(1987 മാര്‍ച്ച് മൂന്നാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. ബര്‍ക്കുമാന്‍സ് ജീവിതവിശുദ്ധിയും ലാളിത്യവും അനുകമ്പയും നിറഞ്ഞ കപ്പൂച്ചിന്‍ വൈദികനായിരുന്നു. ഇദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥത അനേകര്‍ക്ക് ആശ്വാസമേകുന്നു. വിശുദ്ധിയുടെ കിരീടത്തിനായി കാത്തുകഴിയുന്ന ഈ വന്ദ്യപുരോഹിതന്‍, അസ്സീസി മാസികയിലൂടെ 'അസ്സീസിയുടെ വഴിയില്‍' എന്ന പംക്തിയില്‍ പങ്കുവച്ച ഫ്രാന്‍സിസ്കന്‍ ചിന്തകളുടെ പുനഃപ്രസിദ്ധീകരണം.)
വി. ഫ്രാന്‍സിസ് വാസ്തവത്തില്‍ ലൗകികസമ്പത്തിനെ വെറുക്കുകയല്ല ചെയ്തത്, പ്രത്യുത സര്‍വ്വസമ്പത്തിന്‍റെയും ഉടയവനായ ദൈവത്തെ പ്രാപിക്കുന്നതിനുവേണ്ടി അവയെ വിഗണിക്കുകയാണ് ചെയ്തത്.
വി. ഫ്രാന്‍സിസ് പരിപൂര്‍ണദാരിദ്ര്യം കൈവരിച്ചതായി നമുക്കറിയാം. അക്കാരണത്താല്‍ത്തന്നെ അദ്ദേഹം സ്വകാര്യഭൂസ്വത്തുടമയെയും നിഷേധിച്ചിരുന്നുവോ എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഭാരതീയരുടെ ശ്രദ്ധയെ ഹഠാദകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഒരു നേതാവാണല്ലോ വിനോബഭാവെ. അദ്ദേഹം ചിന്താര്‍ഹങ്ങളായ അനേക കാര്യങ്ങള്‍ പറയുന്നുണ്ട്. അക്കൂട്ടത്തില്‍ അപകടം നിറഞ്ഞ കാര്യങ്ങളും തട്ടിവിടുന്നുണ്ടെന്നു പറയുന്നത് ക്ഷമിക്കണം. ഭൂദാനപ്രസ്ഥാനത്തിന്‍റെ ജനയിതാവായ വിനോബാജി ഈയിടെ ഒരു പടികൂടി കടന്നു സ്വന്തമായി ഒരാള്‍ സ്വത്തു സൂക്ഷിക്കുന്നത് അനീതിയാണെന്നുവരെ പറഞ്ഞതായി പത്രങ്ങളില്‍ കാണുകയുണ്ടായി. വായു, ജലം തുടങ്ങിയവ എല്ലാ മനുഷ്യര്‍ക്കും പൊതുവായിരിക്കുന്നതുപോലെ ഭൂമിയും എല്ലാവരുടെയും പൊതുസ്വത്താണെന്ന്. അതിനാല്‍ ഭൂമി സ്വന്തമായി സൂക്ഷിക്കുന്നത് അനീതിയും അക്രമവുമാണെന്നുള്ള ധ്വനി അദ്ദേഹം മുഴക്കിത്തുടങ്ങിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഉത്തരം മുട്ടിക്കുന്ന ഒരു വാദരീതിയാണദ്ദേഹം ഉന്നയിച്ചിട്ടുള്ളതെങ്കിലും, ചുഴിഞ്ഞാലോചിച്ചപ്പോള്‍ അപകടം പിടിച്ച ഒരു തീരുമാനത്തിലാണദ്ദേഹം ചെന്നെത്തിയിരിക്കുന്നതെന്നു കാണുവാന്‍ കഴിയും. വായു ധാരാളമുള്ളതിനാല്‍ അതിന്‍റെ സ്വത്തുടമയെ സംബന്ധിച്ച് ഇതുവരെയും തര്‍ക്കത്തിനു കാരണമുണ്ടായിട്ടില്ല. ജലത്തെ സംബന്ധിച്ച് അതു പറഞ്ഞുകൂടാ. പല സ്ഥലങ്ങളിലും ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അതു സംബന്ധിച്ച തര്‍ക്കങ്ങളും കുറവല്ല, ഭൂസ്വത്തിന്‍റെ കാര്യവും ഇതുപോലൊരു പ്രശ്നമാണല്ലോ.
