുരോഹിതമാതൃക ആഹ്വാനം ചെയ്യുന്നു.
7. ബലിയര്‍പ്പണം
"നീ സ്നേഹിക്കുന്ന നിന്‍റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയ ദേശത്തേയ്ക്കു പോകുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം" (ഉല്‍പ 22,2).
ദൈവത്തിനു ബലിയര്‍പ്പിക്കുകയാണ് പുരോഹിതന്‍റെ മുഖ്യദൗത്യം. "പ്രധാന പുരോഹിതന്മാര്‍ കാഴ്ചകളും ബലികളും സമര്‍പ്പിക്കാനാണ് നിയോഗിക്കപ്പെടുന്നത്" (ഹെബ്രാ 8,3) എന്ന പ്രസ്താവന സംശയത്തിനു പഴുതിടുന്നില്ല. മിക്കവാറും എല്ലാ മതങ്ങളിലും പുരോഹിതന്മാരുടെ മുഖ്യദൗത്യം ഇതുതന്നെ. ഇവിടെ ബലിയുടെ അര്‍ത്ഥവും പ്രസക്തിയും പ്രത്യേകം ശ്രദ്ധേയമാകുന്നു. എന്താണ് ബലി? എന്തിനാണ് ബലി?
രാജാവിനു പ്രജകളും, ദേശാധിപനു കുടിയാന്മാരും, ഉടമയ്ക്കു പാട്ടക്കാരും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഒരു ഭാഗം കാഴ്ചകൊടുക്കുക പതിവായിരുന്നു. തങ്ങളുടെ വിധേയത്വവും നന്ദിയും ഏറ്റുപറയുന്നതിന്‍റെ അടയാളമായിരുന്നു ഇത്. ഇതില്‍നിന്ന് ദൈവത്തിനു കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിന്‍റെ ഒരു മാനം വ്യക്തമാകുന്നു. എല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന് നന്ദിയോടെ ഏറ്റുപറയുക. ഈ കാഴ്ചകള്‍ ഒരു പടികൂടി കടന്ന്, മൃഗബലിയിലൂടെ ആഴമേറിയ മറ്റൊരു മാനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. മൃഗബലിയര്‍പ്പിക്കുന്നവര്‍ മൃഗത്തിന്‍റെ രക്തം ബലിപീഠത്തില്‍ ഒഴിക്കും; മൃഗത്തിന്‍റെ ശരീരം ബലിപീഠത്തില്‍ ദഹിപ്പിക്കും. ഇതാണ് സമ്പൂര്‍ണദഹനബലി. സമ്പൂര്‍ണസമര്‍പ്പണത്തിന്‍റെ പ്രതീകമാണിത്.
രക്തമാണ് ജീവന്‍റെ ഇരിപ്പിടം എന്നു പൊതുവേ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് രക്തം ഭക്ഷിക്കരുത് എന്ന് ബൈബിളില്‍ കല്പന ഉണ്ടായിരുന്നത്. രക്തം ബലിപീഠത്തില്‍ ഒഴിക്കുന്നത് ജീവന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നതിന്‍റെ പ്രതീകമാണ്. ഇതിലൂടെ ബലിയര്‍പ്പകന്‍ തന്നെത്തന്നെ ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിക്കുന്നു എന്ന് ഏറ്റുപറയുന്നു. എന്‍റെ ജീവന്‍റെ ഉടമ ഞാനല്ല, എന്നെ കൊല്ലാന്‍ എനിക്കനുവാദമില്ല. അതിനാല്‍ എന്‍റെ ജീവനു പകരം മൃഗത്തിന്‍റെ ജീവന്‍ സമര്‍പ്പിക്കുന്നു. ഇതാണ് ഏറ്റവും വലിയ ബലി; ഇതുതന്നെ ദൈവത്തിന് ഏറ്റം സ്വീകാര്യമായ ബലി.
ഇവിടെ ഒരു ചോദ്യം ഉദിക്കുന്നു. ദൈവം രക്തം കുടിക്കുമോ? മാംസം ഭക്ഷിക്കുമോ? നരഭോജികളായ ദൈവങ്ങളെക്കുറിച്ച് പല പുരാതനമതങ്ങളിലും വിശ്വാസം ഉണ്ടായിരുന്നു. ഇന്നും ചുരുക്കമായെങ്കിലും ദൈവപ്രീതിക്കുവേണ്ടി നരബലി അര്‍പ്പിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതല്ല ബൈബിളില്‍ പ്രകടമാകുന്ന ദൈവചിത്രം. എങ്കില്‍പ്പിന്നെ എന്തേ ദൈവം അബ്രാഹത്തോട് തന്‍റെ ഏകജാതനെ ദഹനബലിയായി അര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു? ഇവിടെയാണ് അബ്രാഹത്തിലൂടെ വെളിപ്പെടുന്ന പൗരോഹിത്യത്തിന്‍റെ കേന്ദ്രം.
അബ്രാഹം ബലിപീഠം പണിതു, ദൈവത്തിനു ബലിയര്‍പ്പിച്ചു എന്ന് ബൈബിളില്‍ അനേകം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാ. 12,7-8; 13, 4. 18, 15; 7-21. ഇതെല്ലാം പുരോഹിതശുശ്രൂഷയുടെ ഭാഗമായി കാണാന്‍ കഴിയും. എന്നാല്‍ ഉല്‍പത്തി 22-ാം അധ്യായത്തില്‍ വിവരിക്കുന്ന ബലിയര്‍പ്പണം ഇതില്‍നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു; അതേസമയം ബലിയര്‍പ്പണത്തിന്‍റെ കാതല്‍ എന്തെന്നു വ്യക്തമാക്കുകയും ചെയ്യുന്നു.
ദൈവത്തിനു ഭക്ഷിക്കാന്‍ വേണ്ടിയല്ല ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കുന്നത്; മറിച്ച്, തങ്ങള്‍ക്കു ലഭിച്ച ദാനങ്ങളുടെ പേരില്‍ ദൈവത്തിനു നന്ദിപറയാന്‍ വേണ്ടിയാണ്. എന്നാല്‍ അബ്രാഹത്തോടാവശ്യപ്പെടുന്ന നരബലിയില്‍ അര്‍ത്ഥം കൂടുതല്‍ ആഴമേറിയതാകുന്നു. ഹാരാനില്‍ വച്ചു കര്‍ത്താവിന്‍റെ വിളികേട്ട്, എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ച അബ്രാഹത്തിനു മുമ്പില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു - സ്വന്തമായൊരു ഭൂമി. ധാരാളം മക്കള്‍, ശാശ്വതമായ അനുഗ്രഹം. ഈ വാഗ്ദാനങ്ങളുടെ വെളിച്ചത്തില്‍, ആര്‍ജിച്ചവ വിട്ടുപേക്ഷിക്കുക പ്രായേണ എളുപ്പമായിരുന്നു. എന്നാല്‍ ഇവിടെ അവസ്ഥ അതല്ല.
ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പൂര്‍ണമായി നിറവേറിയിട്ടില്ല. സ്വന്തമായി ഭൂമി ഇല്ല. ആകെ പ്രതീക്ഷയ്ക്ക് അടിസ്ഥാനമായി നില്‍ക്കുന്നത് വാഗ്ദാനത്തിന്‍റെ പുത്രനായ ഏകജാതന്‍ ഇസഹാക്കാണ്. ആ ഇസഹാക്കിനെയാണ് ഇപ്പോള്‍ ദഹനബലിയായി അര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെടുന്നത്!
ഇവിടെയാണ് അബ്രാഹത്തിന്‍റെ വ്യക്തിത്വവും അനിതരസാധാരണമായി നില്‍ക്കുന്ന വിശ്വാസവും അതിന്‍റെ ആഴത്തില്‍ അനാവൃതമാകുന്നത്. ന്യായമായും ഉന്നയിക്കാവുന്ന ചോദ്യങ്ങളൊന്നും അബ്രാഹം ചോദിച്ചില്ല. ദൈവം രക്തം കുടിക്കുമോ? മനുഷ്യമാംസം ഭക്ഷിക്കുമോ? ഇതൊന്നും അബ്രാഹത്തിന്‍റെ ചിന്താവിഷയമല്ല. ഒന്നുമാത്രമേ അബ്രാഹത്തിന്‍റെ മനസ്സിലുള്ളൂ. ദൈവം ചോദിച്ചു; കൊടുക്കണം, സംശയിക്കാതെ, ചോദ്യം ചെയ്യാതെ അബ്രാഹം വിശ്വസിച്ചു, ആ വിശ്വാസം അനുസരണത്തിലൂടെ പ്രകടമാക്കി.
"അബ്രാഹം അതിരാവിലെ എഴുന്നേറ്റ് മകന്‍ ഇസഹാക്കിനെയും കൂട്ടി... പുറപ്പെട്ടു" (ഉല്‍പ 22,3). ഹാരാനില്‍ വച്ച് ആദ്യമായി ദൈവത്തിന്‍റെ വിളി കേട്ടപ്പോള്‍ ചെയ്തതുപോലെ. മകനെയും കൂട്ടി മല കയറി. മലമുകളില്‍ ബലിപീഠം ഒരുക്കി. വിറക് അടുക്കി. മകനെ ബന്ധിച്ച് വിറകിനു മുകളില്‍ കിടത്തി. കഴുത്തറുക്കാന്‍ കത്തിയെടുത്തു. അപ്പോഴാണ് ദൈവത്തിന്‍റെ സ്വരം കാതുകളില്‍ മുഴങ്ങിയത്. അരുത്!
"കുട്ടിയുടെമേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം നിന്‍റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടിച്ചില്ല" (ഉല്‍പ 22, 12). ഇപ്പോഴാണോ ദൈവത്തിനുറപ്പായത് എന്നു ന്യായമായും ചോദിക്കാം. സര്‍വ്വജ്ഞനായ ദൈവത്തിനറിയാമായിരുന്നില്ലേ അബ്രാഹം ബലിയര്‍പ്പിക്കാന്‍ സന്നദ്ധനാകുമെന്ന്? തീര്‍ച്ചയായും ദൈവത്തിനറിയാം അബ്രാഹത്തിന്‍റെ വിശ്വാസത്തിന്‍റെ ആഴവും അനുസരണത്തിന്‍റെ വ്യാപ്തിയും; എന്നാല്‍ അബ്രാഹത്തിനറിയുമായിരുന്നില്ല. തന്‍റെ വിശ്വാസം പ്രകടമാക്കാനും അതുവഴി പിന്‍തലമുറകള്‍ക്കെല്ലാം അനുകരണാര്‍ഹമായ മാതൃകയാകാനും ദൈവം ഒരുക്കിയ അവസരമായിരുന്നു ഈ ഏകജാത ബലിനാടകം.
ഇതോടെ, അബ്രാഹത്തിലൂടെ അനാവരണം ചെയ്യപ്പെടുന്ന പുരോഹിതചിത്രം അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രത്യക്ഷപ്പെടുന്നു. എന്തെങ്കിലും വസ്തുക്കള്‍ കര്‍ത്താവിനു കാഴ്ചവയ്ക്കുന്നതല്ല, തന്നെത്തന്നെ നിരുപാധികം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥബലി. "അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം" (1 സാമു 15, 22) എന്ന തിരുവചനം ഇവിടെ ശ്രദ്ധേയമാകുന്നു. കൊടുക്കുന്ന വസ്തുവല്ല, കൊടുക്കുന്നവന്‍റെ ഹൃദയമാണ് ദൈവം കാണുന്നത്. സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തിലൂടെ പ്രകടമാകുന്ന പൗരോഹിത്യത്തിന്‍റെ ഉത്തമോദാഹരണമാണ് സ്വന്തം ഏകജാതനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ അബ്രാഹം. അതേസമയം, വരാനിരുന്ന മഹാബലിയുടെ മുന്നോടിയും പ്രതീകവുമായിരുന്നു ഈ ബലി എന്നതും ശ്രദ്ധേയം.
അബ്രാഹത്തിന് അവസാനനിമിഷം പുത്രനെ ജീവനോടെ തിരികെ കിട്ടി, പകരം അര്‍പ്പിക്കാന്‍ ഒരു മുട്ടാടിനെയും. എന്നാല്‍ അബ്രാഹം തന്‍റെ ഏകജാതനെ അര്‍പ്പിക്കാനായി ബലിപീഠം ഒരുക്കിയ മോറിയാ മലയില്‍, പതിനെട്ടു നൂറ്റാണ്ടുകള്‍ക്കുശേഷം, ദൈവത്തിന്‍റെ ഏകജാതന്‍ ബലിയായി അര്‍പ്പിക്കപ്പെട്ടു എന്നതും ശ്രദ്ധിക്കണം. അബ്രാഹത്തിന്‍റെ ഏകജാതനായ ഇസഹാക്കില്‍ ദൈവത്തിന്‍റെ ഏകജാതനായ യേശുക്രിസ്തുവിന്‍റെ മുഖം നിഴലിക്കുന്നത് കാണാതെ പോകരുത്. ഒരേ സമയം ബലിയര്‍പ്പകനും ബലിവസ്തുവുമായ, ദൈവത്തിന്‍റെ ഏകജാതനായ നിത്യപുരോഹിതന്‍ യേശുക്രിസ്തുവിലേക്കാണ് ബലിപീഠത്തില്‍ കിടക്കുന്ന ഇസഹാക്കും ബലിയര്‍പ്പിക്കാന്‍ ഒരുങ്ങുന്ന പുരോഹിതനായ അബ്രാഹവും വിരല്‍ ചൂണ്ടുന്നത്.
ചുരുക്കത്തില്‍
പൗരോഹിത്യത്തിന്‍റെ പ്രധാന ഘടകങ്ങളെല്ലാം തന്നെ പ്രകടമാക്കുന്ന, മനോഹരമായ മാതൃകാചിത്രമാണ് അബ്രാഹത്തിന്‍റെ ജീവിതം. ദൈവം അയാളെ വിളിച്ചു, വ്യക്തമായൊരു ദൗത്യം ഏല്പിച്ചു. പുതിയൊരു പേരു നല്‍കി, വാഗ്ദാനങ്ങളും. ദൈവം വിളിക്കുന്നവനാണ് പുരോഹിതന്‍. അത് ആരും സ്വന്തമായി തിരഞ്ഞെടുക്കുന്നതല്ല. സകല ജനതകള്‍ക്കും അനുഗ്രഹത്തിന്‍റെ നീര്‍ച്ചാലാകുക എന്നതായിരുന്നു അബ്രാഹത്തെ വിളിച്ചതിന്‍റെ ലക്ഷ്യം. അബ്രാഹം വിളികേട്ടു, വിശ്വസിച്ചു, പുറപ്പെട്ടു. ദൈവത്തിന്‍റെ വിളിക്ക് കാതോര്‍ക്കുകയും സ്വീകരിച്ച് നിരുപാധികം അനുസരിക്കുകയും ചെയ്യുന്നവനാണ് പുരോഹിതന്‍. ശ്രവണം, വിശ്വാസം, അനുസരണം - സുപ്രധാനമായ മൂന്നു ഘടകങ്ങള്‍.
ഒരാള്‍ പുരോഹിതനായി വിളിക്കപ്പെടുന്നത് തനിക്കുവേണ്ടിത്തന്നെയല്ല, മറ്റുള്ളവര്‍ക്കു കൃപയുടെ നീര്‍ച്ചാലാകാന്‍ വേണ്ടിയാണ്. പുരോഹിതന്‍റെ വാക്കും പ്രവൃത്തിയും, ജീവിതം മുഴുവനും ഇതിനു സഹായകമാകണം. സഹോദരങ്ങളുമായി രമ്യതയില്‍ കഴിയുക, നഷ്ടം സഹിച്ചും അനുരഞ്ജനം ഉറപ്പിക്കുക, അപരനുവേണ്ടി ദൈവസന്നിധിയില്‍ മാദ്ധ്യസ്ഥ്യം വഹിക്കുക, ദൈവനാമത്തില്‍ അപരനെ അനുഗ്രഹിക്കുക - ഇതെല്ലാം അബ്രാഹത്തിലൂടെ വെളിപ്പെടുത്തപ്പെടുന്ന പൗരോഹിത്യത്തിന്‍റെ വിവിധ മാനങ്ങളാണ്.
സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴും വിശ്വാസം കൈവിടാതിരിക്കുക, തന്നെയും തനിക്കുള്ളതും താന്‍ ഏറ്റം വിലപ്പെട്ടതായി കരുതുന്ന സകലതും നിരുപാധികം ദൈവത്തിനു സമര്‍പ്പിക്കുക, സമ്പൂര്‍ണ്ണമായ ആത്മബലി - അതാണ് മോറിയാ മലയില്‍ ഒരുക്കിയ ബലി. അബ്രാഹത്തിലൂടെ പ്രകടമാകുന്ന പുരോഹിതന്‍റെ ചിത്രം, നിത്യപുരോഹിതനായ യേശുവിലേക്കു വിരല്‍ ചൂണ്ടുന്ന പുരോഹിത ചിത്രം. കര്‍ത്താവിനു സ്വീകാര്യമായ ബലി. കാണുക, കേള്‍ക്കുക, അനുകരിക്കുക.