news-details
മറ്റുലേഖനങ്ങൾ

സ്നേഹഗാഥകളുടെ വിശുദ്ധന്‍

ഏറെ നന്മയും അതിലേറെ തിന്മയുമുള്ള ഒരിടമായിട്ടാണ് ഈ ലോകത്തെ പലരും കണക്കാക്കുന്നത്. എന്നാല്‍ ഓരോ മനുഷ്യനിലും, അചേതനവസ്തുക്കളില്‍പ്പോലും നന്മയുടെ മഹാപ്രപഞ്ചം മിന്നിത്തിളങ്ങുന്നതു കണ്ടെത്തി, കോരിത്തരിച്ച്, കൊച്ചുബാലനെപ്പോലെ പാടിക്കൊണ്ട് ജീവിതത്തിന് അര്‍ത്ഥം നല്കിയ ക്രാന്തദര്‍ശിയായിരുന്നു അസ്സീസിയിലെ വി. ഫ്രാന്‍സിസ്. അതുകൊണ്ടുതന്നെ ജീവിതത്തിലെ കയ്പുനീരു രുചിച്ചും കുടിച്ചും, ദുഃഖത്തിലും നിരാശയിലും മുങ്ങിപ്പൊങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഇന്ന് ആ വിശുദ്ധന്‍റെ പ്രസക്തിയേറുന്നു.
"നമുക്കെല്ലാവര്‍ക്കും പൂര്‍ണ്ണഹൃദയത്തോടും... പൂര്‍ണ്ണശക്തിയോടുംകൂടി, ആത്മധൈര്യത്തോടും പൂര്‍ണ്ണമായ ധാരണയോടും കൂടി, നമ്മുടെ എല്ലാ ശക്തികളാലും എല്ലാ പരിശ്രമങ്ങളാലും എല്ലാ സ്നേഹവായ്പിനാലും എല്ലാ വികാരങ്ങളാലും ആഗ്രഹാഭിലാഷങ്ങളെല്ലാംകൊണ്ടും... ദൈവത്തെ സ്നേഹിക്കാം... ദൈവമില്ലാതെ മറ്റൊന്നും നമ്മെ സന്തോഷിപ്പിക്കയോ ആഹ്ലാദിപ്പിക്കയോ ചെയ്യരുത്. എന്തെന്നാല്‍ അവിടുന്ന് മാത്രമാണ് നന്മയുടെ നിറവ്; എല്ലാ നന്മയും സര്‍വ്വനന്മയും യഥാര്‍ത്ഥ നന്മയും പരമോന്നത നന്മയും. അവിടുന്നു കരുണാസമ്പന്നനും സൗമ്യനും ആനന്ദദായകനും മാധുര്യവാനുമാകുന്നു... യാതൊന്നും  അവിടുന്നില്‍ നിന്ന് നമ്മെ അകറ്റാതിരിക്കട്ടെയെന്ന് (സമ്പൂര്‍ണ്ണ ലിഖിതങ്ങള്‍, പേജ് 71) എട്ടുനൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്നുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇന്നും അന്വേഷിക്കുന്നവര്‍ക്ക് "നന്മ" സമീപസ്ഥവും ദൃശ്യവും അനുഭവവേദ്യവുമാണ് എന്നത് വെളിവാക്കുന്നു.


ചേതനയറ്റ കുറെ അനുഷ്ഠാനങ്ങളില്‍ ചുരുണ്ടു കിടന്നാല്‍ ഈ നന്മയെ കണ്ടെത്താനും, ആസ്വദിക്കാനും, അനുഭവിക്കാനും കഴിയുമെന്ന് ജനത്തെ വിശ്വസിപ്പിക്കാന്‍ ഇന്ന് പ്രയാസമാണ്. എന്നാല്‍ തനിക്കും വ്യക്തിപരമായി ഈ നന്മയുടെ നിറകുടമായ ദൈവത്തെ അനുഭവിക്കാന്‍ കഴിയുമെന്നറിഞ്ഞ്, അതു ലഭിക്കുന്നിടത്തേക്ക് ജനലക്ഷങ്ങള്‍ ഓടിയടുക്കുന്നു. ഈ പ്രതിഭാസത്തിന്‍റെ അന്തര്‍രഹസ്യം കണ്ടെത്തിയ 11-ാം പീയൂസ് മാര്‍പാപ്പ 1926-ല്‍ ഇപ്രകാരം എഴുതി: "യേശുക്രിസ്തുവിനെയും സുവിശേഷമൂല്യങ്ങളേയും സ്വജീവിതത്തില്‍ പ്രതിഫലിപ്പിച്ചവരില്‍ വി. ഫ്രാന്‍സീസിനെപ്പോലെ അതികായനായി വേറൊരാളുമുണ്ടായിട്ടില്ല. മാനവരാശിയുടെ പ്രശ്നങ്ങള്‍ക്കുത്തരമായ ക്രിസ്തു സമകാലികരുടെ മുമ്പില്‍ വീണ്ടും അവതരിച്ചപോലെ അദ്ദേഹം കാണപ്പെട്ടതിനാല്‍ രണ്ടാം ക്രിസ്തു എന്നപേര്‍ അദ്ദേഹത്തിന് ഏറ്റം ചേര്‍ന്നതാകുന്നു.


1. വ്യക്ത്യനുഭവത്തിലൂടെ ഈശ്വരനെ കണ്ടെത്തിയവന്‍

അധര്‍മ്മം പ്രവര്‍ത്തിക്കുന്നവനെയും മലിനമായി ജീവിക്കുന്നവനെയും സ്നേഹിക്കുകയും അവന്‍ അര്‍ഹിക്കുന്ന ശിക്ഷയത്രയും സ്വയം ഏറ്റുവാങ്ങി പാപിയായ അവനെ സ്വതന്ത്രനാക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ടെന്ന് ഫ്രാന്‍സീസ് കേട്ടിരുന്നു. 1204-ല്‍ അസ്സീസിയിലുള്ള വിജനസ്ഥലത്തെ ഒരു കപ്പേളയില്‍ ധ്യാനനിര്‍ലീനനായി നിന്നപ്പോള്‍, ആ ദൈവം കൊലമരത്തില്‍ തറയ്ക്കപ്പെട്ട്, രക്തമണിഞ്ഞ്, പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് ഫ്രാന്‍സിസ് കണ്ടു. മനുഷ്യബുദ്ധിക്കതീതമായ ആ സ്നേഹത്തിന്‍റെ "അമ്പ്" തന്‍റെ ഹൃദയത്തില്‍ വന്നു തറച്ചു (2 സെലാനോ.10). ആ അനുഭവത്തിന്‍റെ കത്തിപ്പടരുന്ന അലകള്‍ തന്‍റെ  നാഡീവ്യൂഹത്തിലും ബോധതലത്തിലും വ്യാപിച്ചു. ഈ അപൂര്‍വ്വപ്രേമത്തിന്‍റെ നിതാന്തദിവ്യമായ മധുരസംഗീതം കേള്‍ക്കുന്തോറും അവിടുത്തോട് കൃതജ്ഞത പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് ആവേശം വര്‍ദ്ധിച്ചുവന്നു. ആ സമുജ്ജ്വലപ്രേമത്തിന്‍റെ മുമ്പില്‍ ചിന്തകളര്‍പ്പിച്ച ഫ്രാന്‍സിസ് ആധുനിക മനുഷ്യനേയും അതിനായി ക്ഷണിക്കുന്നു.

2. ജീവിതഗതി നിര്‍ണ്ണയിക്കേണ്ടത് - ഈ പ്രേമത്തിന്‍റെ ശക്തി

സ്വാര്‍ത്ഥമോഹങ്ങളല്ല, ഈ സ്നേഹിതന്‍റെ പ്രേരണയാണ് ജീവിതലക്ഷ്യത്തിന് രൂപവും ഭാവവും കല്പിക്കേണ്ടത് എന്ന സത്യം ഫ്രാന്‍സിസ് കണ്ടെത്തി. "മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ" (മര്‍ക്കോ. 10,45) എന്നുദ്ഘോഷിച്ച ആ ദിവ്യപ്രേമത്തെപ്പോലെയാകാന്‍ ഫ്രാന്‍സിസ് ദാഹിച്ചു- ദാഹത്താല്‍ എരിഞ്ഞു (വി. ബൊനവഞ്ചര്‍)  ക്രൂശിതനായ ആ ദിവ്യപ്രേമത്തോടുള്ള അന്തരാത്മാവിന്‍റെ രഹസ്യവാത്സല്യം ഫ്രാന്‍സിസില്‍ വര്‍ദ്ധമാനമായി (2. സെലാനൊ. 10-11). ഈ വിധത്തില്‍ അന്യരെ സ്നേഹിക്കുക മാത്രമാണ് തന്‍റെ ജീവിതദൗത്യമെന്നു ബോദ്ധ്യപ്പെട്ട അദ്ദേഹം എല്ലാ സ്വാര്‍ത്ഥതാല്പര്യത്തോടും സ്വാര്‍ത്ഥപരബന്ധങ്ങളോടും വിടപറഞ്ഞു.

