news-details
മറ്റുലേഖനങ്ങൾ

സമ്പത്ത് ഫ്രാന്‍സിസിന്‍റെ ദൃഷ്ടിയില്‍

(1987 മാര്‍ച്ച് മൂന്നാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. ബര്‍ക്കുമാന്‍സ് ജീവിതവിശുദ്ധിയും ലാളിത്യവും അനുകമ്പയും നിറഞ്ഞ കപ്പൂച്ചിന്‍ വൈദികനായിരുന്നു. ഇദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥത അനേകര്‍ക്ക് ആശ്വാസമേകുന്നു. വിശുദ്ധിയുടെ കിരീടത്തിനായി കാത്തുകഴിയുന്ന ഈ വന്ദ്യപുരോഹിതന്‍, അസ്സീസി മാസികയിലൂടെ 'അസ്സീസിയുടെ വഴിയില്‍' എന്ന പംക്തിയില്‍ പങ്കുവച്ച ഫ്രാന്‍സിസ്കന്‍ ചിന്തകളുടെ പുനഃപ്രസിദ്ധീകരണം.)


ദാരിദ്ര്യമെന്ന പുണ്യം മനുഷ്യന് ലോകവസ്തുക്കളോടുള്ള മനോഭാവത്തിലാണ് പ്രധാനമായും അടിയുറച്ചിരിക്കുന്നത്, ആ മനോഭാവം അവന്‍ യഥാര്‍ത്ഥത്തില്‍ കൈവശം വച്ചുകൊണ്ടിരിക്കുന്ന സ്വത്തിനെയോ അല്ലെങ്കില്‍ അവന്‍റെ നിര്‍ധനത്വത്തെയോ ആശ്രയിക്കുന്നില്ല. തത്വപരമായി ഇപ്പറഞ്ഞത് പരമാര്‍ത്ഥമാണെങ്കിലും, പ്രയോഗത്തില്‍ ഇതിലൊരു കുഴപ്പമുണ്ടെന്നുള്ളത് പ്രത്യക്ഷമാണ്.

അതായത്, സ്വന്ത ആവശ്യത്തിന് ധാരാളം സ്വത്തു കൈവശമുള്ള ഒരാള്‍ക്ക് അതിനോട് ഗാഢമായ ഒരു സ്നേഹമില്ലാതിരിക്കുവാന്‍ സാമാന്യേന പ്രയാസമാണ്. ധനം കൈവിടുവാന്‍ അയാള്‍ എപ്പോഴും വിസമ്മതിക്കുന്നു. അതു യാദൃച്ഛികമായി നഷ്ടപ്പെടുമ്പോള്‍ വല്ലാതെ ഖേദിക്കുന്നു; നഷ്ടപ്പെട്ടതിനെ തിരിച്ചെടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്നു. ഇതെല്ലാം നിത്യമെന്നോണം നമ്മുടെ ചുറ്റും നാം കാണുന്ന വസ്തുതകളാണ്. അപ്പോള്‍, സ്വത്ത് കൈവശമുണ്ടായിരിക്കുകയും അതേസമയം  ദാരിദ്ര്യമെന്ന ആദ്ധ്യാത്മിക പുണ്യം പൂര്‍ണ്ണമായി അഭ്യസിക്കുകയും ചെയ്യുകയെന്നത് അത്ര എളുപ്പമല്ലെന്നു സിദ്ധിക്കുന്നു.

ഇതു നല്ലതുപോലെ വി. ഫ്രാന്‍സിസ് മനസ്സിലാക്കിയതിന്‍റെ ഫലമായിട്ടാണ് താന്‍ പരിപൂര്‍ണദാരിദ്ര്യത്തിന്‍റെ ജീവിതരീതി സ്വീകരിച്ചപ്പോള്‍ സര്‍വ്വവിധ സമ്പത്തും ഒന്നോടെ ഉപേക്ഷിച്ചത്. പ്രകൃത്യാ, ഫ്രാന്‍സിസ് ഒരു കാര്യവും പകുതിയാക്കി ചെയ്യുന്ന സ്വഭാവക്കാരനല്ലാതിരുന്നതിനാല്‍, ദാരിദ്ര്യത്തിന്‍റെ വഴി സ്വീകരിച്ചപ്പോഴും അതു പൂര്‍ണ്ണമായിത്തന്നെ അംഗീകരിക്കുകയാണുണ്ടായത്. മറ്റൊരു വിധത്തില്‍ അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് ഊഹിക്കുവാനും ബുദ്ധിമുട്ടാണ്.

എന്നാല്‍ ഫ്രാന്‍സിസ് ദാരിദ്ര്യമെന്ന പുണ്യത്തെ സ്നേഹിച്ചതുകൊണ്ട്, ലൗകികവസ്തുക്കളെ വെറുത്തിരുന്നു എന്നു പറയുന്നത് ഒരര്‍ദ്ധസത്യം മാത്രമായിരിക്കും.
സര്‍വ്വസൃഷ്ടികളിലും ദൈവത്തിന്‍റെ ഛായ ദര്‍ശിച്ചിരുന്ന ദിവ്യനായ അസ്സീസി എന്തിനെയെങ്കിലും വെറുക്കുമെന്നോ? ഫ്രാന്‍സിസ് വെറുത്തെങ്കില്‍ അത് ദൈവം വെറുത്തിരുന്ന പാപത്തെ മാത്രമായിരുന്നു. എന്തെന്നാല്‍ പാപം ഏറ്റവും വലിയ തിന്മയാകുന്നു; പാപം മാത്രമേ തിന്മയായിട്ടുള്ളൂ താനും. ലൗകിക സമ്പത്ത് ഒരു തിന്മയാണോ? എന്താണീ സമ്പത്തെന്നു നാം പറയുന്നത്? പണം, ഭൂസ്വത്ത്, ഭവനം, മറ്റു സാമഗ്രികള്‍ എന്നിതൊക്കയല്ലേ അതിലുള്‍പ്പെടുന്നത്, അതിലേതാണ് തിന്മയായിട്ടുള്ളത് അഥവാ ദൈവം വെറുക്കുന്നത്? ഒന്നുമില്ല.

സ്വര്‍ണ്ണവും വെള്ളിയും ദൈവത്തിന്‍റെ മനോഹര സൃഷ്ടികളാണെന്നു പറയുന്നതില്‍ സംശയമുണ്ടോ? നോക്കണം, നമ്മുടെ നാട്ടില്‍ പൊന്നുംകുരിശും വെള്ളിക്കുരിശും ഉണ്ടാക്കി പള്ളിക്കു ദാനം ചെയ്യുന്നതില്‍ ആളുകള്‍ കാണിക്കുന്ന ഉത്സാഹം.

അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍, വി. ഫ്രാന്‍സിസ് ലൗകികസമ്പത്തുകളെയല്ല വെറുത്തിരുന്നത്, അതിന്‍റെ ദുരുപയോഗത്തെ മാത്രമായിരുന്നു. സ്വര്‍ണ്ണത്തെയും വെള്ളിയേയുമല്ല. അവ രണ്ടും കൈവശമുള്ള മനുഷ്യന്‍ ദൈവത്തിന്‍റെ സ്ഥാനത്ത് അവയെ സ്നേഹിച്ചിരുന്ന മനോഭാവത്തെയത്രെ അദ്ദേഹം ഭയപ്പെട്ടിരുന്നത്. ഈ അര്‍ത്ഥത്തില്‍ ഫ്രാന്‍സിസ് സമ്പത്തിനെ ഉപേക്ഷിച്ചിരുന്നു. അതിന്‍റെ അപകടകരമായ ആകര്‍ഷണത്തില്‍ നിന്ന് ഒഴിഞ്ഞുപോയിരുന്നു - ഇതു മാത്രമാണ് ഫ്രാന്‍സിസ് സമ്പത്തിനെ വെറുത്തെന്നു പറയുന്നതിലെ ആശയം.

ഫ്രാന്‍സിസ് ഭൗതികമായ എല്ലാ വിധ സമ്പത്തുകളുടെയും മേന്മ നല്ലതുപോലെ ഗ്രഹിച്ചിരുന്നു. വാസ്തവത്തില്‍ ധനതത്പരന്മാരായ ലൗകായതികന്മാരെക്കാള്‍ സമ്പത്തിന്‍റെ യഥാര്‍ത്ഥ വില അദ്ദേഹം അറിഞ്ഞിരുന്നു. അദ്ദേഹം ധനത്തെ വിലമതിച്ചതുകൊണ്ടുതന്നെയാണ് അതിനെ ഉപേക്ഷിച്ചതും, ആ പ്രവൃത്തി ഒരു പുണ്യമായിത്തീര്‍ന്നതും എന്നുകൂടി പറഞ്ഞേതീരൂ. കാരണം ഒരുവന്‍ വിലമതിക്കാത്ത വസ്തുവിനെ ഉപേക്ഷിക്കുന്നതില്‍ എന്തു ത്യാഗമാണ് ഉള്ളത്? ഒരുവന്‍ സ്നേഹിക്കാത്ത ഒന്നിനെ ത്യജിക്കുന്നതില്‍ എന്തു പ്രയാസമാണ് ഉണ്ടാകുക?

ഫ്രാന്‍സിസ് ലൗകികമായ സകലതിനെയും കണ്ടു, നമ്മെക്കാളെല്ലാം വ്യക്തമായിത്തന്നെ കണ്ടു. അതിന്‍റെ തനിവില ഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്‍റെ കാഴ്ചനിറഞ്ഞ കണ്ണുകള്‍ ഈ സൃഷ്ടിയുടെയെല്ലാം ഉടയവനെയും വ്യക്തമായി കണ്ടുവെന്നതു നാം മറക്കരുത്. സ്വര്‍ഗ്ഗത്തിന്‍റെ നാഥനെ കണ്ട കണ്ണുകള്‍ക്ക് മണ്ണിലെ സ്വര്‍ണ്ണം വലിയ കാര്യമായി തോന്നിയില്ല എന്നുമാത്രം. സൃഷ്ടിയുടെ യഥാര്‍ത്ഥ വില, അതേ യഥാര്‍ത്ഥവില തന്നെ അറിയണമെങ്കില്‍ സ്രഷ്ടാവിനെ നോക്കിയെങ്കിലേ കഴിയൂ.

അതിനാല്‍ കച്ചവടക്കാരന്‍റെ മകനായ ഫ്രാന്‍സിസ് ഇക്കാര്യത്തിലും ഒരു വന്‍പിച്ച ലാഭക്കച്ചവടമാണ് നടത്തിയത്. ലൗകിക വാണിഭമണ്ഡലത്തില്‍ നിന്നും ആദ്ധ്യാത്മിക മണ്ഡലത്തിലേക്കു മാറിയാണ് ഇത്തവണ പ്രവര്‍ത്തിച്ചതെന്നേയുള്ളൂ വ്യത്യാസം. സൃഷ്ടികളെ ഒന്നടങ്കം കൈമാറി, സ്രഷ്ടാവിനെ മുഴുവന്‍ കൈക്കലാക്കാനുള്ള ഒരു ശ്രമമാണ് നാമിവിടെ കാണുന്നത്. അല്ലാതെ സമ്പത്തിനെ വെറുത്തിട്ടില്ല, സമ്പത്തിന്‍റെ നാഥനെ കൂടുതല്‍ സ്നേഹിച്ചിട്ടാണ് ഫ്രാന്‍സിസ് സ്വയം ദരിദ്രനായിത്തീര്‍ന്നത്.

'ദരിദ്രനും വിനീതനുമായ ഫ്രാന്‍സിസ് ധനവാനായി സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചു' എന്നു സഭാമാതാവ് വിശുദ്ധനെ സ്തുതിക്കുന്നതിന്‍റെ ആശയവും മറ്റൊന്നല്ല.

ഹാ, ലൗകിക സമ്പത്തുകളെ ഫ്രാന്‍സിസിന്‍റെ കാഴ്ചപ്പാടിലൂടെ നമുക്കും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts