"ഭാരതത്തില്‍ പാവങ്ങള്‍ക്ക് ഒരവസരമില്ല. അവര്‍ക്കു പിടിട്ടുകയറാന്‍ കഴിയുന്നില്ല. ആ പാവങ്ങള്‍ക്ക് സ്നേഹിതരും സഹായികളുമില്ല. അവര്‍ക്ക് ആരുമില്ല. അവര്‍ ഓരോ ദിവസവും താഴോട്ട് ആണ്ടുപോകുന്നു... തങ്ങള്‍ മനുഷ്യരാണെന്നത് അവര്‍ മറന്നിരിക്കുന്നു." ഇത് അടുത്തനാളില്‍ ഏതെങ്കിലുമൊരു പ്രതിപക്ഷാംഗം നടത്തിയ പ്രസംഗമല്ല. 1893 ആഗസ്റ്റ് 20 ന് സ്വാമി വിവേകാനന്ദന്‍ മദ്രാസിലെ തന്‍റെയൊരു ശിഷ്യനായ അളസിംഹപെരുമാളിനെഴുതിയ കത്തിലെ ഒരു ഭാഗമാണിത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഈ രാജ്യം എങ്ങനെയായിരുന്നു എന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ വിവേകാനന്ദന്‍ ഇങ്ങനെയെഴുതി: "മണിമാളികകള്‍ക്കു നടുവില്‍ നനഞ്ഞുനാറിയ മാടങ്ങള്‍, പട്ട് അണിഞ്ഞവന്‍റെ പിന്നില്‍ കീറത്തുണി ചുറ്റിയവര്‍, മൂക്കുമുട്ടെത്തിന്ന് വയര്‍വീര്‍ത്തവന്‍റെ ചുറ്റും വയര്‍ ഒട്ടിയവരുടെ വെളിച്ചം നശിച്ച് നീരുറഞ്ഞ കണ്‍കുഴികള്‍... ഇതാണു നമ്മുടെ മാതൃഭൂമി... ദാസന്മാരെപ്പോലെ ഉത്സാഹം നശിച്ചവര്‍... ആശയറ്റവര്‍..."
സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള സ്മരണകളെ പൊടിതുടച്ച് മിനുക്കിയെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മള്‍ മുകളില്‍ കണ്ട ആ അവസ്ഥയ്ക്ക് എന്തുമാത്രം പരിഹാരമുണ്ടായി എന്നൊരു ചിന്തയാണ് അത്യന്താപേക്ഷിതം. പൂര്‍വ്വകാല പ്രൗഢികളെ അയവിറക്കുകയും വര്‍ത്തമാനകാല വ്യഥകളെ മറക്കുകയും ചെയ്യുന്ന നമ്മുടെ ആ ചിരപുരാതന സമ്പ്രദായമാണ് ഭാരതത്തെ പണ്ടത്തെ ആ കീറപ്പായയില്‍ത്തന്നെ പിടിച്ചു കിടത്തുന്നത്. ഉപരിപ്ലവ ആര്‍ഭാടങ്ങളില്‍ മുഴുകി ധര്‍മ്മബോധത്തെ പണയം വച്ച് ശ്രേഷ്ഠതകളെ അവഗണിച്ച് ജീവിക്കുക എന്ന രീതിയോട് അലസത കൂടി ചങ്ങാത്തം പുലര്‍ത്തുമ്പോള്‍ ഇന്നുള്ളതൊക്കെത്തന്നെ ധാരാളം. അതുകൊണ്ടാണല്ലോ മാനവികപുരോഗതിക്കും അതിരുകളില്ലാത്ത ഒരു സമൂഹസൃഷ്ടിക്കും ശ്രമിക്കുന്നതിനുപകരം വിദൂരഭൂതകാല സംഭവങ്ങളെ ഇന്നത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റുന്നത്.
അപ്പോള്‍ അനുപേക്ഷണീയമായ ഒരു കാര്യം നമ്മള്‍ നമ്മുടെ വലിയ പതനങ്ങളെയോര്‍ത്ത് ദുഃഖിക്കുകയെന്നതാണ്. അവിടെ ഉതിര്‍ന്നു വീഴുന്ന പശ്ചാത്താപത്തിന്‍റെ കണ്ണീര്‍ത്തുള്ളികളുടെ ആര്‍ദ്രതയില്‍നിന്ന് നൂതനപ്രതിജ്ഞകള്‍ മുളപൊട്ടണം. വസ്ത്രദാനമെന്നോ ഭക്ഷ്യവസ്തുവിതരണമെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഇന്നും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുകയും ആ തിക്കിലും തിരക്കിലും പെട്ട് അനേകര്‍ മരണത്തെ പുല്‍കുകയും ചെയ്യുന്നുണ്ട് എന്നത് ഈ സ്വതന്ത്രഇന്ത്യയുടെ ഒരു നാണക്കേടുതന്നെ.
കായബലം ഏറെയുണ്ടായിട്ടും ഭീതിയോടെ കുനിഞ്ഞിരുന്ന് മുട്ടുകള്‍ക്കിടയില്‍ തലയും പൂഴ്ത്തി മയങ്ങുകയും മയക്കത്തില്‍ പേടിസ്വപ്നം കണ്ട് ഞടുങ്ങുകയും ചെയ്യുന്ന ഭീമനെ വ്യാസന്‍ അവതരിപ്പിച്ചത് ഏറെ അര്‍ത്ഥവത്താകുന്നു. ആ ഭീമന്‍ ഇന്ത്യയുടെ തന്നെ തളര്‍ന്ന ചേതനയുടെ ഒന്നാന്തരമൊരു പ്രതീകമാണ്. നമ്മുടെ രാഷ്ട്രത്തിന്‍റെ ആത്മനൊമ്പരങ്ങള്‍ എന്തെല്ലാമെന്നു തിരിച്ചറിഞ്ഞവരൊക്കെ വേദനയോടെ മാത്രമേ ഇന്ത്യയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളൂ. ശ്രീബുദ്ധന്‍, സ്വാമി വിവേകാനന്ദന്‍, അരവിന്ദ്ഘോഷ്, ടാഗോര്‍, ഗാന്ധിജി എന്നിവരൊക്കെ പെട്ടെന്ന് ഓര്‍മ്മയിലെത്തുന്ന മഹത്തുക്കളാണ്.
ഉദാഹരണത്തിന്, ഇതാ ഗാന്ധിജിയുടെ ഒരു വിലയിരുത്തല്‍:"ഇംഗ്ലീഷുകാര്‍ ഇന്ത്യ പിടിച്ചെടുക്കുകയല്ല ചെയ്തത്, അവര്‍ക്കതു കൊടുത്തതാണ്. അവര്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് അവരുടെ കരുത്തുകൊണ്ടല്ല. നാം അവരെ നിലനിര്‍ത്തുന്നതാണ്. അവരിവിടെ കച്ചവടത്തിനു വന്നു. രാജ്യം കീഴടക്കണമെന്ന ഉദ്ദേശ്യം അവര്‍ക്കുണ്ടായിരുന്നില്ല. അവരെ സഹായിച്ചതും അവരുടെ നാണയക്കിലുക്കത്തില്‍ മതിമയങ്ങിയതുമെല്ലാം ആരാണ്? നാമാണ് ഇതെല്ലാം ചെയ്തത്. അതിനു ചരിത്രം സാക്ഷി. ഇന്ത്യ അവര്‍ക്കു കിട്ടാനിടയാക്കിയ അത് കാരണം തന്നെയാണ് അവരുടെ വാഴ്ചയ്ക്കും അടിസ്ഥാനം. വാളുകൊണ്ട് അവര്‍ ഇന്ത്യയെ കീഴടക്കിയെന്നാണ് ചില ഇംഗ്ലീഷുകാര്‍ പറയുന്നത്. ഇതു ശരിയല്ല. ഇന്ത്യയെ കീഴടക്കി നിര്‍ത്താന്‍ വാളുവേണ്ടായിരുന്നു.
അങ്ങനെ പലതിനും കീഴടങ്ങി ശീലിച്ചതുകൊണ്ടാണ് നമ്മുടെ ജനാധിപത്യം വ്യക്തിപൂജയില്‍ കേന്ദ്രീകൃതമായിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് വ്യക്തിപൂജ അതിന്‍റെ അത്യുന്നതശൃംഗത്തിലെത്തി. എന്നാല്‍ ആ വിപത്തിനെതിരെ മുന്നറിയിപ്പു നല്‍കാനെങ്കിലും ആളുകളുണ്ടായിരുന്നു. ഇന്ന് അതുമില്ല. പ്രധാനമന്ത്രിയെ ഇങ്ങനെ ആരാധിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹം ഏതു നിമിഷവും സ്വേച്ഛാധിപതിയായേക്കാമെന്ന് അന്ന് ഓര്‍മ്മിപ്പിച്ചത് റാം മനോഹര്‍ ലോഹ്യയാണ്. നെഹ്റു വ്യക്തിശുദ്ധിയുള്ള ആളായതുകൊണ്ട് അങ്ങനെ സംഭവിക്കില്ലെന്നുകൂടി ലോഹ്യ ഓര്‍മ്മിപ്പിച്ചു.
ഇവിടെ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. കാലത്തിന്‍റെ മാറ്റം ഈ ശുദ്ധിയുടെ സ്ഥാനത്ത് അശുദ്ധിയെ പ്രതിഷ്ഠിക്കും. മയങ്ങുന്നവര്‍ക്ക് വെളിച്ചത്തെ സ്നേഹിക്കാനാവില്ല. അതുകൊണ്ടാണ് ഭാരതത്തില്‍ ഒരു നൂതനസ്വപ്നം നല്‍കിയ മഹാത്മജിയെ വകവരുത്തിയിട്ട് നമ്മള്‍ നമ്മുടെ സ്വതന്ത്രജീവിതമാരംഭിച്ചത്. ആ അപരാധവും നമ്മുടെ ഒരു ചിരന്തനസ്വഭാവത്തിന്‍റെ ബഹിര്‍സ്ഫുരണം മാത്രമായിരുന്നു എന്ന് വിലയിരുത്തിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം ഇങ്ങനെയെഴുതി:
"ആ മണിവിളക്കൂതിക്കെടുത്തിട്ടതിന് നിഴല്‍-
പ്പാടിനെപ്പൂജിക്കുന്ന വിഡ്ഢികളായിനമ്മള്‍
ദേവനെ മറിച്ചിട്ടിട്ടാമണിപീഠത്തിന്മേല്‍
പ്രേതത്തെ പ്രതിഷ്ഠിച്ച പാപികളായി നമ്മള്‍."
മനസ്സിനെ വിധേയത്വത്തിന്‍റെ അന്ധകാരത്തില്‍ തളച്ചിട്ടിട്ട് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മുഴുകുകയെന്ന കാപട്യത്തില്‍ നിന്ന് ഒരു മോചനത്തിനായുള്ള ശ്രമം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.