news-details
മറ്റുലേഖനങ്ങൾ

യാത്രയും എഴുത്തും വി. ജി. തമ്പി

വിശ്വാസിയാകാന്‍ നടത്തിയ ആത്മയുദ്ധങ്ങളുടെ പ്രതിഫലനമായി ജന്മമെടുത്തതാണ് വി. ജി. തമ്പിയുടെ കവിതകള്‍. അധ്യാപകനായും ചിന്തകനായും കവിയായും മലയാളിയുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന തരം കവിതകള്‍ കോറിയിടുന്ന എഴുത്തുകാരന്‍ പുതിയൊരു നോവലിന്‍റെ പണിപ്പുരയിലാണ്. കേരളവര്‍മ്മ കോളേജ് മലയാളം ഡിപ്പാര്‍ട്ട്മെന്‍റിന് നേതൃത്വം വഹിക്കുന്ന വി. ജി. തമ്പി തന്‍റെ ഹിമാലയം യാത്രാനുഭവം അസ്സീസിയുമായി പങ്കുവയ്ക്കുന്നു.

യാത്രയും എഴുത്തും

താന്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ തനിക്കു മാത്രമായൊരു ഇടമുണ്ടോ എന്നു തേടിപ്പോകുന്നവനാണ് സഞ്ചാരി. സ്ഥലകാലങ്ങള്‍ക്കിടയില്‍ തന്‍റെ ഇടം ഏതെന്ന് അന്വേഷിക്കുന്നതിനിടയില്‍ അയാള്‍ ചിലപ്പോള്‍ തീര്‍ത്ഥാടകനാകും. ചിലപ്പോള്‍ അന്വേഷകനാകും. അലച്ചിലും തെണ്ടലും എല്ലാം അതിന്‍റെ ഭാഗമാണ്. താന്‍ ഇപ്പോഴുള്ളിടത്തല്ല ഉണ്ടാകേണ്ടിയിരുന്നത് എന്ന കടുത്ത ചില അസ്വാസ്ഥ്യങ്ങളും വിഹ്വലതകളും ഒരാളെ യാത്രകളിലേക്ക് നയിച്ചേക്കും. എത്തേണ്ട സ്ഥലത്തേക്കാള്‍ പ്രധാനം പുറപ്പെടേണ്ട സ്ഥലമാണെന്നു തോന്നുന്നു. ഏതനുഭവത്തിന്‍റെ ഉറപ്പില്‍ നിന്നാണയാള്‍ പുറപ്പെടുന്നത് എന്നതാണ് യാത്രയുടെ സാഫല്യം. വിശ്വാസത്തകര്‍ച്ചകളോ, പ്രണയപരാജയങ്ങളോ ഇരിക്കപ്പൊറുതിയില്ലായ്മയോ ഒക്കെയാണ് യാത്രയുടെ തുടക്കത്തിനു കാരണം. തളംകെട്ടിയ അവസ്ഥയില്‍ നിന്നുമുള്ള കുതറലാണ് എന്നെ ഹിമാലയം വരെ എത്തിച്ചത്. ഹരിദ്വാറും ഹൃഷികേശും ഉത്തരകാശിയും ബദരിനാദും ഗംഗോത്രിയും വ്യാസഗുഹയും താണ്ടി ആ യാത്ര മഹാപ്രസ്ഥാനത്തിലേക്കാണ് കൊണ്ടുപോയത്. വസുധാരയിലെ ഏകാകിയായ ഒരു സന്യാസിയുടെ ഉള്‍ക്കാഴ്ചകളിലാണ് യാത്ര പൂര്‍ത്തിയായത്. എല്ലാവരിലുമുണ്ട് യാത്രകള്‍ക്കായുള്ള ദാഹം. പാതയാണ്  ജീവിതം എന്ന് പഠിപ്പിച്ചത് എനിക്ക് കവിതകളാണ്. എനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേക്ക് എന്നെ ഉന്തിയുന്തിക്കൊണ്ടുപോകുന്ന വഴികളിലാണ് എനിക്ക് യാത്രകളുടെ ആത്മീയത തെളിഞ്ഞുകിട്ടിയത്.

വിദ്യാലയ സ്മരണ

മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പാത എന്ന് എനിക്ക് തോന്നിയിട്ടുള്ളത് വീട്ടില്‍ നിന്ന് പള്ളിക്കൂടത്തിലേക്കുള്ള ആദ്യത്തെ വഴിയാണ്. ആ വഴിയിലാണ് നമുക്ക് ഏറ്റവും കൂടുതല്‍ കൗതുകകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. മനുഷ്യന്‍റെ എല്ലാ ആഴമേറിയ അനുഭവങ്ങളുടെയും ഉറവിടം ആ വഴിയേരങ്ങളാണ്. ജീവിതയാത്രയിലെ ഏറ്റവും മനോഹരമായ വഴി എന്നു പറയുമ്പോള്‍ പലര്‍ക്കും വലിയ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഉണ്ടാകും. അത് യാത്രയുമായി ബന്ധപ്പെട്ടതുമാകാം. എന്‍റെ ഈ യാത്രാനുഭവങ്ങള്‍ ചെറിയ കാലടികള്‍ വച്ചുള്ള ഏറ്റവും ചെറിയ അനുഭവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.

ഒരെഴുത്തുകാരന്‍റെ ജനനം

സ്കൂളിലേക്കുള്ള യാത്രയില്‍ എന്നും കൗതുകകരമായി നിലകൊണ്ടിട്ടുള്ള ഒരു പൊട്ടക്കുളം ഉണ്ട്. ഇന്നും പച്ചയായി മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന ആ കുളത്തോടനുബന്ധിച്ചുള്ള ഒരു സംഭവം ഉണ്ട്. അതാണ് പ്രത്യേകാനുഭവമായി എന്‍റെ മനസ്സില്‍ ഓടിയെത്തുന്നത്. ഒരു ഉച്ചയ്ക്ക് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ എന്നോടൊപ്പം സഹപാഠിയുമുണ്ട്. മുതിര്‍ന്നവരുടെ വിലക്കുകളെ കുട്ടികള്‍ എപ്പോഴും അതിലംഘിക്കുന്നു. അവരുടെ കൗതുകം നിറഞ്ഞ നോട്ടങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് ഈ പൊട്ടക്കുളക്കരയിലാണ്. ഞങ്ങളുടെ ഈ മടക്കയാത്രയില്‍ കുളക്കരയില്‍ എത്തി. കുട്ടികള്‍ക്ക് എപ്പോഴും പുളിയുള്ള വസ്തുക്കളോടാണ് താത്പര്യം. അത് കുതിരുമ്പോള്‍ മധുരമായി മാറുന്നു എന്നു മാത്രം. ഞങ്ങള്‍ക്കും നാരങ്ങയോടുള്ള അഭിവാഞ്ഛയാണ് ഞങ്ങളെ കുളക്കരയില്‍ എത്തിച്ചത്. കുഞ്ഞുകൈകള്‍ക്ക് എത്താവുന്നതിലും ഉയരത്തില്‍ നില്‍ക്കുന്ന നാരങ്ങാ ഇറുത്തെടുക്കാനുള്ള അന്വേഷണത്തിനിടയില്‍ സഹപാഠി കുളത്തില്‍ വീണു. ഭയത്തോടും പരിഭ്രമത്തോടും നോക്കിനില്‍ക്കുന്ന കുട്ടിയുടെ ആ ചിത്രം ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. ആരോ കുട്ടിയെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ആ കുട്ടിയെ എനിക്ക് രക്ഷപ്പെടുത്താന്‍ ആയില്ലല്ലോ എന്ന കുറ്റബോധം വര്‍ഷങ്ങളോളം എന്‍റെ മുറിയിലെ കുരിശിന്‍റെ നിഴലുപോലെ എന്നെ അനുഗമിച്ചിരുന്നു. ഏകാന്തതയില്‍ ഒറ്റപ്പെടലും തനിച്ചുള്ള ഇരിപ്പും എനിക്ക് കൂട്ടായി. എന്‍റെ ഉള്ളില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദതരംഗങ്ങളെ ശ്രദ്ധിക്കുവാന്‍ എനിക്ക്  സാധിച്ചു തുടങ്ങി. ഒരെഴുത്തുകാരാനാകാനുള്ള ഏറ്റവും ആദ്യത്തെ ആഴമേറിയ അനുഭവം അതാണെന്ന് ഞാന്‍ വിചാരിക്കുന്നു.

എഴുത്തിലെ ആദ്ധ്യാത്മികത

ഞാന്‍ എല്ലാ തിക്താനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുള്ള ഒരു വ്യക്തിയാണ്. ഒരു ക്രിസ്തീയ ബാലന്‍റെ ആത്മസംഘര്‍ഷങ്ങള്‍ എനിക്കുണ്ടായിരുന്നു. വീട്ടിലെ പലതരത്തിലുള്ള അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും ചിലപ്പോഴൊക്കെ എന്നെ വീര്‍പ്പുമുട്ടിച്ചിട്ടുണ്ടെങ്കിലും ഒരു വ്യക്തിയുടെ പ്രേരണ പത്താംക്ലാസുമുതല്‍ ബൈബിളിലെ ഒരു ചാപ്റ്റര്‍ എന്നും വായിക്കുന്ന ശീലത്തിലേക്ക് എന്നെ എത്തിച്ചു. ചില ദിവസങ്ങളിലത് യാന്ത്രികമായി നടത്തും. പ്രചോദനങ്ങളില്ല. അത് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയത് എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നു. വെളിപാടു പുസ്തകത്തില്‍ ഒരു പ്രഹേളികയുടെ സൗന്ദര്യം ഉണ്ട്. ജോബിന്‍റെ പുസ്തകത്തിലാണെങ്കില്‍ സങ്കടങ്ങളുടെ നല്ലൊരു ലോകവുമുണ്ട്. ഉത്തമഗീതത്തിലാകട്ടെ സന്തോഷത്തിന്‍റെ അക്ഷരസമൃദ്ധിയുണ്ട്. ചുരുക്കത്തില്‍ സന്തോഷിക്കുമ്പോള്‍ നമുക്ക് സോളമനെപ്പോലെ സന്തോഷിക്കുകയും ദുഃഖിക്കുമ്പോള്‍ നമുക്ക് ജോബിനെപ്പോലെ കരയുകയും വേണം. സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും രണ്ട് അവസ്ഥകള്‍ പഴയനിയമത്തിലൂടെയും പുതിയനിയമത്തിലൂടെയും ഇടകലര്‍ന്നു പോയിട്ടുണ്ട്. എന്‍റെ ഭാവനയുടെ രക്തം എന്നു പറയുന്നത് ബൈബിളാണ്. ചിലപ്പോള്‍ ബൈബിള്‍പോലും എനിക്കൊരു ബാധ്യതയായി മാറിയിട്ടുണ്ട്. ബൈബിളിലെ ബിംബങ്ങളുടെ തടവറയില്‍ ഞാന്‍ വീണുപോയി. ആ തലമുറയെ പൊളിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചു പക്ഷേ സാധിച്ചില്ല. എന്‍റെ ജീവിതത്തില്‍ ശരീരംപോലെ എന്‍റെ ഭാഗമായി അതു മാറി. അതുകൊണ്ട് അതിനെ മാറ്റാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.

പ്രയാണങ്ങളുടെ തുടക്കം

മനുഷ്യന്‍റെ ജഡികപ്രവണതപോലെയുള്ള ഒരു ദാഹമാണ് എനിക്ക് യാത്രയോടുള്ളത്. അത് നമ്മുടെ ശരീരവുമായി ഏറെ ബന്ധപ്പെട്ടതാണ്. ശരീരത്തെ അതിജീവിക്കാനുള്ള ശ്രമം എപ്പോഴും അതു നടത്തുന്നുണ്ട്. ശരീരത്തിന്‍റെ പരിമിതകളെ ഒളിക്കാനുള്ള ശ്രമമാണ് ശരീരം നടത്തുന്നത്. അവന്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്കു പോകാനുള്ള ഉദ്യമം. അത് സഞ്ചാരത്തിന്‍റെ ഒരു അടിസ്ഥാനഭാവമാണ്. സഞ്ചാരത്തില്‍ എപ്പോഴും ഏറ്റവും പ്രധാനമായ കാര്യം എത്തുന്ന സ്ഥലമല്ല, പുറപ്പെടുന്ന സ്ഥലമാണ്. എങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്നതിനേക്കാള്‍ എവിടെ നിന്ന് നമ്മള്‍ പുറപ്പെട്ടു എന്നതാണ്. നമ്മള്‍ തുടങ്ങുന്ന യാത്രയുടെ ആരംഭം ചിലപ്പോള്‍ ഒരു പ്രണയത്തിന്‍റെ തകര്‍ച്ചയാകാം. വിശ്വാസത്തിന്‍റെ ഉലച്ചിലാകാം. വലിയ സന്തോഷത്തിന്‍റെ ഒരു നിറവ് ആകാം. ഇവിടെയും ഒരു കുട്ടിയുടെ കൗതുകം ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട്. സാധാരണ ആളുകള്‍ പറയുന്നത് മാര്‍ഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. കാരണം യാത്രയുടെ ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ അയാള്‍ പോകുന്ന വഴിയാണ് പ്രധാനം. എല്ലാ യാത്രയുടെയും വിജയപരാജയങ്ങള്‍ തുടക്കത്തിലുള്ള പ്രചോദനത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഹിമാലയം ഒരോര്‍മ്മ

എന്‍റെ കാഴ്ചപ്പാടുകളെ വളരെയധികം മാറ്റുകയും പുനര്‍ നിര്‍ണ്ണയം ചെയ്യുകയും ചെയ്ത ഒന്നാണ് ഹിമാലയന്‍ യാത്ര. കൊച്ചുകേരളത്തില്‍ നിന്ന് ലോകത്തെ നോക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായ വലിയൊരു പരിമിതി എനിക്കുണ്ടായിരുന്നു. ഒരു ജനാലയുടെ ഫ്രെയിമിലൂടെ ലോകത്തെ കാണുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. നമ്മുടെ ഫ്രെയ്മെന്നു പറഞ്ഞാല്‍ അതു പ്രത്യയശാസ്ത്രമാകാം, വിശ്വാസമാകാം, നമ്മെ ഈ ഭൂമിയോട് ബന്ധിപ്പിക്കുന്ന എന്തുമാകാം. ഹിമാലയത്തിലേക്കുള്ള യാത്രയ്ക്ക് എന്നെ പ്രേരിപ്പിച്ച ഘടകം ഈ ഫ്രെയ്മുകളെ തകര്‍ക്കണം എന്ന ചിന്തയാണ്. ഹിമാലയത്തിനു ചുററും ആയിരക്കണക്കിന് സന്യാസികള്‍ വലം വയ്ക്കുന്നുണ്ട്. ചിലര്‍ നല്ല ലക്ഷ്യം സൂക്ഷിക്കുന്നവരാണ്. ചിലര്‍ മോഷ്ടിക്കുന്നവരും കഞ്ചാവ് വലിക്കുന്നവരുമാണ്. ചിലര്‍ പ്രാര്‍ത്ഥിക്കുന്നവരും തപസ്സ് ചെയ്യുന്നവരും ആണ്. വസ്ത്രം ധരിച്ചവര്‍ ഉണ്ട്. ഇല്ലാത്തവര്‍ ഉണ്ട്. ജഡാധാരികളും അല്ലാത്തവരുമായ സന്യാസികള്‍. അങ്ങനെ വിവിധ ശൈലികള്‍ സ്വീകരിച്ചിട്ടുള്ളവര്‍ ഹിമാലയത്തെ വലംവയ്ക്കുന്നു. എന്താണ് അവരുടെ പ്രചോദനം എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒന്നെനിക്കറിയാം, എല്ലാവരും ഹിമാലയത്തെയാണ് വലം വയ്ക്കുന്നത്.

ബദരിനാതാണ് ഹിമാലയന്‍ യാത്രകളുടെ കേന്ദ്രമായി പലപ്പോഴും നിലകൊള്ളുന്നത്. പഞ്ചപാണ്ഡവയുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ യമലോകം തേടിയുള്ള യാത്ര തുടങ്ങിയ സ്ഥലമിതാണ് എന്നാണ് ഐതീഹ്യം. പഞ്ചപാണ്ഡവര്‍ യുദ്ധം കഴിഞ്ഞ് യമലോകത്തേയ്ക്ക് പോകുന്ന സമയം, യമന്‍റെ പ്രതീകമായി ഒരു നായ അവരെ അനുഗമിക്കുന്നുണ്ട്. ഇവര്‍ പോകുന്ന വഴിക്ക് ഓരോരുത്തരായി വീണുപോകുന്നു. അവസാനം ധര്‍മ്മപുത്രരും നായയും കൂടി സ്വര്‍ഗലോകത്തിലേക്ക് പോകുന്നതായിട്ടാണ് വിശ്വാസം. ആ യാത്രയ്ക്ക് മഹാപ്രസ്ഥാനം എന്നാണ് പേര്. ആ യാത്രയുടെ സ്മരണയായിട്ടാണ് വിശ്വാസികള്‍ ആ വഴി നടന്നുപോകുന്നത്. ഞാനും മറ്റൊരു കൂട്ടുകാരനും കൂടി ഒരുമിച്ചാണ് യാത്ര നടത്തിയത്. താന്‍ കുറച്ചു മുന്‍പിലായിട്ടാണ് നടന്നത്. അവിടെവച്ച് ഏകാന്തത എന്നാണെന്നു മനസ്സിലായി. ധര്‍മ്മധാരാ എന്ന സ്ഥലത്തേക്കാണ് അടുത്ത യാത്ര. അവിടെ വലിയൊരു വെള്ളച്ചാട്ടമുണ്ട്. അതു വന്നു വീഴുന്നത് ഒരു വലിയ പാറയിലേക്കാണ്. ഒരു സന്യാസി അതിനടുത്തായി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ ആ വെള്ളച്ചാട്ടം മാത്രം നോക്കി അരമണിക്കൂറോളം ഇരുന്ന് ധ്യാനിച്ചു. കുറച്ചുകഴിഞ്ഞ് അയാള്‍ അവിടെ നിന്നും ഇറങ്ങി. അയാള്‍ ഇരുപതു വര്‍ഷമായിട്ട് ഇവിടെ ഇരുന്ന് ധ്യാനിക്കാറുണ്ടെന്ന് പറഞ്ഞു.

നാം ദിവസങ്ങള്‍ക്കും സമയത്തിനുമായി നെട്ടോട്ടമോടുമ്പോള്‍ അന്യര്‍ മറ്റൊരു ലോകം കണ്ടുപിടിച്ച് അവിടെ ധ്യാനനിരതരായി ജീവിക്കുകയാണ്. ആ യാത്രയിലുടനീളം പലതരം വ്യക്തിത്വങ്ങളും ജീവിതശൈലികളും കണ്ടെത്തി. അതിലൂടെ നമ്മുടെ ജീവിതവും വളരെ ചെറുതും അവരുമായി താരതമ്യപ്പെടുത്തിയാല്‍ വിലയില്ലാത്തതുമാണെന്ന് മനസ്സിലായി. ആ യാത്രയിലൂടെ തന്‍റെ ജീവിതവിക്ഷണം അപ്പാടെ മാറിപ്പോയി. വേണമെങ്കില്‍ ഒരു പുസ്തകത്തിലൂടെ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം. പക്ഷേ, ആ വലിയ ഭൂപ്രകൃതിയില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ നാം എത്ര ചെറുതാണ് ഇവരുടെ മുന്‍പില്‍ എന്ന് ശരിക്കും മനസ്സിലാകും. നടത്തത്തിന് ആത്മീയത കൂടുതലുണ്ട്,  അതുപോലെ തന്നെ നടത്തത്തിന് 'രതി'യുടെ ഒരു ടച്ചുമുണ്ട്. നടന്ന് നടന്ന് തളരുക. മണ്ണ് നടക്കാനുള്ളതാണ്, പറക്കാനുള്ളതാണ്. നടത്തത്തിലൂടെ മനുഷ്യന്‍ ഊര്‍ജം സംഭരിക്കുകയാണ്.  യാത്രയിലൂടെയും നാം തളരുകയല്ല, ഊര്‍ജം സംഭരിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന് ഏകാന്തത ഏറ്റവും അധികം അനുഭവപ്പെടുന്നത് യാത്ര ചെയ്യുമ്പോഴാണ്. യാത്ര തന്‍റെ സ്വസ്ഥതയെ നഷ്ടപ്പെടുത്തുന്നു എന്ന് കെ പി അപ്പന്‍ അഭിപ്രായപ്പെടുന്നു. പക്ഷേ അതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. യാത്രയില്‍ നാം നമ്മോടുതന്നെ സംസാരിക്കുകയാണ്. പ്രപഞ്ചത്തിനുള്ളില്‍ നാം പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരവസ്ഥയായി യാത്രയെ കാണാം. ഏകാന്തതയുടെ ആഴം അനുഭവിക്കുന്ന ഒരു സമയമാണിത്.  

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദം നേരിടാന്‍

ഡോ. അരുണ്‍ ഉമ്മന്‍
Related Posts