news-details
മറ്റുലേഖനങ്ങൾ

വിശുദ്ധ ഫ്രാന്‍സിസ് എന്‍റെ ജീവിതത്തില്‍

അസ്സീസിയിലെ സ്നേഹഗായകനോട് ചെറുപ്പം മുതലേ എനിക്ക് വളരെ ആദരവും ഭക്തിയും ഉണ്ടായിരുന്നു. ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗങ്ങളായിരുന്നു എന്‍റെ അപ്പനും ചേട്ടനും. മറ്റുള്ള വിശുദ്ധന്മാരെപ്പറ്റി അറിയാനും കേള്‍ക്കാനും വായിക്കാനും സാധിക്കുന്നതിനുമുമ്പ്, വിശുദ്ധ ഫ്രാന്‍സിസിനെപ്പറ്റി ഞാന്‍ അറിയാനിടയായി. ഞങ്ങളുടെ വീട്ടില്‍ ഈശോയുടെ തിരുഹൃദയരൂപത്തിന്‍റെ ഒരുവശത്ത് തിരുക്കുടുംബത്തിന്‍റെ രൂപവും വച്ചിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.

ധനം, അറിവ്, അധികാരം പ്രശസ്തി, പുണ്യം... എന്നിങ്ങനെയുള്ള നേട്ടങ്ങളില്‍ നമ്മള്‍ വ്യത്യസ്തരാണെങ്കില്‍ കൂടി, ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയ്ക്ക് നമ്മള്‍ അടിസ്ഥാനപരമായി സമന്മാരാണ്, എന്ന ബോദ്ധ്യമാണ് എനിക്കുള്ളത്; എങ്കില്‍കൂടി വി. ഫ്രാന്‍സിസിന്‍റെ മുമ്പില്‍ സാദരം, സസ്നേഹം തലകുനിക്കുന്നു.

എട്ടുകൊല്ലക്കാലം ഞാന്‍ ഈശോസഭയില്‍ ജീവിക്കുകയുണ്ടായി. അന്നും ഈശോസഭാ സ്ഥാപകനായ വി. ഇഗ്നേഷ്യസിനോടുണ്ടായിരുന്നതിലേറെ ആദരവ് എനിക്ക് വി. ഫ്രാന്‍സിസിനോടായിരുന്നു. "നാഥാ സ്വീകരിച്ചാലും" ("ടൗാല ലേ ടൗരെശുല") എന്ന വി. ഇഗ്നേഷ്യസിന്‍റെ പ്രാര്‍ത്ഥന) എന്നതിലേറെ എനിക്കിഷ്ടം വി. ഫ്രാന്‍സിസിന്‍റെ സമാധാന പ്രാര്‍ത്ഥനയായിരുന്നു. പരദേശിയെപ്പോലെ നടന്നിരുന്ന കാലത്ത് ഈശോസഭാമന്ദിരങ്ങളില്‍ അന്തിയുറങ്ങുന്നതിനേക്കാള്‍ കപ്പൂച്ചിന്‍ ആശ്രമങ്ങളില്‍ അന്തിയുറങ്ങാനായിരുന്നു എനിക്കു താല്പര്യം.

വിശുദ്ധനോടുള്ള ആദരവോടുകൂടിത്തന്നെ പറയട്ടെ, ദാരിദ്ര്യത്തെ പ്രേയസിയായിക്കണ്ടിരുന്ന അദ്ദേഹത്തിന്‍റെ ദാരിദ്ര്യപ്രേമം കുറച്ച് അധികവും അനാവശ്യവുമായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. സന്യാസികള്‍ ദരിദ്രവാസികളാകരുത്, എന്നാണ് എന്‍റെ പക്ഷം. കപ്പൂച്ചിന്‍ അച്ചന്മാരും കര്‍മ്മലീത്താ അച്ചന്മാരും, പണ്ട് തലമുടി വട്ടത്തില്‍ വെട്ടി, നല്ലൊരു മുഖം വികൃതമാക്കി നടന്നിരുന്നതു കാണുന്നതുതന്നെ എനിക്ക് അലര്‍ജിയായിരുന്നു. (ഏതായാലും ഇക്കാലത്ത് അതൊക്കെ മാറിയല്ലൊ. ദൈവത്തിനു സ്തുതി). അതൊക്കെ ദൈവം ആഗ്രഹിക്കാത്തതാണെന്നു മാത്രമല്ല, ദൈവത്തിനു അനിഷ്ടകരവും ആണ്, എന്ന വിചാരമാണെനിക്കുള്ളത്. "അച്ഛന്‍റെ സ്നേഹത്തിനാണ്" എന്നും പറഞ്ഞ് ഒരു മകള്‍ തല മൊട്ടയടിച്ചാല്‍, അച്ഛന് അത് ഇഷ്ടപ്പെടുമോ?" എന്‍റെ മോളെ നിനക്കെന്തുപറ്റി? നിനക്കു വല്ല വിവരക്കേടും ഉണ്ടോ? എന്നായിരിക്കുകയില്ലേ അച്ഛന്‍ ചോദിക്കുക? ആര്‍ഭാടം പാടില്ല. എന്നാലും മകള്‍ നന്നായി നടന്നു കാണാനല്ലേ അച്ഛന്‍റെ ആഗ്രഹം? നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നതും ഇതുപോലെയാണ്. നമ്മുടെ താഴ്ചയിലല്ല, അവിടുത്തെ ഉയര്‍ച്ച.

കാലിക പ്രസക്തിയേ ചില വിശുദ്ധന്മാര്‍ക്കുള്ളൂ. എന്നാല്‍ വി. ഫ്രാന്‍സിസാകട്ടെ എന്നും പ്രസക്തിയുള്ളവനാണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ളവനാണ്. വിശുദ്ധനെ ആദരിക്കുന്നവനായി അക്രൈസ്തവരില്‍ തന്നെയും അനേകരെ കാണാം. ലോകത്തിന്‍റെ പുനര്‍നിര്‍മ്മിതിക്ക് ഫ്രാന്‍സിസിനെപ്പോലുള്ള പന്ത്രണ്ടു പേരാണ് വേണ്ടത് എന്ന് ലെനിന്‍ തന്നെയും പറഞ്ഞതായി കേട്ടിട്ടുണ്ട്.

ഒരു പുനര്‍നിര്‍മ്മിതിയുടെ വേദനയിലൂടെ ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, സ്വര്‍ഗത്തില്‍ നിന്നു ധാരാളം അനുഗ്രഹങ്ങള്‍, വിശുദ്ധന്‍ നമുക്കു ലഭ്യമാക്കട്ടെ.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts