news-details
മറ്റുലേഖനങ്ങൾ

സ്നേഹപൂര്‍വ്വം ഫ്രാന്‍സിസിന്

ലോകം മുഴുവനും നിന്‍റെ ഓര്‍മ്മകള്‍ നെഞ്ചേറ്റിലാളിക്കുന്ന ഈ ശുഭവേളയില്‍, ഫ്രാന്‍സീസ്, നീ ഉത്തരം കിട്ടാത്ത ഒരു കടങ്കഥയായി എന്‍റെയുള്ളില്‍ വളരുകയാണ്. പുരോഗമന ചിന്തകള്‍ ഒരു പക്ഷെ 'പഴഞ്ചന്‍' എന്നും 'പിന്തിരിപ്പന്‍' എന്നുമൊക്കെ നിന്നെ വിളിച്ചേക്കാം. എങ്കിലും ഫ്രാന്‍സീസ് നീയെനിക്കെന്നും പ്രിയപ്പെട്ടവന്‍ തന്നെ. മനസ്സില്‍ ബാക്കിനില്‍ക്കുന്ന ഒരു പിടി സംശയങ്ങള്‍ ഇനിയെങ്കിലും ഞാന്‍ ചോദിക്കട്ടെ.

അധികാരത്തിന്‍റെ കിന്നരിത്തൊപ്പിയും, ആഡംബരത്തിന്‍റെ കൊട്ടാരമുറ്റവും കിനാവുകണ്ട നീ എന്തേ പിന്തിരിഞ്ഞത്? സ്പൊളേറ്റോയുടെ തണുത്ത താഴ്വരയില്‍ നിന്‍റെ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ എന്തേ നീ തല്ലിയുടച്ചത്?

വാഴുന്നവരെ വീഴ്ത്താനും, വീണവര്‍ക്കുമുകളില്‍ പുതിയ സിംഹാസനമുറപ്പിക്കാനും തത്രപ്പെടുന്നവര്‍ക്ക്, ഫ്രാന്‍സീസ് നീയൊരു കടങ്കഥയാണ്. സൗഹൃദങ്ങളുടെ വിരുന്നുശാലകള്‍ വിട്ട്, ദൈവത്തിന്‍റെ ഊട്ടുമേശയിലേയ്ക്ക് എന്തേ നീ പിന്‍വാങ്ങിയത്? ്നാണയങ്ങളൊഴിയാത്ത മടിശ്ശീലകള്‍ എന്തേ ശൂന്യമാക്കിയത്? അസ്സീസി നഗരത്തിലെ നിശാനൃത്തങ്ങളില്‍ നിന്നും, സാന്‍ഡാമിയാനോയിലെ നിശബ്ദജാഗരണത്തിലേയ്ക്ക് എന്തേ നീ ചുവടുമാറിയത്? നുരയുന്ന ചഷകങ്ങളില്‍ സ്നേഹബന്ധങ്ങളുടെ ആഴമന്വേഷിക്കുന്നവര്‍ക്ക്, ഫ്രാന്‍സീസ് നീയൊരു പ്രഹേളികയാണ്.

അകവും പുറവും ഒരുപോലെ വേണമെന്ന് നീ വാശിപിടിച്ചതെന്തിന്? പുറങ്കുപ്പായത്തിനുള്ളിലണിഞ്ഞ രോമയുടുപ്പ് എല്ലാവരും കാണണമെന്നു നിര്‍ബന്ധിച്ചതെന്തിന്? എല്ലാപ്പൊരുത്തക്കേടുകളും ഒരു പുഞ്ചിരിയുടെ മറവിലൊളിപ്പിക്കാന്‍ ശീലിച്ചവര്‍ക്ക്, മുഖത്തേക്കാള്‍ ഭംഗിയായി മുഖംമൂടിയുണ്ടാക്കുന്നവര്‍ക്ക് ഫ്രാന്‍സീസ് നീയൊരു സമസ്യയാണ്.

ബ്യൂട്ടിപാര്‍ലറുകളുടെ കൃത്രിമ കുളിര്‍മയില്‍, ഫേഷ്യലിങ്ങും, മസാജിങ്ങും, ദിനചര്യയുടെ ഭാഗമാക്കി ചമയം ചാര്‍ത്തുന്നവര്‍ക്ക്, മേനിയില്‍ ചാരം പൂശിയ ഫ്രാന്‍സീസ്, നീ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്.

നിസ്സഹായരായ മനുഷ്യജന്മങ്ങള്‍ നിഷ്കരുണം ഇവിടെ ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍, നടവഴിയിലെ  പുഴുക്കളെപ്പോലും ചവിട്ടടിയില്‍പ്പെടാതെ എടുത്തുമാറ്റിയ ഫ്രാന്‍സീസ് നീയൊരു വെല്ലുവിളിയാണ്.

ആശ്രമസ്വച്ഛതയില്‍ കടന്നുകയറിയ കവര്‍ച്ചക്കാരനെപ്പോലും, ചിരപരിചിതനെപ്പോലെ ഉപചരിച്ചിരുത്തി സമ്മാനങ്ങള്‍ നല്‍കി പറഞ്ഞയച്ചതെന്തിന്? മനസ്സിലെപ്പോഴും അപഹരണത്തിന്‍റേയും, ആക്രമണത്തിന്‍റെയും ആവേശങ്ങള്‍ പേറുന്നവര്‍ക്ക് നീയൊരു പിന്‍വിളിയാണ്.

കാല്‍നടയായി കാതങ്ങള്‍ അലഞ്ഞു തളര്‍ന്നപ്പോഴും, ഒരു സവാരിക്കുതിരയെ വേണ്ടെന്നു വച്ചതെന്തിന്? വിളിപ്പാടകലെയെത്താന്‍ വിദേശനിര്‍മ്മിത വാഹനമില്ലാത്തതില്‍ പരിതപിക്കുന്നവര്‍ക്ക് നീയൊരു ചോദ്യചിഹ്നമാണ്.

ആത്മീയതയെ വില്പനച്ചരക്കാക്കി ലാഭനഷ്ടങ്ങളുടെ വില പേശുന്നവര്‍ക്ക്, അതിമാനുഷികതയുടെ അത്ഭുതങ്ങള്‍ കാട്ടാതെ, പഞ്ചക്ഷതങ്ങള്‍പോലും മറച്ച സാധാരണക്കാരനായി ഒതുങ്ങിയ നീ ഒരത്ഭുതമാണ്.

മതപരിവര്‍ത്തനത്തിന് ഭക്ഷണവും ബൈബിളും ആയുധമാക്കിയവര്‍ക്ക്, വേദപുസ്തകം വിറ്റ് വിശക്കുന്നവനപ്പം കൊടുക്കാന്‍ പറഞ്ഞ നീ; ആരാധനാലയങ്ങള്‍ അലങ്കൃതമാക്കാന്‍ കോടികള്‍ മുടക്കുന്നവര്‍ക്ക്, അള്‍ത്താരവിരികള്‍ വിറ്റ് ദരിദ്രനെയൂട്ടാന്‍ പറഞ്ഞ നീ ഉള്‍ക്കൊള്ളാനാവാത്ത സത്യമാണ്.

ജീവിതത്തിന്‍റെ സമസ്തമേഖലകളിലും എന്തു വിട്ടുവീഴ്ചകള്‍ക്കും, നീക്കുപോക്കുകള്‍ക്കും തയ്യാറുള്ളവര്‍ക്ക്, പ്രലോഭനങ്ങളകറ്റാന്‍ മുള്‍പ്പടര്‍പ്പിനു മീതെയുരുണ്ട് നിണമണിഞ്ഞ നീ ഒരു കടങ്കഥയാണ്.

ഒടുവില്‍ ... അനുശോചന സമ്മേളനങ്ങളില്ലാതെ, സ്മാരകസ്തൂപങ്ങള്‍ അവശേഷിപ്പിക്കാതെ ഒരു യാചനകനെപ്പോലെ നഗ്നനായി നീ മരിച്ചതെന്തിന്?

അതെ ഫ്രാന്‍സീസ്... നീയൊരു കടങ്കഥ തന്നെ!

എങ്കിലും നീ ഒരിക്കല്‍ക്കൂടി മടങ്ങി വരിക. ഈ ഊഷരഭൂമിയില്‍ ഒരു വേനല്‍മഴയായി പെയ്തിറങ്ങുക. വര്‍ണ്ണാഭമായ വസന്തത്തിനു മുമ്പുള്ള ഒരിലപൊഴിയല്‍ക്കാലമായി ഞാന്‍ ഇന്നിനെ കാണട്ടെ. പുതുനാമ്പുകളുണരുന്ന പൂക്കാലവും ഞാന്‍ സ്വപ്നം കാണട്ടെ. ആക്രമണത്തിന്‍റെ പടവാളുയര്‍ത്താതെ, ആത്മരക്ഷയുടെ പരിചയേന്താതെ, ആത്മാവുകളെ കീഴടക്കി ഒരിക്കല്‍കൂടി നീ വരിക.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts