news-details
മറ്റുലേഖനങ്ങൾ

ഫ്രാന്‍സിസ് ഒരു ഭക്തിയോഗി

അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ ജീവിതവും വിശുദ്ധിയും, അഴിമതിയും ചൂഷണവും മൂലം കീറിമുറിഞ്ഞ ലോകത്തിന് ജീവന്‍റെ സന്ദേശം പകരുന്ന ഒരു സങ്കീര്‍ത്തനമായി ജനകീയവത്ക്കരിക്കപ്പെട്ടിട്ടുണ്ട്.

നാഥാ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ.

വിദ്വേഷമുള്ളിടത്ത് സ്നേഹവും ദ്രോഹമുള്ളിടത്ത് ക്ഷമയും സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും ദുഃഖമുള്ളിടത്ത് സന്തോഷവും വിതക്കുവാന്‍ എനിക്കിടവരട്ടെ.

ഓ, ദിവ്യനാഥാ,

ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാള്‍ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും എനിക്കിടവരട്ടെ.

എന്തെന്നാല്‍, ദാനം ചെയ്യുന്നതിലാണ് നാം നേടുന്നത്. ക്ഷമിക്കുന്നതിലാണ് നാം ക്ഷമ നേടുന്നത്. മരിക്കുന്നതിലാണ് നാം നിത്യജീവനിലേക്ക് ജനിക്കുന്നത്.

വി. ഫ്രാന്‍സീസ് പാടി ജീവിച്ച ജീവന്‍റെ ഈ സങ്കീര്‍ത്തനം തന്നെ വിശുദ്ധന്‍റെ ആത്മീയതയുടെ ആത്മാവിനെ വെളിപ്പെടുത്തുന്നുണ്ട്. രോഗവും ഭയവും ബാധിച്ച, യുദ്ധം കീറിമുറിച്ച ഇന്നത്തെ ലോകത്തിനുവേണ്ട മരുന്നാണിത്. ഓരോ ലോകയുദ്ധത്തിനുശേഷവും രാഷ്ട്രങ്ങളും ജനതകളും ധാര്‍മികവും ആത്മീയവുമായി കൂടുതല്‍ കൂടുതല്‍ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്നു. ഭൗമികവളര്‍ച്ചയാകട്ടെ ഇന്ദ്രിയസുഖാന്വേഷണത്തിന് മൂല്യം നല്‍കുന്ന ഉപഭോഗപരതക്കാണ് ജന്മം നല്‍കുന്നത്. പുരാതനമായ ആത്മീയ സനാതനമൂല്യങ്ങള്‍ ചവിട്ടിയടക്കപ്പെടുന്നു. ഭരണവര്‍ഗത്തെ അഴിമതി ഗ്രസിക്കുന്നു. ധനസമ്പാദനവും സ്വര്‍ണഭ്രമവും ലൈംഗികഭ്രാന്തും ചുറ്റുനിന്നും ഫണമുയര്‍ത്തുന്നു. ലോകം ഇങ്ങനെ ഒരു ആത്മീയനാശത്തിന്‍റെ വക്കത്തെത്തുമ്പോഴാണ് ലോകത്തിന്‍റെ ആത്മീയദാഹം ശമിപ്പിക്കാനും ദൈവരാജ്യത്തിന്‍റെ വിളഭൂമി കൂടുതല്‍ ഫലഭൂയിഷ്ഠമാക്കാനും അസ്സീസിയിലെ വി. ഫ്രാന്‍സീസിനെപ്പോലുള്ള ആത്മീയാചാര്യന്മാര്‍ ആവശ്യമായിവരുന്നത്.

അസ്സീസിയിലെ ദരിദ്രഭിക്ഷുവിന് ഇന്‍ഡ്യയെ സ്വാധീനിക്കാന്‍ പോന്ന വിശിഷ്ടങ്ങളായ പ്രത്യേകതകളുണ്ട്. സന്ന്യാസിമാരുടെ അംഗീകൃത നിലവാരങ്ങളില്‍നിന്ന് ഏറെ ഉയര്‍ന്നുനില്ക്കുന്ന പരമഹംസ പദവിയില്‍ എത്തിയ ഒരു യോഗീശ്വരനും ഉത്തമസന്ന്യാസിയുമാണദ്ദേഹം. ഭക്തിപ്രസ്ഥാനരീതിയിലുള്ള ഒരു ഉത്തമയോഗിയുമായിരുന്നു ഫ്രാന്‍സീസ്. ദൈവസ്നേഹത്താല്‍ മത്തുപിടിച്ച് എളിയവരിലും ദരിദ്രരിലും നഷ്ടപ്പെട്ട കുഞ്ഞാടുകളിലും ദൈവത്തെ സേവിക്കുവാനും പുല്‍ക്കൊടിയേയും പൂക്കളെയും ശുശ്രൂഷിച്ച് വളര്‍ത്താനും സ്വയം ഒന്നുമല്ലാത്തവനായിതീര്‍ന്നു അദ്ദേഹം.

സ്വന്തം നാടിന്‍റെ ഏറ്റവും നല്ല ആധ്യാത്മിക പൈതൃകത്തില്‍ അടിയുറച്ച ഒരുവനെ സംബന്ധിച്ചിടത്തോളം തന്‍റെ അഹംഭാവം ഏറ്റവും അടിച്ചുതാഴ്ത്തിയ, തീക്ഷ്ണമായ ദൈവസ്നേഹത്തിലൂടെ ദൈവം തന്നില്‍ എല്ലാമെല്ലാമാകുന്നതിനുവേണ്ടി സ്വന്തം ശരീരം ക്രൂശീകരിച്ച ഏറ്റവും ആദര്‍ശവാനായ ഭക്തിയോഗിയായിരിക്കും ഫ്രാന്‍സീസ്. കബീര്‍ദാസിനെയും തുളസീദാസിനെയും തുക്കാറാമിനെയും സൂര്‍ദാസിനെയും തെന്നിന്ത്യയിലെ മറ്റു ഭക്തകവികളെയും അറിയുന്നവര്‍ ഇവരുടെയൊക്കെ ശബ്ദവും വചനങ്ങളും ഫ്രാന്‍സീസിന്‍റെ പ്രവര്‍ത്തനങ്ങളിലും വാക്കുകളിലും കണ്ടെത്തും.

ക്രൈസ്തവ വിശുദ്ധന്മാരുടെ മാതൃകയായ യേശു നയിച്ചത് ശൂന്യവത്ക്കരണത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ജീവിതമായിരുന്നു. അതിനാല്‍ അവിടത്തേക്ക് പറയാന്‍ കഴിഞ്ഞു
ആകാശത്തിലെ പറവകള്‍ക്ക് കൂടുകളും നരികള്‍ക്ക് അവയുടെ മാളങ്ങളുമുണ്ട്. എന്നാല്‍ മനുഷ്യപുത്രനോ തലചായ്ക്കാന്‍ ഇടമില്ല. ഫ്രാന്‍സീസിനെ സംബന്ധിച്ചിടത്തോളം ഇത് പൂര്‍ണമായും ശരിയായിരുന്നു.

അലസവും യുദ്ധവീറുള്ളതുമായ ജീവിതമായിരുന്നു തന്‍റെ യൗവനമെങ്കിലും അവയുടെ ശൂന്യത അയാള്‍ അതിവേഗം മനസ്സിലാക്കി. ഒരു യുവാവെന്ന നിലയില്‍ യേശുവിന്‍റെ പാത പിന്തുടരാനും പ്രായോഗികമായി സുവിശേഷാദര്‍ശങ്ങളില്‍ ജീവിക്കുന്നതിലൂടെ തന്‍റെ കാലഘട്ടത്തിന്‍റെ തിന്മകള്‍ക്കുള്ള സൗഖ്യത്തിനായി പ്രയത്നിക്കാനും അയാള്‍ തീരുമാനമെടുത്തു. തന്‍റെ സന്ന്യാസസമൂഹത്തിനകത്തു തന്നെയുണ്ടായ ചൈതന്യരാഹിത്യം അദ്ദേഹത്തെ തന്‍റെ അന്ത്യനാളുകളില്‍ എത്രയേറെ വേദനിപ്പിച്ചിരുന്നു എന്നത് നമുക്കെല്ലാം അറിവുള്ളതാണല്ലോ. അതിനു പുറമെയായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകളെ ബാധിച്ച രോഗം മൂലമുണ്ടായ പീഡകള്‍. അദ്ദേഹത്തിന്‍റെ മാനസികവും ശാരീരികവുമായ ഈ പീഡാസഹനത്തെ പൂര്‍ത്തീകരിക്കാനെന്നോണമായിരുന്നു തീവ്രമായ പ്രാര്‍ത്ഥനയുടെ ഒരു രാത്രിയില്‍ തന്‍റെ വക്ഷസ്സിലും കൈകാലുകളിലും വന്നുചേര്‍ന്ന ക്രൂശിതന്‍റേതുപോലുള്ള മുറിവുകള്‍.

ഇത്തരം പീഡകള്‍ക്കു നടുവിലാണ് വിശുദ്ധാത്മാക്കള്‍ ഏറ്റവും ഭീതിദമായ പ്രശാന്തതയും സംയമനവും കാട്ടുക. ശാരീരികവും മാനസികവുമായ പീഡകളുടെ ഒരു കാളരാത്രിക്കുശേഷം പുലര്‍ന്ന പ്രഭാതത്തില്‍ സൂര്യപ്രകാശം തന്‍റെ കണ്ണുകളെയും ശരീരത്തിലെ മുറിവുകളെയും കുത്തിനോവിച്ചപ്പോഴായിരുന്നു ഫ്രാന്‍സീസ് ശബ്ദമുയര്‍ത്തി സാര്‍വലൗകികസ്തുതിയുടെ ഗീതമാലപിച്ചത്.

ചുരുക്കത്തില്‍ പ്രപഞ്ചത്തിലെ ഓരോന്നും ഫ്രാന്‍സീസിനെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിലേക്കുള്ള ഓരോ ചൂണ്ടുവിരലുകളായിരുന്നു. ദൈവത്തെ സ്തുതിക്കുക എന്നത് എല്ലാ സൃഷ്ടവസ്തുവിന്‍റെയും കടമയും ആനന്ദവുമാണ്. ഫ്രാന്‍സീസിന്‍റെ ഈ അവബോധം നമ്മെ വീണ്ടും ഭാരതീയരാക്കുന്നു.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts