news-details
മറ്റുലേഖനങ്ങൾ

സമയത്തോടുള്ള മനുഷ്യന്‍റെ കടപ്പാട്

സമയത്തിന്‍റെ വില മനസ്സിലാക്കുന്നവനാണ് ആധുനിക മനുഷ്യന്‍. രണ്ടു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍, ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും രണ്ടുമണിക്കൂര്‍ വിമാനയാത്ര നടത്തി സമയം ലാഭിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കാത്തുനിന്ന് നേരം കളയാന്‍ ആര്‍ക്കും ഇഷ്ടമില്ല. വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യര്‍. വിശ്രമവും വിനോദവും വേണ്ടെന്നുവച്ച് മുഴുവന്‍ സമയവും അധ്വാനിച്ച് സമ്പന്നരാകാന്‍ കൊതിക്കുന്നവര്‍. മറ്റുള്ളവനുവേണ്ടി ഒരു നിമിഷം നിന്നുകൊടുക്കാന്‍, കുടുംബാംഗങ്ങളോടൊത്ത് അല്പനേരം ചെലവഴിക്കാന്‍, ദൈവത്തോടുകൂടി അല്പനേരമായിരിക്കാന്‍ മടിക്കുന്ന മനുഷ്യര്‍ സ്വന്തം സുഖങ്ങള്‍ക്കുവേണ്ടി മണിക്കൂറുകള്‍ മാറ്റിവയ്ക്കാന്‍ തയ്യാറാകുന്ന അനുഭവം സര്‍വ്വസാധാരണം. സമയത്തിന്‍റെ അര്‍ത്ഥവും മൂല്യവും മനസ്സിലാക്കാതെ, അലസരായി കഴിയുന്നവര്‍ ഒരു ഭാഗത്ത്. ഈ പശ്ചാത്തലത്തില്‍ സമയത്തോടുള്ള മനുഷ്യന്‍റെ സമീപനം എന്തായിരിക്കണം എന്ന് ചിന്തിക്കുന്നത് ഉചിതമാണല്ലോ.

ബൈബിളില്‍ സമയത്തെ സൂചിപ്പിക്കാന്‍ പല പദങ്ങളും ഉപയോഗിക്കുന്നുണ്ട്. 'ക്രോണോസ്, 'കെയ്റോസ്' എന്നീ പദങ്ങളാണ് അവയില്‍ പ്രധാനം. ക്രോണോസ് ഒരു പ്രത്യേക കാലയളവിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. പുതിയ നിയമത്തില്‍ 14 പ്രാവശ്യം ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. അതില്‍ നല്ല പങ്കും ലൂക്കായുടെ സുവിശേഷത്തിലും അപ്പസ്തോലപ്രവര്‍ത്തനങ്ങളിലുമാണ്. ഒരു പ്രത്യേക സംരംഭവുമായി ബന്ധപ്പെടുത്തിയാണ് ഈ പദം ഉപയോഗിക്കുന്നത്. അത് യേശുസംഭവമാണ്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ എഴുതുന്നത്, "എന്നാല്‍ കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു." (ഗലാ. 4:4). യേശുവുമായി ബന്ധപ്പെടുമ്പോഴാണ് സമയത്തിന് അര്‍ത്ഥം  കൈവരുന്നത്.

നിര്‍ണായക നിമിഷത്തെ ദ്യോതിപ്പിക്കാനാണ് കെയ്റോസ് എന്ന് പ്രയോഗിക്കുക. പുതിയ നിയമത്തില്‍ ആകെ 85 പ്രാവശ്യം ഈ പ്രയോഗം നമുക്കു കാണാന്‍ സാധിക്കും. ചരിത്രത്തിലെ നിര്‍ണായകസമയം ആരംഭിക്കുന്നത് യേശുവിന്‍റെ വരവോടെയാണ്. പ്രവാചകന്മാര്‍ കാത്തിരുന്ന അനുഗ്രഹത്തിന്‍റെ സമയം യേശുവില്‍ സാക്ഷാത്കരിക്കുന്നു. രക്ഷയുടെ സമയമാണിത്. യേശുവില്‍ പൂര്‍ത്തീകരിക്കുന്ന വെളിപാടിന് അനുകൂലമായി തീരുമാനമെടുക്കാനുള്ള അവസരവും.

യേശുവുമായി ബന്ധപ്പെടുത്തിയാണ് വേദപുസ്തകം സമയത്തെ അവതരിപ്പിക്കുക. നമ്മുടെ സമയത്തിന് അര്‍ത്ഥപൂര്‍ണത കൈവരുന്നത് യേശുവിനോട് ബന്ധപ്പെടുമ്പോള്‍ മാത്രമാണ്. കാരണം യേശുവില്‍ സമാഗതമാകുന്ന ദൈവരാജ്യത്തിന്‍റെ സമയമാണിത്. യേശു തന്‍റെ പ്രസംഗം ആരംഭിക്കുന്നതുതന്നെ  സമയത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും വ്യക്തമാക്കിക്കൊണ്ടാണല്ലോ.

"അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍."

"ദൈവം ഉപാധികളില്ലാതെ നിന്നെ സ്നേഹിക്കുന്നു" ഇതാണ് യേശുവിന്‍റെ സന്ദേശത്തിന്‍റെ കാതല്‍. ദൈവത്തിന്‍റെ ഈ സ്നേഹം അനുഭവിക്കാനുള്ള അവസരമാണ് സമയം. യേശുവിലൂടെയാണ് നാം ഈ സ്നേഹം സാക്ഷാത്കരിക്കുക. സമയത്തോടുള്ള മനുഷ്യന്‍റെ സമീപനവും ഇതിനെ ആശ്രയിച്ചിരിക്കുന്നു. ദൈവം നിന്നെ സ്നേഹിക്കുന്നു എന്ന് അനുഭവിക്കാന്‍ സാധിക്കുന്നവനേ സമയത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

അനുതപിക്കാനുള്ളതാണ് സമയം. കഴിഞ്ഞകാലങ്ങളില്‍ അധാര്‍മ്മികതയുടെയും അവിശ്വാസത്തിന്‍റെയും വഴികളിലൂടെ ചരിച്ചവര്‍ക്ക് ധാര്‍മിക ജീവിതം നയിക്കാനുള്ള അവസരമായിട്ടാണ് സമയത്തെ പത്രോസ് ശ്ലീഹാ വിശേഷിപ്പിക്കുക. (1 പത്രോ. 4:2-4). അനുതാപത്തിലേക്ക് കടന്നുവരുന്നതിനോടൊപ്പം വിശ്വാസത്തില്‍ വളരാനും പക്വത പ്രാപിക്കാനുമുള്ള അവസരമാണിത്(ഹെബ്രാ 5, 12). അലസത കൈവെടിഞ്ഞ് പതിനൊന്നാം മണിക്കൂറിലും അധ്വാനിക്കാനുള്ള അവസരമാണിത്. (മത്താ 20:6-8). ഇത് ഒരു പ്രവാസകാലമാണ്. അന്ധകാരത്തിന്‍റെയും പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും കാലം. പ്രത്യാശ കൈവിടാതെ അധ്വാനിക്കാന്‍ പത്രോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു.  

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts