കേശവന്‍ നായര്‍ സാറാമ്മയ്ക്കെഴുതി: ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? (പ്രേമലേഖനം - ബഷീര്‍).
കേരളത്തിലെ ചെറുപ്പത്തോട് പലരും ഇത്തരത്തില്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചോദിക്കുന്നവരുടെ ദുഃഖം നമ്മുടെ കാമ്പസുകളില്‍ നിന്ന് പടിയിറങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു കലാപരിപാടികളെച്ചൊല്ലിയാണ് - സമരവും പ്രണയവും.
രണ്ടും വെറും ചടങ്ങുകളായി പോയത്രെ. ഇതില്‍ കുറച്ചു കഴമ്പില്ലാതെയുമില്ല. ഒരു ഹലോയില്‍ ആരംഭിച്ച് മറ്റൊരു ഹലോയില്‍ അവസാനിക്കുന്ന കാമ്പസ് പ്രണയങ്ങള്‍ക്ക് കാല്പനികതയുടെ ഹരിതഭംഗി തെല്ലുമില്ല. കരിയറിസത്തിന്‍റെ കഴുകന്‍ വലയില്‍ കുടുങ്ങിയ കൗമാരങ്ങള്‍ക്കു പ്രണയസ്വപ്നങ്ങള്‍ നെയ്യാനുള്ള പട്ടുനൂല്‍ കൈമോശം വന്നിരിക്കുന്നു!
കാമ്പസ് സെലക്ഷനോ കാമ്പസ് പ്രണയമോ ഏതു വേണം എന്നു ചോദിച്ചാല്‍ നൂറുശതമാനം പേരും ആദ്യത്തേതു തിരഞ്ഞെടുക്കും. അതിനവരെ കുറ്റം പറയാനാവില്ല. വര്‍ത്തമാന സാഹചര്യങ്ങള്‍ അവരോട് ആവശ്യപ്പെടുന്നതും അതു തന്നെയാണ്. മെച്ചപ്പെട്ട ജീവിതസൗകര്യം നേടിയെടുക്കാനുള്ള ആഗ്രഹത്തിനു തടയിടാന്‍ മറ്റൊരു തരത്തിലുള്ള പ്രലോഭനത്തിനും ഇന്നു കഴിയില്ല.
ഈ മനോഭാവമാണ് കാമ്പസ് രാഷ്ട്രീയത്തിന്‍റെ കരിദിനങ്ങള്‍ക്കും അറുതി വരുത്തുന്നത് കോടതിവിധികളല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം കേരളത്തിന്‍റെ വിദ്യാഭ്യാസക്കുതിപ്പിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിട്ടേയുള്ളൂ. എത്ര ആലോചിച്ചിട്ടും മൂന്നരദശകക്കാലത്തെ വിദ്യാഭ്യാസപ്രവര്‍ത്തനാനുഭവങ്ങളില്‍ നിന്ന് അതിനെ ന്യായീകരിക്കുന്ന ഒരു സംഭവമെങ്കിലും എടുത്തുപറയാന്‍ എനിക്കു കഴിയുന്നില്ല.
ജനാധിപത്യത്തിന്‍റെ പരിശീലനവേദിയാണ് കാമ്പസ് രാഷ്ട്രീയമെന്നു ചിലര്‍ വാദിക്കുന്നുണ്ട്. ഇതൊരു ഫലിതം മാത്രമാണ്. ഇന്ത്യയില്‍ നിലവിലുള്ളത് പാര്‍ലമെന്‍ററി സംവിധാനം. കാമ്പസ് രാഷ്ട്രീയം ഇപ്പോള്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തില്‍. ഇപ്പോള്‍ കാമ്പസില്‍ നിലവിലുള്ള പാര്‍ലമെന്‍ററി വിരുദ്ധമായ ഈ പ്രസിഡന്‍ഷ്യല്‍ പ്രവര്‍ത്തനശൈലി നമ്മുടെ ജനാധിപത്യവ്യവസ്ഥിതിക്ക് ദൗര്‍ബല്യമുണ്ടാക്കാനേ സഹായകമായിട്ടുള്ളൂ.
നേതാക്കളെ സൃഷ്ടിക്കുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്നു ചിലര്‍ ഊറ്റം കൊള്ളുന്നതു കണ്ടിട്ടുണ്ട്. അതു മറ്റൊരു തമാശയാണ്. ആയിരം കണ്ണുപൊട്ടിച്ച് അരവൈദ്യനാകുന്ന അഭ്യാസം! മനോവാക്കര്‍മ്മങ്ങള്‍ക്കു പക്വത വരുന്നതിനുമുമ്പുള്ള കൗമാരക്ഷോഭങ്ങള്‍ മുതലെടുക്കുന്നവര്‍ക്ക് ഒരിക്കലും നല്ല നേതാവായി വളരാന്‍ കഴിയില്ല. കേരളരാഷ്ട്രീയത്തില്‍ ഈ വഴിക്കു കടന്നു വന്നവരില്‍ നല്ലൊരു ശതമാനം രണ്ടാം കിടയിലോ മൂന്നാം കിടയിലോ മാത്രം നില്ക്കുന്ന നേതാക്കളാണെന്നതു ശ്രദ്ധിക്കുക. അവരുടെ കൈയില്‍ ഒരിക്കലും ഒരു ജനതയുടെ ഭാവി ഭദ്രമായിരിക്കയില്ല. അനുയായികളുടെ കീജേ വിളികള്‍ക്കപ്പുറത്തു ജനസാമാന്യത്തിന്‍റെ ആദരവു നേടിയെടുക്കാന്‍ ഇവര്‍ക്കൊട്ടു കഴിയാറുമില്ല.
ബൗദ്ധികോര്‍ജ്ജത്തിനു രണ്ടു വഴികളുണ്ട്. ദാര്‍ശനികോര്‍ജ്ജവും കര്‍മ്മോര്‍ജ്ജവും. ഇതു രണ്ടുംകൂടി ഒരുമിക്കുന്നില്ലെങ്കില്‍ അപകടകരമായ ഒരു ജീവിതവീക്ഷണമായിരിക്കും രൂപപ്പെടുക. നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ആദ്യം പറഞ്ഞ ഊര്‍ജ്ജം അന്യമാണ്. രണ്ടാമത്തേതാണവരുടെ കൈമുതല്‍. അത്തരക്കാര്‍ നാടിന്‍റെ ഭാഗധേയം നിര്‍ണയിക്കാന്‍ വിധിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നതിനു വര്‍ത്തമാനസാഹചര്യങ്ങള്‍ സാക്ഷി. ദാര്‍ശനികോര്‍ജ്ജവും കര്‍മ്മോര്‍ജ്ജവും സമ്മേളിച്ച രാഷ്ട്രനേതൃത്വമാണ് പ്ലേറ്റോയുടെ ദാര്‍ശനികമായ രാജാവ് എന്ന സങ്കല്പനം. നമ്മുടെ കഴിഞ്ഞ തലമുറയില്‍ അത്തരം ചിലര്‍ രാഷ്ട്രത്തിനു നേതൃത്വം നല്കിയിരുന്നല്ലോ.
നമ്മുടെ നാടിന്‍റെ യൗവനത്തെ സാമൂഹികപ്രതിബദ്ധതയില്‍നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്ന വസ്തുതകളിലൊന്ന് ആര്‍ക്കും നേതാവാകാന്‍ കഴിയുന്ന സാഹചര്യമാണ്. മിടുക്കന്മാരും മിടുക്കികളും മെഡിക്കല്‍ - എഞ്ചിനീയറിംഗ് - നേഴ്സിംഗ് മേഖലകളിലൂടെ നൂണുകടന്ന് എവിടേക്കോ രക്ഷപെടുന്നു. ശരാശരിക്കും അതിനു താഴെയുള്ളവരും കാമ്പസുകളില്‍ നിറയുന്നു. അതില്‍ ഭൂരിഭാഗവും കഠിനാധ്വാനത്തിലൂടെ കടമ്പകള്‍ കടന്നു രക്ഷപെടാന്‍ ശ്രമിക്കുന്നു. ഒരു ന്യൂനപക്ഷം മാത്രം മുദ്രാവാക്യം മുഴക്കിയും സമരാഭാസങ്ങള്‍ സൃഷ്ടിച്ചും മാധ്യമങ്ങളില്‍ മിന്നിമറഞ്ഞ് ചതിക്കുഴികളില്‍ വീണു മറയുന്നു. ഒന്നോ രണ്ടോ പേര്‍ നേതൃത്വനിരയിലേക്ക് കടന്നുവരുന്നു.
ഈ സാഹചര്യത്തില്‍ നമ്മുടെ ക്ഷുഭിതയൗവനമെവിടെ എന്നു നിലവിളിച്ചു ചോദിക്കുന്നതിലര്‍ത്ഥമില്ല. അവര്‍ അവരുടെ സ്വന്തം വഴി കണ്ടെത്തുകയാണ്. പിന്‍ബഞ്ചുകാര്‍ മുന്‍ബഞ്ചുകളില്‍ ഞെളിഞ്ഞിരിക്കുന്ന കാഴ്ച അവര്‍ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നു. തങ്ങളുടെയും കൂടി ഭാഗധേയം നിര്‍ണയിക്കാനുള്ള അധികാരം അത്തരക്കാര്‍ കൈയാളുന്നതും അവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
ഇവിടെയാണ് ജനാധിപത്യത്തിലെ കൗതുകകരമായ ചില വസ്തുതകള്‍ തിരിച്ചറിയേണ്ടത്. ആര്‍ക്കും അധികാരശ്രേണിയിലേക്കു കടന്നുവരാനുള്ള ചില കുറുക്കുവഴികള്‍ അതിലുണ്ട്. ചരിത്രബോധവും ചിന്താശക്തിയും കൊണ്ട് വളര്‍ച്ചയെത്താത്തവര്‍ക്കും അവിടെ കടന്നിരിക്കാം. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, മുഖ്യമന്ത്രി എന്നൊക്കെ ചിലരെപ്പറ്റി ചിലപ്പോളൊക്കെ മാധ്യമങ്ങള്‍ ബഹളംവയ്ക്കാറുണ്ടല്ലോ. അവരില്‍ പലരും എല്ലാവര്‍ക്കും സമ്മതമായ പില്‍ക്കാല വളര്‍ച്ച പ്രാപിക്കാതെ പോവുകയല്ലേ ചെയ്തിട്ടുള്ളത്? നാല്പതുവയസ്സിനു മുമ്പ് ഒരാളും അത്തരം പദവികള്‍ വഹിക്കാതിരിക്കുന്നതാണു ജനങ്ങള്‍ക്കും രാഷ്ട്രത്തിനും നല്ലത്. അമ്പതു വയസ്സിനുമുന്‍പ് ഒരാള്‍ക്ക് ഭരണച്ചുമതല നല്കരുതെന്നു പ്ലേറ്റോ നിര്‍ദ്ദേശിക്കുന്നതുകൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്.
മറ്റൊരു വസ്തുത ഉയര്‍ന്ന പോളിംഗ് ശതമാനമാണ്. ഉത്സവപ്പറമ്പിലേക്കെന്നതുപോലെ പോളിംഗ് ബൂത്തിലേക്കു ജനങ്ങള്‍ ഒഴുകുന്ന സാഹചര്യം മാറണം. ബോധപൂര്‍വ്വകമായ ഒരു തിരഞ്ഞെടുപ്പിനു നമ്മുടെ ജനങ്ങള്‍ ഇനിയും പാകമായിട്ടില്ല. എണ്‍പതും തൊണ്ണൂറും ശതമാനം വരെ ഉയരുന്ന പോളിംഗ് നല്‍കുന്ന സാക്ഷ്യം ഇതാണ്. ആരോഗ്യപരമായ ജനാധിപത്യസംവിധാനത്തില്‍ പോളിംഗ് ശതമാനം നാല്പതിനും അമ്പതിനും ഇടയ്ക്കായിരിക്കും. ഇപ്പോള്‍ മാധ്യമങ്ങളും നേതാക്കന്മാരും കൂടി നമ്മുടെ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൂട്ടത്തോടെ നയിക്കുകയാണ്.
നമ്മുടെ കൗമാരങ്ങള്‍ സ്വയം കണ്ടെത്തുന്ന കാലഘട്ടമത്രയും, സാധാരണഗതിയില്‍ കാമ്പസുകളിലായിരിക്കുമെന്നു പറയാം. തങ്ങള്‍ക്കിഷ്ടപ്പെടാത്ത കാര്യങ്ങളോടു രൂക്ഷമായി പ്രതികരിക്കുന്ന കൗമാരസഹജമായ ആദര്‍ശക്ഷോഭം അവര്‍ക്കു കൈമോശം വന്നിരിക്കുന്നുവെന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ, ഈ ആദര്‍ശക്ഷോഭത്തെ വഴിനടത്തുന്നവര്‍ക്കും അവര്‍ നടക്കുന്ന വഴികള്‍ക്കുമാണ് തകരാറ്. ഈയിടെ നമ്മുടെ ഒരു സര്‍വ്വകലാശാലയില്‍ നടന്ന ഒരു സംഭവം തന്നെ ഉദാഹരണം. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേരില്‍ കുറെപ്പേര്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ വൈസ്ചാന്‍സലറുടെ മുറി ആക്രമിക്കാന്‍ തീരുമാനിച്ചു. പക്ഷേ, പലര്‍ക്കും ആ മുറി ഏതെന്നു നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യം കണ്ട ബോര്‍ഡു തെറ്റിദ്ധരിച്ച് ആ മുറി തന്നെ അടിച്ചുപൊളിച്ചു. അതു വേറൊരു ഓഫീസായിരുന്നു. അടിച്ചുപൊളിക്കാര്‍ പലരും വിദ്യാര്‍ത്ഥികളായിരുന്നില്ല എന്നു പിന്നീട് മനസ്സിലായി.
1964ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭമുണ്ടായി. അതു ഫ്രാന്‍സും കടന്ന് പാരീസും കടന്നു യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തേക്കും പടര്‍ന്നു. പിന്നീട് അമേരിക്കയിലേക്കു വ്യാപിച്ച് വിയറ്റ്നാം വിരുദ്ധപ്രക്ഷോഭത്തിന്‍റെ മുഖം കൈക്കൊണ്ടു. വിദ്യാര്‍ത്ഥികള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചു കഴിയാനുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. വസന്തവിപ്ലവം എന്ന ശീര്‍ഷകത്തില്‍ ഈ സമരം ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.
35 വര്‍ഷം തികഞ്ഞപ്പോള്‍ 1999ല്‍ ഈ സമരത്തിനു നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി നേതാവ് അവരുടെ നീക്കം തെറ്റായിപ്പോയെന്നും സഹവാസാവകാശം ഉന്നയിച്ചതൊന്നും പാടില്ലാത്തതായിരുന്നുവെന്നും ഏറ്റുപറയുകയുണ്ടായി.
1992-93 ല്‍ കേരള സര്‍വ്വകലാശാലയില്‍ നടന്ന വിളനിലം സമരം, നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ്. മാസങ്ങളോളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. നിരവധി ഗവണ്‍മെന്‍റു വാഹനങ്ങള്‍ നശിപ്പിച്ചു. ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ എല്ലു നുറുങ്ങി. അതിനു നേതൃത്വം കൊടുത്തവരിലൊരാള്‍ ഇന്നു മന്ത്രിയാണ്. 1997 ഓഗസ്റ്റിലെ മലയാള മനോരമയില്‍ അദ്ദേഹം കുമ്പസാരിക്കുന്നു: "അദ്ദേഹം (വിളനിലം) അതീവയോഗ്യനായിരുന്നു. അദ്ദേഹത്തോടു ചെയ്തതു കൂടിപ്പോയി എന്ന് എനിക്കു തോന്നുന്നു."
പശ്ചാത്താപവും ഏറ്റുപറച്ചിലും നല്ലതുതന്നെ. പക്ഷേ, താന്‍ ചെയ്ത തെറ്റുമൂലം മറ്റുള്ളവര്‍ക്കു വന്നുപോയ സാമ്പത്തികേതരനഷ്ടം ആര്‍ക്കെങ്കിലും പരിഹരിക്കാനാകുമോ? ഇത്തരം സമരാഭാസങ്ങളോട് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ധിഷണാശാലികള്‍ എന്നേ വിടപറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇതു കാമ്പസുകളുടെ നഷ്ടമാണെങ്കില്‍ സാരമില്ല. നാളെയതു രാഷ്ട്രത്തിന്‍റെ നേട്ടമായി മാറിക്കൊള്ളും.
നമ്മുടെ അധ്യാപക സമൂഹമാണ് ഇന്ന് ഗുരുതരമായ അപചയഭീഷണി നേരിടുന്നത്. ഒരു തൊഴിലാളി സംഘടനയുടെ പ്രവര്‍ത്തനശൈലിയിലേക്കു വഴുതിവീണിരിക്കുന്ന അധ്യാപകസംഘടനകള്‍ പ്രകടിപ്പിക്കുന്ന ബൗദ്ധിക ദാരിദ്ര്യവും സാംസ്കാരിക വൈമുഖ്യവും ഭയജനകമാണ്. ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവു വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്ന കോളേജ്- സര്‍വ്വകലാശാലാ അധ്യാപകര്‍ സമൂഹത്തിന്‍റെ മുന്‍പില്‍ മറ്റാരേക്കാളും അപഹാസ്യരായി കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവിഭാഗവും ഉള്ളിലൊതുക്കിയ പുച്ഛത്തോടെയാണ് ഈ ബുദ്ധിജീവികളെ ബഹുമാനിക്കുന്നത്.
വൈജ്ഞാനിക മേഖലയില്‍ പുതിയ ലോകമഹായുദ്ധങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്ന ടെക്നോളജി യുഗത്തില്‍ പഴയ വാരിക്കുന്തവുമായി പുതിയ തലമുറയ്ക്കു പോരിനിറങ്ങാനാവില്ല. അവര്‍ തങ്ങളുടെ ബൗദ്ധികോര്‍ജ്ജം പരമാവധി വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. കായികോര്‍ജ്ജത്തിന്‍റെ പ്രയോക്താക്കളായി ഇന്നു നിരത്തിലിറങ്ങുന്നവരുടെ സ്ഥാനം കഴിഞ്ഞ നൂറ്റാണ്ടിലാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സത്യം തിരിച്ചറിയാത്തവരാണ് നമ്മുടെ ക്ഷുഭിത കൗമാരങ്ങളും യൗവനങ്ങളും എവിടെപ്പോയി എന്നു നിലവിളിക്കുന്നത്. അവര്‍ ഇവിടെത്തന്നെയുണ്ട്. രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് അടിയന്ത ശസ്ത്രക്രിയ വേണ്ടിയിരിക്കുന്നു. എങ്കിലേ അവര്‍ക്കു പുതിയ തലമുറയെ കണ്ടെത്താനാകൂ.
*****
കേശവന്‍നായര്‍ക്ക് സാറാമ്മയുടെ ഇമെയില്‍ മറുപടി ഈയിടെ കിട്ടി. അതിങ്ങനെയായിരുന്നു: അയാം പ്രിപ്പേറിംഗ് ഫോര്‍ ഐ ഇ എല്‍ റ്റി എസ്. ഡോണ്ട് ഡിസ്റ്റേര്‍ബ് പ്ലീസ്!