3. സ്വര്‍ഗീയാനന്ദം ഇഹത്തില്‍ത്തന്നെ നുകരാന്‍ കഴിയും

ഇത്തിരി സന്മനസ്സുണ്ടെങ്കില്‍ തന്‍റെ ജീവിതവും മനുഷ്യബന്ധങ്ങളും ആനന്ദകരമാക്കാമെന്നദ്ദേഹം കണ്ടെത്തി. മുമ്പ് അനിഷ്ടം തോന്നി അകറ്റിനിറുത്തിയ കുഷ്ഠരോഗികളെ "കരളിനെപ്പോലെ" സ്നേഹിച്ചു. അവരോടിഴുകി ജീവിച്ചു. അവര്‍ക്ക് സ്നേഹപരിചരണങ്ങള്‍ നല്കി. (സെലാനോ. 17). ഒരുവന്‍റെ മുഖത്തു നോക്കി സ്നേഹപൂര്‍വം പറയാന്‍ കഴിയാത്തത് അവന്‍റെ പിറകില്‍ നിന്ന് സംസാരിക്കരുത് (സമ്പൂര്‍ണ്ണലിഖിതങ്ങള്‍. ജ. 45). ദൈവത്തിന്‍റെ അതിവിശുദ്ധമായ വചനങ്ങളിലും ചെയ്തികളിലും സന്തോഷവും ആനന്ദവും അനുഭവിക്കുന്നവനാണ് മറ്റാളുകളെ ആഹ്ലാദത്തിമര്‍പ്പോടെ ദൈവസ്നേഹത്തിലേക്ക് നയിക്കുന്നത് (സ.ലിഖിതങ്ങള്‍. ജ. 44). ദൈവം കൃപ നല്‍കുന്ന എല്ലാ കാര്യങ്ങളിലും ഓരോരുത്തരും തന്‍റെ സഹോദരനെ (അയല്‍ക്കാരനെ) സ്നേഹിക്കയും പരിരക്ഷിക്കയും വേണം (ലിഖിതങ്ങള്‍. ജ .57)സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സ് ദുര്‍ബലമാവുകയും അന്ത്യദിനം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ (ലിഖിതങ്ങള്‍. ജ. 58).

4. അരൂപിയുടെ നെടുവീര്‍പ്പുകള്‍ക്കൊത്ത് ജീവിതം തുടിക്കട്ടെ

മനസ്സാക്ഷിയില്‍ ശ്രവിച്ച ദിവ്യാത്മാവിന്‍റെ സ്വരത്തിനിണങ്ങി ഫ്രാന്‍സിസ് ജീവിച്ചു. തന്‍റെ അന്തരാത്മാവിലെ ആനന്ദലഹരിയില്‍ മറ്റാളുകളെയും പങ്കുകൊള്ളിക്കാന്‍ എവിടെയും അദ്ദേഹം പരിശ്രമിച്ചു. "സഹോദരന്മാരെ, എന്‍റെ വാക്കുകള്‍ ശ്രവിക്കുവിന്‍. നിങ്ങളുടെ ഹൃദയത്തിന്‍റെ കാതുകള്‍ തുറക്കുവിന്‍. ദൈവത്തിന്‍റെ സ്വരം അനുസരിക്കുവിന്‍. അവിടുത്തെ ഉപദേശങ്ങള്‍ പൂര്‍ണ്ണമനസ്സോടെ നിറവേറ്റുവിന്‍." (ലിഖിതങ്ങള്‍ . ജ.96). മനുഷ്യനെ നയിക്കുന്ന ദൈവാരൂപിയെ ധിക്കരിക്കുന്തോറും അവന്‍ തിന്മയ്ക്ക് അടിപ്പെടുന്നു; മാനസികസംഘര്‍ഷത്താല്‍ ഉരുകിയുരുകി മൃത്യുകവാടത്തെ സമീപിക്കുന്നു.

5. പരമാര്‍ത്ഥ ഹൃദയത്തോടെ സമൂഹമദ്ധ്യത്തില്‍

കൃപാപൂരത്താല്‍ ശിശുവിനെപ്പോലെ ലളിതമനസ്ക്കനായി ഭവിച്ച മഹാത്മനാണ് അസ്സീസിയിലെ ഫ്രാന്‍സിസ് (1 സെലാനൊ). തന്‍റെ മനസ്സും ഹൃദയവും ഈശ്വരന്‍റെ വാസസ്ഥലമായി കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. (1 സെലാനോ. 43). ജഡമോഹങ്ങള്‍ അന്തരംഗത്തെ വിഷലിപ്തമാക്കുമെന്ന് ഭയന്ന് ശരീരത്തെ കര്‍ക്കശ ശിക്ഷണത്തില്‍ നിറുത്തി (1 സെലാനോ. 42). താന്‍ ഉപയോഗിച്ചിരുന്ന ഭൗതികവസ്തുക്കളില്‍ ഫ്രാന്‍സീസിന്‍റെ ഹൃദയം ഒട്ടിപ്പിടിച്ചിരിക്കുന്നു എന്ന തോന്നല്‍ ഒരാള്‍ക്കുണ്ടായപ്പോള്‍ താമസംവിനാ അദ്ദേഹമതിനെ ദൂരത്തെറിഞ്ഞു (1 സെ. 44).

മറ്റുള്ളവര്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ തന്‍റെ ആരോഗ്യസംരക്ഷണത്തിനായി പ്രത്യേക ഭക്ഷണം കഴിച്ചതിനെപ്പറ്റി അനുതപിക്കയും ഏറ്റുപറയുകയും ചെയ്തു (സെ. 52). മറ്റുള്ളവരുടെ ഇല്ലായ്മയില്‍ നിസ്സംഗത പുലര്‍ത്തുകയും സ്വന്തം സുഖം വര്‍ദ്ധിപ്പിക്കയും ചെയ്യുന്നവര്‍ക്ക് ഫ്രാന്‍സിസ് ഒരു ചോദ്യചിഹ്നമല്ലേ?

6. മനുഷ്യരൂപത്തില്‍ മറഞ്ഞിരിക്കുന്ന ഈശ്വരനെ മാനിക്കുക

സ്നേഹിക്കപ്പെടാത്തവരെ തേടിയെത്തി സ്നേഹം കൊടുക്കുകയാണ് ഇന്നിന്‍റെ ആവശ്യമെന്ന് പഠിപ്പിക്കുന്ന മാതൃകയാണ് ഫ്രാന്‍സിസിന്‍റേത്. "മനുഷ്യരൂപം പൂണ്ട ദൈവസുതന്‍റെ മൂര്‍ത്തിരൂപമാണ് ദരിദ്രനായ മനുഷ്യന്‍" എന്നദ്ദേഹം പറയുമായിരുന്നു. "അയാളോടു പറയുന്ന ഓരോ പരുഷവാക്കും യേശുക്രിസ്തുവിന്‍റെ മുഖത്താണ് ചെന്നടിക്കുക" (1സെലാനൊ. 76). നഗ്നനായ ഭിക്ഷുവിന് ശൈത്യമോചനമുണ്ടാവാന്‍ വിശുദ്ധന്‍ തന്‍റെ ഉടുവസ്ത്രം ഉരിഞ്ഞുകൊടുത്തിരുന്നു. "എന്നെക്കാള്‍ ദരിദ്രനായി ഒരു മനുഷ്യനുണ്ടെങ്കില്‍ അതിനു കാരണം അവന് അവകാശപ്പെട്ടത് ഞാന്‍ അപഹരിച്ചുവച്ച് അനുഭവിക്കുന്നു." എന്നതാണ്.ڔ(2സെലാനൊ. 84-92).

ഉള്ളവര്‍, ഉള്ളതിന്‍റെയെല്ലാം ഓഹരി ഇല്ലായ്മയില്‍ കഴിയുന്നവരുമായി പങ്കുവയ്ക്കുന്ന മാനവസാഹോദര്യത്തിന്‍റെ പ്രവാചകനാണ് അസ്സീസിയിലെ ഫ്രാന്‍സിസെന്നത് തര്‍ക്കമറ്റ സംഗതിയത്രേ. ദാരിദ്ര്യവും പട്ടിണിയും രോഗവുമായി നീറുന്ന ജനകോടികള്‍ക്ക് ഹൃദയമുള്ള ഒരു മനുഷ്യനെ ഈ ഇരുപതാം നൂറ്റാണ്ടില്‍ കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍! ഇത്തരം ഹൃദയം തന്നില്‍ത്തന്നെ രൂപപ്പെടുത്താതെ, വിമോചന ദൈവശാസ്ത്രം പ്രസംഗിച്ചതുകൊണ്ടോ, തന്ത്രപരമായി വിദേശപ്പണം ഇറക്കുമതി ചെയ്തതുകൊണ്ടോ ഭാരതത്തില്‍ ആര്‍ക്കെങ്കിലും ഒരു ഫ്രാന്‍സിസ്ക്കന്‍ ഹൃദയമുള്ളവനാകാനാവുമോ?

7. സ്വശരീരവും അപരന്‍റെ ശരീരവും ഈശ്വരപൂജയ്ക്കുള്ള അള്‍ത്താരകളാക്കുക

ക്രസ്തുവിനും, അവിടുത്തെ സുവിശേഷത്തിനും, ദൈവരാജ്യശുശ്രൂഷയ്ക്കുമായി തങ്ങളുടെ മുഴുവന്‍ ജീവിതവും അതിന്‍റെ എല്ലാ മേഖലകളും സമര്‍പ്പിച്ചെന്ന് ഊറ്റം കൊള്ളുന്ന "അര്‍പ്പിതര്‍" ഇതരവര്‍ഗ്ഗവുമായി ക്രിസ്തുസദൃശമല്ലാത്ത ഇടപാടുകള്‍ക്ക് മുതിരുന്നതിനെ ഫ്രാന്‍സിസ് നിശിതമായി വിമര്‍ശിക്കുന്നു. അവരെ കുറ്റപ്പെടുത്തി തിരുത്തുന്ന വാക്കുകള്‍ മൂര്‍ച്ചയേറിയവയാണ്. "ഒരു വനിതയുടെ ജീവിതം ദൈവോന്മുഖമായി അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കുകയല്ലാതെ മറ്റെന്തു ധര്‍മ്മമാണ് അവളുമായി ചെയ്യാന്‍ ഒരു ഫ്രാന്‍സിസ്ക്കനുള്ളത്? (2 സെ. 114). ഇതരവര്‍ഗ്ഗവുമായുള്ള അനാശാസ്യബന്ധം ആത്മനാശം വരുത്തുന്നു, മധുരത്തില്‍ പൊതിഞ്ഞ വിഷമാണത്. വിഷക്കനി ഭക്ഷിച്ചിട്ട് വിഷമേല്ക്കാതിരിക്കുന്നതിലും എളുപ്പം തീയിലൂടെ നടന്നിട്ട് പൊള്ളല്‍ ഏല്ക്കാതിരിക്കുന്നതല്ലേ? (2 സെ. 112).

ഈശ്വരനെ മുഖാഭിമുഖം ദര്‍ശിച്ചാലെന്നവണ്ണം ആദരവ് ഇതരവര്‍ഗ്ഗത്തോട് പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു (2 സെ. 112) "ഏതു സഹോദരനും അയാള്‍ എവിടെ ആയിരുന്നാലും, അശുദ്ധമായ നോട്ടങ്ങളും സ്ത്രീകളുമായുള്ള അവിഹിത സംസര്‍ഗവും ഒഴിവാക്കണം. ..... നാമെല്ലാവരും നമ്മുടെമേല്‍ നിഷ്കര്‍ഷമായ മേല്‍നോട്ടം വഹിക്കയും നമ്മുടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും നിര്‍മ്മലമായി കാത്തുസൂക്ഷിക്കയും വേണം." എന്തെന്നാല്‍ "ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"വെന്നു കര്‍ത്താവ് അരളിച്ചെയ്യുന്നു. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ? (1 കോറി. 6, 19).

ഇങ്ങനെ മ്ലേഛതയെ നിരാകരിക്കയും ദിവ്യതയെ അന്വേഷിക്കയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിര്‍മ്മലഹൃദയത്തോടെ സജീവദൈവത്തെ അനുസ്യൂതം ദര്‍ശിക്കും (ലിഖിതങ്ങള്‍. ജ. 43).

8. പ്രപഞ്ചത്തില്‍ നിറഞ്ഞു തുളുമ്പുന്ന ഈശ്വര വാത്സല്യം നുകരുക

തന്‍റെ ചുറ്റിലും തനിക്കു മുകളിലും ഉള്ള ഓരോ ജീവജാലവും, അചേതനവസ്തുക്കളും, മനുഷ്യപുത്രരുടെ ഹൃദയ സ്പന്ദനങ്ങളും, പ്രകൃതിയുടെ സംഗീതവും ദൈവസ്നേഹത്തിന്‍റെ നിറഞ്ഞൊഴുകലാണെന്ന് ഫ്രാന്‍സീസ് കണ്ടെത്തി. അവയെല്ലാം പ്രകൃതിവാസനയാല്‍ ഈശ്വരപൂജ അര്‍പ്പിക്കുന്നതിനോട് അദ്ദേഹവും ചേര്‍ന്ന് സ്തുതി പാടിയപ്പോള്‍ "അകലം" ഇല്ലാതായി. ഒരു ദിവ്യാനുഗ്രഹമൂര്‍ച്ഛയില്‍ സര്‍വവും തന്‍റെ സത്തയുടെയും ജീവന്‍റെയും ഭാഗമായി അനുഭവപ്പെട്ടു. സഹോദരനും സഹോദരിയുമായി എല്ലാറ്റിനേയും വികാരതീവ്രതയോടെ അദ്ദേഹം സ്നേഹിച്ചു.

ദൈവത്തിന്‍റെ കരവേലയായ ഒന്നിലും തിന്മയില്ലെന്നും ഒന്നും തന്‍റെ ഈശ്വരസായൂജ്യതീര്‍ത്ഥാടനത്തെ അപകടപ്പെടുത്തുന്ന കെണിയല്ലെന്നും അനുഭവപ്പെട്ടതോടെ, അദ്ദേഹത്തിന് ജീവിതത്തിന്‍റെ ഓരോ നിമിഷവും അനന്തവും നിസീമസൗന്ദര്യവുമായ "കലാകാരനോടുള്ള" കൃതജ്ഞതാപ്രകാശനമായി ഭവിച്ചു.

കര്‍ണ്ണകഠോരമായ കൃത്രിമശബ്ദങ്ങളെ മയപ്പെടുത്താനും, ദീര്‍ഘനേരം പൂര്‍ണനിശബ്ദതയില്‍ ആണ്ട്, സ്വര്‍ഗസൗന്ദര്യവും ഈശ്വരന്‍റെ വാത്സല്യചുംബനവും നുകരാനും മനുഷ്യരാശിയെ പഠിപ്പിക്കുന്ന ഗുരുവാണ് ഫ്രാന്‍സീസ്. എല്ലാ ജീവികളോടും പ്രത്യേകിച്ച് മനുഷ്യസഹോദരങ്ങളോട് ദയയും സന്മനസും പ്രദര്‍ശിപ്പിക്കാന്‍: അന്തരീക്ഷ മലിനീകരണം പാടെ നിറുത്തലാക്കാന്‍; ലഹരിപദാര്‍ത്ഥങ്ങള്‍ പാടെ വര്‍ജിക്കാന്‍; വികാരവിചാരാഭിലാഷങ്ങള്‍ നിര്‍മ്മലമാക്കാന്‍ ഇന്നത്തെ മനുഷ്യന് മാര്‍ഗദര്‍ശകം നല്കുന്ന നിത്യജ്യോതിസല്ലേ ഫ്രാന്‍സിസ്!

എല്ലാ നന്മയും അനന്തനന്മയും സൗന്ദര്യപൂര്‍ണതയും എന്ന് ഫ്രാന്‍സിസ് വിളിച്ചവന് എപ്പോഴും എല്ലാറ്റിനും നന്ദി പറഞ്ഞുകൊണ്ട് ജീവിക്കുന്തോറും അന്തരംഗത്തിലെ ദുഃഖത്തിന്‍റെ കനം പെട്ടെന്ന് കുറയുന്നു - ഒപ്പം മധുരസ്നേഹാനുഭവം തീവ്രമാകുന്നു.

ലഭിക്കാത്തവയെപ്പറ്റി ആവലാതിയോടെ ചിന്തിക്കാതെ, ലഭിച്ചവയെ ഓരോന്നിനേയും എണ്ണിപ്പറഞ്ഞ് ആ സര്‍വംദര്‍ശിയായ പിതാവിന് നന്ദി പാടുന്ന അരുമക്കിടാവായി മാറുന്തോറും മനസിന്‍റെ മരവിപ്പും, ജീവിതത്തിന്‍റെ ജീര്‍ണതയും, നീറുന്ന നിരാശയും വിടപറയുന്ന അനുഭവമുണ്ടാകുന്നു. ഈ വിമോചനത്തിന്‍റെ വഴികാട്ടിയായി വി. ഫ്രാന്‍സീസിനെ സ്വീകരിക്കാന്‍ ആധുനിക ലോകത്തിനു ഇനിയും കഴിയുകയില്ലേ? എന്നണോ കൂടുതല്‍ പേര്‍, കൂടുതല്‍ ആവേശത്തോടെ ഈ പ്രക്രിയയില്‍ മുഴുകുന്നത് അന്ന് മനുഷ്യജീവിതവും മനുഷ്യസമൂഹവുമായ "ദേവാലയം" പുനരുദ്ധരിക്കപ്പെടും.

9. നിരാശയുടെ നൂലാമാലകള്‍ അഴിക്കാന്‍ പഠിക്കുക

സ്വയം നിന്ദയുടെയും നിരാശയുടെയും ആത്മഹത്യയുടെയും അശുദ്ധാത്മാവ് ഇന്ന് അനേകരെ ഘോരബന്ധത്തില്‍ ആക്കിയിട്ടുണ്ട്. ചിലര്‍ തെറ്റായ ആശയങ്ങളെ മുറുകെപ്പിടിച്ചു ജീവിച്ച് വഴിമുട്ടിപ്പോയിരിക്കുന്നു. എന്നാല്‍ ദൈവശക്തിയുടെയും വിശുദ്ധിയുടെയും പ്രത്യാശയുടെയും ദൈവവചനം ഉള്‍ക്കൊണ്ടാല്‍ നിരാശയുടെ കുരുക്കുകളില്‍നിന്നു പുറത്തു കടക്കാന്‍ ഏവര്‍ക്കും കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ വി. ഫ്രാന്‍സീസ് തെളിയിച്ചിരിക്കുന്നു. ഏതു ക്ലേശത്തിലൂടെയും ദൈവം വലിയ നന്മ ഒരുക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി.

"നിന്നെപ്പോലൊരു വിദ്യാഹീനന്‍ ഞങ്ങളുടെ ചുമതല വഹിക്കുന്നതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു എന്നു പറഞ്ഞ് എന്‍റെ സഹോദരന്‍ന്മാര്‍ എന്നെ നിന്ദിച്ചും മര്‍ദ്ദിച്ചും പുറത്താക്കുമ്പോള്‍ സമചിത്തതയോടും ആഹ്ലാദത്തോടും കൂടി ഞാനത് ഉള്‍ക്കൊള്ളണം. അല്ലാത്തപക്ഷം എന്‍റെ സന്യാസം നിര്‍ത്ഥകമത്രേ" (2 സെലാനോ.145).

ദീര്‍ഘയാത്ര കഴിഞ്ഞ്, മഞ്ഞുപെയ്യുന്ന രാത്രിയില്‍, പാതിരാ കഴിയുമ്പോള്‍, ഞാന്‍ നനഞ്ഞുകുതിര്‍ന്ന് വിറച്ച്, ദേഹത്ത് ചെളി പുരണ്ട സ്ഥിതിയില്‍ വന്ന് ആശ്രമകവാടത്തില്‍ മുട്ടിവിളിക്കുന്നു. അപ്പോള്‍ ആശ്രമസൂഷിപ്പുകാരന്‍ 'നീയൊരു വിഡ്ഢിയും ബുദ്ധിഹീനനുമാണ്, നിന്നെ ഞങ്ങള്‍ക്കാവശ്യമില്ല, തീര്‍ച്ചയായും നിനക്ക് ആശ്രമത്തില്‍ പ്രവേശനം തരില്ല, ഇവിടെ നിന്ന് പോകൂ' എന്നു പറഞ്ഞ് ആട്ടിയിറക്കുമ്പോള്‍ ഞാന്‍ സഹിഷ്ണുത കാണിക്കയും അല്പം പോലും മനം തകരാതെയും ക്ഷോഭിക്കാതെയുമിരുന്നാല്‍ അതാണ് യഥാര്‍ത്ഥ സുകൃതം" (ലിഖിതങ്ങള്‍ ജ 142-143).

വേദനയെയും വേദനിപ്പിക്കുന്നവരെയും നവമായ കാഴ്ചപ്പാടില്‍ കാണാനും, പീഡിപ്പിക്കുന്നവരെ ഗുണകാംക്ഷികളായി സ്വീകരിക്കാനും സ്നേഹിക്കാനും അദ്ദേഹം പഠിപ്പിക്കുന്നു. (ലിഖിതങ്ങള്‍ ജ. 66).

10. യേശു ഏകനായകന്‍; സുവിശേഷം ഏക പ്രത്യയശാസ്ത്രം

സര്‍വതിലും യേശുക്രിസ്തുവിനെപ്പോലൊരു "ദൈവപുത്രനായി" ജീവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. (സെലാനോ. 115). അവിടുത്തെ സുവിശേഷം ഏറ്റം വിശ്വസ്തതയോടെ ജീവിതത്തില്‍ പകര്‍ത്തുക എന്നത് മാത്രം ജീവിതധര്‍മ്മവും (ലിഖിതങ്ങള്‍ ജ. 49).

വിനയത്തിന്‍റെയും, ആത്മസംയമനത്തിന്‍റേയും, സ്നേഹത്തിന്‍റെയും, പ്രാര്‍ത്ഥനയുടെയും, ശാന്തിയുടെയും വീഥിയിലൂടെ പതിനാറുവര്‍ഷം വഴിനടന്ന ഫ്രാന്‍സിസ് പതിനായിരം പേരെ ശക്തമായി ആകര്‍ഷിക്കയും തന്‍റെ "ചെറു സഹോദര"നെ ഗണത്തില്‍ അണിനിരത്തുകയും ചെയ്തു. യേശുതുല്യമായ ജീവിതവും മനുഷ്യബന്ധവും സേവനവുമായിരുന്നു അതിനു പിന്നിലെ ശക്തിയെന്നു ചരിത്രം തെളിയിച്ചു.

11. കത്തോലിക്കാസഭയുടെ അധികാരത്തോട് വിധേയത്വം

സഭ, ദൈവമായ യേശുക്രിസ്തുവിന്‍റെതാണെന്നും സഭാതനയര്‍ക്ക് ക്രിസ്തുവിന്‍റേതല്ലാതെ വേറൊരു താല്പര്യം ഇല്ലെന്നും എല്ലാവരും സഭയുടെ പ്രബോധനാധികാരത്തിന് കീഴ്വഴങ്ങി തങ്ങളുടെ സേവനസഹകരണം നല്കണമെന്നുമുള്ള നിലപാടായിരുന്നു വി. ഫ്രാന്‍സീസിന്‍റേത്. പ്രബോധനാധികാരത്തില്‍ നിന്ന് തെറ്റിമാറി പോകുന്നവര്‍ തിരുത്തപ്പെടണമെന്ന് അതിശക്തമായ ഭാഷയില്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു.

"തിരുസഭയ്ക്ക് എപ്പോഴും കീഴ്പ്പെട്ട്, കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു നിന്ന് കര്‍ത്താവിന്‍റെ വി. സുവിശേഷം പാലിക്കണം"... (ലിഖിതങ്ങള്‍ ജ. 81). തിരുസഭാമാതാവിന്‍റെ മടിയിലെ, വിശ്വസ്തതയും അനുസരണവുമുള്ള മക്കളായി എന്നും കഴിയണമെന്ന് "അന്ത്യാഭിലാഷമായി" അദ്ദേഹം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. (സിയെന്നായിലെ വില്പത്രം - ലിഖിതങ്ങള്‍ ജ. 87). വി. ഫ്രാന്‍സീസിനെ ചെവിക്കൊള്ളാന്‍ സഭാതനയര്‍ സന്നദ്ധരായാല്‍ സഭയിലെ തന്നെ അന്തഃഛിദ്രം എത്ര കണ്ടു  കുറയുകയില്ല!

ഉപസംഹാരം

ഹൃദയഹാരിയായ പല സ്വഭാവഗുണങ്ങളാലും പരിലസിച്ച ഒരു മോഹന നക്ഷത്രമായി വി. ഫ്രാന്‍സീസ് അന്നത്തെ ജനത്തെ ശ്രേഷ്ഠമായ ജീവിതശൈലിയിലേക്കും മനുഷ്യബന്ധത്തിലേക്കും നയിച്ചു. എല്ലാവിധ സ്വാര്‍ത്ഥതയും അകറ്റിനിറുത്താനും സഹജീവികളെ ദൈവത്തോളം മഹത്വമുള്ളവരായി കാണാനും അംഗീകരിക്കാനും ആവും വിധം വളര്‍ത്താനും നിര്‍വ്യാജം അദ്ദേഹം യത്നിച്ചു. സര്‍വരേയും സ്നേഹിക്കാന്‍ വേണ്ടിയുള്ളതാണീ ജീവിതമെന്നും അവിടെ എപ്പോഴും സന്തോഷിക്കാന്‍ മനുഷ്യനു കഴിയുമെന്നും സ്വമാതൃകയിലൂടെ തെളിയിച്ചെന്നതാണ് ഈ മഹാത്മന്‍റെ നേട്ടം.

ഇന്ന് ഏവരെയും മഥിക്കുന്ന ഒരു ദുസ്ഥിതിയാണല്ലോ സ്വാര്‍ത്ഥപൂജയും നൈരാശ്യവും. എല്ലാം പിടിച്ചെടുക്കാന്‍, എല്ലാം സ്വന്തമാക്കാന്‍, എപ്പോഴും സുഖിക്കാന്‍, "എങ്ങനെയും എന്‍റെ കാര്യം നടക്കണ'ണമെന്ന മോഹം സഫലമാക്കാന്‍ വെമ്പുന്ന ഇന്നത്തെ മനുഷ്യന്‍ സാവകാശം ഫ്രാന്‍സീസിന്‍റെ വഴിയേ നടന്നുതുടങ്ങിയെങ്കില്‍! അദ്ദേഹം കത്തിച്ച കൈത്തിരിയുടെ വെളിച്ചത്തില്‍ ജീവിതയാത്ര ആരംഭിച്ചെങ്കില്‍ ജീര്‍ണതയുടെ പിടിയില്‍നിന്ന് "ദേവാലായങ്ങള്‍" ഉദ്ധരിക്കപ്പെടും. ഓരോരുത്തരും തന്‍റെ സഹോദരനിലെയും പ്രപഞ്ചത്തിലെയും "നന്മ"യുടെ ആരാധകനായി മാറുന്ന അളവില്‍ അവനിലെ ജീര്‍ണതയുടെ തായ്വേര് അറ്റു കഴിഞ്ഞിരിക്കും.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts