news-details
മറ്റുലേഖനങ്ങൾ

അസ്സീസി അപൂര്‍വ്വമാതൃക

ജന്മനാ ഞാനും അസ്സീസിയും ഒരേ കുടുംബക്കാരാണ്; നമ്മളെല്ലാം ഒരു കുടുംബക്കാരണല്ലോ. നമ്മുടെ ഈ മഹാകുടുംബത്തില്‍ ബുദ്ധനും ക്രിസ്തുവും ശങ്കരനും മുഹമ്മദും ഗാന്ധിജിയും ഉണ്ട്. കൃഷ്ണനും കംസനും രാമനും രാവണനുമുണ്ട്. അമൃതും കാളകൂടവും ഒരേ പാലാഴിയില്‍ നിന്നുതന്നെ ഉത്ഭവിച്ച സഹോദരരാണ്. കരിമ്പും കാഞ്ഞിരവും ഒരേ മണ്ണിന്‍റെ മക്കളാണ്. ആജന്മ ബ്രഹ്മചാരികള്‍ക്കും മഹാഭോഗികള്‍ക്കും നമ്മുടെ കുടുംബം ജന്മം നല്‍കിക്കൊണ്ടിരിക്കുന്നു. വാനോളം ഉയര്‍ന്ന അഭിമാനത്തിനും പാതാളത്തേക്കാള്‍ താണ അപമാനത്തിനും നാം അര്‍ഹരാണ്. ഒരു ദിവസത്തില്‍ ഇരുട്ടും വെളിച്ചവും ഉള്ളതുപോലെ മനുഷ്യന്‍ എന്നതില്‍ നന്മയും തിന്മയുമുണ്ട്. ദിവസത്തില്‍ രാവും പകലും എന്നും ഒരു പോലെയല്ല. അതുപോലെ മനുഷ്യനില്‍ ഗുണവും ദോഷവും ഏറിയും കുറഞ്ഞും വരും.

വ്യക്തിയില്‍ പുണ്യപാപങ്ങള്‍ ഇടകലര്‍ന്നിരിക്കുന്നതുപോലെ സമൂഹത്തിലും സംഭവിക്കും. എന്നും ഇത് ഒരുപോലെ ഒരേ അളവില്‍ ആയിരിക്കുന്നില്ല. ദുര്‍ജ്ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നതുപോലെ സജ്ജനങ്ങളുടെ എണ്ണവും വര്‍ദ്ധിക്കാം. കാലത്തിനും ഇതു ബാധകമാണ്. കലിയുഗം പോലെ സത്യയുഗവും കാലലീലയുടെ ഭാഗമാണ്. ജീവിതം എന്ന ഈ മഹാനാടകത്തില്‍ നമ്മുടെ റോള്‍ എന്താണ് എന്നു നിശ്ചയിക്കുന്നതാര്? നാടകകൃത്താണോ നടന്മാരാണോ? ഞാന്‍ ഏതുവേഷം ഇഷ്ടപ്പെടുന്നു? കാപാലികനാകാനാണോ? ശങ്കരനാകാനാണോ? യേശുവിനെ പിന്‍പറ്റണോ ബറാബാസിനെ പിന്‍പറ്റണമോ? രണ്ടുപേരും ഇവിടെ ഉണ്ട്. ഞാന്‍ ഇതില്‍ ഏതു സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പു നടത്തുവാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടോ? അതോ സ്രഷ്ടാവിന്‍റെ ഇച്ഛ അതേപടി എന്നിലൂടെ നടപ്പാവുകയാണോ? അവിടുത്തെ ചരടുവലിക്കനുസരിച്ച് കൈ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യേണ്ടുന്ന കേവലം പാവകളാണോ നാം?

തീര്‍ത്തും തീരുമാനം പറയുവാന്‍ എനിക്കറിഞ്ഞുകൂടാ. എന്‍റെ വിചാരം ഒരു പരിധിവരെ എങ്കിലും സ്വയം രൂപീകരണത്തിനുള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്കു തന്നിട്ടുണ്ടെന്നാണ്. ഫ്രാന്‍സീസ് അസ്സീസിയുടെ ജീവിതം ഈ നിഗമനത്തിന്‍റെ തെളിവാണ്. സമ്പന്നനായി അവിടുത്തേയ്ക്ക് ജീവിക്കാമായിരുന്നു. അളവറ്റ സ്വത്തും പട്ടുവ്യാപാരവും സുഖസൗകര്യങ്ങളും ഉണ്ടായിരുന്നതിന്‍റെ മദ്ധ്യത്തില്‍നിന്നാണ് ചാക്കുടുത്ത് തെരുവുതെണ്ടി ആയത്. അസ്സീസിയെ നാം കണ്ടിട്ടില്ലല്ലോ. ഗാന്ധിജിയെ നമ്മില്‍ പലരും നേരില്‍ കണ്ടിരിക്കും. അദ്ദേഹം തന്നെ എഴുതിയ അദ്ദേഹത്തിന്‍റെ ആത്മകഥ നമ്മുടെ മുമ്പിലുണ്ട്. അതിലേക്ക് നോക്കൂ. ബാല്യത്തില്‍ ഗാന്ധിജി ഭീരുവായിരുന്നു. ഭോഗപ്രിയനായിരുന്നു. തീറ്റപ്രിയനായിരുന്നു. ദുര്‍മാര്‍ഗ്ഗികളുടെ കൂട്ടുകെട്ടുണ്ടായിരുന്നു. മോഷ്ടിച്ചിട്ടുണ്ട്. 13-ാം വയസ്സില്‍ വിവാഹിതനായി. പിതാവു മാറാരോഗം ബാധിച്ച് മരിക്കുമ്പോള്‍ മോഹന്‍ദാസ്സ് കസ്തൂര്‍ബായോടൊന്നിച്ച് ശയനത്തിലായിരുന്നുവെന്ന് ഗാന്ധിജി തന്നെ രേഖപ്പെടുത്തുന്നു. പതുക്കെ ഗാന്ധി, തന്നെ, രൂപീകരിക്കുവാന്‍ ശ്രമമാരംഭിച്ചു. ബാല്യത്തില്‍ പാമ്പ് എന്നുകേട്ടാല്‍ പേടിച്ചുവിറയ്ക്കുമായിരുന്ന ഗാന്ധിയുടെ ദേഹത്തിലൂടെ മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുകയറിയിട്ടും ഭയപ്പെട്ടില്ല. മാറില്‍ വെടിയുണ്ട ഏറ്റിട്ടും 'ഹേ, റാം' എന്നുച്ചരിച്ചതേ ഉള്ളൂ. ഈ മാറ്റമാണ് മനുഷ്യനെ മറ്റു ജന്തുജാലങ്ങളില്‍നിന്ന് ശ്രേഷ്ഠനാക്കുന്നത്. സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് വളരെ അപൂര്‍വം പേര്‍ക്കുമാത്രമേ നല്ലതു തെരഞ്ഞെടുത്ത് നന്മ ആയിത്തീരാന്‍ കഴിയു എന്ന് സമ്മതിക്കുന്നു. ആ അപൂര്‍വത്തില്‍ ഒരസാധാരണ വ്യക്തി ആയിരുന്നു അസ്സീസിയിലെ ഫ്രാന്‍സീസ്. ആ യുവാവ് സ്വകാര്യസുഖസൗകര്യങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് തന്‍റെ ജീവിതം ജീവരാശിക്ക് സമര്‍പ്പിച്ചു. ശ്രീബുദ്ധന്‍ ചെയ്തതു തന്നെ ചെയ്തു. മറ്റുള്ളവരെ ആനന്ദിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുവാന്‍ അസ്സീസിക്കു കഴിഞ്ഞു.

കരിമീന്‍ കൂട്ടുന്നതില്‍ ജനം ആനന്ദം കണ്ടെത്തുന്നു, അദ്ദേഹം വീശുകാരനില്‍നിന്ന് കരിമീനുകളെ വാങ്ങി വെള്ളത്തിലേക്ക് വിട്ട് അവ ഓടിക്കളിക്കുന്നതു കാണുന്നതില്‍ ആനന്ദം കണ്ടെത്തി. കുഷ്ഠരോഗിയില്‍നിന്ന് എല്ലാവരും ഓടിമാറി സ്വയം രക്ഷിക്കുമ്പോള്‍ അസ്സീസി അവരെ വാരിപ്പുണര്‍ന്ന് ശുശ്രൂഷിച്ച് അവര്‍ക്കാശ്വാസം നല്‍കുന്നതില്‍ സന്തോഷിച്ചു. എങ്ങിനേയും സമ്പന്നരാകാന്‍ എല്ലാവരും ഓടുമ്പോള്‍ അസ്സീസി സമ്പത്തുപേക്ഷിച്ച് സ്വയം ദാരിദ്ര്യം വരിച്ച് ദരിദ്രരോടൊത്തു ജീവിച്ച് അവര്‍ക്കാശ്വാസം നല്‍കി സ്വയം ആശ്വാസം കണ്ടെത്തി.

എത്രയോ അത്ഭുതങ്ങള്‍ അസ്സീസിയുടെ ജീവിതത്തില്‍ നാം കാണുന്നു. തെരുവില്‍ ജനത്തോടു സംസാരിക്കുമ്പോള്‍ മരത്തില്‍ കൂട്ടമിട്ട് ചിലയ്ക്കുന്ന പക്ഷികളോട് ഇപ്പോള്‍ നിശബ്ദരായിരിക്കൂ ഞാന്‍ പറയുന്നതിവര്‍ കേള്‍ക്കട്ടെ എന്ന് പറഞ്ഞ് പക്ഷികളെ അനുസരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗ്രാമവാസികളെ നിരന്തരം ഭീതിപ്പെടുത്തിക്കൊണ്ടിരുന്ന അതിഭീകരനായ ഒരു ചെന്നായുടെ കാട്ടിലെ ഗുഹയില്‍ചെന്ന് അവനുമായി അദ്ദേഹം സന്ധി ചെയ്തു. പിന്നീടവന്‍ ആ ഗ്രാമത്തെ വേദനിപ്പിച്ചില്ല. ഇതുമാതിരിയുള്ള അത്ഭുതസംഭവങ്ങള്‍ എല്ലാം പെറുക്കി മാറ്റിയാല്‍ അസ്സീസി അതിനെല്ലാം ഉപരി തിളങ്ങുന്ന സ്നേഹരൂപനാണെന്നു കാണാം. മഹാപുരുഷന്മാരുടെ മഹത്വം അത്ഭുതസിദ്ധികളിലൂടെ വിലയിരുത്തുന്നവരാണ് സജ്ജനം. മരിച്ച പെണ്‍കുട്ടിയെ കൈപിടിച്ച് എഴുന്നേല്പിച്ച യേശുവിനെയാണ് ലോകത്തിനാരാധിക്കാനിഷ്ടം. ആ കുട്ടി ഇന്ന് ജീവിച്ചിരിപ്പില്ല. ക്രിസ്തു സുഖപ്പെടുത്തിയവരും ജീവിപ്പിച്ചവരുമെല്ലാം പിന്നീടു മരിച്ചുപോയി. എന്നാല്‍ അവിടുത്തെ സമര്‍പ്പണം പരിധി ഇല്ലാത്ത സ്നേഹം. അത് അസ്സീസിയിലൂടെ ശതാബ്ദങ്ങള്‍ക്കുശേഷവും ജീവിക്കുന്നതായി നാം കാണുന്നു. ഇന്നും അത് ജീവിക്കുന്നു.

എല്ലാവരേയും സ്വന്തമായി കണ്ട് അവര്‍ക്കുവേണ്ടി ജീവിക്കുവാന്‍, അവര്‍ക്കുവേണ്ടി സ്വന്തം ജീവിതസൗകര്യങ്ങള്‍ ഉപേക്ഷിക്കുവാന്‍, കഷ്ടപ്പെടുന്നവരോട് ചേര്‍ന്ന് അവരെ ആശ്വസിപ്പിക്കുവാന്‍, മുന്നോട്ടുവന്നു അസ്സീസി. അതാണ് നാം പിന്‍പറ്റേണ്ടുന്നത്. ചെന്നായെ വശീകരിക്കുവാന്‍ സര്‍ക്കസ്സുകാരനും കഴിയുമല്ലോ. നാം അനുകരിക്കേണ്ടതതല്ല. ഫ്രാന്‍സീസ് അസ്സീസിയുടെ പ്രപഞ്ചലയമാണ് നമ്മുടെ വര്‍ഗ്ഗം ലക്ഷ്യമാക്കേണ്ടത്. നാം ഓരോരുത്തരും ചുറ്റുപാടുമായി കഴിയുന്നത്ര ലയിച്ചു ജീവിക്കുവാന്‍ ശ്രമിക്കുക. ആരേയും അന്യരായിക്കരുതി അകറ്റരുത്. സ്വന്തമായി കണ്ട് അടുത്തു പെരുമാറണം. മറ്റുള്ളവരോട് അടുക്കുന്തോറും നാം ലളിതരാകും. അവര്‍ക്കുവേണ്ടിയുള്ള കഷ്ടപ്പാട് സന്തോഷമാകും. സഹനം ആനന്ദമാകും. അതല്ലേ അസ്സീസി.

സ്വകാര്യജീവിതം എളുപ്പമാണ്, അതിനു സാധന ഒന്നും വേണ്ട. ഭോഗത്തിന് ജന്തുവിന്‍റെ തലം മതി. ഉയരേണ്ട ആവശ്യമില്ല. ഈശ്വരവിശ്വാസം സ്വകാര്യജീവിതത്തിന്‍റെ തുടര്‍ച്ചയായി കൊണ്ടുനടക്കാന്‍ ബദ്ധപ്പാടില്ല. നാമതാണ് ചെയ്യുന്നത്. ഈശ്വരവിശ്വാസത്തെ വിശ്വസാഹോദര്യവുമായി അസ്സീസി ബന്ധപ്പെടുത്തി. അപ്പോള്‍ അദ്ദേഹത്തിന് ചാക്ക് ഉടുക്കേണ്ടിവന്നു. പട്ടു തന്നെ ഉടുത്ത് അദ്ദേഹത്തിനു മരിക്കാമായിരുന്നു. പട്ടുടുത്ത് സ്വകാര്യജീവിതാനന്ദം നുകര്‍ന്ന് നമ്മുടെ മാതിരി ആത്മനാശം വരുത്തി ദുഃഖിച്ചു ജീവിക്കാമെന്നിരിക്കെ അദ്ദേഹം പരാര്‍ത്ഥമായി ജീവിച്ച് തനിക്കും മറ്റുള്ളവര്‍ക്കും ആനന്ദം പകര്‍ന്ന് നിത്യാനന്ദത്തില്‍ ലയിച്ച് നമുക്കെല്ലാം മാതൃകയായി. ചിരംജീവി ആയി. അനശ്വരനായി. ആ വഴി നമ്മുടെ കൊച്ചു കൊച്ചു ജീവിതത്തോണികള്‍ തിരിച്ചു തുഴയുവാന്‍ തുടങ്ങിയാല്‍ മാത്രമേ ഭൂമി സ്വസ്ഥമാകൂ. ഇനിയും ആയുധം വാങ്ങാനും സ്വത്തു സമ്പാദിക്കുവാനും അന്യോന്യം തോല്പിക്കുവാനുമാണല്ലോ വ്യക്തികളും സമുദായങ്ങളും രാഷ്ട്രങ്ങളും തുനിയുന്നത്. പാക്കിസ്ഥാനേക്കാള്‍ ആയുധശേഖരം ഇന്‍ഡ്യക്കാണെന്നറിയുന്നതില്‍ നാം ലജ്ജിക്കാന്‍ തുടങ്ങുമ്പോഴേ നാം മനുഷ്യരാകൂ. അന്നേ അസ്സീസി ലോകത്തിന് മാതൃകയാകൂ.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts