സ്വാര്‍ത്ഥതയുടെയും സുഭിക്ഷതയുടെയും ഘോരാന്ധകാരത്തില്‍പെട്ടു നട്ടം തിരിഞ്ഞിരുന്ന - ചരിത്രത്തിലെ അന്ധകാരയുഗമായി ചിത്രീകരിക്കപ്പെട്ടിരുന്ന - മദ്ധ്യയുഗത്തിലെ യൂറോപ്യന്‍ അന്തരീക്ഷത്തിലേയ്ക്കാണ് നിസ്വാര്‍ത്ഥതയുടെയും സ്നേഹത്തിന്‍റെയും ദീപശിഖയുമായി ഫ്രാന്‍സിസ് കടന്നുവന്നത്. ആദ്ധ്യാത്മികശക്തി കൊണ്ട് ഫ്യൂഡലിസത്തിന്‍റെ നട്ടെല്ലു തകര്‍ത്ത വിപ്ളവകാരിയാണ് അദ്ദേഹം. സമുദായം ധാര്‍മ്മികമായും ആദ്ധ്യാത്മികമായും അധഃപതിച്ചിരുന്ന കാലഘട്ടത്തില്‍ യഥാര്‍ത്ഥ ക്രിസ്തുവിന്‍റെ സജീവ ചൈതന്യവും പേറി ഉയര്‍ന്നുവന്ന 'ദ്വിതീയ ക്രിസ്തു'വാണ് ഫ്രാന്‍സിസ്.
1182 സെപ്റ്റംബര്‍ 26-ാം തീയതി ഇറ്റലിയിലെ അസ്സീസിയില്‍ പീറ്റര്‍ ബര്‍ണര്‍ദോന്‍റെയും പീക്കാ പ്രഭ്വിയുടെയും സീമന്ത പുത്രനായി ഫ്രാന്‍സീസ് ജനിച്ചു. യൗവനകാലം മുഴുവന്‍ ഫ്രാന്‍സിസ് അസ്സീസിയിലെ യുവജനങ്ങളുടെ നേതാവായി എല്ലാവിധ ലൗകിക സന്തോഷങ്ങളിലും മുഴുകി ആനന്ദലഹരിയില്‍ നൃത്തം ചവിട്ടി. മാടമ്പിസ്ഥാനം കരസ്ഥമാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. 25-ാമത്തെ വയസ്സിലാണ് ഫ്രാന്‍സിസിന്‍റെ മാനസാന്തരം സംഭവിക്കുന്നത്. യേശു ഫ്രാന്‍സിസിനെ മാനസാന്തരപ്പെടുത്തിക്കൊണ്ട് തന്‍റെ ദിവ്യചൈതന്യം യൂറോപ്പിലും ലോകമാസകലവും പ്രചരിപ്പിക്കുവാനുള്ള ഒരുപകരണമാക്കിത്തീര്‍ത്തു. ക്രിസ്തുദൗത്യം മനസ്സിലാക്കിയ ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ പടക്കളത്തിലെ ഒരുജ്ജ്വല പടയാളിയായി മാറി. ഒരു പ്രഭുകുമാരനായിരുന്ന ഫ്രാന്‍സിസിനു നേടാമായിരുന്ന പേരും പെരുമയും വളരെ കുറച്ചു മാത്രമായിരുന്നു. എന്നാല്‍ അസ്സീസിയിലെ താപസശ്രേഷ്ഠനായ - വിശ്വസഹോദരനായ - ഫ്രാന്‍സിസ് ഇന്ന് ലോകമെങ്ങും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു.
സുവിശേഷ പ്രബോധനങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തുക എന്ന സാഹസികമായ പരീക്ഷണത്തിന് അദ്ദേഹം ഒരുങ്ങി. ഫ്രാന്‍സിസ് തന്‍റെ പ്രേഷിതവൃത്തിയില്‍ ഉയര്‍ത്തിപ്പിടിച്ചത് സുവിശേഷത്തിലെ ദാരിദ്ര്യ ചൈതന്യമായിരുന്നു; സുവിശേഷത്തിലെ തത്വശാസ്ത്രമായിരുന്നു. ദരിദ്രനായ ക്രിസ്തുവിനെ അനുപദം അനുഗമിച്ചു കൊണ്ട് അനേകായിരങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ സുവിശേഷചൈതന്യം പകര്‍ന്നു കൊടുക്കുക തന്‍റെ കര്‍ത്തവ്യമായി ഫ്രാന്‍സിസ് കരുതി. പൂര്‍ണ്ണമായി സുവിശേഷത്തെ ആശ്ളേഷിച്ച ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളുമുണ്ടായി. അദ്ദേഹം ദാരിദ്ര്യത്തെ തന്‍റെ നിത്യ ജീവിതസഖിയായി സ്വീകരിച്ചു. പാവപ്പെട്ടവരുടെയും കുഷ്ഠരോഗികളുടെയും സമുദായത്തിന്‍റെ താഴേക്കിടയില്‍ലുള്ളവരുടെയും സ്നേഹിതനായി അദ്ദേഹം മാറി. നിന്ദിതരും നിരാലംബരും ദുഃഖിതരും പീഡിതരുമായ സഹോദര ലക്ഷങ്ങളുടെ ഇടയിലേയ്ക്ക് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സേവനത്തിന്‍റെയും ത്യാഗത്തിന്‍റെയും മധുര ഗാനങ്ങളാലപിച്ചുകൊണ്ട് കടന്ന്ചെന്ന് അവരുടെ ജീവിതത്തെ പുനരുദ്ധരിക്കുന്നതിന് ഫ്രാന്‍സിസ് ശ്രമിച്ചു. പ്രതിബന്ധങ്ങളും പ്രയാസങ്ങളും അനവധിയായിരുന്നെങ്കിലും ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തും സഹിക്കുവാന്‍ ഫ്രാന്‍സിസ് സന്നദ്ധനായിരുന്നു. ഉടുതുണിപോലും കൂടാതെ പിതൃസന്നിധിയില്‍നിന്നും നിഷ്കാസിതനായപ്പോള്‍ - സമൃദ്ധിയുടെ മടിത്തട്ടില്‍നിന്നും ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ - ഫ്രാന്‍സിസ് ചഞ്ചലചിത്തനോ നഷ്ടധൈര്യനോ ആയില്ല. പ്രത്യുത, സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍ പരിപൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട്, ദൈവസ്തുതി ഗീതങ്ങളുമാലപിച്ച് ആ യുവാവ് അസ്സീസിയിലെ തെരുവീഥിയിലേയ്ക്കിറങ്ങി, എല്ലാം പരിത്യജിച്ചു കൊണ്ട് ആ പ്രഭുകുമാരന്‍ ഒരു ഭിക്ഷുവായി മാറി. സുവിശേഷം വരച്ചു കാട്ടിയ പാതയിലൂടെ അദ്ദേഹം അടിപതറാതെ സഞ്ചരിച്ചു. ലോകം അമ്പരന്നു, അപലപിച്ചു, ഒരു ഭ്രാന്തനെന്ന് ചിലര്‍ അദ്ദേഹത്തെ മുദ്രകുത്തി. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി അദ്ദേഹം മുന്നോട്ടു നീങ്ങി, നന്മയുടെ പ്രയോക്താവായി, സ്നേഹത്തിന്‍റെ സന്ദേശവാഹകനായി, ഫ്രാന്‍സിസ് പുതിയ ചക്രവാളങ്ങളെ ലക്ഷ്യമാക്കി സഞ്ചരിച്ചു. ജീവിക്കുന്ന ദൈവത്തെത്തേടിയുള്ള നിരന്തര പ്രയാണമായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം. ക്രമേണ ജനങ്ങള്‍ ഈ പുതിയ ജീവിതപദ്ധതിയില്‍ ആകൃഷ്ടരായിത്തീര്‍ന്നു. അത് നന്മയുടെ ഉറവിടമായി മാറുന്നതു കണ്ട് ലോകം അത്ഭുതപ്പെട്ടു ഒടുവില്‍ ഫ്രാന്‍സിസിന്‍റെ വിജയം ലോകം ഏറ്റുപറഞ്ഞു. സുവിശേഷാദര്‍ശത്തിനു കൈവന്ന ഏറ്റവും മഹത്തായ നേട്ടമായിരുന്നു അത്.
ജീവിതം തന്നെയായിരുന്നു ഫ്രാന്‍സിസിന്‍റെ ദര്‍ശനം. നൂതനമായ ഒരു തത്വശാസ്ത്രം കെട്ടിപ്പടുക്കുകയല്ല, പ്രത്യുത, സുവിശേഷദര്‍ശനത്തിന്‍റെ പ്രായോഗികതയെ സ്വജീവിതത്തിലൂടെ ഉദാഹരിക്കുകയത്രെ അദ്ദേഹം ചെയ്തത്. ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുക, ദൈവത്തപ്പറ്റിമാത്രം ചിന്തിക്കുക, അവിടുത്തേയ്ക്കുവേണ്ടി മാത്രം എല്ലാം ചെയ്യുക- ഇതായിരുന്നു അദ്ദേഹത്തിന്‍റെ തത്വശാസ്ത്രം. സുവിശേഷാത്മക ദാരിദ്ര്യം, വിനയം, ദൈവോന്മുഖത, സമസൃഷ്ടിസ്നേഹം എന്നിവയാണ് ഫ്രാന്‍സിസിന്‍റെ ദാര്‍ശനിക സിദ്ധാന്തത്തിന്‍റെ രത്ന ചുരുക്കം.
ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച ഫ്രാന്‍സിസിന്‍റെ എല്ലാ ചെയ്തികളും ക്രിസ്തു കേന്ദ്രിതമായിരുന്നു. ക്രിസ്തുവിനെ അനുഗമിക്കുക, ക്രിസ്തുവിനു സാക്ഷ്യം വഹിക്കുക, ഇതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. സ്നേഹത്തിന്‍റെ വിപ്ളവകാരിയായിത്തീര്‍ന്നുകൊണ്ടാണ് അദ്ദേഹം ഇത് സാധിച്ചത്. 'സമാധാനവും സൗഭാഗ്യവും' അദ്ദേഹത്തിന്‍റെ മുദ്രാവാക്യമായിരുന്നു. അതിന്‍റെ അടിസ്ഥാന ഘടകം സ്നേഹമാണ്. സമസൃഷ്ടി സ്നേഹത്തിന്‍റെ പ്രതീകമായിരുന്നു, "സ്നേഹം സ്നേഹിക്കപ്പെടുന്നില്ല" എന്നു വിളിച്ചു പറഞ്ഞ ആ വിശുദ്ധന്‍. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മാത്രമല്ല, പക്ഷിമൃഗാദികളും നിര്‍ജ്ജീവ വസ്തുക്കള്‍പോലും ഫ്രാന്‍സിസിന്‍റെ സ്നേഹത്തിന് വിഷയീഭവിച്ചിട്ടുണ്ട്. വെള്ളം, അഗ്നി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കാറ്റ്, മേഘം ഇവ അദ്ദേഹത്തിന് സഹോദരീ സഹോദരന്മാരായിരുന്നു. മരണത്തെപ്പോലും 'സഹോദരി മൃത്യു' എന്നദ്ദേഹം സംബോധന ചെയ്തു. ക്രിസ്തുസ്നേഹത്തെപ്രതി സര്‍വ്വതും പരിത്യജിച്ച ഫ്രാന്‍സിസിന് ദൈവത്തിന്‍റെ അനന്തസൗന്ദര്യം സൃഷ്ടിജാലങ്ങളില്‍ ദര്‍ശിക്കുവാന്‍ സാധിച്ചു. എല്ലാ മനുഷ്യരുടെയും സൗഭാഗ്യമാണ് ഫ്രാന്‍സീസ് ആഗ്രഹിച്ചത് അതിന് ആന്തരികമായ ആനന്ദം ആവശ്യമാണ്. സ്നേഹത്തില്‍നിന്നും ദാരിദ്ര്യത്തില്‍ നിന്നുമാണ് ആനന്ദം ഉടലെടുക്കുന്നത്; ആനന്ദത്തില്‍നിന്ന് സമാധാനവും. ഈ സത്യം ഫ്രാന്‍സിസ് മനസ്സിലാക്കിയിരുന്നു. വിശ്വസ്നേഹമാണ് എല്ലാറ്റിലുമുപരിയായി ഫ്രാന്‍സിസില്‍ പ്രശോഭിച്ചത്. ദാരിദ്ര്യചൈതന്യത്തിലൂടെയും സ്വയം ശൂന്യവല്‍ക്കരണത്തിലൂടെയും അദ്ദേഹം വിശ്വവ്യാപകമായ സ്നേഹബന്ധത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നു. ഫ്രാന്‍സിസിന്‍റെ ഈ സാര്‍വ്വലൗകിക സ്നേഹമാണ് ജാതി-മത-കാല- ദേശഭേദമന്യേ അദ്ദേഹത്തെ എല്ലാവര്‍ക്കും സമാരാധ്യനാക്കിത്തീര്‍ത്തത്.
ഭൗതികത്വം കൊടികുത്തി വാണിരുന്ന യൂറോപ്പിന് ഫ്രാന്‍സിസിന്‍റെ ആദര്‍ശം പുതുമയേറിയ ഒന്നായിരുന്നു. വസ്തുവകകള്‍ അന്യായമായി സംഭരിക്കാതിരിക്കുക, ഉള്ളവര്‍ ഇല്ലാത്തവരുമായി തങ്ങള്‍ക്കുള്ളത് പങ്കുവയ്ക്കുക, ഭൗതിക വസ്തുക്കളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കുക - ഇവയെല്ലാം ഫ്രാന്‍സിസ് ഉയര്‍ത്തിപ്പിടിച്ച ആദര്‍ശ തത്വങ്ങളാണ്. അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം ലളിതവും ശാലീനവുമായിരുന്നു. അതുകൊണ്ടുതന്നെയാണ് ലോകത്തിന്‍റെ മുഖച്ഛായ മാറ്റുവാന്‍ ഫ്രാന്‍സിസിനു കഴിഞ്ഞതും.
വിപ്ളവകരമായ ഒരു ജീവിതതത്വസംഹിത മാനവരാശിക്കു നല്‍കിയ ലോകഗുരുവും മാനവവംശത്തിന്‍റെ അതുല്യ നേതാവുമായ ക്രിസ്തുവിന്‍റെ കാലടികളെ അക്ഷീണം പിന്തുടര്‍ന്ന യഥാര്‍ത്ഥ ക്രിസ്ത്യാനിയായ ഫ്രാന്‍സിസ് എല്ലാത്തരത്തിലുംപെട്ട ജനങ്ങള്‍ക്ക് അനുകരണീയനായ ഒരു വ്യക്തിയാണ്. പണ്ഡിതനെയും പാമരനേയും ദരിദ്രനേയും ധനവാനേയും രാജ്യതന്ത്രജ്ഞനേയുമെല്ലാം തന്‍റെ ജീവിതദര്‍ശനത്തിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ ഫ്രാന്‍സിസിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യബോധമില്ലാതെ അലയുന്ന യുവലോകത്തിന് ഫ്രാന്‍സിസ് ഒരു മാര്‍ഗ്ഗദര്‍ശിയാണ്. സമുദായത്തോടും അതിലെ ആചാരങ്ങളോടും വെറുപ്പുപ്രകടിപ്പിച്ച ഹിപ്പികള്‍, "നോക്കുക, ഞങ്ങളില്‍ ഒരുവനാണ് അവന്‍" എന്ന് ഫ്രാന്‍സീസിനെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കില്‍ അത്ഭുതത്തിനവകാശമില്ല. യുഗനവീകരണത്തിനുവേണ്ടി ചൂണ്ടിക്കാട്ടുന്ന ജീവിതമാതൃകയായിരുന്നു ഫ്രാന്‍സിസിന്‍റേത്. സൃഷ്ടവസ്തുക്കളെ പുകഴ്ത്തുകയും ദൈവത്തെ സ്തുതിക്കുവാന്‍ അവയെ ക്ഷണിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസിന്‍റെ "സൂര്യകീര്‍ത്തനം" എന്ന കാവ്യം ലോകപ്രസിദ്ധമാണ്. ഇതരകൃതികളിലും ഫ്രാന്‍സിസിന്‍റെ സ്നേഹചൈതന്യം വ്യക്തമാണ്.
വിശുദ്ധനും ദാര്‍ശനികനും കവിയും കലാകാരനും യോഗിവര്യനും വിപ്ളവകാരിയും സമാധാന പ്രേമിയും സാമൂഹ്യ നവോദ്ധാരകനും വിശ്വസാഹോദര്യത്തിന്‍റെയും സമസൃഷ്ടി സ്നേഹത്തിന്‍റേയും പ്രണേതാവും എല്ലാമായിരുന്ന ഫ്രാന്‍സിസിന്‍റെ ചൈതന്യം എന്നെന്നും നിലനില്ക്കുന്ന ഒന്നാണ്. സുവിശേഷാത്മകജീവിതം നയിച്ച ഫ്രാന്‍സിസിന്‍റെ ആദര്‍ശങ്ങളെ സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന പതിനായിരങ്ങള്‍, ഫ്രാന്‍സിസ് സ്ഥാപിച്ച ഒന്നും രണ്ടും മൂന്നും സഭകളിലെ അംഗങ്ങളായി ലോകത്തില്‍ ദാരിദ്ര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അരൂപിയെ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇന്നും, കര്‍മ്മരംഗത്തുണ്ടെന്നുള്ളത് സന്തോഷകരമാണ്. അസ്സീസിയില്‍ പുനഃപ്രതിഷ്ഠ ലഭിച്ച സുവിശേഷ മൂല്യങ്ങളുടെ പൊന്‍കിരണങ്ങള്‍ ഫ്രാന്‍സിസിന്‍റെ അനുയായികളിലൂടെ, ഇരുണ്ടുമൂടുന്ന ഇന്നത്തെ ലോകത്തിന് പ്രകാശം പരത്തുവാന്‍ ഇടയാകട്ടെ.