പോര്‍സ്യുങ്കുല ദേവാലയത്തിന്‍റെ കല്‍ഭിത്തിയില്‍ ചാരി ഫ്രാന്‍സിസ് ഇരുന്നു. പുറത്ത് ഇരുട്ടിന് കനംവെച്ചുവരുന്നു. അങ്ങ് ദൂരെ അസ്സീസി പട്ടണത്തില്‍ നിന്ന് വല്ലാത്ത ആരവം. യുദ്ധത്തിനുള്ള പുറപ്പാടാണ്. പ്രഭാതത്തില്‍ ദിവ്യബലിയുടെ സമയത്താണ് ഫ്രാന്‍സിസും അതറിഞ്ഞത്. പരിശുദ്ധ സിംഹാസനത്തില്‍നിന്ന് ആഹ്വാനം വന്നിരിക്കുന്നു. "തുര്‍ക്കികളുടെ കൈയില്‍നിന്നും വിശുദ്ധസ്ഥലങ്ങള്‍ പിടിച്ചെടുക്കണം. ഈ പ്രാവശ്യം ശത്രുക്കളെ നിഗ്രഹിക്കാതെ മടങ്ങുന്ന പ്രശ്നമില്ല. അതുകൊണ്ട് എല്ലാ യുവാക്കളും കുരിശുയുദ്ധത്തിന് തയ്യാറാകുന്ന മറ്റ് പടയാളികളോട് ചേരണം." പറഞ്ഞുനിറുത്തുമ്പോള്‍ വൃദ്ധനായ പുരോഹിതന്‍ ആവേശത്താല്‍ വിറച്ചു. ദിവ്യപൂജ കഴിഞ്ഞപ്പോള്‍, ആക്രോശിച്ചു കൊണ്ടാണ് പലരും പുറത്തിറങ്ങിയത്. "ഒന്നിനെയും വെറുതെ വിടരുത്... ചുട്ടുകൊല്ലണം എല്ലാറ്റിനെയും" കൈയിലിരുന്ന വാളൂരി ഒരു യുവാവ് ആഞ്ഞുവീശി. എല്ലാവരുടെയും മുഖത്ത് വന്യമായൊരാവേശം. നാളുകളായി മനസ്സില്‍ എവിടെയോ ഒളിഞ്ഞുകിടന്ന വിദ്വേഷവും, അമര്‍ഷവും അണപൊട്ടി ഒഴുകുന്നതുപോലെ.
പട്ടണത്തിലെ ആരവത്തിന് ശക്തികൂടി വരുന്നു. അഗ്നിയില്‍ പഴുപ്പിച്ച് വാളുകള്‍ മൂര്‍ച്ചകൂട്ടുന്നതിന്‍റെ ചിലമ്പുന്ന സ്വരം. കുതിരകള്‍ പ്രതിഷേധിച്ച് ഉച്ചത്തില്‍ കരയുന്ന കാതുതുളപ്പന്‍ ശബ്ദം.
എന്തുചെയ്യണം. ഒന്നും വ്യക്തമാകുന്നില്ല... വല്ലാത്തൊരസ്വസ്ഥത... ഫ്രാന്‍സിസ് സാവധാനം എഴുന്നേറ്റു. മാതാവിന്‍റെ തിരുസ്വരൂപചിത്രത്തിനു മുമ്പിലെ വിളക്ക് മങ്ങി കത്തുന്നു. ഭിക്ഷയാചിച്ച് കിട്ടിയ എണ്ണയില്‍ അല്പം ബാക്കിയുണ്ട്. വിളക്കിലേക്ക് എണ്ണ പകര്‍ന്നു. ജ്വലിച്ചുകത്തുന്ന തിരിനാളത്തിനുമുമ്പില്‍ ഫ്രാന്‍സിസ് നിന്നു. തുകല്‍ പൊതിഞ്ഞ പഴകിയ വിശുദ്ധഗ്രന്ഥം കൈയിലെടുത്തു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അധ്യായം 2. വാക്യം 4. "അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും, കുന്തങ്ങളെ കൊയ്ത്തരിവാളായും അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല."
വി. ഗ്രന്ഥം അടച്ച് സ്വസ്ഥാനത്ത് വെക്കുമ്പോള്‍ ഫ്രാന്‍സീസിന്‍റെ ചുണ്ടുകള്‍ വല്ലാത്തൊരാവേശത്തോടെ ഉരുവിട്ടു ... കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ദൂതനാക്കണമേ...
വിദ്വേഷമുള്ളിടത്ത് സ്നേഹവും; ദ്രോഹമുള്ളിടത്ത് ക്ഷമയും...
* * * *
ഒരിക്കല്‍ സഹസന്ന്യാസികള്‍ക്കുള്ള അനുശാസനങ്ങളില്‍ ഫ്രാന്‍സിസ് ഇപ്രകാരം കുറിച്ചിട്ടു. "ഈ ലോകജീവിതത്തില്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നാലും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി മനസ്സിലും, ശരീരത്തിലും ശാന്തി നിലനിറുത്തുന്നവരാണ് യഥാര്‍ഥത്തില്‍ സമാധാനം സ്ഥാപിക്കുന്നവര്‍."
* * * *
ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍. ഒരു തണല്‍ വൃക്ഷത്തിന്‍റെ അരികുചേര്‍ന്ന് ഫ്രാന്‍സിസ് നിന്നു. വല്ലാത്ത ദാഹം. ഭിക്ഷയാചിച്ചു കിട്ടിയ ഒരു റൊട്ടിയും അല്പം വെള്ളവും ബാക്കിയുണ്ട്. വെള്ളമെടുത്ത് ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. റൊട്ടിയില്‍നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് വിരലുകള്‍കൊണ്ട് ചെറുതുണ്ടുകളാക്കി. ആദ്യമായിട്ടാണ് ഇത്ര കൊടിയ ചൂട് അനുഭവിക്കുന്നത്. ചുറ്റും നരച്ച് ഉണങ്ങിയ മണല്‍പാടങ്ങള്‍. അസ്സീസിയിലെ അല്‍വേര്‍ണ മലമുകളില്‍ ചെലവഴിച്ച ദിനങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് ഓര്‍ത്തു. മലനിരകളും, പച്ചപിടിച്ച കാടുകളും... അവിടെ പ്രാര്‍ത്ഥനയില്‍ ചെലവിട്ട നാളുകള്‍... പക്ഷികളും, പുഴകളും, കാട്ടുമരങ്ങളും... പ്രകൃതിയുമായി ഒന്നായ ദിവസങ്ങള്‍. ഈ നാട് തികച്ചും വ്യത്യസ്തമാണ്. കണ്ണെത്താത്ത ദൂരത്തോളം തരിശുപിടിച്ചു മരിച്ച ഭൂമി. മുഹമ്മദ്നബിയെ ദൈവത്തിന്‍റെ അവസാന പ്രവാചകനായി കാണുന്ന മനുഷ്യരുടെ ലോകം.
ഇവിടെ എത്തിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. കുരിശുയുദ്ധത്തിന് പുറപ്പെട്ട പടയാളികളോടൊപ്പം കരയിലൂടെയും, കടലിലൂടെയും അനേക ദിവസത്തെ യാത്ര. അവരോടൊപ്പം താത്കാലിക കൂടാരങ്ങളില്‍ ചെലവഴിച്ച ദിവസങ്ങള്‍. യുദ്ധത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഫ്രാന്‍സിസിന്‍റെ മുഖം വിഷാദം കൊണ്ട് കനത്തു. എത്ര ക്രൂരമായാണ് പടയാളികള്‍ ഇവിടെയുള്ള മനുഷ്യരോട് പെരുമാറിയത്. സ്ത്രീകളെ, കുഞ്ഞുങ്ങളെപോലും അവര്‍ വാള്‍ത്തലയില്‍നിന്ന് ഒഴിവാക്കിയില്ലല്ലോ.
മധ്യാഹ്നമായി കാണണം. ഗ്രാമത്തിലെ മുസ്ലീം ദേവാലയത്തില്‍നിന്ന് ബാങ്കു വിളിയുയര്‍ന്നു. ഒപ്പം അല്ലാഹുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതിന്‍റെ ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനകളും. ക്രൂശിതനായ യേശുവിന്‍റെ ചിത്രം ഫ്രാന്‍സിസിന്‍റെ മനസ്സില്‍ തെളിഞ്ഞു. ചുട്ടുപഴുത്ത മണലില്‍ മുട്ടുകള്‍ അമര്‍ത്തി ഫ്രാന്‍സിസ് മന്ത്രിച്ചു. "കര്‍ത്താവേ..."
സുല്‍ത്താനുമായി കണ്ടുമുട്ടിയ നിമിഷങ്ങള്‍. ദൈവത്തിന്‍റെ ആത്മാവാണ് ആ സമയത്ത് തന്‍റെ നാവിലൂടെയും, ശരീരത്തിലൂടെയും ഒഴുകിയത്. ഫ്രാന്‍സിസ് ഓര്‍ക്കാന്‍ ശ്രമിച്ചു. മൂന്ന് പടയാളികളാണ് അലഞ്ഞുനടന്ന തന്നെ ബന്ധിച്ച് കൊട്ടാരത്തില്‍ എത്തിച്ചത്. മുമ്പില്‍ കുരിശാകൃതിയില്‍ ചിത്രപ്പണി ചെയ്തൊരു പരവതാനി. സുല്‍ത്താന്‍റെ സമീപത്ത് ചെല്ലണമെങ്കില്‍ ആ കുരിശുരൂപത്തില്‍ ചവിട്ടിവേണം മുന്നോട്ട് നീങ്ങാന്‍. തന്നെ പരീക്ഷിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സുല്‍ത്താന്‍ ഒരുക്കിയ കെണി. ഫ്രാന്‍സിസ് വചനത്തിനായി കാതോര്‍ത്തു. "കര്‍ത്താവേ... എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ദൂതനാക്കണമേ..." ആ കുരിശുരൂപത്തില്‍ ചുവടുകള്‍ ഉറപ്പിച്ച് ഫ്രാന്‍സിസ് സുല്‍ത്താന്‍റെ സമീപത്തേക്ക് നടന്നു നീങ്ങി.
'നീ'... സുല്‍ത്താന്‍റെ ശബ്ദം ഉയര്‍ന്നു. "യേശുവിന്‍റെ സ്നേഹഗായകന്‍. ദൈവസ്നേഹത്തെക്കുറിച്ച് അങ്ങയുടെ പ്രജകളോട് സംസാരിക്കാന്‍ അനുവാദം തരണം."
"കുരിശുരൂപത്തെ ചവിട്ടി മലിനമാക്കിയ നിനക്ക് ക്രൂശിതനുമായി എന്തു ബന്ധം?"
യേശുവിനെ കൂടാതെ അനേകംപേര്‍ മരക്കുരിശില്‍ കൊല്ലപ്പെട്ടിട്ടുണ്ട് അവയില്‍ ഒന്നില്‍ ചവിട്ടിയാണ് ഞാന്‍ അങ്ങയെ സമീപിച്ചത്."
സുല്‍ത്താന്‍റെ കണ്ണുകളിലെ ക്രോധം അത്ഭുതത്തിന് വഴിമാറി.
ദൈവസ്നേഹത്തെക്കുറിച്ചും, അവന്‍റെ വചനം ഭൂമിയിലേക്ക് ചൊരിഞ്ഞ സമാധാനത്തെക്കുറിച്ചും ഫ്രാന്‍സിസ് പാടി. ഗാനം നൃത്തമായി. ചുവടുകള്‍വച്ച് എല്ലാം മറന്ന് വിശുദ്ധന്‍ നൃത്തംചെയ്തു.
"അനുവാദം തന്നിരിക്കുന്നു... ഈശ്വര സ്നേഹത്തെക്കുറിച്ച് ആടുകയോ... പാടുകയോ ചെയ്തു കൊള്ളുക... പക്ഷേ ഇത് നിനക്ക് മാത്രമുള്ള നമ്മുടെ പ്രത്യേക അനുവാദമാണ്." സുല്‍ത്താന്‍റെ ശബ്ദത്തില്‍ കാരുണ്യത്തിന്‍റെ നനവ്.
* * * *
ദൈവം കാണുന്നതുപോലെ ലോകത്തെ കാണുന്നവരുടെ മുമ്പില്‍ അവശേഷിക്കുന്നത് സമാധാനത്തിന്‍റെ പാത മാത്രമാണ്. സമ്പത്തിന്‍റെയും കുലീനതയുടെയും, മതത്തിന്‍റെയും പേരില്‍ പരസ്പരം മുറിപ്പെടുത്തുന്നൊരു കാലഘട്ടത്തില്‍ ജനിച്ച ഫ്രാന്‍സിസ് കുറഞ്ഞകാലംകൊണ്ട് ഈ സത്യം അറിഞ്ഞു. "സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍, എന്തെന്നാല്‍ അവര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും." പിന്നീടുള്ള ജീവിതത്തില്‍ വിശുദ്ധന് വെളിച്ചം പകര്‍ന്നത് ഈ ഉള്‍ക്കാഴ്ചയായിരുന്നു. സമാധാനം എന്ന് ആര്‍ത്തുപാടികൊണ്ട്, സമൂഹം സൃഷ്ടിച്ച മുറിവുകളില്‍ സൗഖ്യത്തിന്‍റെ തൈലം ചൊരിഞ്ഞുകൊണ്ട് അസ്സീസിയിലെ ഫ്രാന്‍സിസ് കടന്നുപോയി.
* * * *
ഫ്രാന്‍സിസിന്‍റെ ആദ്യകാലസുഹൃത്തായിരുന്ന ലിയോ, വിശുദ്ധന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. നേര്‍ത്ത ശബ്ദത്തില്‍ ഫ്രാന്‍സിസ് പറയാന്‍ തുടങ്ങി. "എന്‍റെ ദൈവമേ... എല്ലാ സൃഷ്ടജാലങ്ങളാലും, പ്രത്യേകിച്ച് സൂര്യ സഹോദരനാലും അങ്ങ് സ്തുതിക്കപ്പെടട്ടെ." ഫ്രാന്‍സിസ് പറഞ്ഞുകൊണ്ടിരുന്നു. ആ വാക്കുകള്‍ കുറിച്ചെടുക്കുമ്പോള്‍ ലിയോ സ്വയം പറഞ്ഞു. 'എന്തൊരത്ഭുതമനുഷ്യന്‍...' കാഴ്ച പകുതിയും നഷ്ടമായി ഫ്രാന്‍സിസ് വേദന അനുഭവിച്ചു കൊണ്ടിരുന്ന നാളുകളായിരുന്നു അത്. സൂര്യപ്രകാശം പതിച്ചാല്‍ കഠിനമായ വേദനയുളവാകുന്നൊരു രോഗമാണ് ഫ്രാന്‍സിസിനെ ബാധിച്ചിരുന്നത്. എന്നിട്ടും എല്ലാം മറന്ന് സൂര്യസഹോദരനെ സൃഷ്ടിച്ചതോര്‍ത്ത് ഫ്രാന്‍സിസ് ദൈവത്തിന് കീര്‍ത്തനം രചിച്ചു.
നിര്‍വചനങ്ങള്‍ക്ക് അതീതമായ മനസ്സിന്‍റെ ഭാവമാണ് സമാധാനം. സ്നേഹിക്കപ്പെട്ട മനസ്സില്‍ ഉണരുന്ന ശാന്തിയുടെ നിറവ്. അതുകൊണ്ടായിരിക്കണം സമാധാനത്തെക്കുറിച്ച് വാക്കുകള്‍കൊണ്ടൊരു വിശദീകരണത്തിന് ഫ്രാന്‍സിസ് മുതിരാതിരുന്നത്. എങ്കിലും ജീവിതംകൊണ്ട് ഫ്രാന്‍സിസ് സമാധാനമായി മാറി... സമാധാനം ഫ്രാന്‍സിസും.