news-details
ധ്യാനം

നമുക്കും അവനോടൊപ്പം പോയി മരിക്കാം

ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായെ പ്രത്യേകം അനുസ്മരിക്കുന്ന ദിവസത്തിന്‍റെ പേരാണല്ലോ 'ദുക്റാന.' ഈ വാക്കിന്‍റെ അര്‍ത്ഥം ഓര്‍മ്മ എന്നാണ്. സ്നേഹമുള്ളവര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിധിയാണ് ഓര്‍മ്മ. മരിച്ചുപോയ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും പ്രിയപ്പെട്ടവരെയും ഹൃദയത്തില്‍ ഓര്‍മ്മിക്കുന്നവരാണ് നമ്മള്‍. വൃക്ഷങ്ങളുടെ വേരിന് കോടാലി വയ്ക്കപ്പെട്ടു എന്നു പറഞ്ഞാല്‍ പിന്നെയൊന്നും ഓര്‍ക്കാനില്ല എന്നാണ് അര്‍ത്ഥം. മറവിയുടെ മഴു വീണ ജീവിതങ്ങളാണ് നമുക്കു ചുറ്റും ഉള്ളത്. ബന്ധങ്ങളിലും ആത്മീയജീവിതത്തിലും 'അള്‍ഷിമേഴ്സ്' ബാധിച്ച നമ്മള്‍ നല്ല ഓര്‍മ്മകളിലേക്കു തിരിച്ചുനടക്കണം. ആവശ്യമില്ലാത്തതെല്ലാം മറന്നുകളയാം. നന്മകളെ ഓര്‍ത്ത് ജീവിക്കാം. ചെറിയ ചെറിയ തകര്‍ച്ചകള്‍ വരുമ്പോള്‍ ലഭിച്ച മറ്റു നന്മകളെയോര്‍ത്ത് സന്തോഷിക്കാം. മാര്‍ത്തോമ്മാശ്ലീഹായെക്കുറിച്ചുള്ള ദീപ്തസ്മരണകള്‍ നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കും. ജീവിതത്തില്‍ സ്വീകരിച്ച വിശ്വാസം ശരീരത്തില്‍ പ്രത്യക്ഷപ്പെടുത്തിയവനാണ് തോമാശ്ലീഹാ. നമ്മള്‍ സ്വീകരിച്ച വിശ്വാസത്തിന് ജീവിതംകൊണ്ടു സാക്ഷ്യം നല്‍കുവാന്‍ നമുക്കു ശ്രമിക്കാം. വാക്കിലും പ്രവൃത്തിയിലും നമ്മുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുവാന്‍ നമുക്കു കഴിയട്ടെ.

കാണപ്പെടുന്നതും കാണപ്പെടാത്തതുമായ രണ്ടു ലോകങ്ങളില്‍ വസിക്കുന്നവരാണ് നമ്മള്‍. ദൃശ്യവും അദൃശ്യവുമായ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന സത്യമാണിത്. കാണുന്നതുവരെയാണ് വിശ്വാസം. കണ്ടു കഴിഞ്ഞാല്‍ പിന്നെ അറിവാണ്. കണ്ടിട്ടു പിന്നെ വിശ്വസിക്കേണ്ടതില്ല. നേരില്‍ ലഭിച്ച അറിവായി മാറുന്നു. ഇന്നു നമ്മള്‍ വിശ്വാസത്തില്‍ ആരാധിക്കുന്നു. നാളെ നമ്മള്‍ കണ്ടനുഭവിക്കും. ഇതാണ് ക്രിസ്തീയ ജീവിതം. ഇതാണ് സുവിശേഷം നല്‍കുന്ന പ്രത്യാശ. ജന്മദിനത്തില്‍ സമ്മാനം തരാമെന്ന് ഭര്‍ത്താവ് ഭാര്യയോടു വാഗ്ദാനം ചെയ്യുന്നു. ആ വാക്കില്‍ അവള്‍ വിശ്വസിക്കുന്നു. ജന്മദിനത്തില്‍ സമ്മാനം കിട്ടിക്കഴിയുമ്പോള്‍ വിശ്വാസം അറിവും അനുഭവവുമായി മാറും.  മരണാനന്തരജീവിതമുണ്ടെന്നു നാം വിശ്വസിക്കുന്നു. അന്തിമകാഹളം മുഴങ്ങിക്കഴിയുമ്പോള്‍ നാമത് കണ്ട്, അനുഭവിച്ച്, അറിയും. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു കര്‍ത്താവു പറയുമ്പോള്‍ ഈ ചിന്തകള്‍ നമ്മെ ബലപ്പെടുത്തട്ടെ. നമ്മുടെ പിതാവിനോടു ചെയ്ത വാഗ്ദാനം നമ്മോട് കര്‍ത്താവ് ആവര്‍ത്തിക്കുന്നു.

"നമുക്കും അവനോടൊപ്പം പോയി മരിക്കാം" എന്ന തോമാശ്ലീഹായുടെ ധൈര്യം ഈ അവസരത്തില്‍ നാം ധ്യാനിക്കേണ്ടതാണ്. ജീവരക്തംകൊണ്ട് വിശ്വാസത്തിന് അടിവരയിടുവാന്‍ നമുക്കു കഴിയട്ടെ. "ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ നിങ്ങളെ ഞാന്‍ അയയ്ക്കുന്നു" എന്നാണ് കര്‍ത്താവ് ശിഷ്യന്മാരോടു പറഞ്ഞത്. അങ്ങനെ ലോകത്തിലേക്ക് അയയ്ക്കപ്പെട്ടവരാണ് നമ്മള്‍. പക്ഷേ ചെന്നായ്ക്കുപകരം ചെങ്ങാലിപ്രാവുകളുടെ ചിറകടി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവരായി നമ്മള്‍ മാറിയിരിക്കുന്നു. ഭയം കൂടാതെ സത്യം വിളിച്ചുപറയുവാന്‍ നമുക്കു സാധിക്കുന്നുണ്ടോ? അകാരണമായ ഭീതിയില്‍ മറ്റുള്ളവരെ സുഖിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളുമായി നീങ്ങുന്ന നിസ്സംഗത സമൂഹത്തിന്‍റെ ശാപമാണ്. മാര്‍ത്തോമ്മാശ്ലീഹായുടെ ധൈര്യം നമുക്കും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണം. കാലത്തിന്‍റെ കുത്തിയൊഴുക്കില്‍ ഒലിച്ചുപോകുന്ന ജീവിതംകൊണ്ട് കാലത്തിന്‍റെ പ്രവാചകന്മാരായി ജീവിക്കാന്‍ നമുക്കു ശ്രമിക്കാം. വെറുതെ ഒഴുകിപ്പോകുന്ന ജീവിതമാണ് നമുക്കുള്ളതെങ്കില്‍ കഴുകനെപ്പോലെ പറക്കേണ്ട നമ്മള്‍ കോഴിക്കുഞ്ഞിനെപ്പോലെ ചെറുതായി പോകും. എന്‍സൈക്ലോഫീഡിയാപോലെ തിളങ്ങേണ്ട നമ്മള്‍ വെറും പോക്കറ്റ് ഡിക്ക്ഷനറിയായി ചുരുങ്ങിപ്പോകാം. നഷ്ടമാകാത്ത ആത്മധൈര്യത്തിന്‍റെ പ്രതീകങ്ങളായി മാറുവാന്‍ നമുക്കു കഴിയട്ടെ.

'പിതാവിലേക്കുള്ള വഴി' കാണിച്ചുതരണമെ എന്ന് തോമാശ്ലീഹാ യേശുവിനോട് അപേക്ഷിച്ചു. 'വഴിയും സത്യവും ജീവനും ഞാനാണ്' എന്നും, എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്നും യേശു മറുപടി നല്‍കി. ലോകം മുഴുവന്‍ വ്യത്യസ്തങ്ങളായ രീതിയില്‍ ദൈവത്തിലേക്കുള്ള വഴി തേടുന്നവരാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് ദൈവത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കണം. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദൈവത്തിലേക്കുള്ള വഴി പറഞ്ഞുകൊടുക്കണം. ആത്മീയാചാര്യന്മാര്‍ സ്വന്തം ജീവിതം വഴി ദൈവത്തിലേക്ക് മറ്റുള്ളവരെ ആനയിക്കണം. നമ്മുടെ വാക്കും പ്രവൃത്തികളുമൊക്കെ ദൈവജനത്തെ സത്യത്തിന്‍റെ ഉറവിടമായ കര്‍ത്താവിലേക്ക് നയിക്കുന്നതായിരിക്കണം. സംസാരവും പ്രവൃത്തികളും വഴി ആരെയെങ്കിലും ദൈവത്തില്‍നിന്നും ദൈവികനന്മകളില്‍ നിന്നും ഞാന്‍ അകറ്റിയെങ്കില്‍ തിരിച്ചുവരവിനുള്ള അവസരമാണ് ദുക്റാനതിരുനാള്‍.

ക്രിസ്തീയജീവിതം ഒറ്റപ്പെട്ട തുരുത്തല്ല, ഇത് കൂട്ടായ്മയുടെ ജീവിതമാണ്. ശിഷ്യസമൂഹത്തിന്‍റെ കൂട്ടായ്മയില്‍ ഇല്ലാതിരുന്ന തോമാശ്ലീഹായ്ക്ക് യേശുവിനെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ശിഷ്യസമൂഹത്തോടു ചേര്‍ന്നിരുന്നപ്പോള്‍ കര്‍ത്താവിനെ അനുഭവിക്കാന്‍ അപ്പസ്തോലന് കഴിഞ്ഞു. ഒറ്റയ്ക്ക് മാറിനില്‍ക്കാതെ സഭയോടും കുടുംബപ്രാര്‍ത്ഥനയോടും സഭാ കൂട്ടായ്മയോടും നമുക്കു ചേര്‍ന്നു നില്‍ക്കാം. കൂട്ടായ്മയില്‍ പ്രത്യക്ഷപ്പെടുന്ന യേശുവിനെ നോക്കി കരങ്ങള്‍ കൂപ്പി നമുക്കും  പറയാം, "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ."

You can share this post!

എന്താണ് പ്രാര്‍ത്ഥന

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts