'എന്‍റെ ആലയം പുതുക്കി പണിയുക' എന്ന ക്രൂശിതന്‍റെ സ്വരത്തിന് പ്രത്യുത്തരമായി ഫ്രാന്‍സീസ് സാന്‍ദാമിയാനോ ദേവാലയം പുതുക്കി പണിയുന്നകാലം. താമസം ദേവാലയത്തിനടുത്തുള്ള ഗുഹയില്‍. ഒരു ദിവസം ആകുലനായി കാണപ്പെട്ട ഫ്രാന്‍സീസ് സാഷ്ടാംഗപ്രണാമം നടത്തി ദൈവത്തെ വിളിച്ചു കേണു അങ്ങു കല്പിച്ചവ നിവര്‍ത്തിച്ചിരിക്കുന്നു, എന്നാല്‍ അങ്ങു 'പോരാ' എന്നു പറയുന്നു, എങ്കില്‍ കല്പിക്കൂ. ഞാനെന്താണ് ചെയ്യേണ്ടത്? ഒരു അസാധാരണ ശബ്ദം അദ്ദേഹത്തിന്‍റെ കാതുകളില്‍ മുഴങ്ങി, 'നീ ബെര്‍ണാര്‍ദോന്‍റെ പുത്രനെ പുനര്‍നിര്‍മ്മിക്കണം", കര്‍ത്താവേ, എങ്ങനെയാണ് എനിക്കിത് കഴിയുക? 'ഫ്രാന്‍സീസ്, നീ ജനിച്ചുവളര്‍ന്ന, നിനക്കു സുപരിചിതമായ അസ്സീസി നഗരത്തിലേക്ക് മടങ്ങിച്ചെന്ന് നിന്‍റെ പിതൃഭവനത്തിന്‍റെ മുമ്പില്‍ നിന്ന് എന്‍റെ പേരുപറഞ്ഞ് കൈകൊട്ടി പാടി ഭിക്ഷ തേടുക'. 'കര്‍ത്താവേ അങ്ങയുടെ നാമത്തില്‍ ആടുകയും പാടുകയും ചെയ്യുന്നത് മറ്റൊരു സ്ഥലത്തായാല്‍ പോരേ? അസ്സീസി ഒഴിച്ച് ?' നിശിതമായിരുന്നു കര്‍ത്താവിന്‍റെ സ്വരം, പോരാ അസ്സീസിയില്‍ത്തന്നെ വേണം.' തെരുവില്‍ പാട്ടുപാടി ഭിക്ഷതേടിയ പുത്രനെ പീറ്റര്‍ ബെര്‍ണാര്‍ദോ മെത്രാന്‍റെ അരമനയില്‍ എത്തിച്ചിട്ടു പറഞ്ഞു 'ആകെ നാണക്കേടായി... എനിക്കവനെ വേണ്ടാ... ഞാനവനെ തള്ളിപ്പറയുകയാണ്'. തത്സമയം ഉടുത്തിരുന്ന വസ്ത്രം പോലും സ്വപിതാവിന്‍റെ പാദങ്ങളില്‍ അഴിച്ചുവച്ച് ആഹ്ലാദത്തോടെ ശൂന്യമായ കരങ്ങള്‍ ഉയര്‍ത്തി ലോകത്തിലേക്ക് ഇറങ്ങുന്ന ഫ്രാന്‍സീസിനെ കസന്‍ദ്സക്കീസിന്‍റെ 'ഗോഡ്സ് പോപ്പറി' ല്‍ കണ്ടുമുട്ടുമ്പോള്‍ നമ്മുടെ നെഞ്ചിലേക്ക് ഒരു തീ പടരുന്നു. പിതാവിന്‍റെ 'ലൗകികമൂല്യങ്ങളെ' ഉരിഞ്ഞെറിഞ്ഞ് പടിയിറങ്ങിയ ഫ്രാന്‍സീസ് നവസമൂഹസൃഷ്ടിയുടെ ആരംഭം പതിമൂന്നാം നൂറ്റാണ്ടില്‍ സാധ്യമാക്കിയത് ദാരിദ്ര്യത്തിന് പുത്തന്‍മാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു.
കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച് സുവിശേഷത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ഈശ്വര - മനുഷ്യദര്‍ശനമാണ് ഈ കൊച്ചു മനുഷ്യനെ ഇപ്രകാരമുള്ള സാമൂഹ്യ വിപ്ലവത്തിന് സജ്ജനാക്കിയത്. ജീവിച്ച കാലഘട്ടത്തിലെ സംഘടിത മതവ്യവസ്ഥിതികളില്‍നിന്നും രാഷ്ട്രീയ പിന്നാമ്പുറങ്ങളില്‍ നിന്നും അകന്നുമാറി മനനം ചെയ്തു ചിട്ടപ്പെടുത്തിയ യേശുമനോഭാവമാണ് സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാനും, മനുഷ്യരായി പരിഗണന ലഭിക്കാത്തവരുടെ സഹോദരനാകുവാനും പ്രചോദകമായത്. വര്‍ത്തമാനകാലത്ത് ദളിതരോടുള്ള ഐക്യദാര്‍ഢ്യമായി ധന്യമായ ഈ ജീവിതശൈലിയെ ദര്‍ശിക്കുവാനും, അവതരിപ്പിക്കുവാനും ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്.
ഫ്രാന്‍സീസും 'കമ്യൂണും'
ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ സന്താനമായി 1182 - ല്‍ ഇറ്റലിയിലെ അസ്സീസിയില്‍ പീറ്റര്‍ ബെര്‍ണാര്‍ദോന്‍റെയും ഡോണ പീക്കായുടെയും സീമന്തപുത്രനായാണ് ഫ്രാന്‍സീസിന്‍റെ ജനനം. തുണിവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ബെര്‍ണാര്‍ദോന് ധനവും ശ്രേയസ്സുമായിരുന്നു ആത്യന്തികലക്ഷ്യങ്ങള്‍. ഈ കാലഘട്ടങ്ങളില്‍ രാജാവിന്‍റെ ആശ്രിതരായി പ്രഭുക്കളും (ഘീൃറെ) അവരുടെ കീഴിലായി ജന്മികളും (ഘമിറ ഹീൃറെ) കാര്യസ്ഥരായി 'റ്റെനന്‍സും (ഠലിമിേെ) ഉണ്ടായിരുന്നു. റ്റെനന്‍റ്സില്‍ത്തന്നെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ 'വില്ലെയ്ന്‍സ്' എന്നും, അടിമകളുടെ സ്ഥാനം കല്പിക്കപ്പെട്ടിരുന്ന കൂലി പണിക്കാരെ, സെര്‍ഫ്സ് (ടലൃളെ) എന്നും വിളിച്ചിരുന്നു. ഉടമകളുടെ ആജ്ഞാനുവര്‍ത്തികളായി കേരളത്തില്‍ ഉണ്ടായിരുന്ന കുടിയാന്മാരുടെ അവസ്ഥയെക്കാളും ശോചനീയമായിരുന്നു ഇവരുടെ സാമൂഹികജീവിതം. എന്നാല്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഉണ്ടായിരുന്ന ബഹുമുഖസമ്പര്‍ക്കവും പുത്തന്‍ വ്യാപാരകേന്ദ്രങ്ങളുടെ രൂപം കൊള്ളലും അന്നത്തെ സാമൂഹിക സംവിധാനങ്ങളുടെ പൊളിച്ചെഴുതലിന് കാരണമാവുകയും ചെയ്തു.
വ്യാപാരബന്ധങ്ങളിലൂടെ സ്വായത്തമാക്കിയ പുത്തന്‍ കാഴ്ചപ്പാടുകള്‍ തുല്യതയ്ക്കും സാഹോദര്യ പരിഗണനക്കും വേണ്ടി വാദിക്കാനുള്ള ജനശക്തി വര്‍ദ്ധിപ്പിച്ചു. പുതുപ്പണക്കാരുടെ ശബ്ദത്തിന് ശക്തി ഉണ്ടാവുകയും, സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തപ്പോള്‍ കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ള സാമൂഹ്യക്ഷേമം ഫ്യൂഡല്‍വ്യവസ്ഥിതിയെ തൃണവത്കരിച്ച് വളര്‍ന്നുവന്നു. ഈ അവസരത്തിലാണ് വ്യാപാരത്തിലൂടെ സമ്പന്നരായവര്‍ സംഘടിച്ച് തുല്യതയുടെയും, സ്വാതന്ത്ര്യത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും മാതൃകാഭവനമായി കമ്യൂണിന് (Commune) രൂപം നലകിയത്. എന്നാല്‍ സമ്പത്ത് 'കമ്യൂണി'ന്‍റെ സ്ഥാന നിര്‍ണ്ണയത്തിനുള്ള സൂചികയായി വളര്‍ന്നപ്പോള്‍ വീണ്ടും അപചയം ആരംഭിച്ചു, ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ മറ്റൊരു പതിപ്പായി അത് അധഃപതിച്ചു.
ചരിത്രപരമായ ഇത്തരം മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായിരുന്ന ഫ്രാന്‍സീസ്, സാമ്പത്തികശേഷി കുറഞ്ഞവരുടെ രോദനത്തെ അവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള യേശുവിന്‍റെ ഇടപെടലായി തിരിച്ചറിഞ്ഞു. സുവിശേഷവചനങ്ങള്‍ സമ്മാനിച്ച തുറവി ഈ ചെറുപ്പക്കാരന് തന്‍റെ ജീവിതം യേശുവിനെ അനുകരിച്ച്, ദരിദ്രനായി ജീവിച്ച്, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രദര്‍ശിപ്പിക്കുവാനും, സുവിശേഷാത്മകമായ ജീവിതത്തിനുവേണ്ടി സഹോദരങ്ങളുടെ കൂട്ടായ്മക്ക്, സഹോദര സംഘത്തിന് (Fraternity) രൂപം കൊടുക്കുവാനുമുള്ള വേദിയായി. ജനമദ്ധ്യേ ജീവിച്ച് ദൈവസ്നേഹം സാഹോദര്യത്തിലൂടെ അവതരിപ്പിച്ച്, പതിമൂന്നാം നൂറ്റാണ്ടില്‍ സഭയിലും, സമൂഹത്തിലും വലിയൊരു വിപ്ലവത്തിന് ഫ്രാന്‍സീസ് നാന്ദി കുറിച്ചത് തന്‍റെ ജീവിതത്തില്‍ ദാരിദ്ര്യത്തെ സമത്വത്തിനും, സാഹോദര്യത്തിനും, സ്വാതന്ത്ര്യത്തിനുമുള്ള മാര്‍ഗ്ഗമാക്കിയതുകൊണ്ടായിരുന്നു. തന്മൂലം മനുഷ്യബന്ധങ്ങളില്‍ അധികാരത്തിന് ഉപരിയായി ശുശ്രൂഷയിലും, ആഡംബരങ്ങളെക്കാള്‍ ഉപരിയായി ലാളിത്യത്തിലും ജീവിച്ച ഫ്രാന്‍സിസ്കന്‍ ജീവിതശൈലി അനേകരെ സഹോദരസംഘത്തിലേക്ക് ആകര്‍ഷിച്ചു. ഫ്രാന്‍സീസിന്‍റെ ഈ കാഴ്ചപ്പാട് അസ്സീസിയിലെ ബിഷപ്പിനോടുള്ള മറുപടിയിലുണ്ട്. സുവിശേഷാത്മകമായ ജീവിതം നയിക്കുവാന്‍ അനുവാദം ചോദിച്ച ഫ്രാന്‍സീസിനോട് ബിഷപ്പ് സ്വത്തു കരുതുവാന്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സീസ് പറഞ്ഞു, 'പിതാവേ സ്വത്തു ശേഖരിച്ചാല്‍ അതു സംരക്ഷിക്കുവാന്‍ ആയുധം കരുതേണ്ടിവരും. സമ്പത്ത് ശത്രുതയ്ക്ക് കാരണമാവുകയും ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിന് തടസ്സമാവുകയും ചെയ്യും. അതിനാല്‍ ഞങ്ങള്‍ ഭൗതികസ്വത്തിന് ഉടമകളാകാന്‍ ആഗ്രഹിക്കുന്നില്ല. ദാരിദ്ര്യത്തെ സാഹോദര്യത്തിലേക്കുള്ള മാര്‍ഗ്ഗമാക്കിയുയര്‍ത്തി മനുഷ്യബന്ധങ്ങളില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു എന്നതാണ് ഫ്രാന്‍സീസിന്‍റെ ജീവിതചൈതന്യം. ഇതുതന്നെയായിരുന്നു വിശുദ്ധന്‍റെ വിപ്ലവവും.
ദളിതുകള്‍: ചില യാഥാര്‍ത്ഥ്യങ്ങളും അപകടങ്ങളും
നമ്മുടെ ഇടയില്‍ സാഹോദര്യത്തിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ, ലഭിക്കാതിരിക്കുകയോ ചെയ്യുന്നവരാണ് ദളിത് സഹോദരങ്ങള്‍. എല്ലാ രാഷ്ട്രീയകക്ഷികളും ഒരുപോലെ മറക്കുന്ന ഇവരുടെ വിമോചനം ഇന്ന് 'ഫ്രാന്‍സിസ്കന്‍' ദര്‍ശനത്തിന്‍റെ നിര്‍വ്വഹണത്തിലൂടെ സാധ്യമാവുന്നതാണ്. 1957 - ഏപ്രില്‍ അഞ്ചിന് ജനാധിപത്യമാര്‍ഗ്ഗത്തിലൂടെയുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നെങ്കിലും ദളിതുകളായ സഹോദരങ്ങളുടെ സ്ഥായിയായ സാമ്പത്തിക ഉന്നമനവും പങ്കാളിത്തവും ആകെയുള്ള ജനസംഖ്യയുടെ 11% വരുന്ന ദളിതരുടെ കൈവശമുള്ള ഭൂമി കേരളത്തിന്‍റെ ഭൂപ്രദേശത്തിലെ വെറും 2.94% മാത്രമാണ്. ഒരു ദളിത് കുടുംബത്തിന്‍റെ ശരാശരി കൈവശഭൂമിയുടെ കാര്യത്തില്‍ തൊഴിലാളി വര്‍ഗ്ഗകേരളം ഇന്‍ഡ്യന്‍ ശരാശരിയെക്കാള്‍ വളരെപിന്നിലാണ്. ഇന്‍ഡ്യയുടെ ശരാശരി ദളിത് കൈവശഭൂമി 0.49 ഹെക്ടറാണെങ്കില്‍ കേരളത്തില്‍ ഇത് വെറും 0.07 ഹെക്ടര്‍ മാത്രമാണ്,
ഉടയോരാകാതെ അടിയാളരായി ജീവിക്കേണ്ട സാമൂഹികക്രമം മണ്ണിന്‍റെ മക്കള്‍ക്കുമേല്‍ ചരിത്രം അടിച്ചേല്പിച്ചപ്പോള്‍ പരിഷ്കരണത്തിന്‍റെ ശക്തിയേറിയ വ്യക്തികളായി ശ്രീ നാരായണ ഗുരുദേവനും, അയ്യന്‍കാളി തുടങ്ങിയവരും കേരളമണ്ണില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവര്‍ണ്ണ വിഭാഗങ്ങളുടെ സാമുദായികസ്വത്വബോധത്തെ (Community identity) വര്‍ഗ്ഗബോധമായി (Class identity) പരിവര്‍ത്തനം ചെയ്തപ്പോള്‍ അവര്‍ണ്ണനേതൃത്വം സവര്‍ണ്ണകരങ്ങളിലേക്ക് വഴുതിപ്പോയി. അവര്‍ണ്ണവിഭാഗങ്ങളുടെ വിമോചനപ്രവര്‍ത്തനങ്ങളുടെ നേതൃത്വം പ്രാരംഭഘട്ടത്തില്‍ അതേ പശ്ചാത്തലത്തില്‍ നിന്നുള്ളവരുടെ കരങ്ങളിലായിരുന്നു. എന്നാല്‍ വര്‍ഗ്ഗവിപ്ലവത്തിലൂടെ അധഃസ്ഥിത വിഭാഗക്കാര്‍ പ്രസ്ഥാനത്തിന്‍റെ മുഖ്യധാരയില്‍ ഇടംകണ്ടെത്തിയില്ലെന്നതാണ് ചരിത്രസത്യം. തുടര്‍ന്ന് വര്‍ഗ്ഗസിദ്ധാന്തത്തിലൂടെ അവര്‍ണ്ണവിഭാഗങ്ങളുടെ വക്താക്കള്‍ എന്ന സ്ഥാനം പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ മനുഷ്യനെ പാര്‍ട്ടിയുടെ 'തൊഴിലാളി' എന്ന സങ്കുചിത അര്‍ത്ഥത്തിലേക്ക് ചുരുക്കുകയും, പരിണിതഫലമായി മനുഷ്യന്‍റെ സ്ഥായിയായ പ്രശ്നങ്ങള്‍ തൊഴിലും വേതനവും മാത്രമാണെന്ന തെറ്റായ ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ഇതുമൂലം സാമൂഹ്യ- സാംസ്കാരിക തലങ്ങളിലെ ഇടപെടലുകളില്‍ അപചയം സംഭവിക്കുകയും പുരോഗതി അസാദ്ധ്യമാവുകയുമാണ് ഉണ്ടായത്. ഇത്തരം പാളിച്ചകളെ വിലയിരുത്തുന്നതും ഉചിതമായ ക്രമപ്പെടുത്തലുകള്‍ നടത്തുന്നതും ദളിത് പ്രസ്ഥാനങ്ങളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്.
ഇന്ന് ഹിന്ദുത്വവാദം ഏകദേശീയത, ഏകസംസ്കാരം, ഏകജനത തുടങ്ങിയ ആശയങ്ങള്‍ അടിച്ചേല്പിച്ച് ബ്രാഹ്മണ്യ മേധാവിത്വത്തിലുള്ള ദേശീയ സംസ്കാര രൂപീകരണത്തിന് ഉന്നംവയ്ക്കുകയാണ്. 1911 മുതല്‍ മാത്രം ഹിന്ദുസമൂഹമെന്ന് ബ്രിട്ടീഷുകാരാല്‍ ഗണിക്കപ്പെടുകയും, 1928- ല്‍ ഹിന്ദുമഹാസഭയാല്‍ വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് ഹിന്ദുക്കളുടെ അവകാശത്തിന് അര്‍ഹരാവുകയും ചെയ്ത ദളിതര്‍ക്ക് ആധുനിക ഹിന്ദുത്വവാദം തങ്ങളുടെ മാന്യമായ നിലനില്പിനും അവകാശത്തിനും ഭീഷണി ഉയര്‍ത്തുകയാണ്, ആസൂത്രിത അടിമത്തത്തിലേക്കുള്ള പ്രയാണംകൂടിയാണിത്. ആര്യരുടെ അധിനിവേശം പോലുള്ള ചരിത്രസത്യത്തെ തിരുത്തി എഴുതാനും, ബാബാസാഹിബ് അംബേദ്കര്‍ ആര്യപുത്രനാണെന്നുവരെ സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ദളിത് പ്രസ്ഥാനങ്ങള്‍ക്കുനേരെയുള്ള ഭീഷണിയാണ്. മതത്തിന്‍റെ പേരില്‍ ദളിതരെ ഭിന്നിപ്പിച്ച് അവരുടെ ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമം കൂടിയാണ് ഇന്ന് നടക്കുന്നത്. ദളിതര്‍ ഹിന്ദുക്കളാണെങ്കില്‍ സംവരണരാഹിത്യവും ഭരണയന്ത്രത്തിന്‍റെ കപടത പുറത്തുകൊണ്ടുവരുന്നതാണ്. മതത്തിനുള്ളില്‍ത്തന്നെ വിശ്വാസികളെ 'പുതിയതും ' 'പഴയതും' ആയുള്ള വേര്‍തിരിവ് മതാത്മകയുടെ ധ്വംസനവും, മതമൂല്യങ്ങളുടെ വ്യഭിചരിക്കലുമാകുന്നു. ജന്മത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഇത്തരം ചേരിതിരിവ് വിവേചിച്ചറിഞ്ഞതിനാലാണ് അംബേദ്കര്‍ വിദ്യാഭ്യാസത്തിലൂടെ സത്യം അറിയാനും, സംഘടിക്കാനും സമരം ചെയ്യാനും, ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും തന്‍റെ സഹോദരങ്ങളെ ഉദ്ബോധിപ്പിച്ചത്. ഇതിലൂടെ ക്രിയാത്മകമായ സാമൂഹികോന്നമനത്തിനും ദളിതരുടെ സജീവ പങ്കാളിത്തം സാധ്യമാവുകയാണ് ചെയ്യുന്നത്.