പക്ഷേ ജലമോ, ഭൂമിയോ ഒരു വ്യക്തിക്ക് സ്വന്തമായി സൂക്ഷിക്കുന്നതിനുള്ള അവകാശവും അവ മറ്റുള്ളവരുടെ ഉപയോഗത്തിനുകൂടി നല്‍കുക എന്ന കടമയും വെവ്വേറെ കാണേണ്ട രണ്ടു പ്രശ്നങ്ങളാണെന്നു നാം വിസ്മരിക്കരുത്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശം ദൈവദത്തമായി ഉള്ളതുപോലെ തന്നെ അയാളുടെ ജീവിതത്തിന് അത്യാവശ്യമായവയെ സ്വായത്തമാക്കിവയ്ക്കുന്നതിനും അവകാശമുണ്ടെന്നുള്ളത് അനുക്തസിദ്ധമാണ്. ജലവും ഭൂമിയും ജീവിക്കുന്നതിന് ആവശ്യമുള്ളവതന്നെയാണ്. അതിനാല്‍ അതിന്മേലുള്ള അവകാശവും അനിഷേധ്യമത്രെ. എന്നാല്‍ എന്തു തോതില്‍ അവ സംഭരിക്കാനുള്ള അവകാശമുണ്ടെന്നുള്ളത് നിശ്ചയിക്കേണ്ടത് മറ്റുള്ളവരുടെ ആവശ്യം കൂടി കണക്കാക്കിവേണം. ഒരുവന് സ്വന്തമായി കൈവശം വച്ചുകൊണ്ടിരിക്കാന്‍ അവകാശമുള്ള ഭൂമിയുടെ പരിധി നിര്‍ണ്ണയിക്കുന്നതിന് രാഷ്ട്രത്തിന് അധികാരമുണ്ടെന്നുള്ളത് വ്യക്തമാണ്. പക്ഷേ രാഷ്ട്രത്തിനുപോലും സ്വത്തിന്മേല്‍ വ്യക്തിക്കുള്ള മൗലികമായ അവകാശം നിഷേധിക്കുവാന്‍ അധികാരമില്ല.
വി. ഫ്രാന്‍സിസ് തനിക്കുണ്ടായിരുന്നതും അവകാശപ്പെടാവുന്നതുമായ സകല സ്വത്തുക്കളും നിരുപാധികം ഉപേക്ഷിച്ചു. എന്നാല്‍ അക്കാരണത്താല്‍ വ്യക്തിക്കു സ്വകാര്യസ്വത്തിന്മേലുള്ള അവകാശം അദ്ദേഹം നിഷേധിച്ചതായി തെറ്റിദ്ധരിച്ചുകൂടാ. വി. ഫ്രാന്‍സിസിനെ അനുഗമിച്ചു പുണ്യപൂര്‍ണത സമ്പാദിക്കുവാന്‍ വരുന്നവര്‍ അവര്‍ക്കുള്ളതും അവകാശപ്പെട്ടതുമായ സകല സമ്പത്തും സ്വമനസ്സാലെ ദൈവത്തെപ്രതി ഉപേക്ഷിക്കണമെന്ന് അദ്ദേഹം അനുശാസിച്ചുവെങ്കിലും, എല്ലാ മനുഷ്യരും തങ്ങള്‍ക്കുള്ള സ്വത്തുക്കളെല്ലാം ഒന്നടങ്കമുപേക്ഷിച്ച്, അതു രാഷ്ട്രത്തിനോ മറ്റോ വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ഒരിക്കലും പഠിപ്പിക്കുകയോ, ആ ആശയത്തിന്‍റെ സൂചനയെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ല. വി. ഫ്രാന്‍സിസ് സ്വത്തിനെയോ, സ്വത്തുടമസ്ഥരെയോ വെറുക്കുകയല്ല ചെയ്തത്, പ്രത്യുത അനന്തനന്മയായ ദൈവത്തെ സ്നേഹിക്കുന്നതിനും ദൈവപുത്രനായ ഈശോയെ അനുകരിക്കുന്നതിനും ലൗകിക സമ്പത്തുകളെ ഉപേക്ഷിക്കുവാന്‍ എല്ലാവര്‍ക്കും പ്രചോദനം നല്‍കുക മാത്രമാണ് ചെയ്തത്. ഫ്രാന്‍സിസ് അസ്സീസിയെ കമ്യൂണിസത്തിന്‍റെ മുന്നോടിയായിപ്പോലും പൊക്കിക്കാട്ടുവാന്‍ തത്രപ്പെടുന്ന ഇക്കാലത്ത്, മേല്‍ സൂചിപ്പിച്ച തത്ത്വം വ്യക്തമായി മനസ്സിലാക്കിയിരുന്നുവെങ്കില്‍!!!