news-details
മറ്റുലേഖനങ്ങൾ

മാനസികാരോഗ്യം വ്യക്തിത്വവികസനത്തിന്

ചെടിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും വെളിച്ചവും വേണം. ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് ആഹാരവും വ്യായാമവും വിശ്രമവും ആവശ്യമാണ്. മനസ്സിന്‍റെ വളര്‍ച്ചക്കോ? അരോഗമായ മനസ്സ്, വിശാലമായ ഹൃദയം എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. ശരീരത്തിനൊത്തു വളരാത്തതോ വികാസം പ്രാപിക്കാത്തതോ ആയ മനസ്സ് ഒരു പ്രശ്നം തന്നെയാണ്. മനസ്സിന്‍റെ വളര്‍ച്ചയും ബുദ്ധിയുടെ വളര്‍ച്ചയും തമ്മില്‍ നേരിട്ടു വലിയ ബന്ധമൊന്നുമില്ല. ഉയര്‍ന്ന പരീക്ഷകള്‍ ജയിച്ചവരെല്ലാം സന്മനസ്സുള്ളവരല്ലല്ലോ. പഠിച്ചവരുടെ സങ്കുചിത മനസ്സ് സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ നമുക്ക് അറിഞ്ഞുകൂടാത്തതല്ല.

മാനസികാരോഗ്യത്തിനും വികാസത്തിനും അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ നാലാണ്: സ്നേഹം, മനസ്സിലാക്കല്‍, പ്രോത്സാഹനം, പിന്തുണ. സ്നേഹിക്കാനും മനസ്സിലാക്കാനുമുള്ള ദാഹം മനുഷ്യന്‍റെ ജന്മവാസനയാണ്. മനുഷ്യന്‍റെ എന്നുതന്നെയല്ല, ജീവികളുടെ എന്നുവേണം പറയാന്‍. എന്നാല്‍ സ്നേഹത്തിന്‍റെ മാധുര്യം മനുഷ്യമനസ്സുകളിലാണ് നിറയുന്നത്. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അതു മനസ്സുനിറയെ സുഗന്ധവും മാധുര്യവും കൊണ്ടുവരുന്നു. "സ്നേഹമാണഖിലസാരമൂഴിയില്‍" എന്നു പാടിയ മഹാകവി അതൊരു താളത്തിന് ചുമ്മാതങ്ങ് എഴുതിയ വരികളല്ല. അതു സാരമറിഞ്ഞ് പാടിപ്പോയതാണ്. അമ്മയുടെ സ്നേഹം, അച്ഛന്‍റെ സ്നേഹം, വീട്ടിലുള്ള മറ്റംഗങ്ങളുടെ സ്നേഹം, കൂട്ടുകാരുടെ സ്നേഹം. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്‍റെ ലോകം ഇങ്ങനെ വികസിച്ചുകൊണ്ടിരിക്കും. ഭാര്യയുടെ സ്നേഹം, ബന്ധുക്കളുടെ സ്നേഹം, നാട്ടുകാരുടെ സ്നേഹം- സ്നേഹത്തിന് അതിരുകളില്ല. സ്നേഹത്തിന്‍റെ താമരയ്ക്ക് നൂറായിരം ഇതളുകളാണ്. അതിന്‍റെ വര്‍ണ്ണഭംഗിയും സുഗന്ധപൂരവും അവര്‍ണനീയമാകുന്നു. സ്നേഹരശ്മികള്‍ നമ്മുടെയുള്ളില്‍ പ്രാണധാരയായി മാറുന്നു. ഇതിന്‍റെ അളവ് മനുഷ്യരില്‍ കുറയുന്നതനുസരിച്ച് മനസ്സിന്‍റെ ആരോഗ്യവും കുറയുന്നു. സ്നേഹമെന്തെന്നറിയാതെ വളരുന്ന കുട്ടികള്‍ മുശടന്മാരോ, സ്വാര്‍ത്ഥമതികളോ കുറ്റവാളികളോ ആയിത്തീരുന്നത് സാധാരണയാണ്. ഇതിനുദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ എത്രവേണമെങ്കിലും പറയാം.

എന്നെ ആരും മനസ്സിലാക്കുന്നില്ല, ഞാന്‍ പറയുന്നത് നിങ്ങളെന്താ മനസ്സിലാക്കത്തത് ഇങ്ങനെ എല്ലാം വിഷാദത്തോടെ ചിലര്‍ ചോദിക്കുന്നതു കേള്‍ക്കാറുണ്ട്. സിനിമയിലും നാടകത്തിലും മാത്രമല്ല സാധാരണജീവിതത്തിലും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരും.

ഒരധ്യാപകന്‍ പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ല എന്ന മട്ടിലുള്ള പരാതിയെക്കുറിച്ചല്ല പറയുന്നത്. പലപ്പോഴും നമ്മള്‍ മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. കൂട്ടാക്കാറില്ല. ഇതൊരു സത്യമാകുന്നു. ഇതുതന്നെയാണ് മുകളില്‍ പറഞ്ഞ പരാതികള്‍ക്കു പിന്നിലുള്ളത്. അവനവന്‍റെ കാര്യം മാത്രം നോക്കുന്നവനും ഏതൊരു പ്രവൃത്തിക്കുപിന്നിലും ലാഭേച്ഛ ഒളിപ്പിച്ചു വച്ചിരിക്കുന്നവരുമായ പ്രയോജനവാദികളായി നാം മാറിയിരിക്കുന്നു. മറ്റുള്ളവരെ ശ്രദ്ധിക്കാനും മനസ്സിലാക്കാനും തിരക്കില്‍ പലര്‍ക്കും സമയം കിട്ടാറില്ല. നഗരസംസ്കാരവും യാന്ത്രികജീവിതവും സംഭാവന ചെയ്ത ഒരു പുതിയ ജീവിതശൈലിയുടെ മൂടല്‍മഞ്ഞ് നമ്മെയാകെ പൊതിഞ്ഞുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളുടെ പൊതുപ്രവര്‍ത്തനം, ഉദ്യോഗം, ബിസിനസ്സ് ഇതിനെല്ലാമിടയില്‍ അവഗണിക്കപ്പെടുന്ന കുട്ടികള്‍ സമൂഹത്തില്‍ ഇന്നൊരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഞങ്ങളെ ആരും മനസ്സിലാക്കുന്നില്ല എന്ന പരാതി അഗ്നിപര്‍വ്വതംപോലെ പുകയുമ്പോള്‍ തകരുന്നത് കുടുംബബന്ധങ്ങളും സദാചാരനിയമങ്ങളും ആയിരിക്കും. പ്രോത്സാഹനത്തിന്‍റെ കുറവ് എത്രയോ ആളുകളെ നിരുത്സാഹപ്പെടുത്തുന്നു എന്നു പറയാനാവില്ല. പ്രോത്സാഹനം അര്‍ഹിക്കുന്ന ഏതൊരു വ്യക്തിക്കും അതു നിരസിക്കരുത്.

ഇനിയുള്ളത് പിന്‍തുണയുടെ കാര്യമാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തങ്ങളുടെ പ്രവൃത്തികള്‍ക്കെല്ലാം പിന്‍തുണ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ശരിയാകും, ധൈര്യമായിരിക്ക്. ഞാനില്ലേ കൂടെ എന്ന വാക്കുകളുടെ ബലം നമ്മള്‍ അറിയണം. അറിഞ്ഞ് പ്രയോഗിക്കണം. മനുഷ്യരില്‍ ഭൂരിപക്ഷംപേരും ദുര്‍ബലരാണ്. അര്‍ഹിക്കുന്ന  പിന്‍തുണ വേണ്ടപ്പോള്‍ കൊടുക്കണം, അതിനു മടിക്കരുത്.

ആരോഗ്യമുള്ള മനസ്സ് രൂപപ്പെടുത്തുന്നതിന്, നല്ല മനസ്ഥിതിയുള്ള ആളുകളെ വളര്‍ത്തിയെടുക്കുന്നതിന് വെള്ളവും വളവും വെളിച്ചവും ശുശ്രൂഷയുമായി സ്നേഹം, മനസ്സിലാക്കല്‍, പ്രോത്സാഹനം, പിന്‍തുണ ഇവ നാലും വേണ്ടപോലെ നല്‍കണം. മുതിര്‍ന്നവരാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞാചരിക്കേണ്ടത്. ഇപ്പറഞ്ഞ നാലുവേദത്തിന്‍റെ അഭാവം കുട്ടികളെ സ്വാര്‍ത്ഥമതികളും ദുഷ്ടമനസ്സുകളുമായി വളരുവാനിടയാക്കും. അതിനാല്‍ മനസ്സിന്‍റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ചതുര്‍വിഭവങ്ങളും നല്കുക. കൊടുക്കുന്തോറും ഏറിടും എന്നത് എപ്പോഴും ഓര്‍മ്മിക്കുക.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts