news-details
മറ്റുലേഖനങ്ങൾ

മനുഷ്യമനസ്സാക്ഷിയുടെ സ്വരം ജോണ്‍ പോള്‍ രണ്ടാമന്‍

1978 ഒക്ടോബര്‍ 16-ാം തീയതി പോളണ്ടില്‍നിന്നുള്ള കര്‍ദ്ദിനാള്‍ കരോള്‍ വേയറ്റീവ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ  സുഹൃത്തും നാട്ടുകാരനുമായിരുന്ന കര്‍ദ്ദിനാള്‍ വിഷന്‍സ്കി പറഞ്ഞു: "ദൈവത്തിനും ക്രിസ്തുവിന്‍റെ സഭയ്ക്കുമല്ലാതെ മറ്റാര്‍ക്കും പൂര്‍ണ്ണമായി കീഴടങ്ങിയിട്ടില്ലാത്ത ഒരു രാജ്യത്തിന്‍റെ സാക്ഷാല്‍ പ്രതിനിധിയാണ് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍."

വെളുത്തകുന്നിലെ കറുത്തമാതാവിന്‍റെ വെളുത്ത പുത്രന്‍ പത്രോസിന്‍റെ 264-ാമത്തെ പിന്‍ഗാമിയായി ഈ മെയ് പതിനെട്ടാംതീയതി തന്‍റെ എഴുപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആഗോളകത്തോലിക്കാസഭയ്ക്ക് അത് സന്തോഷത്തിന്‍റെ ഒരവസരമാണ്. തന്‍റെ സഭയെ പഠിപ്പിക്കാനും വിശ്വാസത്തിലും കൂട്ടായ്മയിലും നിലനിര്‍ത്തുവാനും യേശു പത്രോസിനെ തിരഞ്ഞെടുത്തു. അതുകൊണ്ടു തന്നെ ഉത്തരവാദിത്വത്തെക്കുറിച്ച് പത്രോസിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ ജോണ്‍പോളിന് ഉറച്ച ബോധ്യമുണ്ട്. "ഏറ്റവും വിശുദ്ധവും കാതോലിക്കവുമായ ക്രിസ്തുസഭയുടെ കാണപ്പെടുന്ന തലവനെന്ന നിലയില്‍ ഈ സഭയുടെ പ്രസ്തുത ഐക്യവും വിശുദ്ധിയും അപ്പസ്തോലികത്വവും കാതോലികത്വവും  വിളങ്ങി പ്രകാശിക്കുന്നതിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഞാന്‍ പ്രത്യേകം ചുമതലപ്പെട്ടവനാണ്" എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ക്രിസ്തുവിന്‍റെ വികാരി, പത്രോസിന്‍റെ പിന്‍ഗാമി, റോമിന്‍റെ മെത്രാന്‍, പടിഞ്ഞാറിന്‍റെ പാത്രിയാര്‍ക്കീസ്, ഇറ്റലിയുടെ പ്രൈമറ്റ്, വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ തലവന്‍, സര്‍വ്വോപരി ലോകത്തിലെ 100 കോടി കത്തോലിക്കരുടെ ആദ്ധ്യാത്മികപിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍. 1994ലെ ടൈം വാരികയുടെ 'മാന്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത് ജോണ്‍പോള്‍ രണ്ടാമനാണ്. ഇദ്ദേഹത്തെക്കുറിച്ച് 'ടൈം' ഇങ്ങനെ എഴുതി: "പോപ്പ് ഒരു സാധാരണ മനുഷ്യനല്ല. സിദ്ധികളോ വ്യക്തിത്വമോ ഒന്നുമല്ല അദ്ദേഹത്തെ അസാധാരണ മനുഷ്യനാക്കുന്നത്. അദ്ദേഹത്തെ ചൂഴ്ന്നുനില്ക്കുന്ന ഒരു ദിവ്യത്വമുണ്ട്. അതു മനസ്സിലാക്കാന്‍ നാമൊരു കത്തോലിക്കനോ ദൈവവിശ്വാസിപോലുമോ ആകണമെന്നില്ല. മദര്‍ തെരേസ പറയുന്നു, 'ആഴമായ വിശ്വാസം ആലംബമാക്കിയ, അവിരാമമായ പ്രാര്‍ത്ഥനയാല്‍ പരിപോഷിപ്പിക്കപ്പെടുന്ന അചഞ്ചലമായ പ്രത്യാശയാല്‍ നയിക്കപ്പെടുന്ന ധീരനായ ദൈവസ്നേഹി."

പാപ്പാ, സൈന്യങ്ങളോ സൈന്യത്തലവനോ ഇല്ലാത്ത ഒരു രാഷ്ട്രത്തിന്‍റെ തലവനും ആദ്ധ്യാത്മികനേതാവുമാണ്. എന്നാല്‍ ഇന്ന് ലോകത്തില്‍ ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്നത് ഈ  വ്യക്തിയുടെ ധര്‍മ്മവും ജ്ഞാനവും നീതിയും സര്‍വ്വോപരി സ്നേഹവും വഴിഞ്ഞൊഴുകുന്ന വാക്കുകളാണ്.

വാഡോവിസില്‍ നിന്ന് വത്തിക്കാനിലേക്ക്

1920 മെയ് പതിനെട്ടാംതീയതി ദക്ഷിണപോളണ്ടിലെ വാഡോവിസ് ഗ്രാമത്തില്‍ പട്ടാളക്കാരനായിരുന്ന കരോളിന്‍റെയും അധ്യാപികയായ എമിലിയുടെയും രണ്ടാമത്തെ മകനായി ജനിച്ച ലോലെക്കിന്‍റെ ബാല്യകാലം അത്ര സന്തോഷപ്രദമായിരുന്നില്ല. ലോലെക്കിന് ഒന്‍പതുവയസ്സുള്ളപ്പോള്‍ അമ്മയും അമ്മയുടെ മരണശേഷം നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ സഹോദരന്‍ എഡ്വേര്‍ഡും മരണമടഞ്ഞു. പിതാവിന്‍റെ കര്‍ക്കശനിയന്ത്രണത്തില്‍ വളര്‍ന്ന ലോലെക്ക് ഫുട്ബോളിലും ഹോക്കിയിലും സ്കീയിംഗിലുമെല്ലാം അതീവതല്പരനായിരുന്നു. ലോലെക്കിന്‍റെ സഹപാഠിയും സഹോദരനുമായിരുന്ന യൂരെക്ക് അനുസ്മരിക്കുന്നത് ലോലെക്ക് എന്നും നല്ല ഒരു ഗോളിയായിരുന്നു എന്നാണ്.

1939ല്‍ ഹിറ്റ്ലറുടെ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചു കീഴടക്കി. അധ്യാപകര്‍ അറസ്റ്റുചെയ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പലരും ഒളിവിലായി. ഒരു തൊഴിലാളിയായി കരിങ്കല്‍ മടയില്‍ പേരു രജിസ്റ്റര്‍ ചെയ്ത് പകല്‍ കഠിനാധ്വാനവും രാത്രി ഒളിസങ്കേതങ്ങളില്‍ പഠനവും നാടകപഠനവും അഭിനയവുമെക്കെയായി വോയ്റ്റിവ കഴിച്ചുകൂട്ടി. അന്നനുഭവിച്ച ജീവിതദുഃഖങ്ങളാണ് അദ്ദേഹത്തിന്‍റെ 'കല്ലുമട' എന്ന കവിതയില്‍ നാം കാണുന്നത്. ഇതിനെക്കുറിച്ച് യതി ഇങ്ങനെ എഴുതി: ഊക്കന്‍ പാറയുടെ അചഞ്ചലമായ ഉള്‍ക്കരുത്തിന്‍റെ നേര്‍ക്ക് കൂടമോങ്ങിനില്ക്കുന്ന ബലിഷ്ഠനായ മനുഷ്യന്‍റെ സജീവചിത്രം അദ്ദേഹം വരച്ചുകാട്ടിയിരിക്കുന്നത് പുറമെ നിന്നുകൊണ്ടല്ല കര്‍മശക്തിയുടെ അജയ്യമായ വെല്ലുവിളി പോലെ വലിഞ്ഞുമുറുകി നില്‍ക്കുന്ന പേശികളില്‍ യോഗാരൂഢന്‍റെ കര്‍മകൗശലം പകര്‍ന്നുകൊടുക്കുന്ന ചിദ്വിലാസത്തെ എടുത്തുകാണിച്ചുകൊണ്ടാണ്. പാറ പൊട്ടിക്കുന്ന അധ്വാനിയുടെ മനസ്സില്‍ ഉറഞ്ഞുകൂടുന്ന ദുഃഖവും വേദനയും രോഷവും അവന്‍റെ വിട്ടുവീഴ്ചയില്ലാത്ത കര്‍മനിപുണതയ്ക്ക് ഊര്‍ജ്ജം പകരുകയാണ് ചെയ്യുന്നത്. ഈശ്വരനെ ഗോഥിക് ദൈവാലയങ്ങളില്‍ കണ്ടുപഴകിയ കണ്ണുകള്‍ പാറ പൊട്ടിക്കുന്നവനില്‍ ഗോഥിക് ദൈവാലയം കാണുന്നു. (ജോണ്‍പോള്‍ രണ്ടാമന്‍റെ കവിതകള്‍, വിവ. പ്രൊഫ. അഞ്ചനാട്ട്).

ഹിറ്റ്ലറുടെ ബ്ലാക്ക്ലിസ്റ്റില്‍ ലോലെക്കിന്‍റെ പേരുണ്ടായിരുന്നത്രേ. 1941ല്‍ ലോലെക്കിന്‍റെ പിതാവ് മരിച്ചു. പിതാവിന്‍റെ മരണവും നാസികളുടെ യഹൂദരോടുള്ള ക്രൂരതയും ഒരു ആദ്ധ്യാത്മിക മനുഷ്യനായിരുന്ന ടിറനോസ്കി എന്ന തുന്നല്‍ക്കാരനുമായുള്ള ബന്ധവുമൊക്കെ ലോലെക്കിനെ വൈദികാന്തസു തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച  കാരണങ്ങളായിരിക്കാം. അണ്ടര്‍ഗ്രൗണ്ടിലെ സെമിനാരി  വിദ്യാഭ്യാസത്തിനുശേഷം 1946 നവംബര്‍ ഒന്നാം തീയതി ഇരുപത്താറാം വയസ്സില്‍ ലോലെക്ക് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

തുടര്‍ന്ന് റോമിലെ സെന്‍റ് തോമസ് അക്വിനാസ് സര്‍വ്വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ജോണ്‍ ഓഫ് ദി ക്രോസിനെക്കുറിച്ച് തീസിസ് സമര്‍പ്പിച്ച് ഡോക്ടറേറ്റും നേടി. 1945 ല്‍ നാസികളില്‍നിന്ന് റഷ്യാക്കാര്‍ പോളണ്ടിനെ മോചിപ്പിച്ചു. കമ്യൂണിസം പോളീഷ് ജനതയുടെ ജീവിതമണ്ഡലങ്ങളിലെല്ലാം പിടിമുറക്കാനാരംഭിച്ചു. 38-ാം വയസ്സില്‍ മെത്രാനായ വോയ്റ്റീവ, 1967 മെയ് 19 ന് കര്‍ദ്ദിനാളായി. 1978 ഒക്ടോബര്‍ 16-ാം തീയതി മാര്‍പാപ്പയായി.

ജോണ്‍പോളും കമ്മ്യൂണിസവും

1996 ഫെബ്രുവരി മാസത്തെ 'റീഡേഴ്സ് ഡൈജസ്റ്റ്' ജോണ്‍പോളിനെക്കുറിച്ചെഴുതി: "ഈ ലോകത്തില്‍ പാപ്പായുടെ സ്വാധീനം വളരെ വലുതാണ്. അദ്ദേഹം പറയുന്നതെല്ലാം ലോകത്തിന് പഥ്യമല്ല. അതുകൊണ്ടുതന്നെ ജോണ്‍പോള്‍ രണ്ടാമന്‍ ചിലര്‍ക്ക് യാഥാസ്ഥിതികനാണ്. മറ്റു ചിലര്‍ക്കാകട്ടെ പുരോഗമനവാദിയും.

കമ്യുണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ മുപ്പതിലേറെക്കൊല്ലം കഴിഞ്ഞിട്ടുള്ള പാപ്പ എല്ലാ മനുഷ്യാവകാശങ്ങളുടെയും അടിത്തറയായി മതസ്വാതന്ത്ര്യത്തെ കാണുന്നു. മാര്‍ക്സിസ്റ്റ് ഭൗതികവാദം, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, വര്‍ഗ്ഗസമരം, സ്വകാര്യസ്വത്തവകാശത്തിന്‍റെ ഉന്മൂലനം എന്നിവയെ ജോണ്‍പോള്‍ എല്ലായിടത്തും എതിര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനോ ഭൗതികമേഖലയുടെ നടത്തിപ്പില്‍ കൈകടത്താനോ തനിക്ക് യാതൊരുദ്ദേശ്യവും ഇല്ലെന്ന് പറഞ്ഞ മാര്‍പാപ്പ സമഗ്രാധിപത്യപരമായ ഒരു തസ്തിക പ്രത്യയശാസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ട് മനുഷ്യമഹത്തപരം എന്നവകാശപ്പെടുന്ന ഏതെങ്കിലും വ്യവസ്ഥിതിയില്‍ സമാധാനകാലത്തുപോലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എങ്കില്‍ അത് ഖേദകരമാണ് എന്ന് പ്രസ്താവിച്ചു. 'മനുഷ്യരക്ഷകന്‍' എന്ന ചാക്രികലേഖനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരീശ്വരത്തിനുമാത്രം രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ സ്ഥാനം നല്കുന്നതും മതവിശ്വാസികളെ കഷ്ടിച്ചു വച്ചുപൊറുപ്പിക്കുകയോ രണ്ടാം തര പൗരന്മാരായി കരുതുകയോ അവരുടെ പൗരത്വം തന്നെ എടുത്തു കളയുന്നതോ... വെറും മാനുഷികപരിഗണനകള്‍ വച്ചുനോക്കുമ്പോള്‍ പോലും സ്വീകാര്യമല്ല. (നമ്പര്‍ 17).

ഗഡാസ്കില്‍ ഹിപ്പ്യാഡില്‍നിന്ന് പാപ്പയുടെ അനുഗ്രഹാശ്ശിസുകളോടെ ഉയര്‍ന്നുവന്ന സോളിഡാരിറ്റി കമ്യൂണിസത്തെ പരാജയപ്പെടുത്തിക്കൊണ്ട് പോളണ്ടില്‍ അധികാരം പിടിച്ചെടുത്തതും അതിനുശേഷം ഹംഗറി, കിഴക്കന്‍ ജര്‍മ്മനി, ചെക്കോസ്ലോവാക്കിയ, ബള്‍ഗേറിയ, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ആര്‍ത്തലച്ച് വീഴുന്നതും വീണ്ടും മുന്‍ കമ്യൂണിസ്റ്റുകള്‍ പേരും നിറവുമൊക്കെ മാറ്റി അധികാരത്തില്‍ മടങ്ങിവരുന്നതും നാം കണ്ടു.

ആത്മീയത നിഷേധിച്ചുകൊണ്ടുള്ള പ്രത്യയശാസ്ത്രത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ച പാപ്പ ലെയോ പതിമൂന്നാമന്‍റെ 'റേരും നൊവാരും' എന്ന ചാക്രികലേഖനത്തിന്‍റെ നൂറാംവാര്‍ഷിത്തോടനുബന്ധിച്ച് 'പെന്തേസിമൂസ് അന്നൂസ്' എന്ന തന്‍റെ ചാക്രികലേഖനത്തില്‍ തൊഴില്‍, സ്വകാര്യസ്വത്ത്, സംഘടിക്കാനുള്ള അവകാശം, നീതിപൂര്‍വ്വകമായ കൂലി, മതസ്വാതന്ത്ര്യം, രാഷ്ട്രവും പൗരന്മാരും തമ്മിലുള്ള ബന്ധം, പാവപ്പെട്ടവരോടുള്ള പ്രത്യേക സ്നേഹം എന്നിവയെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

1994 ഒക്ടോബര്‍ പത്തൊന്‍പതാം തീയതി പ്രസിദ്ധീകൃതമായ  പ്രത്യാശയുടെ പൂമുഖപ്പടിവാതില്‍ കടക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ കമ്മ്യൂണിസത്തിന്‍റെ പതനത്തില്‍ ദൈവത്തിന്‍റെ ഇടപെടലുണ്ടോ?  എന്ന മെസ്ലോറിയുടെ ചോദ്യത്തിന് പാപ്പ ഇങ്ങനെ മരുപടി നല്കി. 'കമ്യൂണിസത്തിന്‍റെ പതനം ദൈവത്തിന്‍റെ ഇടപെടല്‍മൂലമാണെന്നു പറയുക അതിലഘൂകരണമായിരിക്കും. അത് അതിന്‍റെതന്നെ ആന്തരികദൗര്‍ബല്യത്താല്‍ നിലംപതിച്ചു. എങ്കിലും മാതാവിന്‍റെ സന്ദേശവുമായി കമ്മ്യൂണിസത്തിന്‍റെ പതനത്തെ ചേര്‍ത്തുവായിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. എങ്കിലും കമ്മ്യൂണിസം അനീതിയുടെ മുമ്പിലുള്ള പ്രതിഷേധത്തിന്‍റെ ചരിത്രഭാഗമായിട്ടാണ് ആരംഭിച്ചത് എന്ന് പാപ്പ പറയുന്നു.

എന്നാല്‍ കമ്യൂണിസത്തിന്‍റെ പതനത്തോടെ എല്ലാ ഭീഷണികളും ഇല്ലാതായി എന്നല്ല മാര്‍പാപ്പ പറയുന്നത്. പോളണ്ടില്‍നിന്നെത്തിയ സര്‍വ്വകലാശാലാധികൃതരോട് പാപ്പ ഇങ്ങനെ പ്രസ്താവിച്ചു. 'കമ്യൂണിസത്തിന്‍റെ പതനത്തോടെ മുതലാളിത്തം ശക്തിപ്രാപിച്ചു. അതോടൊപ്പം കടുത്ത ഉപഭോഗചിന്തയും. പ്രശസ്തഗ്രന്ഥകാരനും ഇറ്റലിക്കാരനുമായ വിത്തോറിയോ മെസ്സേക്കി എഴുതി കമ്യൂണിസത്തെ കൊന്നുകുഴിച്ചിട്ടതോടെ കത്തോലിക്കാ വിശ്വാസവും അമേരിക്കയും തമ്മിലുള്ള സംഘട്ടനം പുനരാരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ കണ്‍സ്യൂമറിസത്തെ മാര്‍പാപ്പ കമ്യൂണിസത്തെക്കാള്‍ അപകടകരമായ വിശ്വാസഭീഷണിയായി കാണുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാര്‍മ്മിക കാഴ്ചപ്പാടുകള്‍

1981ല്‍ വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പാപ്പ ഇന്നും ഊര്‍ജ്ജസ്വലനാണ്. തന്‍റെ ജീവിതാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ബോധ്യത്തില്‍ പാപ്പ സംസാരിക്കുന്നത്. ഗലിലെയോ സംഭവത്തില്‍ സഭക്കു തെറ്റുപറ്റി എന്ന് ഏറ്റുപറഞ്ഞ പാപ്പ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെപ്പറ്റി ദൈവശാസ്ത്രജ്ഞന്മാര്‍ അറിഞ്ഞിരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി. കെയ്റോ കോണ്‍ഫറന്‍സില്‍ അനേകം ജനനനിയന്ത്രണമാര്‍ഗങ്ങളില്‍ ഒന്നു മാത്രമായി 'ഭ്രൂണഹത്യയെ' ചിത്രീകരിച്ച കരടുപ്രമേയത്തെ 'ഭ്രൂണഹത്യയെ ജനനനിയന്ത്രണമാര്‍ഗമായി ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല' എന്നു തിരുത്തിയെഴുതിക്കാന്‍ പോപ്പിന്‍റെ ധാര്‍മ്മികശബ്ദത്തിനു കഴിഞ്ഞു. ജീവനും നിലനില്പിനും വേണ്ടിയുള്ള ഒരുവന്‍റെ അവകാശം ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ന്യായമായ യുദ്ധംപോലും ഭീകരമാണെങ്കില്‍ കൂടിയും 'അവസാനത്തെ മാര്‍ഗമായി' യുദ്ധത്തെ ന്യായീകരിക്കാം എന്ന് ബോസ്നിയന്‍ അന്താരാഷ്ട്ര നടപടിയെ ന്യായീകരിച്ചുകൊണ്ട് പാപ്പ ചൂണ്ടിക്കാട്ടി.

തീര്‍ത്ഥാടകനായ പാപ്പ

വത്തിക്കാനില്‍ ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടാതെ അദ്ദേഹം 17 വര്‍ഷത്തിനിടയില്‍ 900.00 കി. മീ. സഞ്ചരിച്ചുകഴിഞ്ഞു. ഏതാണ്ട് അറുപത്തെട്ടു വിദേശയാത്രകള്‍ നടത്തിയിട്ടുള്ള പാപ്പ, 510 രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പന്ത്രണ്ട് ചാക്രികലേഖനങ്ങള്‍, എട്ട് അപ്പസ്തോലിക പ്രബോധനങ്ങള്‍, മുപ്പത് അപ്പസ്തോലികലേഖനങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.  ഇത്രയും കാലത്തെ തന്‍റെ ഭരണകാലത്തിനിടയ്ക്ക് 272 പേരെ വിശുദ്ധ പദവിയിലേക്കും 731 പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്താനുള്ള അസുലഭാവസരവും പാപ്പായ്ക്ക് ലഭിച്ചു. ഇവരില്‍ വളരെയധികം പേര്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്നുള്ളത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്.

1986ല്‍ ഭാരതം സന്ദര്‍ശിച്ച ജോണ്‍പോള്‍ 'ഐക്യത്തിലേക്കുള്ള നാഥന്‍റെ വിളി' എന്ന പൊതുവിഷയത്തിന്‍ കീഴില്‍ തിരുവനന്തപുരത്ത് നീതിയിലേക്കും സമാധാനത്തിലേക്കുമുള്ള നാഥന്‍റെ വിളി എന്ന വിഷയത്തെ ആധാരമാക്കിയും കൊച്ചിയില്‍ അനുരഞ്ജനം ഐക്യത്തിലേക്കുള്ള പടി, തൃശൂരില്‍ ലോകത്തിന്‍റെ വെളിച്ചമായ നാഥന്‍റെ വിളി എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചും സന്ദേശങ്ങള്‍ നല്കി. കോട്ടയത്ത് പവിത്രതയിലേക്കുള്ള വിളി എന്ന വിഷയം തിരഞ്ഞെടുത്തുകൊണ്ട് ചാവറയച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി.

അസ്വസ്ഥതയും നിസ്സഹായവസ്ഥയും വളരുന്ന ഈ ലോകത്തില്‍ ആധുനികമനുഷ്യന്‍റെ പ്രശ്നങ്ങളെ അപഗ്രഥിച്ച് അതിനു പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പാപ്പ, മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തെയും കടമകളെയും പ്രത്യേകം ഊന്നിപ്പറയുകയും ചെയ്യുന്നു. 'ജോണ്‍പോളിന്‍റെ മനുഷ്യരക്ഷകന്‍' എന്ന ചാക്രികലേഖനം മനുഷ്യനെന്ന യാഥാര്‍ത്ഥ്യത്തെ ക്രിസ്തുവിനോടുകൂടി ബന്ധപ്പെടുത്തി വിശദീകരിക്കുന്നു. മതബോധനം സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യമായി കാണണമെന്നതാണ് 'മതബോധനം' ഇന്ന് എന്ന അപ്പസ്തോലികപ്രബോധനത്തിലൂടെ പാപ്പ ആവശ്യപ്പെടുന്നത്. മനുഷ്യനും തൊഴിലും തമ്മിലുള്ള ബന്ധത്തെ 'തൊഴില്‍' എന്ന ചാക്രികലേഖനം വിശദീകരിക്കുന്നു. ക്രൈസ്തവ കുടുംബങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുന്ന 'കുടുംബം ഒരു കൂട്ടായ്മ', സഹനത്തെക്കുറിച്ചുള്ള രക്ഷാകരസഹനം' എന്നീ അപ്പസ്തോലിക പ്രബോധനങ്ങളും സാമൂഹികപ്രശ്നങ്ങളെ അപഗ്രഥിക്കുന്ന സാമൂഹിക ഔത്സുക്യം, നൂറാം വര്‍ഷം എന്നിവയും എടുത്തു പറയേണ്ടതാണ്.

ജോണ്‍പോളും യുവാക്കളും

ലോകത്തിന്‍റെ ഭാവിയും സഭയുടെ പ്രതീക്ഷകളും മാര്‍പാപ്പ യുവാക്കളില്‍ കാണുന്നു. 1985 ലോക യുവജനവര്‍ഷമായി ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തതിനെ സംബന്ധിച്ച് പാപ്പ എഴുതിയ രാഷ്ട്രങ്ങളുടെയും സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും സഭയുടെയുമെല്ലാം ഓജസ് യുവാക്കളാണ്. യുവത്വം നിങ്ങളുടെ സ്വകാര്യസ്വത്തല്ല. അതു ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. നിങ്ങള്‍ ഭാവിയിലേക്ക് ഉറ്റുനോക്കുന്നവരാകയാല്‍ നിങ്ങളില്‍ പ്രത്യാശയുണ്ട്. ക്രാക്കോയിലെ ജാഗിലോണിയന്‍ യൂണിവേഴ്സിറ്റിയില്‍ ഒരു പ്രൊഫസറായിരിക്കുമ്പോള്‍ തന്നെ ജോണ്‍പോള്‍  യുവാക്കളുമായി അടുത്തിടപഴകിയിരുന്നു. അസ്സീസിയിലെ ഫ്രാന്‍സിസിന് ഏറ്റവും പ്രിയങ്കരമായിരുന്ന സാന്‍ദാമിയാനോയിലെ ക്രൂശിതരൂപമാണ് അള്‍ത്താരയുടെ മുമ്പില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത.് 1985ല്‍ അന്തര്‍ദ്ദേശീയ യുവജനകേന്ദ്രം സാന്‍ലൊറെന്‍സോയില്‍   ഉദ്ഘാടനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു: "കര്‍ത്താവിന്‍റെ വിനീതദാസനായിരുന്ന ഫ്രാന്‍സിസിന്‍റെ ദൗത്യം പള്ളി പുതുക്കിപ്പണിയുക എന്നതായിരുന്നു. ഇന്ന് യുവാക്കളായ നിങ്ങള്‍ ആ ദൗത്യം, സഭയെ പുതുക്കിപ്പണിയുക എന്ന ജോലി ഏറ്റെടുക്കണം. സുവിശേഷത്തിന്‍റെ ധീരമായ പ്രഘോഷണദൗത്യം ഏറ്റെടുത്തുകൊണ്ട് ദൈവജനത്തെ സേവിക്കണം. ഇന്ന് പലവിധ പ്രലോഭനങ്ങളില്‍ വശംവദരായ നിങ്ങളെ സഹായിക്കാനായി തിരുസഭ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. നിരാശയില്‍ നട്ടംതിരിയുന്നവര്‍ക്ക് പ്രത്യാശയുടെ നാളങ്ങള്‍ ആകാനും സ്വാര്‍ത്ഥതയില്‍ ജീവിക്കുന്നവര്‍ക്ക് വിശ്വാസത്തിന്‍റെ വെളിച്ചം എത്തിച്ചുകൊടുക്കാനും യുവാക്കള്‍ക്ക് കഴിയണം എന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

ലൈംഗിക ധാര്‍മ്മികത

ധാര്‍മികതയെയും വിശ്വാസത്തെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ജോണ്‍പോള്‍ തയ്യാറല്ല. വനിതാ പൗരോഹിത്യത്തെക്കുറിച്ചുള്ള പാപ്പയുടെ നിലപാട് ഉറച്ചതാണ്. എക്യുമെനിസത്തിന്‍റെ ഇക്കാലത്ത് വനിതാപൗരോഹിത്യത്തെ അനുകൂലിക്കുന്ന ആംഗ്ലിക്കന്‍ സഭയുമായുള്ള ബന്ധം ശിഥിലമായേക്കാം എന്നറിഞ്ഞുകൊണ്ടുതന്നെ വനിതാപൗരോഹിത്യത്തിനെതിരെ ഒരു ഉറച്ച നിലപാടെടുക്കാന്‍ പാപ്പായ്ക്കു കഴിഞ്ഞു. 1993 ഒക്ടോബര്‍ 5 ന് ധാര്‍മിക ആപേക്ഷികത്വത്തിനെതിരെ പുറത്തിറക്കിയ 'സത്യത്തിന്‍റെ പ്രഭ' എന്ന ചാക്രികലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട് 'മനുഷ്യകുലത്തിന്‍റെ മനസ്സാക്ഷി നിദ്രയില്‍ കഴിയുമ്പോള്‍ മാര്‍പാപ്പ ഉണര്‍ന്നിരിക്കുന്നുവെന്നാണ് പാരീസിലെ കര്‍ദ്ദിനാള്‍ ലൂസ്തിജര്‍ പറഞ്ഞത്.

ജോണ്‍ പോള്‍ രണ്ടാമന്‍റെ ദീര്‍ഘമായ ഒരു  ചാക്രികലേഖനമാണ് 1995 മാര്‍ച്ച് 25ന് പുറപ്പെടുവിച്ച 'ജീവന്‍റെ സുവിശേഷം.' ധാര്‍മ്മികവിഷയങ്ങളെപ്പറ്റിയുള്ള ഒന്നാണിത്. ഗര്‍ഭഛിദ്രം, കാരുണ്യവധം എന്നിവയ്ക്കെതിരെ മാര്‍പാപ്പ ഇതിലൂടെ സംസാരിക്കുന്നു. രതിസുഖത്തെ പ്രജനനത്തിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നു വേര്‍തിരിച്ചപ്പോള്‍ സെക്സ് അതില്‍ത്തന്നെ ഒരു ലക്ഷ്യമായി. ഗര്‍ഭഛിദ്രത്തോട് ഇത്ര ലാഘവസമീപനം വളരാനുള്ള കാരണം ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ്. തന്‍റെ 'പ്രത്യാശയുടെ പൂമുഖപ്പടിവാതില്‍ കടക്കുമ്പോള്‍' എന്ന പുസ്തകത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം എന്നാല്‍ സുഖസൗകര്യങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്നതിനുവേണ്ടി ജീവിക്കാനുള്ള ഓരോ മനുഷ്യന്‍റെയും മൗലികാവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കലാണ്. 'ജീവിക്കാനുള്ള അവകാശം' എന്നതിന്‍റെ അര്‍ത്ഥം ജനിക്കാനും മരണം വരെ ജീവിക്കാനുമുള്ള അവകാശം എന്നാണ്. ഗര്‍ഭസ്ഥശിശുവിനെ കൊല്ലുന്നവര്‍ സ്വരക്ഷക്കായി യാതൊരുപാധിയുമില്ലാത്ത ഒരു മനുഷ്യജീവനെയാണ് നശിപ്പിക്കുന്നത്. സ്വരക്ഷക്കുവേണ്ടിയാണ് ഒരു കൊലപാതകമെന്ന ന്യായവാദത്തെപ്പോലും പാപ്പ വിമര്‍ശിക്കുന്നു. 'സ്വരക്ഷക്കുവേണ്ടി എന്ന വാദം പോലും നിര്‍ദോഷിയെ രക്ഷിക്കുക' എന്ന തത്വത്തെ മാനിക്കേണ്ടിയിരിക്കുന്നു. അന്യായമായി ദ്രോഹിക്കുന്നവനെതിരെയുള്ളതാണ് 'സ്വരക്ഷയ്ക്കുവേണ്ടി' എന്ന വാദം അല്ലാതെ ഒരു നിരുപദ്രവകാരിക്കെതിരെയുള്ളതല്ല.
ലൈംഗികകാര്യങ്ങളില്‍ സഭ ആധുനിക കാലഘട്ടത്തിന് പുറംതിരിഞ്ഞുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് പാപ്പ ഇങ്ങനെ മറുപടി പറഞ്ഞു. "സമൂഹം എന്തുകേള്‍ക്കാന്‍ മോഹിക്കുന്നുവോ അതു കേള്‍ക്കത്തക്കവിധം മാധ്യമങ്ങള്‍ സമൂഹത്തെ സ്വാധീനിച്ചിരിക്കുന്നു." പടിഞ്ഞാറന്‍ നാടുകളിലെ ധാര്‍മിക ആപേക്ഷികതയെ പാപ്പ വിമര്‍ശിക്കുന്നു. സഭക്ക് സത്യത്തിനെതിരെ പുറംതിരിഞ്ഞു നില്‍ക്കാനാവില്ല. മനുഷ്യശരീരം പവിത്രമാണ്. അത് സന്തോഷത്തിനുള്ള ഉപാധിയല്ല.

കോണ്‍സ്റ്റന്‍റയില്‍ ചക്രവര്‍ത്തിമുതല്‍ ഈ ലോകത്തില്‍ ജീവിച്ച തത്വചിന്തകന്മാരും രാജാക്കന്മാരുമായി ഇടപെട്ട മാര്‍പാപ്പാമാര്‍ ചരിത്രത്തിന്‍റെ എല്ലാ മുഹൂര്‍ത്തങ്ങളിലും ദൈവിക ദൗത്യം നിറവേറ്റിക്കൊണ്ട് മുന്നോട്ടുനീങ്ങി. കാറ്റിലും കോളിലുംപെട്ട് സഭ ഉലയുമ്പോഴും സഭയെ നയിക്കുവാനും തിരമാലകളില്‍പ്പെട്ട് തകരാതെ  സഭയെ മുന്നോട്ടു നയിക്കാനും യേശുവിന്‍റെ വലിയ മുക്കുവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

1979 വളരെയധികം പ്രക്ഷുബ്ധമായ ഒരു വര്‍ഷമായിരുന്നു. ഷായുടെ ഇറാനില്‍ നിന്നുള്ള പലയാനം, വമര്‍റൂജ് ഗറില്ലകളില്‍നിന്ന് കബോഡിയായെ മോചിപ്പിക്കാനുള്ള വിയറ്റ്നാമിന്‍റെ ആ രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റം, സോവിയറ്റ് യൂണിയന്‍റെ അഫ്ഗാന്‍ അധിനിവേശം എന്നിവ അവയില്‍ ചിലതു മാത്രമായിരുന്നു. ഇതേ വര്‍ഷത്തിലാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

1979 മുതല്‍ 1996 വരെ നിര്‍ണ്ണായകമായ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് ജോണ്‍പോള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. റുവാണ്ടയിലെ വംശീയകലാപവും ആഭ്യന്തരയുദ്ധവും പാപ്പായെ അസ്വസ്ഥനാക്കിയ സംഭവവികാസങ്ങളായിരുന്നു. 1981ല്‍ നടന്ന വധശ്രമത്തിനുശേഷം വഷളായിവരുന്ന തന്‍റെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹം അസ്വസ്ഥനല്ല. മൂന്നാം സഹസ്രാബ്ദത്തിലേക്ക് തിരുസഭയെ നയിക്കാന്‍ അദ്ദേഹം ഉല്‍സുകനാണ്. സുവിശേഷപ്രസംഗകനായ ബില്ലിഗ്രഹാം ജോണ്‍പോളിനെക്കുറിച്ച് പറഞ്ഞു: ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു മഹാനായ പോപ്പായിരിക്കും ജോണ്‍പോള്‍ രണ്ടാമന്‍. എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതല്ല അദ്ദേഹം പറയുന്നത്. മറിച്ച് മനുഷ്യമനസ്സാക്ഷിയുടെ സ്വരമാണ് അദ്ദേഹത്തിലൂടെ നാം ശ്രവിക്കുന്നത്. രണ്ടായിരാമാണ്ടില്‍ കര്‍ത്താവിന്‍റെ വിശുദ്ധമലയായ സീനായ് മലമുകളില്‍ ലോകത്തിലെ എല്ലാ മതങ്ങളും ഒരുമിച്ചു ചേരുന്നതും പ്രാര്‍ത്ഥിക്കുന്നതും അദ്ദേഹം സ്വപ്നം കാണുന്നു. ഒരു തികഞ്ഞ ശുഭാപ്തിവിശ്വാസിയായ അദ്ദേഹത്തിന്‍റെ മുദ്രാവാക്യം തന്നെ 'ഭയപ്പെടേണ്ട' എന്നതാണ്. 

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts