news-details
മറ്റുലേഖനങ്ങൾ

ഒറ്റയാളിന്‍റെ ചിരി

നാടകശാലയുടെ പിന്നില്‍ തീ പിടിച്ചു. അതു കണ്ട കോമാളി നടന്‍ സ്റ്റേജില്‍ കയറി ജനങ്ങളോടു വിളിച്ചുപറഞ്ഞു: "തീ" ജനങ്ങള്‍ കൈയടിച്ചു പൊട്ടിച്ചിരിച്ചു. അയാള്‍ നെഞ്ചത്തടിച്ചു നിലവിളിച്ചു പറഞ്ഞു: "സത്യമായും തീയാണ്." അവര്‍ ആര്‍ത്തുചിരിച്ചു. "ഇതുപോലെ തന്നെ ലോകം അവസാനിക്കും എന്നു ഞാന്‍ കരുതുന്നു. ഇതൊക്കെ വെറും തമാശയാണെന്ന്  കരുതുന്ന ബുദ്ധിമാന്മാരുടെ കൈയടിയോടെ."

ഇതെഴുതുന്നത് ഡാനിഷ് ചിന്തകനായ സോറന്‍ കീര്‍ക്കെഗോറാണ്. അദ്ദേഹം ഒരു സ്വപ്നം വിവരിച്ചു. ഏഴാം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട അദ്ദേഹത്തിന് മുഖ്യദേവനായ മെര്‍ക്കുറി ഒരു വരം വച്ചുനീട്ടി - ഒന്നുമാത്രം. എന്തും തിരഞ്ഞെടുക്കാം - യൗവ്വനം, അധികാരം, സൗന്ദര്യം, ദീര്‍ഘായുസ്സ്, സുന്ദരികള്‍ .... അല്പസമയം ചിന്തിച്ചിട്ട് അദ്ദേഹം പറഞ്ഞു: "ഒരു  കാര്യം ഞാന്‍ തിരഞ്ഞെടുക്കുന്നു. ചിരി. അത് എപ്പോഴും എന്‍റെ കൂടെ ഉണ്ടായിരിക്കട്ടെ." അതുകേട്ട് ദൈവങ്ങള്‍ പൊട്ടിച്ചിരിച്ചു.

ലോകത്തെ നോക്കി ചിരിക്കുന്ന ഒരു കോമാളിയുടെ സ്ഥാനത്ത് അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചത് എന്തുകൊണ്ടാണ്? ലോകത്തില്‍ എല്ലാം തെറ്റിദ്ധാരണയാകുമ്പോള്‍ കണ്ണീര്‍പ്രവാഹത്തോടെ ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും? അദ്ദേഹം ചോദിക്കുന്നു. "ഒരുവന്‍ മാത്രമായി ലോകത്തില്‍ നില്‍ക്കുമ്പോള്‍ അഗാധമായ വേദനയനുഭവിക്കുന്ന വിനാഴികകളുണ്ട്."

"എനിക്കു ചെറുപ്പമായിരുന്നപ്പോള്‍ ചിരിക്കുന്നത് എങ്ങനെ.... എന്നു ഞാന്‍ മറന്നുപോയി. എനിക്കു പ്രായമായപ്പോള്‍ കണ്ണു തുറന്നുനോക്കി യാഥാര്‍ത്ഥ്യം കണ്ടപ്പോള്‍ ഞാന്‍ ചിരിക്കാന്‍ തുടങ്ങി. അന്നു തുടങ്ങിയത് ഇന്നുവരെ നിറുത്തിയിട്ടില്ല."

ചിരിക്കുന്നവന്‍ ഒറ്റയാളാണ്. ലോകത്തെ നോക്കി ചിരിക്കുന്നു. പക്ഷേ തന്നെപ്പോലും അയാള്‍ മനസ്സിലാക്കിയിട്ടില്ല. "എന്തു വരാനിരിക്കുന്നു? ഭാവിയില്‍ എന്തിരിക്കുന്നു എന്നെനിക്കറിയില്ല. എനിക്കൊരു എത്തുംപിടിയുമില്ല" കീര്‍ക്കെഗോര്‍ എഴുതി. എട്ടുകാലിയെപ്പോലെ മുന്നില്‍ ശൂന്യത മാത്രം. അവിടേക്കു ചാടിയാല്‍ കാലുകളുറപ്പിക്കാന്‍ അവിടെ ഒന്നുമില്ല. "എന്‍റെ കാര്യവും ഇതുപോലെയാണ്. എപ്പോഴും എന്‍റെ മുന്നില്‍ ഒരു ശൂന്യത മാത്രം. എന്നെ മുന്നോട്ടു നയിക്കുന്നത് എന്‍റെ പിന്നില്‍ കിടക്കുന്നതാണ്. ഈ ജീവിതം പിന്നില്‍നിന്നു മുന്നിലേക്കാണ്. അസഹ്യമാണത്." മനുഷ്യാസ്തിത്വത്തെക്കുറിച്ച് കീര്‍ക്കെഗോര്‍ എഴുതി. "എനിക്കൊരു കൂട്ടുകാരനെയുള്ളൂ, എന്‍റെ പ്രതിദ്ധ്വനി."

ഇദ്ദേഹം ഇതറിഞ്ഞു അതുകൊണ്ടു ചിരിക്കുന്നു, ലോകത്തെ നോക്കി. ചിരിക്കുന്നതിന് ഒരു കാരണമേയുള്ളൂ. ആളുകള്‍ക്ക് വെളിവില്ലാതായിരിക്കുന്നു. നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യം ആരും ഉപയോഗിക്കുന്നില്ല. ഇല്ലാത്തതിനുവേണ്ടി ആളുകള്‍ ഒച്ചവെയ്ക്കുന്നു. "ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഒച്ചവയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് അവര്‍ ഒച്ചവയ്ക്കുന്നു." അതു കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?

"ഈ ലോകത്തിലെ എല്ലാ അസംബന്ധങ്ങളിലും വച്ച് ഏറ്റവും അസംബന്ധമായത് ലോകത്തില്‍ കാണിക്കുന്ന തിരക്കാണ്. ഉണ്ണാന്‍ ഓടുന്നു. പണിയാന്‍ ഓടുന്നു." ആ ഓട്ടത്തെക്കാള്‍ വേഗത്തില്‍ ഓടുന്ന വണ്ടി അയാളെ ഇടിച്ചുകൊല്ലുന്നു. അപ്പോള്‍ ഞാന്‍ ഹൃദയത്തിന്‍റെ ആഴത്തില്‍നിന്നു ചിരിക്കുന്നു. ചിരിക്കാതിരിക്കുന്നത് എങ്ങനെ? ഈ തിരക്കുകാര്‍ എന്തുനേടി?

തന്‍റെ ചിരിയുടെ കാരണങ്ങള്‍ കീര്‍ക്കെഗോര്‍ നിരത്തി. "ജീവിതത്തിന്‍റെ അര്‍ത്ഥം എന്നു പറയുന്നത് ഒരു ഉപജീവനം കണ്ടെത്തലായി ഞാന്‍ കണ്ടു. അതിന്‍റെ ലക്ഷ്യമെന്നത് ഒരു പേരു സമ്പാദിക്കലായി. സ്നേഹത്തിന്‍റെ സമ്പന്നമോഹം ഒരു സമ്പന്ന പെണ്‍കുട്ടിയെ കെട്ടുന്നതായിരിക്കുന്നു. സൗഹൃദത്തിന്‍റെ സുഖമെന്നത് ഒരു സാമ്പത്തിക പ്രശ്നത്തിലെ സഹായമാണുപോലും. വിജ്ഞാനമെന്നത് ഭൂരിപക്ഷം അംഗീകരിക്കുന്നതാണ്. തീക്ഷ്ണത പ്രസംഗം പറയലാണ്. ധീരത പത്തുരൂപ നഷ്ടമാക്കലുമാണ്. ഊഷ്മളതയെന്നത് അത്താഴവിരുന്നിന് ക്ഷണവും ദൈവഭയം കൊല്ലത്തിലൊരിക്കല്‍ കുര്‍ബാന സ്വീകരിക്കുന്നതുമായിരിക്കുന്നു. ഇതൊക്കെ കണ്ടതുകൊണ്ടാണ് ഞാന്‍ ചിരിക്കുന്നത്.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts